This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവകാന്റിയനിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നവകാന്റിയനിസം

Neo kantianism

സമകാലീന ദാര്‍ശനിക പ്രശ്നങ്ങളുടെ അപഗ്രഥനത്തില്‍ ഇമ്മാനുവല്‍ കാന്റിന്റെ വീക്ഷണങ്ങളെ ആധാരമാക്കുന്നതും വിമര്‍ശനാത്മക തത്ത്വചിന്തയുടെ തത്ത്വങ്ങള്‍ ഉപയോഗപ്പെടുത്തുന്നതുമായ ദര്‍ശനം.

19-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ഭൌതികവാദത്തിനു സിദ്ധിച്ച വന്‍പ്രചാരത്തോടുള്ള പ്രതികരണമെന്നനിലയില്‍ ജര്‍മന്‍ തത്ത്വചിന്തകനായ എഫ്.എ.ലങെ ഹിസ്റ്ററി ഒഫ് മെറ്റീരിയലിസം ആന്‍ഡ് ക്രിട്ടിസിസം ഒഫ് ഇറ്റ്സ് പ്രസന്റ് ഇംപോര്‍ട്ടന്‍സ് എന്ന കൃതിയില്‍ 'കാന്റിലേക്ക് മടങ്ങിപ്പോവുക' എന്നാഹ്വാനം ചെയ്തു. വ്യത്യസ്ത വ്യാഖ്യാതാക്കള്‍ കാന്റിന്റെ വീക്ഷണങ്ങളുടെ വ്യത്യസ്ത ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്കിയതിനാല്‍ കാലക്രമേണ നവ-കാന്റിയനിസത്തിന്റെ രണ്ട് വ്യതിരിക്ത ശാഖകള്‍ രൂപംകൊള്ളുകയുണ്ടായി.

ഹെര്‍മന്‍ കോഹന്‍, പോള്‍ നാറ്റോര്‍പ്, ഏണസ്റ്റ് കസ്സൈറര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വികാസം പ്രാപിച്ച മാര്‍ബുര്‍ഗ് വിഭാഗം വിജ്ഞാനസിദ്ധാന്തത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. വിജ്ഞാനത്തിന്റെ ഉറവിടം എന്ന നിലയിലുള്ള ഇന്ദ്രിയാനുഭവങ്ങളുടെ പ്രാധാന്യം ലഘൂകരിച്ചുകൊണ്ട് കോഹന്‍ കാന്റിയന്‍ വീക്ഷണത്തെ പരിഷ്കരിച്ചു. ഇന്ദ്രിയാനുഭവങ്ങള്‍ ചോദ്യങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. ചിന്തയിലൂടെ മാത്രമേ ഇന്ദ്രിയഗോചരമായ വസ്തുവിനെയോ പ്രതിഭാസത്തെയോ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ചിന്തയുടെ വ്യത്യസ്ത ഘടകങ്ങള്‍ ഇപ്രകാരം അസ്തിത്വത്തിന്റെ അടിസ്ഥാനരൂപങ്ങളായി ത്തീരുന്നു.

അതിരുകവിഞ്ഞ യുക്തിവാദം, തര്‍ക്കശാസ്ത്രത്തിനും മറ്റു ശുദ്ധശാസ്ത്രങ്ങള്‍ക്കും നല്കിയ അമിതപ്രാധാന്യം എന്നിവയായിരുന്നു മാര്‍ബുര്‍ഗ് ശാഖയുടെ ന്യൂനതകള്‍. കസ്സൈറര്‍ ഫിലോസഫി ഒഫ് സിംബോളിക് ഫോംസ് എന്ന തന്റെ കൃതിയില്‍ ഈ ന്യൂനത ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ട്.

ഡബ്ല്യു. വിന്‍ഡല്‍ബന്‍ഡിന്റെ നേതൃത്വത്തില്‍ വികാസം പ്രാപിച്ച ബാദന്‍ സ്കൂളാണ് നവകാന്റിയനിസത്തിന്റെ മറ്റൊരു ശാഖ. ഹൈന്റിച്ച് റികെര്‍ട്ട്, ഹ്യൂഗൊ മ്യൂണ്‍സ്റ്റര്‍ എന്നിവര്‍ ഈ ശാഖയുടെ പ്രധാന വക്താക്കളായിരുന്നു. ഇവരുടെ വീക്ഷണം മൂല്യ-സൈദ്ധാന്തിക അതീതദര്‍ശനം എന്നാണറിയപ്പെടുന്നത്.

തത്ത്വശാസ്ത്രത്തിന്റെ ചരിത്രത്തിലും ചരിത്രാഖ്യാനത്തിലും തത്പരരായിരുന്ന വിന്‍ഡല്‍ബന്‍ഡും റികര്‍ട്ടും പ്രകൃതിശാസ്ത്രങ്ങളുടെ പരികല്പനകളും തത്ത്വങ്ങളും ഇവയ്ക്ക് പര്യാപ്തമാണെന്ന് മനസ്സിലാക്കി. പ്രകൃതിശാസ്ത്രങ്ങള്‍ക്ക് മാത്രമല്ല സാംസ്കാരിക ശാസ്ത്രങ്ങള്‍ക്കും അടിസ്ഥാനം നല്കേണ്ടത് വിജ്ഞാനസിദ്ധാന്തത്തിന്റെ ദൗത്യമാണെന്ന് ഇവര്‍ പറഞ്ഞു. യാഥാര്‍ഥ്യത്തെ പൊതുവായി വീക്ഷിക്കുമ്പോള്‍ അത് പ്രകൃതിയാകുന്നുവെന്നും ഏതെങ്കിലും പ്രത്യേകതയെയോ വ്യക്തിയെയോ ആസ്പദമാക്കി വീക്ഷിക്കുമ്പോള്‍ ചരിത്രമാകുന്നുവെന്നും റികര്‍ട്ട് അഭിപ്രായപ്പെട്ടു. ചരിത്രത്തെ മനസ്സിലാക്കാനുള്ള താക്കോലായി മൂല്യങ്ങള്‍ വര്‍ത്തിക്കുന്നതിനാല്‍ തത്ത്വചിന്തയുടെ കേന്ദ്രവിഷയം മൂല്യങ്ങളാകുന്നു. ഇപ്രകാരം കാന്റിന്റെ വിമര്‍ശനാത്മക തത്ത്വചിന്ത മൂല്യ-സൈദ്ധാന്തിക വിമര്‍ശനമാകുന്നു.

റികര്‍ട്ടിന്റെ വിജ്ഞാന സൈദ്ധാന്തിക വിശ്ലേഷണങ്ങള്‍ മൃദുലവും മ്യൂണ്‍സ്റ്റര്‍ബര്‍ഗിന്റെ അപഗ്രഥനം പൂര്‍ണവുമാണ്. അമൂര്‍ത്തമായ മാനവീകരണ പ്രവണതയുടെ മറ്റൊരു രൂപം മാത്രമായിത്തീരുന്നു എന്നതാണ് ബാദന്‍ ശാഖയുടെ മൂല്യ-സൈദ്ധാന്തിക വീക്ഷണത്തിന്റെ ന്യൂനത. ഈ വീക്ഷണത്തില്‍ പ്രസ്താവിക്കുന്ന രീതിയില്‍ മൂല്യങ്ങളുടെ അനുമാനം അസാധ്യമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍