This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നയ്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നയ്സ്

Gneiss

ഒരിനം കായാന്തരിത ശില. ഉന്നത മര്‍ദത്തിലും ഊഷ്മാവിലും ആഗ്നേയശിലകളും അവസാദശിലകളും കായാന്തരീകരണത്തിനു വിധേയമാകുന്നതിന്റെ ഫലമായാണ് നയ്സ് രൂപംകൊള്ളുന്നത്. ശില രൂപം പ്രാപിക്കുന്ന വേളയില്‍ ഇരുണ്ടതും നിറം മങ്ങിയതുമായ ധാതുക്കള്‍ ക്രമീകരിക്കപ്പെടുന്നതിനാല്‍ ഈ ശിലകളില്‍ പാളികള്‍ സാധാരണമാകുന്നു. പരന്നതും സൂചിപോലുള്ളതുമായ ധാതുക്കള്‍ സമാന്തരമായി ക്രമീകരിക്കപ്പെടുന്നതിന്റെ ഫലമായും ഇത്തരം പാളികള്‍ രൂപംകൊള്ളാം. ഷിസ്റ്റുപോലുള്ള പാളീകൃതസ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഇതര ശിലകളെപ്പോലെ നയ്സ് അതിന്റെ സ്തരവിന്യാസത്തിലൂടെ വളരെപ്പെട്ടെന്നു പൊട്ടിപ്പിളരുന്നില്ല.

ദൃഷ്ടിഗോചരമായ പരലുകള്‍ അടങ്ങിയ നയ്സ് ഷിസ്റ്റിനു സമാനമാണെങ്കിലും നയ്സിലെ ധാതുക്കളുടെ പാളീകൃത ക്രമീകരണം ഈ ശിലയെ ഷിസ്റ്റില്‍ നിന്നു വളരെ വേഗം തിരിച്ചറിയാന്‍ സഹായിക്കുന്നു. പൊതുവേ നിര്‍മാണശിലയായി ഉപയോഗിക്കുന്ന നയ്സിനെ ഗ്രാനൈറ്റ് എന്ന വാണിജ്യനാമത്തിലാണ് ഖനനം ചെയ്യുന്നത്. പ്രീകാമ്പ്രിയന്‍ ശിലകളിലും പര്‍വതരൂപീകരണ വലയങ്ങളിലുമാണ് നയ്സ് ശിലയുടെ ഉപസ്ഥിതി കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

പൊതുവേ ക്വാര്‍ട്ട്സ്സിന്റെയും ഫെല്‍സ്ഫാറിന്റെയും വിതാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ശിലകളെ സൂചിപ്പിക്കുവാന്‍ നയ്സ് എന്ന പദം ഉപയോഗിക്കാറുണ്ട്. ഇവയ്ക്കിടയില്‍ അഭ്രപാളികളും കാണാം. ഇടവിട്ടുള്ള ധാതുവിതാനങ്ങളിലെ മങ്ങിയതും ദീപ്തവുമായ ചൂര്‍ണാഭ, മങ്ങിയ ചാരനിറം എന്നിവ നയ്സിന്റെ പ്രധാന ഭൌതിക ഗുണങ്ങളാണ്. ശിലയിലെ ദീപ്തവിതാനങ്ങളില്‍ ക്വാര്‍ട്ട്സ്, ഫെല്‍സ്ഫാര്‍ ധാതുസംയോഗവും ഇരുണ്ട വിതാനങ്ങളില്‍ ഫെറോ മഗ്നീഷ്യം ധാതുക്കളായ ബയോട്ടൈറ്റോ, അംഫിബോളോ അതുമല്ലെങ്കില്‍ പൈറോക്സീനോ ആണ് കാണപ്പെടുന്നത്. മിക്കപ്പോഴും ഗാര്‍നൈറ്റ്, കയനൈറ്റ്, സില്മിനൈറ്റ് തുടങ്ങിയ ധാതുക്കളും പരിമിതതോതില്‍ അടങ്ങിയിരിക്കും. ധാതുസംയോഗത്തില്‍ ഫെല്‍സ്ഫാറിന്റെ ആധിക്യത്തിന് ആനുപാതികമായാണ് ശിലയുടെ നിറം വ്യത്യാസപ്പെടുന്നത്. ഫെല്‍സ്ഫാറിന്റെ പരിമാണം കൂടിയ നയ്സ് ശിലകള്‍ക്ക് തവിട്ടോ ഇളം ചുവപ്പോ നിറമായിരിക്കും.

ക്വാര്‍ട്ട്സിന്റെയും ഫെല്‍സ്ഫാറിന്റെയും വന്‍തരികള്‍ നിറഞ്ഞതും ക്രമരഹിതമായ ധാതുവിതാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ് മാതൃകാ നയ്സ് ശില. ഇവയ്ക്കു പുറമേ ബയോട്ടൈറ്റും അടങ്ങുന്നതാണ് ഗ്രാനൈറ്റിന്റേതിനു സമാനമായ നയ്സിന്റെ ധാതുസംയോഗം. ബയോട്ടൈറ്റ്, മസ്കവൈറ്റ്, ഹോണ്‍ ബെന്‍ഡ് എന്നീ ധാതുക്കളുടെ ക്രമാനുഗതമായ ക്രമീകരണമാണ് ശിലയിലെ വിതാനങ്ങളെ നിര്‍ണയിക്കുന്നത്. തരികളുടെ വലുപ്പം കുറയുകയും അഭ്രാംശം വര്‍ധിക്കുകയും ചെയ്യുന്നതിന് ആനുപാതികമായി നയ്സ് ഫെലിറ്റിക് ഷിസ്റ്റായും തരികളുടെ വലുപ്പം കുറയുന്നതോടൊപ്പം അഭ്രാംശം കുറയുകയും ചെയ്യുമ്പോള്‍ ശില ഗ്രാനുലൈറ്റായും പരിവര്‍ത്തനം ചെയ്യും.

ശിലയുടെ ആന്തരികഘടന, ധാതുസംയോഗം തുടങ്ങിയ സവിശേഷതകളെ അടിസ്ഥാനമാക്കി നയ്സിന് വ്യത്യസ്ത പേരുകള്‍ നല്കുന്നു. ആന്തരിക ഘടനയെ ആസ്പദമാക്കി നയ്സിനെ ആഗന്‍ നയ്സ്, വൊന്‍ഡഡ് നയ്സ് എന്നും ധാതുസംയോഗത്തിന്റെ അടിസ്ഥാനത്തില്‍ നയ്സിനെ ബയോട്ടൈറ്റ് നയ്സ്, ഹോണ്‍ബ്ളന്‍ഡ് നയ്സ്, ഗ്രാനൈറ്റ് നയ്സ് എന്നിങ്ങനെയും പേരുകള്‍ നല്കി വിഭജിച്ചിരിക്കുന്നു. ആഗ്നേയ ശിലകളില്‍ നിന്ന് രൂപംകൊള്ളുന്ന നയ്സിനെ പൊതുവേ ഓര്‍തോ നയ്സ് എന്നും അവസാദ ശിലകളില്‍ നിന്ന് രൂപാന്തരപ്പെടുന്നവയെ പാരാ നയ്സ് എന്നും വിളിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%AF%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍