This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിനത്തന്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിനത്തന്തി

തമിഴ് ദിനപത്രം. 1942-ല്‍ മധുരയില്‍നിന്നു പ്രസിദ്ധീകരണം ആരംഭിച്ചു. എസ്.പി. ആദിത്തനാര്‍ ആണ് സ്ഥാപക പത്രാധിപര്‍. 1942-ല്‍ മധുരയില്‍നിന്ന് തമിഴന്‍ എന്ന വാരികയും തന്തി എന്ന ദിനപത്രവുമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. വിദ്യാസമ്പന്നരുടെ കുത്തകയായിരുന്ന പത്രവായന സാധാരണക്കാരന്റേതായി മാറുക എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രത്യേക ശൈലിതന്നെ ആദിത്തനാര്‍ വാര്‍ത്തെടുത്തു. വലിയ ടൈപ്പിലുള്ള അച്ചടി, സാധാരണ സംഭാഷണഭാഷയിലുള്ള അവതരണം, പ്രാദേശികവാര്‍ത്തകള്‍ക്കു മുന്‍തൂക്കം, വാര്‍ത്തകള്‍ കുറച്ചാണെങ്കിലും വ്യക്തതയോടെ ഏവര്‍ക്കും മനസ്സിലാകുന്ന രീതിയിലുള്ള വിവരണം, വലിയ തലക്കെട്ട്, ഉപശീര്‍ഷകങ്ങള്‍, വാര്‍ത്താഗതിക്കിടയില്‍ ഓരോ ഘട്ടത്തിനും പ്രത്യേകമായ കൊച്ചു ശീര്‍ഷകങ്ങള്‍ ഇതൊക്കെയായിരുന്നു തന്തിയുടെ സവിശേഷതകള്‍.

എസ്.പി.ആദിത്തനാര്‍ സ്ഥാപക പത്രാധിപര്‍

'തന്തി' എന്ന പദത്തിന് 'കമ്പി' (ടെലിഗ്രാഫ്) എന്നാണ് അര്‍ഥം. പേരുപോലെതന്നെ പത്രത്തിലെ വാര്‍ത്തകള്‍ ടെലിഗ്രാഫ് ഭാഷയില്‍ ആയിരിക്കണമെന്ന് പത്രാധിപര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി പത്രലേഖകര്‍ക്ക് പ്രത്യേക പരിശീലനം നല്കുകയും പത്രലേഖകര്‍ക്കുവേണ്ടി നാള്‍ താള്‍ കൈയേട് എന്ന പേരില്‍ ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞ് പ്രസിദ്ധീകരണം മധുരയില്‍നിന്ന് മദ്രാസിലേക്കു മാറ്റി. തമിഴന്‍ വാരിക നിറുത്തി. ദിനപത്രത്തിന്റെ പേര് ദിനത്തന്തി എന്നാക്കി. ഇന്ന് തമിഴ്നാട്ടിലെ മിക്കവാറും എല്ലാ ജില്ലകളില്‍നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. സാധാരണക്കാരന്റെ പത്രം എന്ന നിലയില്‍ വായനക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനമാണ് ദിനത്തന്തി അവകാശപ്പെടുന്നത്.

ദിനത്തന്തി ദിനപത്രം

സാധാരണക്കാര്‍ ഇഷ്ടപ്പെടുന്ന ഈ പത്രത്തിന് നിരവധി സവിശേഷതകളുണ്ട്. 'കരുത്തുപടം' എന്ന് തമിഴില്‍ പറയുന്ന കാര്‍ട്ടൂണ്‍, വീരസാഹസിക കുറ്റാന്വേഷണ രീതികളിലുള്ള തുടര്‍ചിത്രകഥ, സാമൂഹ്യവിമര്‍ശനം ലക്ഷ്യംവച്ചുള്ള 'ആണ്ടിപ്പണ്ടാരം പാടുകിറാര്‍,' രാഷ്ട്രീയവിമര്‍ശനം ലക്ഷ്യമാക്കിയുള്ള 'ചാണക്യന്‍ ചൊല്‍ കിറാര്‍' എന്നീ സ്ഥിരം കാര്‍ട്ടൂണ്‍ പംക്തികള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയവയാണ്. ആഴ്ചയിലെ പകുതിയിലേറെ ദിവസങ്ങളില്‍ 'ഞായിര്‍മലര്‍', 'കുടുംബമലര്‍', 'തങ്കമലര്‍', 'വെള്ളിമലര്‍', 'ഇളൈഞ്ഞര്‍മലര്‍', 'മുത്തുശ്ശരം' എന്നിങ്ങനെ പ്രത്യേക പതിപ്പുകള്‍ ഉണ്ടായിരിക്കും.

1981-ല്‍ ആദിത്തനാര്‍ അന്തരിച്ചശേഷം അദ്ദേഹത്തിന്റെ മകന്‍ ശിവന്തി ആദിത്തനാര്‍ ആണ് പത്രത്തിന്റെ സാരഥ്യം വഹിക്കുന്നത്. മാലൈമലര്‍, നെല്ലൈമാല്ലൈമുരശ്, റാണി, റാണി മുത്തു, റാണി കോമിക്സ് തുടങ്ങിയ അനുബന്ധ പ്രസിദ്ധീകരണങ്ങളുമുണ്ട്.

(വിശ്വന്‍ കൊല്ലങ്കോട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍