This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്വനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധ്വനി

സാഹിത്യമീമാംസയിലെ പ്രസിദ്ധ തത്ത്വം. ഈ തത്ത്വം അനുസരിച്ച് രചിതമായ കൃതിയും ധ്വനി എന്നറിയപ്പെടുന്നു. ആവിഷ്കാരശൈലിയുടെ സവിശേഷതയായി ധ്വനിയെ പരിഗണിക്കാം. അഭിധ, ലക്ഷണ, വ്യഞ്ജന എന്നീ മൂന്ന് ശബ്ദവ്യാപാരങ്ങളില്‍ വ്യഞ്ജനാവ്യാപാരത്തിലാണ് ധ്വനി പരിലസിക്കുന്നത്. ആശയവും അലങ്കാരവും രസവും കാവ്യാത്മകമായി ആവിഷ്കൃതമാകുന്നത് വ്യഞ്ജനാവ്യാപാരത്തിന്റെ ശക്തിയാലാണ്. ഇത് രസാവിഷ്കരണത്തിന് അനുപേക്ഷണീയവുമാണ്.

ധ്വനിനിര്‍വചനം. 9-ാം ശ.-ത്തില്‍ (825-875) കാശ്മീരില്‍ ജീവിച്ചിരുന്ന ആനന്ദവര്‍ധനനാണ് ധ്വനിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. എന്നാല്‍ താന്‍ വിശദീകരിക്കുന്ന ധ്വനിതത്ത്വം പൂര്‍വസൂരികള്‍ വിശദീകരിച്ചതുതന്നെയാണെന്ന് ഇദ്ദേഹം വിശദമാക്കുന്നു. ധ്വനിയെ നിരാകരിച്ചുകൊണ്ട് പലരും അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ എന്തെല്ലാമെന്നു പറഞ്ഞിട്ട് അവയ്ക്കെല്ലാം മറുപടി നല്കിക്കൊണ്ടാണ് ആനന്ദവര്‍ധനന്‍ ധ്വനിതത്ത്വം വിശദമാക്കുന്നത്. ധ്വനി എന്ന തത്ത്വം നിരര്‍ഥകമായ വാദം മാത്രമാണെന്നാണ് ധ്വനിനിരാസകരായ പൂര്‍വപക്ഷക്കാരില്‍ ഒരു വിഭാഗം കരുതുന്നത്. മറ്റൊരു വിഭാഗമാകട്ടെ, ധ്വനിതത്ത്വം ശബ്ദവ്യാപാരങ്ങളിലൊന്നായ ലാക്ഷണികാര്‍ഥം മാത്രമാണെന്നു കരുതുന്നു. മൂന്നാമതൊരു വിഭാഗം ലാക്ഷണികാര്‍ഥത്തിനും അതീതമായി വ്യംഗ്യത്തെ ആധാരമാക്കിയ ഒരു സാഹിത്യതത്ത്വം ഉണ്ടെന്ന് അംഗീകരിക്കുന്നെങ്കിലും അത് അനിര്‍വചനീയമായ ഒരു തത്ത്വം മാത്രമാണെന്ന് അഭിപ്രായപ്പെടുന്നവരാണ്. ഈ മൂന്ന് ധ്വനിനിരാസ വാദങ്ങള്‍ക്കും മറുപടി നല്കിക്കൊണ്ട് സഹൃദയരുടെ സംശയം ദൂരീകരിക്കുന്നതിന് പൂര്‍വസൂരികള്‍ അവതരിപ്പിച്ച ധ്വനിതത്ത്വം താന്‍ വിശദമാക്കുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് ആനന്ദവര്‍ധനന്‍ ധ്വന്യാലോകം എന്ന കൃതി അവതരിപ്പിക്കുന്നത്.

'കാവ്യസ്യാത്മാ ധ്വനിരിതി ബുധൈര്‍

യഃസമാമ്നാതപൂര്‍വഃ

തസ്യാഭാവം ജഗദുരപരേ ഭാക്തമാഹുസ്തദന്യേ

കേചിദ്വാചാം സ്ഥിതമവിഷയേ തത്ത്വമാഹുസ്തദീയം

തേനബ്രൂമഃസഹൃദയമനഃപ്രീതയേ തത്സ്വരൂപം'.

ശബ്ദവും അര്‍ഥവും സ്വന്തം അര്‍ഥതലങ്ങള്‍ക്ക് അതീതമായി കവിയുടെ വിവക്ഷയെ വ്യഞ്ജിപ്പിക്കുന്നതില്‍ സമര്‍ഥമാകുമ്പോഴാണ് ധ്വനിയുടെ ഉണ്മ ശ്രദ്ധേയമാകുന്നത്. ഈ കവിവിവക്ഷ അസാധാരണമായ കാവ്യാംശമുള്‍ ക്കൊള്ളുന്നതുമാകും. 'ഏതൊരു കാവ്യത്തില്‍ ശബ്ദാര്‍ഥങ്ങള്‍ സ്വന്തം അര്‍ഥങ്ങളെ അപ്രധാനമാക്കിക്കൊണ്ട് ആ അര്‍ഥത്തെ (കാവ്യാംശപൂര്‍ണമായ കവിവിവക്ഷയെ) വ്യഞ്ജിപ്പിക്കുന്നുണ്ടോ ആ കാവ്യവിശേഷമാണ് ധ്വനി' എന്നാണ് ആനന്ദവര്‍ധനന്‍ ധ്വനിക്കു നിര്‍വചനം നല്കുന്നത് ('യത്രാര്‍ഥഃ ശബ്ദോവാ തമര്‍ഥമുപസര്‍ജനീകൃതസ്വാര്‍ഥൗ വ്യങ്ക്തഃ കാവ്യവിശേഷഃ സഃ ധ്വനിരിതി സൂരിഭിഃകഥിതഃ'). അങ്ങനെയുള്ള കാവ്യത്തിന്റെ ആത്മാവാണ് ധ്വനി എന്നും 'കാവ്യസ്യാത്മാ ധ്വനിരിതി...'എന്നു തുടങ്ങുന്ന പദ്യത്തില്‍ നിരൂപണം ചെയ്യുന്നു. ശബ്ദാര്‍ഥങ്ങളുടെ സാധാരണ അര്‍ഥതലങ്ങളില്‍ ആവിഷ്കൃതമാകാന്‍ കഴിയാത്ത ചാരുത്വം വ്യഞ്ജനാവ്യാപാരത്താല്‍ ആവിഷ്കൃതമാക്കാം എന്ന തത്ത്വമാണ് ധ്വനികാരന്‍ നിരൂപണവിഷയമാക്കുന്നത്. മഹാകവികളെല്ലാം ഈ മാര്‍ഗം സ്വീകരിച്ചിരുന്നതായി വിശദമാക്കുന്നു. അതിനാലാണ് ഈ തത്ത്വം താന്‍ ആവിഷ്കരിക്കുകയല്ല മഹാകവികളുടെ കണ്ടെത്തല്‍ നിരൂപണം ചെയ്യുകമാത്രമാണ് ചെയ്യുന്നത് എന്ന് ധ്വനികാരന്‍ അഭിപ്രായപ്പെടുന്നത്. വ്യഞ്ജനാവ്യാപാരത്താല്‍ മാത്രം ആവിഷ്കൃതമാകുന്ന രസത്തിന്റെ കാവ്യാത്മകതയെപ്പറ്റി ഭരതന്റെ നാട്യശാസ്ത്രത്തിലും മറ്റും വിശദീകരിച്ചിട്ടുള്ളതിനാല്‍ കാവ്യശാസ്ത്രകാരന്മാരും ഈ തത്ത്വം മനസ്സിലാക്കിയിരുന്നതായി നിരൂപണം ചെയ്യുന്നു.

വ്യഞ്ജനാവ്യാപാരം. ശബ്ദത്തിന് അഥവാ വാചകത്തിന് അഭിധ, ലക്ഷണ, വ്യഞ്ജന എന്ന് മൂന്ന് വ്യാപാരങ്ങളാണ് പ്രസിദ്ധമായുള്ളത്. ഒരു പദത്തിന്റെ നിയതമായ അര്‍ഥത്തെ സ്വീകരിച്ചുലഭിക്കുന്ന അര്‍ഥമാണ് അഭിധ. കാവ്യഭിന്നമായ വ്യവഹാരങ്ങളിലെല്ലാം വാച്യാര്‍ഥത്തെ അനാവരണം ചെയ്യുന്ന വ്യാപാരമാണിത്. അഭിധാവ്യാപാരം അസംഗതമാകുന്ന ചില ശബ്ദപ്രയോഗങ്ങള്‍ ലക്ഷണാവ്യാപാരത്തിന് സാംഗത്യമേകുന്നു. 'ഗംഗയിലെ കുടില്‍' എന്ന പ്രയോഗത്തെ ലക്ഷണാവ്യാപാരം മുഖേന അര്‍ഥം ലഭിക്കേണ്ട ഒരു പ്രയോഗമായി ആലങ്കാരികന്മാര്‍ അവതരിപ്പിക്കുന്നു. ഗംഗയില്‍ കുടില്‍ അസംഗതമാവുകയും ഗംഗാതീരത്തെ കുടില്‍ എന്നാണ് ലക്ഷ്യമെന്നറിയുകയും ചെയ്യുന്നു. ഇത് ലാക്ഷണികാര്‍ഥമാണ്. ഗംഗാതീരത്തെ കുടില്‍ എന്നു പറയാതെ ഗംഗയിലെ കുടില്‍ എന്നു പറഞ്ഞത് അവിടത്തെ ശീതളിമ, പാവനത്വം തുടങ്ങിയവ വ്യഞ്ജിപ്പിക്കുന്നതിനാണെങ്കില്‍ വ്യംഗ്യാര്‍ഥമായി ഇതുകൂടി ലഭിക്കുന്നു. വാച്യമായി പറയാതെ ഒരു ആശയം വ്യഞ്ജനാവ്യാപാരംവഴി ലഭിക്കുന്നതിന് ഉദാഹരണമാണിത്. ഇതുപോലെ അലങ്കാരവും രസം, ഭാവം തുടങ്ങിയവയും വ്യഞ്ജനാവ്യാപാരംവഴി ലഭ്യമാണ്. രസാവിഷ്കരണത്തിന് വ്യഞ്ജനാവ്യാപാരം അനുപേക്ഷണീയവുമാണ് എന്ന് ധ്വന്യാലോകത്തില്‍ വിശദമാക്കുന്നു. കുമാരസംഭവത്തില്‍ പരമശിവന്റെ ഗുണഗണങ്ങള്‍ നാരദന്‍ ഹിമവാനോടു പറയുന്നതു കേട്ടുനില്ക്കുന്ന പാര്‍വതി നമ്രമുഖിയായി കയ്യിലിരുന്ന താമരയുടെ ഇതളുകള്‍ എണ്ണിക്കൊണ്ടിരുന്നു എന്ന പ്രസിദ്ധമായ പദ്യം പാര്‍വതിയുടെ ലജ്ജയെ വ്യഞ്ജിപ്പിക്കുന്നു.

'ഏവം വാദിനി ദേവര്‍ഷൗ പാര്‍ശ്വേപിതുരധോമുഖീ

ലീലാകമലപത്രാണിഗണയാമാസ പാര്‍വതീ'.

ഈ രീതിയില്‍ ഭാവാവിഷ്കരണത്തിനും രസാവിഷ്കരണത്തിനും മഹാകവികള്‍ സ്വീകരിക്കുന്നത് വ്യഞ്ജനാവ്യാപാരത്തെയാണ്. വാച്യാര്‍ഥമായി ഭാവവും രസവും മനോഹരമായി ആവിഷ്കരിക്കാന്‍ സാധിക്കില്ല എന്നും കവികള്‍ മനസ്സിലാക്കിയിരുന്നു. ഇവിടെ അഭിധ അഥവാ വാക്യാര്‍ഥം മറ്റൊരു മനോഹരമായ അര്‍ഥത്തെ (ഭാവത്തെ) വ്യഞ്ജിപ്പിക്കുന്നതിനാല്‍ അഭിധാമൂലധ്വനി എന്നറിയപ്പെടുന്നു. ഗംഗയില്‍ കുടില്‍ എന്ന വാക്യത്തില്‍ ലാക്ഷണികാര്‍ഥം വ്യഞ്ജകമായി മാറുന്നത് ലക്ഷണാമൂലധ്വനി എന്നും അറിയപ്പെടുന്നു. ദശരൂപകകര്‍ത്താവായ ധനഞ്ജയനും ദശരൂപകവ്യാഖ്യാതാവായ ധനികനും അഭിധയെയും അതിന്റെ തുടര്‍ച്ചയായി ലഭിച്ച ലക്ഷണാവ്യാപാരത്തെയും വ്യഞ്ജനാവ്യാപാരത്തെയും അഭിധയായിത്തന്നെ അഥവാ അഭിധയുടെ അര്‍ഥവ്യാപ്തി മാത്രമായി പരിഗണിക്കുന്നു. ഇതിന് താത്പര്യാര്‍ഥം എന്ന് ഇവര്‍ പേരു നല്കുന്നു. അഭിധയെയും ലക്ഷണയെയും വ്യഞ്ജനയെയും അഭിധായകത്വം എന്ന ശബ്ദവ്യാപാരമായി പരിഗണിക്കുന്ന ഭട്ടനായകനാകട്ടെ, സാധാരണീകരണത്തിനു സഹായകമായി ഭാവകത്വ വ്യാപാരത്തെയും രസാസ്വാദത്തിനു സഹായകമായി ഭോജകത്വ വ്യാപാരത്തെയും പ്രത്യേകം ശബ്ദവ്യാപാരങ്ങളായി വിശദീകരിക്കുന്നു.

ധ്വനിഭേദം. ധ്വന്യാലോകത്തിന്റെ നാല് അധ്യായങ്ങളില്‍ (അധ്യായത്തിന് ഉദ്യോതം എന്നാണ് പേരു നല്കിയിരിക്കുന്നത്) ആദ്യത്തേതില്‍ ധ്വനിയുടെ നിര്‍വചനവും വിശദീകരണവും ധ്വനിക്കെതിരെയുള്ള വാദങ്ങളുടെ നിരാസവും കഴിഞ്ഞശേഷം രണ്ടാം ഉദ്യോതത്തില്‍ ധ്വനിഭേദമാണ് വിശദമാക്കുന്നത്. ധ്വനിയുടെ ആവിഷ്കാര രീതിയെ അടിസ്ഥാനമാക്കി അഭിധാമൂലധ്വനി, ലക്ഷണാ മൂലധ്വനി എന്നു രണ്ടായി ധ്വനിയെ വിഭജിക്കുന്നു. ഇവയ്ക്ക് യഥാക്രമം വിവക്ഷിതാന്യപരവാച്യധ്വനി എന്നും അവിവക്ഷിതവാച്യ ധ്വനി എന്നും പേരു നല്കിയിട്ടുണ്ട്. വാച്യം വിവക്ഷിതമല്ലാതെയാണല്ലോ ലക്ഷണാവ്യാപാരം പ്രവര്‍ത്തിക്കുന്നത്. ലക്ഷണാമൂലധ്വനിക്ക് ഉദാഹരണമായി 'ശൂരന്‍, പണ്ഡിതന്‍, സേവകന്‍ എന്ന നിലയില്‍ വൈദഗ്ധ്യം നേടിയവന്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍പ്പെടുന്നവര്‍ സ്വര്‍ണം പൂക്കുന്ന ഭൂമി സ്വായത്തമാക്കുന്നു' എന്ന വാക്യം ഉദ്ധരിക്കുന്നു.

'സുവര്‍ണപുഷ്പാം പൃഥിവീം ചിന്വന്തിപുരുഷാസ്ത്രയഃ

ശുരശ്ചകൃതവിദ്യശ്ച യശ്ച ജാനാതി സേവിതും'.

ഭൂമിയില്‍ സ്വര്‍ണം പൂക്കുന്നു എന്നും അങ്ങനെയുള്ള ഭൂമി സ്വായത്തമാക്കുന്നു എന്നുമുള്ള വാച്യാര്‍ഥം അസംഗതമാണ്. ഇവര്‍ സമ്പന്നരാണ് എന്നാണ് വിവക്ഷിതാര്‍ഥം. ഇവരുടെ ജനസമ്മതിയാണ് വ്യംഗ്യാര്‍ഥം.

അഭിധാമൂലധ്വനി അഥവാ വിവക്ഷിതാന്യപരവാച്യധ്വനിയില്‍ വാച്യാര്‍ഥം പ്രസക്തമാണ്. പക്ഷേ ഇത് കൂടുതല്‍ മനോഹരമായ മറ്റൊരര്‍ഥത്തിലേക്ക് അഥവാ ഭാവ, അലങ്കാര, രസങ്ങളിലേക്കു നയിക്കുന്നു. ഒരു കാമുകന്‍ കാമുകിയോടു പറയുന്ന വാക്കുകള്‍ ഇതിന് ഉദാഹരണമായി നല്കുന്നു. 'അല്ലയോ സുന്ദരീ, ഈ ചെറുതത്ത നിന്റെ ചുണ്ടിനു സമാനം തുടുത്തു ചുവന്ന ഈ തൊണ്ടിപ്പഴം ആസ്വദിക്കുന്നതിന് ഏതു ഗിരിശൃംഗത്തില്‍ എത്രനാള്‍ ഏതുപേരുള്ള തപസ്സാണ് ചെയ്തത്?' എന്നു കാമുകന്‍ ചോദിക്കുന്നു. പ്രകൃതാര്‍ഥത്തില്‍നിന്ന് കാമുകിയുടെ അധരാസ്വാദനത്തിനുള്ള ഉത്കടമായ ആഗ്രഹമാണ് വ്യഞ്ജിക്കുന്നത്.

'ശിഖരിണി ക്വനുനാമകിയച്ചിരം

കിമഭിധാനമസാവകരോത്തപഃ

തരുണി യേന തവാധരപാടലം

ദശതിബിംബഫലം ശുകശാബകഃ'.

അവിവക്ഷിതവാച്യധ്വനിക്ക് അര്‍ഥാന്തര സംക്രമിതവാച്യധ്വനി, അത്യന്തതിരസ്കൃത വാച്യധ്വനി എന്നു രണ്ട് ഭേദങ്ങളും വിവക്ഷിതാന്യപരവാച്യധ്വനിക്ക് അസംലക്ഷ്യക്രമധ്വനി, സംലക്ഷ്യക്രമധ്വനി എന്നു രണ്ട് ഭേദങ്ങളും ഉണ്ട്. വാച്യാര്‍ഥം മറ്റൊരു അര്‍ഥത്തിലേക്കു സംക്രമിപ്പിക്കുന്നത് അര്‍ഥാന്തര സംക്രമിത വാച്യധ്വനിയാണ്. 'ഗുണങ്ങള്‍ ഗുണങ്ങളാകുന്നത് സഹൃദയരുടെ അംഗീകാരം ലഭിക്കുമ്പോള്‍ മാത്രമാണ്. സൂര്യരശ്മിയാല്‍ അനുഗ്രഹിക്കപ്പെടുന്ന താമരകളാണ് താമരകള്‍' എന്ന വാക്യം ഇതിന് ഉദാഹരണമാണ്.

'തദാജായന്തേ ഗുണായദാതേ സഹൃദയൈര്‍ ഗൃഹ്യന്തേ

രവികിരണാനുഗൃഹീതാനി ഭവന്തികമലാനി കമലാനി'.

താമര എന്ന ആദ്യത്തെ പദത്തിന്റെ താമരപ്പൂവ് എന്ന വാച്യാര്‍ഥം സൗന്ദര്യം, ആഹ്ളാദകത്വം, സൗരഭ്യം തുടങ്ങിയ ഗുണഗണങ്ങളോടു കൂടിയ താമരപ്പൂവ് എന്ന വിശേഷാര്‍ഥത്തിലേക്കു സംക്രമിക്കുന്നതായി കാണാം. വാച്യാര്‍ഥത്തില്‍ പൂര്‍ണമായ തിരോധാനം കാണപ്പെടുന്നതാണ് അത്യന്തതിരസ്കൃത വാച്യധ്വനിയായി അറിയപ്പെടുന്നത്. രാമായണത്തിലെ ഒരു പദ്യത്തിലെ അന്ധന്‍ എന്ന പദം അത്യന്തതിരസ്കൃത വാച്യധ്വനിക്ക് ഉദാഹരണമായി നല്കിയിരിക്കുന്നു. സൂര്യനിലേക്ക് തേജസ്സിനെ പകര്‍ന്നുനല്കി, മഞ്ഞുമൂടിയ ചന്ദ്രബിംബം നെടുവീര്‍പ്പുതട്ടി അന്ധനായ കണ്ണാടി പോലെ പ്രകാശമില്ലാത്തതായിരിക്കുന്നു' എന്നാണ് ഈ പദ്യത്തിന്റെ ആശയം.

'രവിസംക്രാന്ത സൗഭാഗ്യസ്തുഷാരാവൃതമണ്ഡലഃ

നിശ്വാസാന്ധ ഇവാദര്‍ശശ്ചന്ദ്രമാനഃപ്രകാശതേ'.

അന്ധന്‍ എന്ന പദം മങ്ങിയ എന്ന ലക്ഷ്യാര്‍ഥത്തിലൂടെ ചന്ദ്രന്റെ നിഷ്പ്രഭയെയും കിരണരാഹിത്യത്തെയും മറ്റും വ്യഞ്ജിപ്പിക്കുന്നു.

സംലക്ഷ്യക്രമവ്യംഗ്യത്തിന് ഉദാഹരണമാണ് 'ഏവം വാദിനിദേവര്‍ഷൗ' എന്നു തുടങ്ങുന്ന പദ്യം. ഈ പദ്യത്തിന്റെ ശ്രവണത്തില്‍ പാര്‍വതിക്ക് പരമശിവനോടുള്ള പ്രേമത്തിന്റെ തീവ്രത, പാര്‍വതിയുടെ തപസ്സിന്റെ ഉദ്ദേശ്യം തുടങ്ങിയവ സ്മരണമാത്രയില്‍ എത്തുമ്പോഴാണ് ലജ്ജാവനമ്രയായ പാര്‍വതിയുടെ സ്ഥിതിയുടെ സ്വാരസ്യം കൂടുതല്‍ ആസ്വാദ്യമാകുന്നത്. ആ രീതിയില്‍ ക്രമപ്രവൃദ്ധമായ ആസ്വാദ്യത സംലക്ഷ്യക്രമമെന്ന ധ്വനിഭേദമായി കണക്കാക്കുന്നു. ഒരു മണിനാദത്തിന്റെ അനുരണനംപോലെ അര്‍ഥവ്യക്തി തുടര്‍ന്നു വരുന്നതിനാല്‍ അനുരണനധ്വനി, അനുസ്വാനധ്വനി എന്നീ പേരുകളിലും ഈ ധ്വനി അറിയപ്പെടുന്നു. ഇതിനെ വീണ്ടും ശബ്ദശക്തി മൂലധ്വനി, അര്‍ഥശക്തി മൂലധ്വനി എന്ന് രണ്ട് രീതികളില്‍ ഭേദകല്പന ചെയ്യാം. രസാവിഷ്കരണത്തിന് അസംലക്ഷ്യക്രമധ്വനിയാണ് നിയാമകമാകുന്നത്. അഭിജ്ഞാന ശാകുന്തളത്തിലെ ഒരു പദ്യം ഇതിന് ഉദാഹരണമായി നല്കാം. 'കടക്കണ്ണിന്റെ ചലനത്തോടും സംഭ്രമചിത്തത്തോടും നില്ക്കുന്ന പ്രിയയുടെ കണ്ണുകളെ നീ പലതവണ സ്പര്‍ശിക്കുന്നു, ചെവിയുടെ വളരെ സമീപം എത്തി രഹസ്യം പറയുന്നതുപോലെ ശബ്ദിക്കുന്നു, കൈകൊണ്ട് തടയാന്‍ ശ്രമിച്ചിട്ടും രതിപ്രദമായ ഇവളുടെ അധരങ്ങളെ നീ നുകരുന്നു, അല്ലയോ വണ്ടേ നീ ധന്യനാണ്. നാമാകട്ടെ തത്ത്വാന്വേഷിയായി (ശകുന്തളയില്‍ മനസ്സ് അനുരക്തമായെങ്കിലും ഈ ആശ്രമകന്യക പരിഗ്രഹക്ഷമയാണോ എന്ന് അറിയാന്‍ മാര്‍ഗം കാണാത്തവനായി) ഹതഭാഗ്യനായിരിക്കുന്നു' എന്ന് വിപ്രലംഭശൃംഗാരം ഈ പദ്യത്തില്‍ ആവിഷ്കൃതമാകുന്നു.

'ചലാപാംഗാം ദൃഷ്ടിം സ്പൃശസി ബഹുശോ വേപഥുമതീം

രഹസ്യാഖ്യായീവ സ്വനസി മൃദുകര്‍ണാന്തികചരഃ

കരൗ വ്യാധുന്വത്യാഃ പിബസി രതിസര്‍വസ്വമധരം

വയം തത്ത്വാന്വേഷാന്മധുകര ഹതാസ്ത്വം ഖലു കൃതീ'

ഈ പദ്യത്തിന്റെ വിവര്‍ത്തനം ഇപ്രകാരം നല്കിയിരിക്കുന്നു:

'ചഞ്ചല്‍ക്കണ്‍മുനയേറ്റു നീ വിറയെഴും

പൂമെയ് തൊടുന്നുണ്ടു നീ

കൊഞ്ചിക്കാതിനടുത്തു ചെന്നുപലതും

മന്ത്രിച്ചിടുന്നുണ്ടു നീ

അഞ്ചിക്കൈ കുതറീടവേ രതിപദം

ചെഞ്ചുണ്ടു ചുംബിപ്പു നീ

വഞ്ചിപ്പൂ പരമാര്‍ഥചിന്തയിഹ മാം

വണ്ടേ ഭവാന്‍ ഭാഗ്യവാന്‍'.

ധ്വനിയുടെ ആവിഷ്കാരരീതിയനുസരിച്ച വിഭജനമാണ് അഭിധാമൂലധ്വനി, ലക്ഷണാ മൂലധ്വനി എന്നീ നിലകളില്‍ വിവരിച്ചത്. ഒരു സന്ദര്‍ഭത്തില്‍ ധ്വന്യാവിഷ്കാരത്തില്‍ വ്യഞ്ജനാവ്യാപാരം വഴി ഒരു ആശയമോ ഒരു അലങ്കാരഭേദമോ രസമോ വാച്യാര്‍ഥത്തെ അതിശയിച്ച് ചാരുത്വമുള്ളതായി വരാം. ഒരു ആശയമാണ് (വസ്തു) ഇപ്രകാരം വ്യഞ്ജിക്കുന്നത് എങ്കില്‍ വസ്തുധ്വനി എന്നും അലങ്കാരം വ്യംഗ്യമായി വന്നാല്‍ അലങ്കാരധ്വനി എന്നും രസാവിഷ്കാരമാണ് ഇപ്രകാരമുണ്ടാകുന്നതെങ്കില്‍ രസധ്വനി എന്നും അറിയപ്പെടുന്നു. പുനം നമ്പൂതിരിയുടെ മാനവേദചമ്പു വിലെ ഈ പദ്യം വസ്തുധ്വനിക്ക് ഉദാഹരണമായി പ്രസ്തുതമാണ്:

'ജംഭപ്രദ്വേഷി മുന്‍പില്‍ സുരവരസദസി

ത്വദ്ഗുണൗഘങ്ങള്‍ വീണാ

ശുംഭത്പാണൗ മുനൗ ഗായതി സുരസുദൃശാം

വിഭ്രമം ചൊല്ലവല്ലേ

കുമ്പിട്ടാളുര്‍വശിപ്പെണ്ണകകമലമഴി-

ഞ്ഞൂ മടിക്കുത്തഴിഞ്ഞൂ

രംഭയ്ക്കഞ്ചാറുവട്ടം കബരിതിരുകിനാള്‍

മേനകാ മാനവേദ'

അപ്സരസ്സുകളുമൊത്തു രസിച്ചുകൊണ്ടിരിക്കുന്ന ദേവേന്ദ്രന്റെ സമീപം നാരദന്‍ മാനവേദരാജാവിന്റെ മഹത്ത്വം വര്‍ണിച്ചപ്പോള്‍ ആ അപ്സരസ്സുകള്‍ മാനവേദനില്‍ അത്യന്തം അനുരക്തകളായിത്തീര്‍ന്നു എന്ന ആശയമാണ് വ്യംഗ്യമായി ഇവിടെ ആവിഷ്കൃതമായിരിക്കുന്നത്. ഈ പദ്യത്തില്‍ സ്വഭാവോക്തി അലങ്കാരം വാച്യമായും വിപ്രലംഭശൃംഗാരം വ്യംഗ്യമായും വരുന്നു.

ഒരു വാച്യത്തില്‍നിന്ന് ഒരു അലങ്കാരം വ്യംഗ്യമായി ശോഭിക്കുന്നതാണ് അലങ്കാരധ്വനി. കാമുകീകാമുകന്മാര്‍ സന്ധ്യാസമയത്ത് ചന്ദ്രോദയത്തില്‍ കടല്‍ത്തീരത്ത് ഇരിക്കുമ്പോള്‍ നായകന്‍ നായികയുടെ സൗന്ദര്യത്തെ പുകഴ്ത്തുന്ന 'അല്ലയോ സുന്ദരീ, എല്ലാ ദിക്കിലും ലാവണ്യം പ്രസരിക്കുന്ന ആഹ്ലാദവും കാന്തിയും പ്രദാനം ചെയ്യുന്ന നിന്റെ മുഖം കണ്ടിട്ട് ഈ സമുദ്രം ക്ഷോഭിക്കുന്നില്ലല്ലോ. ഇതിനാല്‍ സമുദ്രം ജഡ(ല)രാശിയാണ് എന്നതു സ്പഷ്ടമാണ്' എന്ന പ്രസ്താവന ഉദാഹരണമാണ്.

'ലാവണ്യകാന്തിപരിപൂരിത ദിങ്മുഖേസ്മിന്‍

സ്മേരേധുനാ തവ മുഖേ തരളായതാക്ഷീ

ക്ഷോഭം യദേതി ന മനാഗപി തേന മന്യേ

സുവ്യക്തമേവ ജഡ(ല)രാശിരയം പയോധിഃ'

കാമിനിയുടെ സുന്ദരമായ വദനത്തിന്റെ സാമീപ്യത്താല്‍ ക്ഷോഭിക്കാത്ത ഈ സമുദ്രം ജഡപദാര്‍ഥമാണെന്ന വാച്യാര്‍ഥം കാമിനിയുടെ മുഖവും ചന്ദ്രമണ്ഡലവും തമ്മില്‍ ഭേദമില്ലെന്നു വ്യഞ്ജിപ്പിക്കുന്നു. രൂപകാതിശയോക്തി എന്ന അലങ്കാരമാണ് ഇവിടെ വ്യഞ്ജിക്കുന്നത്. വാച്യാര്‍ഥത്തെക്കാള്‍ സുന്ദരമായ ഈ അലങ്കാര കല്പന വ്യംഗ്യമായി ആവിഷ്കൃതമായതിനാല്‍ അലങ്കാരധ്വനി സ്പഷ്ടമാണ്.

നവരസങ്ങളിലൊന്ന് വാച്യാര്‍ഥത്തെക്കാള്‍ സുന്ദരമായി ആവിഷ്കൃതമാകുന്നതാണ് രസധ്വനി. 'ചഞ്ചല്‍ക്കണ്‍മുനയേറ്റു നീ' എന്നു തുടങ്ങുന്ന പദ്യത്തില്‍ വിപ്രലംഭശൃംഗാരം ഇപ്രകാരം ആവിഷ്കൃതമാകുന്നു. വിപ്രലംഭശൃംഗാരത്തിന് സംയോഗവിപ്രലംഭം, വിയോഗവിപ്രലംഭം എന്ന ഭേദമുള്ളതില്‍ സംയോഗവിപ്രലംഭ ശൃംഗാരാവിഷ്കരണമാണ് ഇവിടെ. വ്യഞ്ജകമായി വിയോഗവിപ്രലംഭശൃംഗാരം ആവിഷ്കൃതമാകുന്നതിന് ഉദാഹരണമായി എടുത്തുകാട്ടാവുന്നതാണ് വള്ളത്തോളിന്റെ വിലാസലതികയിലെ ഈ പദ്യം:

'ക്ഷീണാപാണ്ഡു കപോലമാം മുഖവുമായ്

ത്തന്മന്ദിരത്താഴ്വര

ത്തൂണാലൊട്ടു മറഞ്ഞുനിന്നുനെടുതാം

വീര്‍പ്പിട്ടുകൊണ്ടങ്ങനെ

കാണാം താമസിയാതെയെന്നൊരു വിധം

ബന്ധുക്കളോടോതിടും

പ്രാണാധീശനെയശ്രുപൂര്‍ണമിഴിയാല്‍

നോക്കുന്നു മൈക്കണ്ണിയാള്‍.'

ധ്വനി, ഗുണീഭൂതവ്യംഗ്യം, ചിത്രം. വസ്തുധ്വനിക്ക് ഉദാഹരണമായി ഉദ്ധരിച്ച പുനത്തിന്റെ മാനവേദ പ്രശസ്തിപരമായ ശ്ലോകത്തില്‍ അപ്സരസ്സുകളുടെ ഭാവപ്രകടനങ്ങളില്‍ ശൃംഗാരം വ്യഞ്ജിക്കുന്നുണ്ടെങ്കിലും അത് അവര്‍ മാനവേദരാജാവില്‍ അത്യധികം അനുരാഗവിവശരായി എന്ന ആശയം വ്യക്തമാക്കുന്നതിനുദ്ദേശിച്ചാകയാല്‍ ആ ആശയത്തിനാണ് പ്രാധാന്യം. ഇവിടെ ശൃംഗാരം അംഗമായി (ഏറ്റവും പ്രധാനമല്ലാതെ) നില്ക്കുന്നതേയുള്ളൂ. വ്യങ്ഗ്യമായിത്തന്നെ ലഭിച്ച ആ ആശയം നിമിത്തം വസ്തുധ്വനിക്കുദാഹരണമായി ഈ പദ്യം. ഇങ്ങനെയുള്ള പദ്യത്തില്‍ ശൃംഗാരം തുടങ്ങിയ രസം വ്യഞ്ജിക്കുന്നുവെങ്കിലും അതിന് പ്രധാന സ്ഥാനം അല്ലാത്തതിനാല്‍ രസവദലങ്കാരമായി ഇതിനെ പരിഗണിക്കാമെന്നാണ് ധ്വനികാരന്റെ മതം. വ്യഞ്ജനാവ്യാപാരം കൂടാതെ ആശയവും അലങ്കാരവും അവതരിപ്പിക്കുന്ന കാവ്യത്തെ ചിത്രകാവ്യം എന്നു വിളിക്കുന്ന ആനന്ദവര്‍ധനന്‍ ഇത്തരം കാവ്യരചന ഒരു വ്യക്തിയുടെ കവിത്വശക്തിയെ അല്ല, കവിത്വാഭാവത്തെയാണ് വ്യക്തമാക്കുന്നത് എന്ന് അഭിപ്രായപ്പെടുന്നു.

ധ്വനിപ്രധാനമായ കാവ്യം ഉത്തമകാവ്യമായും ധ്വനി ഉണ്ടായിരിക്കുകയും എന്നാല്‍ അതിനെക്കാള്‍ പ്രധാനം വാച്യാര്‍ഥത്തിനായിരിക്കുകയും ചെയ്യുന്നത് ഗുണീഭൂതവ്യംഗ്യം എന്നു വിശേഷിപ്പിക്കുന്ന മധ്യമകാവ്യമായും ധ്വനിയുടെ അഭാവത്തില്‍ അധമകാവ്യമായും ആനന്ദവര്‍ധനന്‍ വ്യവച്ഛേദിച്ചു നിരൂപണം ചെയ്യുന്നു. മഹാകവികളുടെ വാക്കുകളില്‍ തെളിയുന്ന വ്യംഗ്യാര്‍ഥത്തെ-വാച്യാര്‍ഥത്തെ അപേക്ഷിച്ച് മനോഹരമായ ആ അര്‍ഥത്തെ-സുന്ദരിയായ ഒരു യുവതിക്ക് പ്രത്യേകം ഓരോ അവയവത്തിനുള്ള സൗന്ദര്യത്തിനും അതീതമായി കാണുന്ന ലാവണ്യത്തോടാണ് ഉപമിച്ചിരിക്കുന്നത്. പ്രത്യേകമായ അംഗവര്‍ണനകൊണ്ട് ആ ലാവണ്യത്തെ ചിത്രീകരിക്കാന്‍ കഴിയുകയുമില്ല. അതേപോലെ വാച്യാര്‍ഥഗ്രഹണം മാത്രമായാല്‍ രസാവിഷ്കരണത്തിന് അത് അപര്യാപ്തമാവുകയും ചെയ്യും. ഈ ആശയം വിശദീകരിക്കുന്ന പ്രസിദ്ധ ശ്ലോകമാണ്:

'പ്രതീയമാനം പുനരന്യദേവ

വസ്ത്വസ്തി വാണീഷു മഹാകവീനാം.

യത്തദ് പ്രസിദ്ധാവയവാതിരിക്തം

വിഭാതി ലാവണ്യമിവാങ്ഗനാസു.'

ധ്വനിയും മറ്റു കാവ്യതത്ത്വങ്ങളും. കാവ്യാത്മാവായി മഹാകവികള്‍ മനസ്സിലാക്കിയിരുന്ന ധ്വനിയെ കൂലങ്കഷമായി നിരൂപണം ചെയ്ത ആനന്ദവര്‍ധനാചാര്യര്‍ ധ്വനികാവ്യത്തില്‍ മറ്റു പ്രധാന കാവ്യതത്ത്വങ്ങളായ അലങ്കാരം, രീതി, വൃത്തി, ഔചിത്യം തുടങ്ങിയവയുടെ പ്രാധാന്യവും സ്ഥാനവും ഉദ്ഗ്രഥനപരവും ശാസ്ത്രീയവുമായ വീക്ഷണത്തോടെ പ്രതിപാദിച്ചത് സാര്‍വദേശീയമായ കാവ്യകലാചിന്തയ്ക്കു ഭാരതം നല്കിയ വിലപ്പെട്ട സംഭാവനയായി നിരൂപണം ചെയ്യപ്പെട്ടിട്ടുണ്ട്. ധ്വനിസിദ്ധാന്തത്തിന്റെ സര്‍വാംഗീണതയെ പ്രകീര്‍ത്തിച്ചുകൊണ്ട് കാവ്യമീമാംസാ കര്‍ത്താവായ രാജശേഖരന്‍ ആനന്ദവര്‍ധനനെ എല്ലാ കാവ്യശാസ്ത്രകാരന്മാരുടെയും സഹൃദയരുടെയും ആനന്ദവര്‍ധനനായി ചിത്രീകരിക്കുന്ന ഒരു ശ്ലോകമാണ്:

'ധ്വനിനാതിഗഭീരേണ കാവ്യതത്ത്വനിവേശിനാ

ആനന്ദവര്‍ദ്ധനഃകസ്യനാസീദാനന്ദവര്‍ദ്ധനഃ.'

പണ്ഡിതരാജനായ ഗജന്നാഥന്‍ ആനന്ദവര്‍ധനനെ 'സര്‍വാലങ്കാരസരണി വ്യവസ്ഥാപകന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. സൗന്ദര്യപരമായ പ്രമേയത്തിന് ഭാരതം നല്കിയ ഏറ്റവും മഹത്തായ സംഭാവനയായി ധ്വനിയെ വിലയിരുത്തുന്ന പാശ്ചാത്യ കലാതത്ത്വചിന്തകനായ റനീറൊ നോളി (R.Gnoli), 18-ാം ശ.-ത്തില്‍ കാന്റ് അവതരിപ്പിച്ച പ്രശസ്ത കലാതത്ത്വങ്ങള്‍ ഭാരതത്തില്‍ 10-ാം ശ.-ത്തില്‍ത്തന്നെ വിശദമായ പഠനത്തിനു വിധേയമായിരുന്നതായി അഭിപ്രായപ്പെട്ടിട്ടുണ്ട്. വ്യാകരണത്തില്‍ പാണിനിക്കും അദ്വൈതത്തില്‍ ശങ്കരാചാര്യര്‍ക്കുമുള്ള സ്ഥാനമാണ് സാഹിത്യശാസ്ത്രരംഗത്ത് ആനന്ദവര്‍ധനനുള്ളത്. ശങ്കരാചാര്യര്‍ തന്റെ വ്യാഖ്യാനഗ്രന്ഥങ്ങളിലൂടെ ചിരപ്രതിഷ്ഠ നേടിക്കൊടുത്ത അദ്വൈതത്തെയും ആനന്ദവര്‍ധനന്‍ വിശദീകരിച്ച ധ്വനിസിദ്ധാന്തത്തെയും ബന്ധപ്പെടുത്തി പ്രൊഫ. സുകുമാര്‍ അഴീക്കോട് നിരൂപണം ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്: 'ഭാരതീയരുടെ നിരുപമവും ലോകോത്തരവുമായ രണ്ട് സംഭാവനകളാണ് ശങ്കരന്റെ അദ്വൈതസിദ്ധാന്തവും ആനന്ദവര്‍ധനന്റെ ധ്വനിസിദ്ധാന്തവും. സമാന്തരമായി ഒഴുകിയ ഈ രണ്ട് ചിന്താധാരകളുടെയും ഉറവിടം തേടിച്ചെല്ലുമ്പോള്‍ ഒരിടത്തായിരിക്കും എത്തുക. രസസംജ്ഞ ഉപനിഷത്തുകളില്‍ ഉപജ്ഞാതമാണ് എന്നുള്ളതുകൊണ്ടു മാത്രമല്ല ഈ ദര്‍ശനങ്ങളുടെ മൂലസ്രോതസ്സ് ഒന്നാണെന്നു പറയപ്പെടുന്നത്. ശബ്ദത്തിന് മൂന്ന് വ്യാപാരവിശേഷങ്ങളുണ്ടെന്ന ധ്വനിദര്‍ശനത്തിലെ വാദം പോലും വേദാന്തത്തിലെ സത്താത്രയവാദത്തില്‍നിന്ന് ഉദ്ഭിന്നമാണ് എന്നതുകൊണ്ടുകൂടിയാണ്.'

ധ്വന്യാലോകത്തിന് അഭിനവഗുപ്തന്‍ രചിച്ച ലോചനം എന്ന വ്യാഖ്യാനമാണ് ധ്വനിസിദ്ധാന്തത്തിന് വൈശദ്യവും പ്രാമാണ്യവും നല്കിയത്. ധ്വനിസിദ്ധാന്തത്തെയും ധ്വന്യാലോകത്തിലെ വാദമുഖങ്ങളെയും ഒന്നൊന്നായി ഖണ്ഡിച്ചുകൊണ്ട് മഹിമഭട്ടന്‍ രചിച്ച വ്യക്തിവിവേകം എന്ന ഗ്രന്ഥം ധ്വനിയുടെ പ്രാമാണ്യത്തെ നിരസിക്കാന്‍ പര്യാപ്തമായില്ല എന്നാണ് പില്ക്കാലത്തും ധ്വനിസിദ്ധാന്തത്തിനു ലഭിച്ച അംഗീകാരം വ്യക്തമാക്കുന്നത്.

എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പല പ്രധാന വിദേശഭാഷകളിലും വിവര്‍ത്തനവും കൂലങ്കഷമായ നിരൂപണവും ധ്വന്യാലോകത്തിനുണ്ടായിട്ടുണ്ട്. 11-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ജീവിച്ചിരുന്ന അഭിനവഗുപ്തന്‍ ധ്വന്യാലോകത്തിനു രചിച്ച ധ്വന്യാലോകലോചനം എന്ന വ്യാഖ്യാനമാണ് ഇവയില്‍ ഏറ്റവും പ്രസിദ്ധം. ഡോ. കെ.കൃഷ്ണമൂര്‍ത്തി ധ്വന്യാലോകത്തിന് വിശദമായ പഠനം ഇംഗ്ലീഷില്‍ തയ്യാറാക്കിയതിനു പുറമേ ഇംഗ്ലീഷില്‍ വിവര്‍ത്തനത്തോടുകൂടി ധ്വന്യാലോകം സംശോധിത സംസ്കരണം നടത്തി പ്രസാധനം ചെയ്തിട്ടുമുണ്ട്. മലയാള സാഹിത്യത്തിലെ ധ്വനിപ്രധാനമായ ഭാഗങ്ങള്‍ ഉദാഹരണമായി ഉദ്ധരിച്ചുകൊണ്ട് ഡോ. പി.കെ. നാരായണപിള്ള തയ്യാറാക്കിയ കൈരളീധ്വനി (1978) എന്ന കൃതി സംസ്കൃതത്തില്‍ പ്രാവീണ്യമില്ലാത്തവര്‍ക്കും ധ്വനിയെപ്പറ്റി വിശദമാകാന്‍ സഹായകമാണ്. സി.വി.വാസുദേവ ഭട്ടതിരി, ചാത്തനാത്ത് അച്യുതനുണ്ണി, ഇ.വി. ദാമോദരന്‍, കെ.കെ. പൊതുവാള്‍, ഡോ. എന്‍. ഗോപാലപ്പണിക്കര്‍ തുടങ്ങിയ കാവ്യശാസ്ത്രചിന്തകര്‍ മലയാളത്തില്‍ ധ്വന്യാലോകത്തെയും ധ്വനിയെയും പരിചയപ്പെടുത്തുന്ന ഈടുറ്റ കൃതികള്‍ രചിച്ചിട്ടുണ്ട്. നോ: ധ്വന്യാലോകം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍