This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥേരവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഥേരവാദം

ബുദ്ധമതത്തിന്റെ ഒരു പ്രധാന തത്ത്വചിന്താധാര. ഈ വിശ്വാസസമ്പ്രദായമാണ് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ ക്കൊണ്ട് മഹായാന പ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്. ഥേരവാദം അനുമാനത്തിന്റെ യുക്തികളില്‍നിന്ന് ഉടലെടുത്തതാണ്. കേവലമാണെങ്കിലും വൈയക്തികമായ വൈഭവം, അനശ്വരമായ ആത്മാവ് എന്നിവയാണ് ഈ വാദത്തിന്റെ അടിസ്ഥാനം.

ഇന്നു നിലവിലുള്ള, ഥേരവാദത്തിലുള്‍പ്പെട്ട പാലി ശാസനങ്ങള്‍ പലതും ബുദ്ധന്റേതുതന്നെയാണെന്ന് തീര്‍ച്ചപ്പെടുത്താനായിട്ടില്ല. അതിലെ ചില ഭാഗങ്ങള്‍ മതസമ്മേളനങ്ങളില്‍വച്ച് മതപരിഷ്കര്‍ത്താക്കള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ബുദ്ധമത വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഏറ്റവും പൗരാണികമായ പ്രബോധനങ്ങളാണ് പാലി ശാസനങ്ങളിലുള്ളതെന്നാണ് ഥേരവാദക്കാര്‍ അവകാശപ്പെട്ടിട്ടുള്ളത്. ത്രിപിടികത്തില്‍ ഉന്നയിക്കുന്ന വീക്ഷണങ്ങളില്‍ ചിലത് ബുദ്ധന്‍ പഠിപ്പിച്ച യഥാര്‍ഥ സിദ്ധാന്തങ്ങള്‍ അല്ലെന്നുവന്നാല്‍ പ്പോലും, അവ ബുദ്ധോപദേശങ്ങളുടെ അന്തഃസത്തയുമായി വളരെയേറെ അടുത്തുനില്ക്കുന്നവയാണ്.

ഥേരവാദപ്രമാണങ്ങള്‍ ഉള്‍ ക്കൊള്ളുന്ന പാലി ശാസനങ്ങള്‍ വ്യവസ്ഥാപിതമായത് മൂന്നാം മതസമ്മേളനത്തിലായിരിക്കാമെന്ന് അനുമാനിക്കുന്നു. ബി.സി. 1-ാം ശ.-ത്തില്‍ ശ്രീലങ്ക ഭരിച്ചിരുന്ന വട്ടഗമണിയുടെ കാലഘട്ടത്തില്‍ അവിടെയുള്ള ബുദ്ധമതാനുയായികള്‍ പാരമ്പര്യ പ്രബോധനങ്ങളുടെ അന്തഃസത്തയ്ക്കു വിപരീതമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനെ തുടര്‍ന്ന് ഭരണാധികാരികള്‍ ശരിയായ സിദ്ധാന്തം ഉറപ്പിച്ച് നിയമസംഹിത ക്രോഡീകരിച്ച് ശാസനങ്ങളിലാക്കി, ജീവിതചര്യ ചിട്ടപ്പെടുത്താന്‍ അനുശാസിച്ചു. ഇങ്ങനെ ഥേരവാദപ്രമാണങ്ങളുടെ ലിഖിതരൂപം ഉണ്ടായി. ഈ ശാസനങ്ങള്‍ പാലിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സുത്തപിടകയിലെ ഖുദ്ദകനികായത്തിലെ ഒന്‍പത് സുത്തങ്ങളിലെ (സൂക്തങ്ങളിലെ) എട്ടാമത്തെ സുത്തത്തിലുള്‍ പ്പെട്ട തേരഗാഥ (ഥേരഗാഥ) ബൗദ്ധസന്ന്യാസിമാര്‍ ആലപിച്ചിരുന്ന 107 കാവ്യങ്ങളാണ്. ഇവയിലെല്ലാംകൂടി 1,279 ഗാഥകള്‍ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്. ഭാരതീയ മതാധിഷ്ഠിത ഗാനങ്ങളുടെ കൂട്ടത്തിലെ രത്നങ്ങളായാണ് ഇവയെ അംഗീകരിച്ചിട്ടുള്ളത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A5%E0%B5%87%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍