This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈത്തിരീയോപനിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൈത്തിരീയോപനിഷത്ത്

പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകളിലൊന്ന്. കൃഷ്ണ യജുര്‍വേദത്തിന്റെ ഒരു ശാഖയായ തൈത്തിരീയസംഹിതയുടെ അനുബന്ധമായ തൈത്തിരീയാരണ്യകത്തിന്റെ അംഗമാണിത്. തൈത്തിരി എന്ന മഹര്‍ഷി രചിച്ചതിനാല്‍ ഈ പേരു കിട്ടി എന്ന പരാമര്‍ശമുണ്ട്. മഹാഭാരതത്തില്‍ തൈത്തിരീയം എന്ന പേരിനെ പരാമര്‍ശിക്കുന്ന ഒരു കഥയുണ്ട്. ഒരിക്കല്‍ വൈശമ്പായന ശിഷ്യനായ യാജ്ഞവല്ക്യന് അഹന്ത കൂടിയതായി സംശയം തോന്നിയ ഗുരുനാഥന്‍, പഠിച്ചതെല്ലാം പുറത്തുകളയാന്‍ ആജ്ഞാപിച്ചു. അതനുസരിച്ച് പുറത്തുകളഞ്ഞ വിദ്യയെ മറ്റു ശിഷ്യന്മാര്‍ തിത്തിരിപ്പുള്ളിന്റെ വേഷം സ്വീകരിച്ച് അവ ഉള്‍ക്കൊണ്ടു. ആ വിജ്ഞാനശാഖയാണ് പില്ക്കാലത്ത് തൈത്തിരീയം എന്ന പേരില്‍ വ്യവഹരിക്കപ്പെട്ടതെന്നാണ് കഥ. തൈത്തിരീയാരണ്യകത്തിന്റെ ഏഴും ഏട്ടും ഒന്‍പതും അധ്യായങ്ങളാണ് ഈ ഉപനിഷത്തായി അറിയപ്പെടുന്നത്. 'ഓം ശം നോ മിത്രഃ' എന്നാരംഭിക്കുന്ന ശാന്തിമന്ത്രത്തോടെ തുടങ്ങുന്ന തൈത്തിരീയോപനിഷത്തില്‍ മൂന്ന് അധ്യായങ്ങളാണുള്ളത്; ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി എന്നിവ. വേദാംഗങ്ങളില്‍ ഒന്നാമത്തേതായ 'ശിക്ഷ'യെപ്പറ്റിയും സാന്മാര്‍ഗികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്കി കര്‍മജ്ഞരായും ധര്‍മിഷ്ഠരായും ജീവിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുമാണ് ഈ അധ്യായത്തില്‍ വിവരിക്കുന്നത്. 'സത്യംവദ ധര്‍മം ചര' എന്നു തുടങ്ങുന്ന അനേകം ഉപദേശങ്ങള്‍ ശിക്ഷാവല്ലിയിലുണ്ട്. തൈത്തിരീയോപനിഷത്തിലെ ഓരോ അധ്യായവും ഒരു പൂര്‍ണ ഉപനിഷത്താണെന്നു തോന്നത്തക്ക രീതിയിലാണ് രചന. ആദ്യ അധ്യായത്തിന്റെ ആരംഭത്തിലും അവസാന ഭാഗത്തും ശാന്ത്രിമന്ത്രമുണ്ട്. ഇതിനുമാത്രമായി സംഹിതീ ഉപനിഷത്ത് എന്ന പേര് സായണന്‍ നല്കിയിട്ടുമുണ്ട്. ഈ അധ്യായത്തിന് 12 അനുവാകങ്ങളാണുള്ളത്. പ്രത്യക്ഷബ്രഹ്മം, വേദോച്ചാരണ നിയമങ്ങള്‍, ഉപാസനാവിധികള്‍, ഓംകാര മഹിമ, ഗൃഹസ്ഥാശ്രമിയുടെ ചര്യാക്രമം എന്നിവ വളരെ വിശദമായി ചര്‍ച്ച ചെയ്തിരിക്കുന്നു.

രണ്ടാം അധ്യായത്തിന് ബ്രഹ്മാനന്ദവല്ലി എന്നാണു പേര്. ഇതും ശാന്തിമന്ത്രത്തോടെ തുടങ്ങുന്നു. യജുര്‍വേദത്തെ ആസ്പദമാക്കിയുള്ള മറ്റ് ഉപനിഷത്തുകളിലെ ശാന്തിമന്ത്രമായ 'ഓം സഹനാവവതു' എന്നു തുടങ്ങുന്ന മന്ത്രത്തോടെയാണ് ഈ അധ്യായം ആരംഭിക്കുന്നത്. ഇതില്‍ ബ്രഹ്മം സത്യവും ജ്ഞാനാനന്ദരൂപവുമാണെന്നും ആത്മാവില്‍നിന്ന് ആകാശം, ആകാശത്തില്‍ നിന്ന് അഗ്നി, അഗ്നിയില്‍ നിന്ന് ജലം, ജലത്തില്‍ നിന്ന് ഭൂമി, ഭൂമിയില്‍ നിന്ന് സസ്യജാലം, അതില്‍നിന്ന് അന്നം, അന്നത്തില്‍ നിന്ന് ശരീരം എന്നിവ ഉണ്ടായെന്നുമാണ് വിവരിക്കുന്നത്. ഒന്‍പത് അനുവാകങ്ങള്‍ (ഖണ്ഡികകള്‍) ഉള്ള ഈ അധ്യായം ഗദ്യപദ്യസമ്മിശ്രമാണ്.

'യതോവാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ

ആനന്ദം ബ്രഹ്മണോ വിദ്വാന്‍ ന ബിഭേതി കദാചന'

(ഏതിനെ പ്രാപിക്കാന്‍ കഴിയാതെ മനസ്സിനോടൊപ്പം വാക്കുകള്‍ പിന്തിരിയുന്നുവോ, ആ ബ്രഹ്മത്തിന്റെ ആനന്ദം എന്ന സ്വരൂപത്തെ അറിയുന്നവന്‍ ഭയത്തിന് അതീതനായിത്തീരുന്നു) എന്ന പ്രസിദ്ധമായ തത്ത്വജ്ഞാന മന്ത്രം ഇതിന്റെ നാലാം അനുവാകത്തിലേതാണ്. ഇപ്രകാരമുള്ള ബ്രഹ്മസ്വരൂപപരമായ അനേകം മന്ത്രങ്ങള്‍ ഈ ഭാഗത്തുണ്ട്.

മൂന്നാം അധ്യായമായ ഭൃഗുവല്ലിയില്‍ ബ്രഹ്മവിദ്യയെപ്പറ്റിയാണ് വര്‍ണിക്കുന്നത്. ഇതിന്റെയും തുടക്കം 'ഓം സഹനാവവതു' എന്നു തുടങ്ങുന്ന ശാന്തിമന്ത്രത്തോടെയാണ്. വരുണപുത്രനായ ഭൃഗു ബ്രഹ്മജ്ഞാനത്തിനായി തപസ്സനുഷ്ഠിക്കുന്നതും അന്നമാണ് ബ്രഹ്മം, പ്രാണനാണ് ബ്രഹ്മം എന്നിങ്ങനെയുള്ള ആപേക്ഷിക ജ്ഞാനവുമായി മടങ്ങുന്നതും വീണ്ടും സത്യസാക്ഷാത്കാരം നേടാനായി തപസ്സനുഷ്ഠിക്കുന്നതും സച്ചിദാനന്ദമാണ് ബ്രഹ്മം എന്ന ആത്യന്തിക സത്യം മനസ്സിലാക്കുന്നതുമാണ് ഇതില്‍ വിവരിക്കുന്നത്. ഈ അധ്യായം വാരുണീ ഉപനിഷത്ത് എന്ന പേരില്‍ പ്രസിദ്ധമാണ്. ഭൃഗുവല്ലിക്ക് 10 അനുവാകങ്ങളാണ് ഉള്ളത്. വരുണപുത്രനായ ഭൃഗു പരമാത്മാവിനെ അറിയുന്നതിനായി പിതാവിനോടപേക്ഷിക്കുകയും വരുണന്‍ മകന് ബ്രഹ്മോപദേശം നല്കുകയും ചെയ്യുന്നതാണ് ഈ അധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അതിനാലാണ് ഈ ഭാഗം ഭൃഗുവല്ലി എന്ന പേരില്‍ അറിയപ്പെടുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍