This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തെമിസ്റ്റൊക്ളീസ് (ബി.സി. സു. 524 - 459)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തെമിസ്റ്റൊക്ലീസ് (ബി.സി. സു. 524 - 459)

Themistocles

അഥീനിയന്‍ ജനറലും രാജ്യതന്ത്രജ്ഞനും. സലാമീസ് യുദ്ധത്തില്‍ പേര്‍ഷ്യക്കാര്‍ക്കെതിരെ തെമിസ്റ്റൊക്ലീസ് നേടിയ വിജയമാണ് ആഥന്‍സിനെ ഗ്രീസിലെ പ്രബലശക്തിയാക്കി മാറ്റിയത്. പേര്‍ഷ്യക്കാര്‍ക്കെതിരെയുള്ള മാരത്തോണ്‍ യുദ്ധത്തില്‍ (ബി.സി. 490) തെമിസ്റ്റൊക്ളീസ് പങ്കെടുത്തിരുന്നു. ആഥന്‍സ് ഒരു നാവികശക്തിയായാല്‍ മാത്രമേ പേര്‍ഷ്യന്‍ ഭീഷണിയെ നേരിടാനാവൂ എന്ന പക്ഷക്കാരനായിരുന്നു ഇദ്ദേഹം. ഇതിന്റെ ഭാഗമായി ആഥന്‍സിലെ വെള്ളി ഖനികളില്‍ നിന്നുള്ള ആദായം കൊണ്ട്

തെമിസ്റ്റൊക്ലീസ്:ഒരു ശില്പം
യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുവാനുള്ള പദ്ധതി ഇദ്ദേഹം ആവിഷ്കരിച്ചു. ബി.സി. 480-ല്‍ ആഥന്‍സ് പേര്‍ഷ്യക്കാരുടെ ആക്രമണത്തിനു വിധേയമായപ്പോള്‍ അഥീനിയക്കാരെ സലാമീസ് ദ്വീപിലേക്കു മാറ്റുവാനുള്ള നടപടികള്‍ സ്വീകരിച്ചത് ഇദ്ദേഹമായിരുന്നു. സലാമീസ് ദ്വീപിലെ ഇടുങ്ങിയ കടലിടുക്കില്‍വച്ച് ആഥന്‍സിന്റെ നാവികപ്പടയ്ക്ക് എതിരാളികളെ അനായാസേന നേരിടുവാനാവും എന്നതായിരുന്നു ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ഇദ്ദേഹത്തിന്റെ യുക്തിപരമായ ഈ തീരുമാനം ശരിയായിരുന്നുവെന്ന് ഗ്രീക്കുകാരുടെ തുടര്‍ന്നുള്ള വിജയം തെളിയിച്ചു. ഗ്രീക്കുകാരെ പിന്തുടര്‍ന്ന് സലാമീസില്‍ എത്തിയ പേര്‍ഷ്യന്‍ നാവികപ്പടയെ ഈ യുദ്ധതന്ത്രത്തിലൂടെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.

പേര്‍ഷ്യയുടെ ആക്രമണത്തില്‍നിന്ന് ഗ്രീസിനെ രക്ഷിച്ച തെമിസ്റ്റൊക്ലീസിനെതിരെ പിന്നീട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇദ്ദേഹത്തിനുണ്ടായിരുന്ന ജനപ്രീതി കുറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികള്‍ നാടുകടത്തിയതിനെത്തുടര്‍ന്ന് പേര്‍ഷ്യയില്‍ അഭയം പ്രാപിച്ച ഇദ്ദേഹത്തെ മാഗ്നീസിയ പട്ടണത്തിന്റെ ചുമതല നല്കി പേര്‍ഷ്യന്‍ രാജാവായ അര്‍ട്ടാ സെര്‍ക്സസ് ആദരിച്ചു. മാഗ്നീസിയയില്‍ ബി.സി. 459-ല്‍ തെമിസ്റ്റൊക്ലീസ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍