This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൈബചന്ദ്ര താലൂക്ദാര്‍ (1900 - 67)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൈബചന്ദ്ര താലൂക്ദാര്‍ (1900 - 67)

അസമിയ കവി. നാടകകൃത്ത്, നോവലിസ്റ്റ്, സാമൂഹിക പരിഷ്കര്‍ത്താവ് എന്നീ നിലകളിലും പ്രസിദ്ധനാണ്. അസമിലെ നല്‍ബാരി ജില്ലയില്‍ 1900-ല്‍ ജനിച്ചു. ഗുവാഹത്തിയിലെ കോട്ടണ്‍ കോളജില്‍നിന്ന് ബിരുദം നേടിയശേഷം ഗുവാഹത്തി ജില്ലാകോടതിയില്‍ ഓഫീസ് അസിസ്റ്റന്റായി.

1922-ല്‍ ആദ്യ കാവ്യമായ പ്രേംപാത് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് 1923-ല്‍ കുഹിമാല എന്ന കാവ്യസമാഹാരവും പ്രസിദ്ധീകൃതമായി. 'കഥാഗീത' (Ballad) വിഭാഗത്തില്‍ വരുന്നവയാണ് ഈ രണ്ട് കൃതികളും. ഗ്രാമീണജീവിതത്തോടുള്ള വിരക്തിയാണ് ഇവയുടെ പ്രമേയം. സൗന്ദര്യ (1930) എന്ന കാവ്യത്തില്‍ പ്രകൃതിയുടെ അഭൗമ സൗന്ദര്യത്തിന്റെ വിവിധ തലങ്ങളെ, പ്രഭാതം മുതല്‍ പ്രദോഷം വരെ പ്രകൃതിക്കു വരുന്ന വ്യതിയാനങ്ങളെ തന്മയീഭാവത്തോടെ കവി ആഖ്യാനം ചെയ്തിരിക്കുന്നു.

നാടകരചനയിലും പ്രസിദ്ധനായ ഇദ്ദേഹം ബമുനി കൊന്‍വര്‍ (1924), അസൊംപ്രതിഭ (1920), ഹരദത്ത, ഭാസ്കര്‍ ബര്‍മന്‍ (1923), രാധാരുക്മിണി എന്നിങ്ങനെ അഞ്ച് ചരിത്ര നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ അഞ്ച് നാടകങ്ങളും അസമിലെ പ്രധാന ചരിത്രസംഭവങ്ങളെ ഇതിവൃത്തമാക്കി രചിച്ചിട്ടുള്ളവയാണ്. ബമുനി കൊന്‍വര്‍ അഹോം രാജാവായിരുന്ന രാജസുഭംഗപ്പയുടെ കഥയും, അസൊം പ്രതിഭ രാജാവായ നരനാരായണന്റെ ചരിതങ്ങളുമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. പൂര്‍വ കവികളായ ശങ്കര്‍ദേവിന്റെയും മാധവദേവിന്റെയും പ്രതിഭ തെളിയിക്കാന്‍ അവര്‍ക്ക് രാജാവ് നല്കിയ പ്രോത്സാഹനങ്ങളെക്കുറിച്ചും നാടകങ്ങളില്‍ വര്‍ണിക്കുന്നു. ഭാസ്കര്‍ ബര്‍മനില്‍ 7-ാം ശ.-ത്തില്‍ അസമില്‍ (കാമ്രൂപ്) ഭരണം നടത്തിയിരുന്ന ഭാസ്കരവര്‍മന്റെയും ഹര്‍ഷവര്‍ധനന്റെയും സൗഹൃദവും രാജ്യഭരണവുമാണ് ഇതിവൃത്തം. ഹരദത്തയില്‍ അഹോം രാജ്യത്തെ ഭടന്മാരും കാമ്രൂപിലെ ഹരദത്തനും തമ്മിലുള്ള യുദ്ധമാണ് വര്‍ണിച്ചിരിക്കുന്നത്. രാധാരുക്മിണി മൊവാമൊറിയയിലെ ജനങ്ങളും അഹോം രാജാവും തമ്മിലുള്ള ഉഗ്രയുദ്ധം വര്‍ണ്യവിഷയമായ നാടകമാണ്. കവിതയ്ക്കും നാടകത്തിനും പുറമേ നോവല്‍രചനയിലും പ്രസിദ്ധനായിരുന്നു ഇദ്ദേഹം. ധുവാലി കുവാലി (മലിനമായ അന്തരീക്ഷം; 1922), ആഗ്നേയഗിരി (1924), ബിര്‍ദോഹി (1948), അപൂര്‍ണ (1931-32) എന്നിവ ആദ്യകാലത്തു രചിച്ച നോവലുകളാണ്. ഈ സാമൂഹിക നോവലുകളിലൂടെ സാമൂഹിക പരിഷ്കരണവും ആദര്‍ശനിഷ്ഠമായ ജീവിതരീതികളുമാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. സ്ത്രീവിദ്യാഭ്യാസം, അയിത്തോച്ചാടനം, നിസ്സഹകരണ പ്രസ്ഥാനം, കുടില്‍ വ്യവസായം തുടങ്ങിയവയും വിഷയമാക്കിയിട്ടുണ്ട്.

അസമിയ സാഹിത്യത്തിലെ വിവിധ ശാഖകള്‍ക്ക് കനത്ത സംഭാവന നല്കിയ ദൈബചന്ദ്ര 1967-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍