This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെയ്പിങ് കലാപം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെയ്പിങ് കലാപം

Taiping rebellion

ചൈനയിലെ മഞ്ചു രാജവംശത്തിനെതിരെ നടന്ന ആഭ്യന്തര കലാപം (1851- 64). ഹ്യൂങ് സ്യൂചിന്‍ എന്ന ക്രിസ്തുമത വിശ്വാസിയുടെ നേതൃത്വത്തില്‍ നടന്ന തെയ്പിങ് കലാപത്തില്‍ ഏകദേശം 20 ദശലക്ഷം ആളുകള്‍ക്ക് ജീവഹാനിയുണ്ടായി. മഞ്ചു ഭരണത്തെ പുറത്താക്കിക്കൊണ്ട് ചൈനയില്‍ ഒരു മതാധിഷ്ഠിത (theocratic) രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ മഞ്ചുഭരണകൂടത്തിനെതിരെയുണ്ടായിരുന്ന എതിര്‍പ്പിനെ തനിക്ക് അനുകൂലമായി തിരിക്കുന്നതില്‍ ഹ്യൂങ് സ്യൂചിന്‍ വിജയിച്ചു. ഇദ്ദേഹത്തിന്റെ അനുയായികള്‍ 'ഗോഡ് വര്‍ഷിപ്പേഴ്സ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഇവര്‍ 1850-ല്‍ രാജകീയ സേനയുമായി ഏറ്റുമുട്ടുകയും 1851 ജനു.-യില്‍ തെയ്പിങ് (മഹാശാന്തിയുടെ സ്വര്‍ഗീയ രാജ്യം) എന്ന പുതിയ രാജ്യം ചൈനയില്‍ നിലവില്‍വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മഞ്ചു രാജവംശത്തിനെതിരെ കവാങ്സി പ്രവിശ്യയില്‍ തുടങ്ങിയ കലാപം 17 പ്രവിശ്യകളിലേക്കുകൂടി വ്യാപിച്ചു. 1853-ല്‍ നാന്‍ജിങ് പിടിച്ചെടുത്ത കലാപകാരികള്‍ അതിനെ തെയ്പിങ്ങിന്റെ തലസ്ഥാനമാക്കി. വിമതരെ പരാജയപ്പെടുത്തുന്നതിനായി മഞ്ചു ചക്രവര്‍ത്തി പാശ്ചാത്യരുടെ സഹായം തേടിയതോടെയാണ് കലാപകാരികളുടെ പതനം ആരംഭിച്ചത്. ഷാങ്ഹായ് പിടിച്ചെടുക്കുവാനുള്ള തെയ്പിങ്ങുകളുടെ ശ്രമത്തെ ചാള്‍സ് ജോര്‍ജ് ഗോര്‍ഡന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യസേന പരാജയപ്പെടുത്തി. 1864 ജൂല. 19-ന് രാജകീയസേന നാന്‍ജിങ് പിടിച്ചെടുത്തതോടെ കലാപത്തിനു വിരാമമായി. 13 വര്‍ഷം നീണ്ടുനിന്ന ഈ ആഭ്യന്തരയുദ്ധത്തില്‍ ഇരുപക്ഷത്തും വന്‍ ആള്‍നാശമുണ്ടായി. നോ: ചൈന

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍