This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്വഗ്രക്തിമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്വഗ്രക്തിമ

Erythema

സ്ഥാനീയമായുണ്ടാകുന്ന ശോഥത്തെത്തുടര്‍ന്ന് ത്വക്കിലോ ശ്ലേഷ്മ സ്തരത്തിലോ ഉണ്ടാകുന്ന ചുവപ്പ്. സൂര്യകിരണങ്ങളേറ്റ് തൊലി ചുവക്കുന്നതാണ് ഏറ്റവും ലഘുവായ ഉദാഹരണം. എന്നാല്‍ മുഖത്തും കാലുകളിലും പ്രത്യക്ഷപ്പെടുന്ന കുരുക്കളും തടിപ്പും ത്വഗ്രക്തിമയുടെ പ്രബല ലക്ഷണങ്ങളാണ് (Erythema mulliforme). അണുബാധ (പ്രത്യേകിച്ചും ഹെര്‍പസ് സിംപ്ളെക്സ് വൈറസ് മൂലമുണ്ടാകുന്നവ), ഔഷധങ്ങളോടുള്ള അലര്‍ജി മുതലായവ ഇതിനു കാരണങ്ങളാകാം. കാരണങ്ങളും രോഗാവസ്ഥയും കണക്കിലെടുത്തുകൊണ്ടാണ് ഔഷധങ്ങള്‍ നിര്‍ദേശിക്കാറുള്ളത്.

തൊലിപ്പുറത്തു പ്രത്യക്ഷപ്പെടുന്ന മൃദുവായ ചുവന്ന തടിപ്പുകള്‍ (ചെറു മുഴകള്‍) ത്വഗ്രക്തിമയുടെ മറ്റൊരു വകഭേദ(Erythema nodosum)ത്തിന്റെ ലക്ഷണമാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഈ ചെറു മുഴകളുടെ നിറം ചുവപ്പില്‍നിന്ന് തവിട്ടുനിറമായിത്തീരും. ഈ ചെറു മുഴകള്‍ മിക്കപ്പോഴും കണങ്കാലിലാണ് പ്രത്യക്ഷപ്പെടുക; പനി, വേദന, ക്ഷീണം എന്നിവയും അനുഭവപ്പെടും. ഇതോടൊപ്പം സ്ട്രെപ്റ്റോകോക്കല്‍ ബാക്റ്റീരിയ ബാധ മൂലമുണ്ടാകുന്ന തൊണ്ടവേദനയും ബാധിക്കും. കുട്ടികളില്‍ വാതപ്പനിയോടനുബന്ധിച്ചാണ് മേല്പറഞ്ഞ ലക്ഷണങ്ങളും അനുഭവങ്ങളും ഉണ്ടാവുക. മുതിര്‍ന്നവരിലാകട്ടെ ക്ഷയം, സാര്‍കോയിഡോസിസ് (sarcoidosis- ശരീരത്തിന്റെ പല ഭാഗങ്ങളിലും വടുക്കള്‍ പ്രത്യക്ഷപ്പെടുന്ന രോഗം), വന്‍കുടല്‍ ശോഥം (ulcerative colitis) എന്നീ രോഗാവസ്ഥകളിലാണ് ഇത് ഉണ്ടാകുന്നത്. സള്‍ഫോണാമൈഡ് ഔഷധങ്ങള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ സേവിക്കുന്നതിന്റെ ഫലമായി ത്വഗ്രക്തിമ ഉണ്ടാകാനിടയുണ്ട്. പരിപൂര്‍ണ വിശ്രമവും ആസ്പിരിന്‍ ഗുളികകളും ആണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്. കോര്‍ട്ടികോസ്റ്റിറോയ്ഡുകള്‍ സേവിച്ചാല്‍ ലക്ഷണങ്ങള്‍ മാറിക്കിട്ടും. സ്ട്രെപ്റ്റോകോക്കല്‍ അണുബാധയുണ്ടെന്നു തെളിഞ്ഞാല്‍ പെനിസിലിന്‍ നിര്‍ദേശിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍