This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശാടനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശാടനം

സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്രം. അതുവരെ വാണിജ്യ ചലച്ചിത്രങ്ങളുടെ സംവിധായകനെന്ന് പരക്കെ അറിയപ്പെട്ടിരുന്ന ജയരാജ്, തന്റെ മുന്‍ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ചുരുങ്ങിയ ചെലവില്‍, താരബാഹുല്യങ്ങളില്ലാതെ നിര്‍മിച്ച ചലച്ചിത്രമാണ് ഇത്. 'ന്യൂ ജനറേഷന്റെ' ബാനറില്‍ ജയരാജ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം സന്ന്യാസത്തിലേക്ക് ദത്തെടുക്കപ്പെട്ട ഒരു നമ്പൂതിരിബാലന്റെ കഥ പറയുന്നു.

ദേശാടനത്തിലെ ഒരു രംഗം

പാച്ചു എന്ന പരമേശ്വരനാണ് ഇതിലെ പ്രധാന കഥാപാത്രം. വേദപഠനത്തില്‍ അസാമാന്യ ജ്ഞാനം കൈവരിക്കാന്‍ കഴിഞ്ഞ പാച്ചു ബാല്യത്തില്‍ത്തന്നെ കടവല്ലൂര്‍ അന്യോന്യത്തില്‍ കടന്നിരുന്നു. പാച്ചുവിന്റെ ഈ സിദ്ധിയുടെ അപൂര്‍വനേട്ടം അവന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ അഭിമാനിക്കാന്‍ വകയായി. സ്വാമിയാര്‍ മഠത്തിലെ നിലവിലുള്ള സന്ന്യാസിയുടെ കാലം കഴിയാറായതിനാല്‍ ഭാവിയില്‍ മഠാധിപതിയാകാന്‍ ഒരു കുട്ടിയെ ദത്തെടുക്കണം. അതിന് മഠത്തിലെ പ്രമുഖര്‍ കണ്ടെത്തിയത് പാച്ചു എന്ന പരമേശ്വരനെയാണ്. ചെറുമകന് ലഭിച്ച അപൂര്‍വ സൌഭാഗ്യത്തില്‍ സന്തോഷിച്ച മുത്തച്ഛന് അതിന് സമ്മതവും അതില്‍ അഭിമാനവുമായിരുന്നു. അച്ഛനും അമ്മയ്ക്കും മകനെ നഷ്ടപ്പെടുന്നത് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ചെറുമകന്‍ തന്നില്‍നിന്ന് നഷ്ടപ്പെടുകയാണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയ മുത്തച്ഛനും പിന്നീട് ഏറെ വേദനിച്ചു. ആര്‍ക്കും തടയാവുന്നതായിരുന്നില്ല അവന്റെ പരിവ്രാജക യോഗം. സന്ന്യാസിമഠത്തിലെ വേദപുരാണങ്ങള്‍ അഭ്യസിക്കുന്നതിന് പാച്ചു ആനയിക്കപ്പെട്ടു. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ അഭ്യസിക്കുമ്പോഴുള്ള കര്‍ക്കശമായ നടപടിക്രമങ്ങള്‍ പാച്ചുവിന് താങ്ങാനായില്ല. അന്നുവരെ ഉണ്ടായിരുന്ന ജീവിതത്തിലെ എല്ലാ വര്‍ണങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിലേക്കുള്ള ഒറ്റപ്പെടലിനോട് 'കുഞ്ഞുമഠാധിപതി'ക്ക് ഒട്ടും പൊരുത്തപ്പെടാനായില്ല. പാച്ചു സ്വാഭാവികമായും തിരിച്ചു വീട്ടിലെത്തുന്നു. പക്ഷേ, അവനെ കുടുംബത്തിലെ ആര്‍ക്കും കുരുന്നു പൊന്നോമനയായി കാണാന്‍ മനസ്സുവന്നില്ല. അവന്‍ അവരുടെയുള്ളില്‍ ബഹുമാന്യനായ മഠാധിപതിയാണ്. പാച്ചു ഉത്ക്കടമായ ദുഃഖം ഉള്ളിലൊതുക്കി തിരികെ മഠത്തിലേക്കായി സ്വന്തം വീടിന്റെ പടിയിറങ്ങി.

ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ ഈ ചിത്രം ചെലവുകുറഞ്ഞ ദീപവിതാന-നിര്‍മാണ പ്രക്രിയകളാല്‍ ചരിത്രത്തില്‍ ഇടം നേടുകയുണ്ടായി. 1997 -ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, മിനി നായര്‍, മാസ്റ്റര്‍ കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രാദേശിക ചലച്ചിത്രം, മികച്ച ബാലതാരം, മികച്ച ശബ്ദലേഖനം എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരം ഈ ചിത്രം നേടി.

(വക്കം എം.ഡി. മോഹന്‍ദാസ്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%9F%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍