This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തേജാസിംഹ് (1894 - 1958)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തേജാസിംഹ് (1894 - 1958)

പഞ്ചാബി സാഹിത്യകാരന്‍. സിഖ് മതപണ്ഡിതന്‍ കൂടിയായിരുന്ന തേജാസിംഹ് ആദ്യാല ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു. 1910-ല്‍ അമൃതസറിലെ ഖാല്‍സാ സ്കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസ്സായി. 1914-ല്‍ റാവല്‍പിണ്ടിയിലെ ഗോര്‍ദോന്‍ കോളജില്‍ നിന്നാണ് ബിരുദമെടുത്തത്. തുടര്‍ന്ന് അവിടെത്തന്നെ അധ്യാപകനായി. 1917-ല്‍ അമൃതസറിലെ ഖാല്‍സാ കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമെടുക്കുകയും 1919-ല്‍ അവിടെ അധ്യാപകനാവുകയും ചെയ്തു. 1946 മുതല്‍ മൂന്നുവര്‍ഷം ബോംബെ(മുംബൈ) യിലെ ഖാല്‍സാ കോളജ് പ്രിന്‍സിപ്പലായും തേജാസിംഹ് സേവനമനുഷ്ഠിച്ചു. 1948-ല്‍ പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പബ്ളിക്കേഷന്‍സ് ബ്യൂറോയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1949 മുതല്‍ 51 വരെ പാട്യാല മഹേന്ദ്ര കോളജിന്റെ പ്രിന്‍സിപ്പലുമായി.

ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള തേജാസിംഹ് സിഖ് ചരിത്രം, സാഹിത്യം എന്നിവയില്‍ നിഷ്ണാതനായിരുന്നു. തന്റേതായ ഒരു സ്ഥാനം സാഹിത്യത്തില്‍ നേടിയെടുക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. മനോഹരങ്ങളായ ഉപന്യാസങ്ങളുടെ രചനയില്‍ ഇദ്ദേഹം കൃതഹസ്തനായിരുന്നു. മാതൃഭാഷയായ പഞ്ചാബിയില്‍ രചനകള്‍ നിര്‍വഹിക്കാന്‍ അനേകരെ പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രശസ്തരായിത്തീര്‍ന്ന ആധുനിക പഞ്ചാബി എഴുത്തുകാരായ മോഹന്‍സിംഹ് മഹീര്‍, സന്ത്സിംഹ്ശേഖോന്‍, ബലവന്ത് ഗാര്‍ഗി, അമൃതാപ്രീതം, നാനക് സിംഹ് തുടങ്ങിയവര്‍ ഇത്തരത്തില്‍ തേജാസിംഹിന്റെ ഉപദേശം സ്വീകരിച്ചവരാണ്.

ഉപന്യാസകാരന്‍, നിരൂപകന്‍, വ്യാകരണ പണ്ഡിതന്‍ എന്നീ നിലകളില്‍ തേജാസിംഹ് പ്രശസ്തനായി. നവീന്‍ സോചന്‍, സഹേജ് സുബ, സിഖ് ധരം, സബിയാചര്‍ എന്നിവ തേജാസിംഹിന്റെ ലേഖന സമാഹാരങ്ങളും അര്‍സി (1952) ആത്മകഥയുമാണ്. സഹിത് ദര്‍ശന്‍ ആണ് നിരൂപണഗ്രന്ഥം. ഇംഗ്ലീഷ് - പഞ്ചാബി നിഘണ്ടു, ശബാദരാഥ്, ശബ്ദാന്തക് ലഗന്‍ മത്രാന്‍, നവീന്‍ പഞ്ചാബി പിംഗള്‍, പഞ്ചാബ് ശബാദ് ജോര്‍, പഞ്ചാബി കേവന്‍ ലിഖിയേ തുടങ്ങിയവയാണ് വ്യാകരണഗ്രന്ഥങ്ങള്‍.

തേജാസിംഹിന്റെ ഇംഗ്ലീഷ് കൃതികള്‍ ഗ്രോത് ഒഫ് റസ്പോണ്‍സിബിലിറ്റി ഇന്‍ സിഖിസം, സിഖിസം, ഹൈ റോഡ്സ് ഒഫ് സിഖ് ഹിസ്റ്ററി എന്നിവയാണ്.

തേജാസിംഹ് 1958-ല്‍ അമൃതസറില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍