This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിപുരദഹനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിപുരദഹനം

ശൈവാഗമപ്രധാനമായ പുരാണകഥ. ഈ കഥ വര്‍ണിക്കുന്ന അനേകം കൃതികള്‍ വിവിധ സാഹിത്യശാഖകളില്‍ സംസ്കൃതത്തിലും ആധുനിക ഭാരതീയ ഭാഷകളിലുമുണ്ട് 'ത്രിപുരദഹനം' എന്നുതന്നെയാണ് ഇവയില്‍ മിക്ക കൃതികളുടെയും പേര്.

ത്രിപുരന്മാര്‍ എന്നു കുപ്രസിദ്ധരായ മൂന്ന് അസുരന്മാരുടെ കഥയാണിത്. താരകാസുരന്റെ പുത്രന്മാരായ ഇവരുടെ പേര് താരകാക്ഷന്‍, കമലാക്ഷന്‍, വിദ്യുന്മാലി എന്നിങ്ങനെയാണ്. ബ്രഹ്മാവിനെ തപസ്സുചെയ്ത് സന്തുഷ്ടനാക്കി ഇവര്‍ യഥാക്രമം സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും നിര്‍മിച്ച ചലിക്കുന്ന മൂന്ന് പുരങ്ങള്‍ (നഗരങ്ങള്‍) തങ്ങള്‍ക്കു ലഭിക്കണമെന്നും സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലും യഥേഷ്ടം സഞ്ചരിക്കുന്ന അവ ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം ഒരുമിച്ചു പ്രത്യക്ഷപ്പെടുമ്പോള്‍ ഒറ്റ അമ്പുകൊണ്ട് അവയെ നശിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ തങ്ങള്‍ക്കു നാശമുണ്ടാകാവൂ എന്നും വരം നേടി, തങ്ങളുടേതായ പുരങ്ങളില്‍ യഥാക്രമം സ്വര്‍ഗം, ഭൂമി, പാതാളം എന്നിവിടങ്ങള്‍ അടക്കിവാണു.

ഈ മൂന്ന് അസുരന്മാരുടെ അനീതിയും അക്രമവും ദുഃസഹമായപ്പോള്‍ ദേവന്മാര്‍ ബ്രഹ്മാവിനെയും കൂട്ടി പരമശിവനെ ശരണം പ്രാപിച്ചു. ദൗത്യം ഏറ്റെടുത്ത പരമശിവന്‍ വിപുലമായ സന്നാഹമാണ് ഇതിനുവേണ്ടി ഒരുക്കിയത്. പ്രപഞ്ചശക്തികളെല്ലാം പരമശിവന്റെ സഹായത്തിനെത്തി. ഭൂമി തേര്‍ത്തട്ടും സൂര്യചന്ദ്രന്മാര്‍ ചക്രവും ദേവന്മാര്‍ കുതിരകളും ബ്രഹ്മാവ് സാരഥിയുമായ രഥത്തിലാണ് പരമശിവന്‍ യുദ്ധത്തിനു പുറപ്പെട്ടത്. ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം ഒന്നിച്ചുവരുന്ന മൂന്ന് പുരങ്ങളെയും കാത്തുനിന്ന പരമശിവനുനേരേ സര്‍വസന്നാഹങ്ങളോടുമൊത്ത് ത്രിപുരന്മാര്‍ യുദ്ധസന്നദ്ധരായെത്തി. പരമശിവന്റെ വില്ലിന്റെ ദണ്ഡ് സംവത്സര സ്വരൂപമായ കാലവും ഞാണ് കാളരാത്രിയും അമ്പ് സാക്ഷാല്‍ മഹാവിഷ്ണുവുമായിരുന്നു. മന്ദരപര്‍വതം അച്ചുകോലും മേരുപര്‍വതം ധ്വജസ്തംഭവും മിന്നല്‍പ്പിണര്‍ കൊടിക്കൂറയുമായിരുന്നത്രെ.

അജ്ഞാനത്താലുണ്ടാകുന്ന അഹങ്കാരത്തിന്റെ പ്രതീകമായ ത്രിപുരന്മാരുടെ അഹങ്കാരം ശിവതത്ത്വത്തിന്റെ സഹായത്താല്‍ നശിക്കുന്നതും അതിന് മഹാവിഷ്ണുവും മറ്റു ദേവന്മാരും പ്രപഞ്ചശക്തികളും സഹായകരമായി വര്‍ത്തിക്കുന്നതും ആണ് കഥയിലെ ആന്തരാര്‍ഥമെന്ന് പണ്ഡിതന്മാര്‍ വിലയിരുത്തുന്നു.

ത്രിപുരദഹനം, ത്രിപുരദാഹം, ത്രിപുരവധം, ത്രിപുരമര്‍ദനം, ത്രിപുരവിജയം തുടങ്ങിയ പേരുകളില്‍ കാവ്യം, ചമ്പു, ആട്ടക്കഥ തുടങ്ങിയ വിഭാഗങ്ങളില്‍ ഈ കഥ വര്‍ണിക്കുന്ന കൃതികളുണ്ട്. യമകകവി വാസുദേവ ഭട്ടതിരിയുടെ ത്രിപുരദഹനം യമകകാവ്യം തിരുവനന്തപുരം മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍നിന്നു പ്രസിദ്ധീകൃതമായി. ഇതിന് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ വിദ്വാന്‍ ഇളയതമ്പുരാന്‍ രചിച്ച ത്രിപുരദഹനചരിതം കാവ്യത്തിലും വെണ്മണിമഹന്‍, വാസുദേവഗീര്‍വാണകവി, നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി, മൂത്തേടത്തു വാസുദേവന്‍ പോറ്റി എന്നിവരുടെ ആട്ടക്കഥകളിലും നീലകണ്ഠകവിയുടെ ത്രിപുരദഹനം ഭാഷാചമ്പു തുടങ്ങിയ കൃതികളിലും ഈ കഥ ചിത്രീകരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍