This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരനാരായണന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നരനാരായണന്മാര്‍

ഹൈന്ദവപുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രണ്ട് ഋഷിമാര്‍. ഇവര്‍ ധര്‍മദേവന്റെ പുത്രന്മാരാണ്. അനേകായിരം വര്‍ഷം ഇവര്‍ ബദര്യാശ്രമത്തില്‍ തപസ്സു ചെയ്തുവെന്നും ഇവരുടെ ഘോരതപസ്സ് കണ്ട് പരിഭ്രാന്തനായ ദേവേന്ദ്രന്‍ തപോവിഘ്നം വരുത്തുന്നതിനായി അപ്സരസ്സുകളെ അയച്ചുവെന്നും അപ്പോള്‍ നാരായണ മഹര്‍ഷി തന്റെ തുടയില്‍നിന്ന് അതിസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിച്ച് അപ്സരസ്സുകള്‍ക്കും ദേവേന്ദ്രനും തന്റെ മഹത്ത്വം ബോധ്യപ്പെടുത്തിക്കൊടുത്തു എന്നും ദേവീഭാഗവതത്തില്‍ പരാമര്‍ശം കാണുന്നു. മഹര്‍ഷിയുടെ ഊരുവില്‍നിന്ന് ജനിച്ച സുന്ദരിക്ക് ഉര്‍വശി എന്ന പേര് ലഭിച്ചു.

നരനാരായണന്മാര്‍ വിഷ്ണുവിന്റെ അംശമാണെന്നും കൃഷ്ണാര്‍ജുനന്മാര്‍ ഇവരുടെ പുനര്‍ജന്മമാണെന്നുമാണ് മറ്റൊരു വിശ്വാസം. നാരായണമഹര്‍ഷിയുടെ കൃഷ്ണമായ (കറുപ്പുനിറമുള്ള) ഒരു കേശം ശ്രീകൃഷ്ണനായി ജന്മമെടുത്തു എന്നു മഹാഭാരതം ആദിപര്‍വത്തില്‍ പറയുന്നു. നരനാരായണന്മാരില്‍ നരന്‍ ശ്വേതവര്‍ണനും നാരായണന്‍ കൃഷ്ണവര്‍ണനും ആയിരിക്കുന്നുവെന്ന് പദ്മപുരാണത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.

ആയിരംവര്‍ഷം തപസ്സും ആയിരം വര്‍ഷം യുദ്ധവും ഇടവിട്ടു നടത്തി സഹസ്രകവചന്‍ എന്ന അസുരന്റെ 999 ചട്ടകള്‍ പൊട്ടിച്ചതിനുശേഷം അവസാനത്തെ ചട്ടയോടുകൂടിയ അവനെ നരനാരായണന്മാര്‍ വധിച്ചതായി ഭാഗവതത്തില്‍ കാണാം. പരമശിവന്റെ ത്രിശൂലം ദക്ഷയാഗത്തില്‍ നാശം വിതച്ചശേഷം ശാന്തമാകാതെ നിന്ന സന്ദര്‍ഭത്തില്‍ ബദര്യാശ്രമത്തില്‍ തപസ്സുചെയ്തിരുന്ന നാരായണമഹര്‍ഷിയുടെ ഹുങ്കാരത്തിന്റെ ശക്തിയില്‍ ശൂലം ശിവന്റെ കൈയില്‍ത്തന്നെ എത്തിയെന്നും അതിന്റെ താപംമൂലം ശിവന്റെ തടമുടി പുല്ലുപോലെ ഉണങ്ങിപ്പോയെന്നും മഹാഭാരതം ശാന്തിപര്‍വത്തില്‍ പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍