This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധലായ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ധലായ്

Dhalai

ത്രിപുര സംസ്ഥാനത്തിലെ നാല് ജില്ലകളില്‍ ഒന്ന്. ധലായ് ജില്ല രൂപംകൊണ്ടത് മുമ്പ് നോര്‍ത്ത് ത്രിപുര ജില്ലയുടെ ഭാഗമായിരുന്ന ധലായ് പ്രദേശവും സൗത്ത് ത്രിപുര ജില്ലയുടെ ചിലഭാഗങ്ങളും ചേര്‍ന്നാണ്. വിസ്തീര്‍ണം: 2,212.3 ച.കി.മീ.; ജനസംഖ്യ: 3,07,417 (2001); ജനസാന്ദ്രത: 139/ ച.കി.മീ; സാക്ഷരതാ നിരക്ക്: 61.56 (2001); ആസ്ഥാനം: അംബാസ (Ambassa). അതിരുകള്‍: വ. ബംഗ്ലാദേശും നോര്‍ത്ത് ത്രിപുര ജില്ലയും; കി. നോര്‍ത്ത് ത്രിപുര ജില്ല; തെ. സൗത്ത് ത്രിപുര ജില്ലയും ബംഗ്ളാദേശും; പ. വെസ്റ്റ് ത്രിപുര, സൗത്ത് ത്രിപുര ജില്ലകള്‍.

ഭൂമിശാസ്ത്രപരമായി ഒരു പര്‍വതപ്രദേശമാണ് ധലായ്. ലോങ് തരായ് (Long tharai), പര്‍ത് വാങ് (Partwang), ബാത്ചിയ (Batchia), അതറാമുറ (Atharamura) തുടങ്ങിയവ ജില്ലയിലെ ഉയരം കൂടിയ പര്‍വതപ്രദേശങ്ങളാണ്. പര്‍വതപ്രദേശങ്ങളില്‍ മുളങ്കാടുകള്‍ സമൃദ്ധമായി വളരുന്നു. മനു, ധലായ്, ഖോവൈ (Khowai) എന്നിവയാണ് ജില്ലയിലെ മുഖ്യ നദികള്‍.

ധലായ് ജില്ലയിലെ സമതലപ്രദേശങ്ങള്‍ പൊതുവേ'ലുങ്ഗ' (Lunga) എന്ന പേരിലറിയപ്പെടുന്നു. എക്കല്‍ കലര്‍ന്ന ഇവിടത്തെമണ്ണ് കൃഷിക്ക് അനുയോജ്യമാണ്. നെല്ല്, ഗോതമ്പ്, കരിമ്പ്, ഉരുളക്കിഴങ്ങ്, എണ്ണക്കുരുക്കള്‍ തുടങ്ങിയവയാണ് ജില്ലയിലെ മുഖ്യവിളകള്‍. പട്ടുനൂല്‍പ്പുഴുവളര്‍ത്തല്‍ വ്യവസായവും ജില്ലയുടെ കാര്‍ഷികമേഖലയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. മലമ്പ്രദേശങ്ങളില്‍ കര്‍ഷകര്‍ പൊതുവേ മാറ്റക്കൃഷി സമ്പ്രദായമാണ് പിന്തുടരുന്നത്. കോഴി-കന്നുകാലി വളര്‍ത്തലിനും ജില്ലയുടെ ധനാഗമ മാര്‍ഗങ്ങളില്‍ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്.

ധലായ് ജില്ലയുടെ വ്യാവസായിക മേഖലയില്‍ തേയില ഉത്പാദനത്തിനാണ് പ്രഥമ സ്ഥാനം. കൈത്തറി, പട്ടുനൂല്‍പ്പുഴു വ്യവസായം, കരകൗശലവസ്തുക്കളുടെ നിര്‍മാണം തുടങ്ങിയ വ്യവസായങ്ങളും ജില്ലയില്‍ സജീവമാണ്. ജില്ലയുടെ ഗതാഗത സൗകര്യങ്ങളില്‍ റോഡുകള്‍ക്കാണ് പ്രാമുഖ്യം. ദേശീയപാത-44 ധലായിലൂടെ കടന്നുപോകുന്നു. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസം മാത്രമേ ലഭ്യമാകുന്നുള്ളൂ. മനോഹരമായ ഭൂപ്രകൃതിയും വൈവിധ്യമാര്‍ന്ന ജൈവസമ്പത്തും ജില്ലയുടെ വിനോദസഞ്ചാരസാധ്യതകളെ വര്‍ധിപ്പിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B4%B2%E0%B4%BE%E0%B4%AF%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍