This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേറ്റാമ്പരല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേറ്റാമ്പരല്‍

Cleaning nut tree

ഒരിനം ഔഷധസസ്യം. ലൊഗാനിയേസീ (Loganiaceae) സസ്യകുടുംബത്തില്‍ പ്പെടുന്നു. ശാസ്ത്രനാമം: സ്ട്രിക്നോസ് പൊട്ടറ്റോറം (Strychnos potatoram). സംസ്കൃതത്തില്‍ കതകഃ, അംബുപ്രസാദഫല, ചക്ഷുഷ്യ, നിര്‍മലഃ, ഛേദനീയ, ഗുഛഫല, കതഃ എന്നീ പേരുകളിലറിയപ്പെടുന്നു. ആയുര്‍വേദത്തില്‍ ആസവാരിഷ്ടങ്ങള്‍ തെളിച്ചെടുക്കാന്‍ പ്രധാനമായും തേറ്റാമ്പരലാണ് ഉപയോഗിച്ചിരുന്നത്. അതിനാലാണ് തെളിയിക്കുന്നത് അഥവാ നിര്‍മലമാക്കുന്നത് എന്ന് അര്‍ഥംവരുന്ന നിര്‍മലഃ എന്ന പേര് ഈ സസ്യത്തിനു ലഭിച്ചത്.

തേറ്റാമ്പരലിന്റെ ഒരു ശാഖ

കേരളത്തിലെ ഇലപൊഴിയും വനങ്ങളിലാണ് തേറ്റാമ്പരല്‍ സുലഭമായി വളരുന്നത്. ഇടുക്കി ജില്ലയിലെ മറയൂരിലാണ് ഇവ ഏറ്റവും അധികമായുള്ളത്. 4-7 മീ. ഉയരത്തില്‍ വളരുന്ന ഈ ചെറുമരത്തിന്റെ ചാരനിറത്തിലുള്ള തൊലിയില്‍ ആഴത്തിലുള്ള വിള്ളലുകള്‍ കാണാം. മരത്തൊലിയുടെ ഉപരിഭാഗം ചെതുമ്പല്‍ പോലെ അടര്‍ന്നുപോവുക പതിവാണ്. തേറ്റാമ്പരലിന് ധാരാളം ശാഖകളുണ്ട്. ഇലകള്‍ക്ക് 5-7.5 സെ.മീ. നീളവും 2-4.5 സെ.മീ. വീതിയുമുണ്ട്. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകള്‍ തുകല്‍പോലെയിരിക്കും. ഇലകളുടെ കക്ഷ്യങ്ങളില്‍ നിന്ന് പൂങ്കുലകളുണ്ടാകുന്നു. പുഷ്പങ്ങള്‍ ചെറുതാണ്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണംവീതം ഉണ്ട്. ഒന്നോ രണ്ടോ വിത്തുകളുള്ള ബെറിയാണ് കായ്. പാകമായ കായ്കള്‍ക്ക് കറുപ്പുനിറമായിരിക്കും. പരന്ന് വൃത്താകൃതിയിലുള്ള വിത്തിന്റെ ഉപരിതലം മിനുസമുള്ള ലോമങ്ങള്‍ കൊണ്ട് ആവൃതമായിരിക്കുന്നു. ഇതിന്റെ വിത്തുകള്‍ ഉപയോഗിച്ച് കഴുകിയ മണ്‍കലത്തില്‍ ശേഖരിച്ചുവയ്ക്കുന്ന വെള്ളത്തിലെ മാലിന്യങ്ങള്‍ വളരെവേഗം അടിയുന്നു.

വിത്തില്‍ 'സയബോളിന്‍' എന്ന ആല്‍ക്കലോയ്ഡും β-സിറ്റോസ്റ്റെറോള്‍, ഒലിയാനോലിക് അമ്ളം, 3-β-അസിറ്റേറ്റ്, സാപ്പോണിന്‍, ഗാലക്റ്റോസ്, മാന്നോസ് എന്നീ രാസഘടകങ്ങളും അടങ്ങിയിരിക്കുന്നു.

തേറ്റാമ്പരലിന്റെ വേരും ഫലവും വിത്തും ഔഷധയോഗ്യമാണ്. വേര് നേത്രരോഗങ്ങള്‍, മൂത്രകൃച്ഛ്റം, പ്രമേഹം, കഫ പിത്തരോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധമാണ്. ആയുര്‍വേദത്തില്‍ തേറ്റാമ്പരലിനെ വിഷഘ്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കശ്യപ സംഹിതയില്‍ തേറ്റാമ്പരലിനെ ഇപ്രകാരം വിശേഷിപ്പിക്കുന്നു:

'കഷായമധുരം ശീതം ആശുദൃഷ്ടിപ്രസാദനം വികാസീഹ്ളാദനം സ്നിഗ്ദ്ധം ചക്ഷുഷ്യം കതകംഫലം'.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍