This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിബത്തന്‍ മതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

തിബത്തന്‍ മതം

തിബത്തിലെ ജനങ്ങളുടെ മതം.

ആമുഖം

മതാധിഷ്ഠിതമായ ഒരു സംസ്കാരമാണ് തിബത്തിന്റേത്. ഓരോ വ്യക്തിയുടേയും ദൈനംദിന ജീവിതത്തില്‍ മതവിശ്വാസങ്ങള്‍ വളരെയധികം പ്രഭാവം ചെലുത്തുന്നു. ബുദ്ധമതത്തിനാണ് തിബത്തില്‍ ഏറ്റവുമധികം സ്വാധീനം ഉളവാക്കാന്‍ കഴിഞ്ഞതെങ്കിലും ക്രിസ്ത്വബ്ദം 8-ാം ശ.-ത്തിനു മുമ്പ് ബുദ്ധമതം ഇവിടെ ഉണ്ടായിരുന്നില്ല എന്നാണ് സൂചന. അതിനു മുമ്പ് നിലനിന്നിരുന്ന തദ്ദേശജന്യമായ മതത്തിന്റെ സ്ഥാനം ബുദ്ധമതം ക്രമേണ ഏറ്റെടുക്കുകയായിരുന്നു. 10-11 ശ.-ങ്ങള്‍ മുതല്‍ ബോണ്‍ മതവും തിബത്തില്‍ ആധിപത്യം സ്ഥാപിച്ചു. ബുദ്ധമതത്തിലും ബോണ്‍ മതത്തിലും ഉള്‍പ്പെടുത്താനാവാത്ത നിരവധി വിശ്വാസങ്ങളും ആചാരങ്ങളും തിബത്തില്‍ കാണപ്പെടുന്നുണ്ട്. ഇതിനെ സാമാന്യമതം എന്നു പറയാവുന്നതാണ്. ഇസ്ളാം മതവിശ്വാസികളായ ഒരു ന്യൂനപക്ഷവും തിബത്തിലുണ്ട്.

പുരാതന മതസമ്പ്രദായങ്ങള്‍

ബുദ്ധമതത്തിന്റെ പ്രചാരത്തിനുമുമ്പ് തിബത്തില്‍ നിലനിന്നിരുന്ന തദ്ദേശജന്യ മതവിശ്വാസങ്ങളേയും സമ്പ്രദായങ്ങളേയും കുറിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ല. തിബത്തിലെ ജനങ്ങള്‍ രാജാവിനെ ദൈവമായി കരുതി ആരാധിച്ചിരുന്നു. രാജാവിന്റെ ദീര്‍ഘായുസ്സിനും യുദ്ധവിജയത്തിനും പരമാധികാരത്തിനും മറ്റുമായി ഹോമങ്ങളും യാഗങ്ങളും നടത്തുക പതിവായിരുന്നു. ആദ്യത്തെ രാജാവ് ആകാശത്തുനിന്ന് ഒരു മലയുടെ മുകളില്‍ വന്നിറങ്ങുകയും താഴ്വാരത്തില്‍വച്ച് തന്റെ പ്രജകളുമായി സന്ധിക്കുകയും ചെയ്തു എന്നും, ചില രാജാക്കന്മാര്‍ ഉടലോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നും, മറ്റു ചിലര്‍ ദിവ്യ മലനിരകളിലേക്ക് ആവാഹിക്കപ്പെട്ടു എന്നുമുള്ള നിരവധി ഐതിഹ്യങ്ങള്‍ തിബത്തില്‍ പ്രചരിച്ചിരുന്നു.

രാജാവിന്റെ മരണാനന്തരം ചെമ്മരിയാട്, കുതിര, ചമരിക്കാള മുതലായ മൃഗങ്ങളെ ബലിയര്‍പ്പിക്കുകയും ശവകുടീരത്തില്‍ വിലയേറിയ വസ്തുക്കള്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. അന്തരിച്ച രാജാവിന്റെ തുണയ്ക്കായി ജോലിക്കാരേയും മറ്റു കുടുംബാംഗങ്ങളേയും ചുമതലപ്പെടുത്താറുണ്ടായിരുന്നെങ്കിലും, ഇവര്‍ക്ക് ജീവന്‍ ത്യജിക്കേണ്ടിയിരുന്നോ, അതോ ഒരു നിര്‍ദിഷ്ട സമയത്തേക്ക് ശവകുടീരത്തിനരികില്‍ കഴിഞ്ഞാല്‍ മതിയായിരുന്നോ എന്നത് വ്യക്തമല്ല. മരണാനന്തരചടങ്ങുകളുടെ കാര്‍മികത്വം വഹിച്ചിരുന്നവര്‍ ബോണ്‍പോസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

ചാക്രികമായി വരുന്ന വ്യത്യസ്ത കാലഘട്ടങ്ങളെക്കുറിച്ച്, അതായത് നന്മയ്ക്ക് സര്‍വാധിപത്യമുള്ള സുവര്‍ണ കാലത്തെക്കുറിച്ചും തിന്മ നടമാടുന്ന വിനാശകാലത്തെക്കുറിച്ചും മറ്റും ചില പുരാതന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചുകാണുന്നു. ദൈവങ്ങളുടെ ലോകമായ ആകാശം, മനുഷ്യരുടെ ലോകമായ ഭൂമി, ക്ളു എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വര്‍ഗം ജീവികളുടെ ലോകമായ പാതാളം എന്നിങ്ങനെ വിശ്വത്തിന് മൂന്ന് തലങ്ങളുള്ളതായി പുരാതന മതം ഉദ്ഘോഷിച്ചു. സൂര്യദേവന്‍, ചന്ദ്രദേവന്‍, യുദ്ധദേവന്‍, അഗ്നിദേവന്‍, ജീവദേവന്‍, ഭൂമിദേവന്‍ തുടങ്ങി വ്യത്യസ്ത ദൈവങ്ങളെക്കുറിച്ച് പുരാതന ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. ദൈവങ്ങള്‍ക്കിടയില്‍ പുരുഷന്മാരും സ്ത്രീകളുമുണ്ടെന്നും ഇവര്‍ക്കിടയില്‍ പദവിക്കും അധികാരത്തിനും വ്യത്യാസങ്ങളുണ്ടെന്നും തിബത്തന്‍ ജനത വിശ്വസിച്ചു. പാതാളം ജലനിബദ്ധമാണെന്നും അവിടെ ജീവിക്കുന്ന ക്ളു ജീവികള്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ അവയെ പ്രീതിപ്പെടുത്തുവാന്‍ കര്‍മങ്ങള്‍ നടത്തേണ്ടത് ആവശ്യമാണെന്നും ഇവര്‍ കരുതി. ഭൂമി കിളയ്ക്കുക, കുഴിയ്ക്കുക മുതലായ പ്രവൃത്തികള്‍ക്കൊപ്പം തന്നെ ക്ളു ജീവികളെ പ്രസാദിപ്പിക്കുവാനുള്ള കര്‍മങ്ങള്‍ കൂടി അനുഷ്ഠിക്കുന്നത് തിബത്തില്‍ പതിവായിരുന്നു. ഈ മതസമ്പ്രദായങ്ങള്‍ പൂര്‍ണമായും തദ്ദേശീയമായിരുന്നില്ല എന്നും ഇന്ത്യ, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സംസ്കാരത്തിനും മതത്തിനും ഇവയില്‍ പ്രഭാവം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും മതപണ്ഡിതര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

ബുദ്ധ മതം

8-ാം ശ.-ത്തില്‍ ഭരണാധികാരികളുടെ പിന്തുണയോടെയാണ് ബുദ്ധ മതം തിബത്തില്‍ ആധിപത്യം ഉറപ്പിച്ചത്. 7-ാം ശ.-ത്തില്‍ത്തന്നെ തിബത്ത് ഒരു ഏകീകൃത രാജ്യമായി മാറിയിരുന്നു. അയല്‍രാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുകയും ശക്തമായ ഒരു മധ്യ ഏഷ്യന്‍ സാമ്രാജ്യം കെട്ടിപ്പടുക്കുകയുമായിരുന്നു തിബത്തിലെ ഭരണാധികാരികളുടെ ഉദ്ദേശ്യം. ഇങ്ങനെ രൂപീകൃതമാകുന്ന സാമ്രാജ്യം നിലനിര്‍ത്തുവാന്‍ സഹായകമായ രീതിയില്‍ ശക്തമായ ഒരു മതം തിബത്തില്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു ബുദ്ധമതം പ്രചരിപ്പിക്കാനുണ്ടായ കാരണം. ഉദ്ദേശം 779-ലാണ് തിബത്തിലെ ആദ്യത്തെ ബൗദ്ധക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്. ബൗദ്ധ സന്ന്യാസിമാര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രത്യേക ആനുകൂല്യങ്ങളും അധികാരവും ലഭിച്ചിരുന്നു.

ഇന്ത്യയില്‍ 7-8 ശ.-ങ്ങളില്‍ നിലനിന്നിരുന്ന മഹായാന ബുദ്ധമതത്തിന്റെ മാതൃകയാണ് തിബത്ത് പിന്‍തുടര്‍ന്നത്. തന്ത്രവിധികളും വിപുലമായ സന്ന്യാസി മഠങ്ങളും മറ്റും ഇക്കാലത്തെ മഹായാന ബുദ്ധമതത്തിന്റെ പ്രത്യേകതകളായിരുന്നു. ഇവ ഇന്നും തിബത്തിലെ ബുദ്ധമതത്തിന്റെ പ്രത്യേകതകളായി നിലനില്ക്കുന്നു. 842-ല്‍ രാജവംശത്തിന്റെ തകര്‍ച്ചമൂലം ബുദ്ധമതത്തിന് താത്ക്കാലികമായ അപചയം സംഭവിച്ചെങ്കിലും അധികം വൈകാതെതന്നെ വീണ്ടും ശക്തിപ്രാപിച്ചു. തിബത്തിലെ ബുദ്ധമതത്തിന്റെ ആത്മീയ ഗുരു ലാമ എന്ന പേരിലാണറിയപ്പെടുന്നത്. ലാമായിസം എന്ന പേര് തിബത്തിലെ ബുദ്ധമതത്തിന് ചില മതപണ്ഡിതര്‍ നല്കിയിട്ടുണ്ടെങ്കിലും ഏഷ്യയുടെ മറ്റു ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ബുദ്ധമതത്തില്‍നിന്ന് വ്യത്യസ്തമാണ് ഇവിടത്തെ ബുദ്ധമതം എന്ന ധ്വനി ഈ പേര് സൃഷ്ടിക്കുന്നതിനാല്‍ തിബത്തന്‍ വിശ്വാസികള്‍ അതിനെ എതിര്‍ക്കുന്നു. സന്ന്യാസി മഠങ്ങളുടെ തലവന്മാര്‍ മുന്‍ഗാമികളുടെ പുനര്‍ജന്മമാണെന്ന വിശ്വാസം തിബത്തില്‍ നിലനിന്നിരുന്നു. മതാധിപന്‍മാര്‍ ദൈവത്തിന്റെ അവതാരമാണെന്ന വിശ്വാസവും ചിലര്‍ പുലര്‍ത്തി. അഞ്ചാമത്തെ ദലായ്ലാമ(1617-82)യില്‍ക്കൂടി ഈ രണ്ട് വിശ്വാസങ്ങളും ഒരാളില്‍ സാക്ഷാത്ക്കരിക്കപ്പെട്ടു. ഇദ്ദേഹം തിബത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ബോധിസത്വനായ അവലോകിതേശ്വരന്റെ അവതാരമാണെന്ന് അവകാശപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള എല്ലാ ലാമമാരും അവലോകിതേശ്വരന്റെ അവതാരമാണെന്ന് തിബത്തുകാര്‍ വിശ്വസിക്കുന്നു.

സാമാന്യ മതം

തിബത്തിലെ സന്ന്യാസി മതവും സാമാന്യ മതവും കൃത്യമായി വേര്‍തിരിക്കുക പ്രയാസമാണ്. സന്ന്യാസിമാര്‍ പലപ്പോഴും സാമാന്യമതത്തിന്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കുകൊള്ളാറുണ്ട്. ബുദ്ധമതത്തിന്റേയും ബോണ്‍ മതത്തിന്റേയും പ്രഭാവം സാമാന്യ മതാചാരങ്ങളില്‍ ദൃശ്യമാണ്.

പുണ്യം നേടാനുള്ള നിരന്തര ശ്രമങ്ങളാണ് സാമാന്യ മതത്തിന്റെ മുഖമുദ്ര. ജീവകാരുണ്യ പ്രവര്‍ത്തനമാണ് പുണ്യം നേടാനുള്ള ഉത്തമ മാര്‍ഗമെന്ന് അംഗീകരിക്കുന്നുവെങ്കിലും, സാധാരണക്കാര്‍ കൂടുതലായി ആചാരാനുഷ്ഠാനങ്ങളിലൂടെ പുണ്യം നേടാനാണ് ശ്രമിക്കുന്നത്. അവലോകിതേശ്വരന്റെ മന്ത്രമായ "ഓം മണി പത്മേ ഹും ആവര്‍ത്തിച്ചു ചൊല്ലുക, പ്രാര്‍ഥനാചക്രങ്ങള്‍ കറക്കുക, ശിലകളിലും ഭിത്തികളിലും മന്ത്രങ്ങള്‍ കൊത്തിവയ്ക്കുക, പ്രാര്‍ഥനകള്‍ എഴുതിയ പതാകകള്‍ നാട്ടുക തുടങ്ങിയ പ്രവൃത്തികളിലൂടെ പുണ്യം നേടാമെന്നാണ് വിശ്വാസം. തീര്‍ഥയാത്രകള്‍ക്കും തിബത്തുകാര്‍ വളരെയധികം പ്രാധാന്യം കല്പിക്കുന്നു. ലാസ, കൈലാസപര്‍വതം, ബോധ്ഗയ, രാജഗൃഹ, ലുംബിനി, സാരനാഥ് തുടങ്ങിയ പ്രദേശങ്ങള്‍ നിരവധി തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു.

പ്രാദേശിക പ്രാധാന്യമുള്ള ദൈവങ്ങളെ ആരാധിക്കുന്നതും സാമാന്യമതത്തിന്റെ ഭാഗമാണ്. ഓരോ വീടിനും രക്ഷകരായ ദൈവങ്ങളുണ്ടെന്ന സങ്കല്പത്തില്‍ വീടുകളുടെ മേല്‍ക്കൂരയില്‍ പുരുഷ-സ്ത്രീ ദൈവങ്ങള്‍ക്കായി പ്രത്യേകം അള്‍ത്താരകള്‍ നിര്‍മിക്കുന്നു. ഇതിനു പുറമേ മിക്ക വീടുകളിലും ശത്രു ദൈവത്തിനു സമര്‍പ്പിച്ച ബാനറുകളും കാണാവുന്നതാണ്.

ബോണ്‍ മതം

10-11 ശ.-ങ്ങളിലാണ് ബോണ്‍മതം തിബത്തില്‍ പ്രചരിച്ചത് എന്ന് അഭിപ്രായമുണ്ടെങ്കിലും ബുദ്ധമതത്തിന്റെ പ്രചാരത്തിനു മുമ്പ് ഇവിടെ നിലനിന്നിരുന്ന മതസമ്പ്രദായങ്ങളെ ബോണ്‍ എന്നു തന്നെയാണ് പ്രമുഖ മതപണ്ഡിതര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ബുദ്ധമതത്തിനു മുമ്പുതന്നെ തങ്ങളുടെ മതം തിബത്തില്‍ പ്രചരിച്ചിരുന്നു എന്ന് ബോണ്‍ മതവിശ്വാസികളും അവകാശപ്പെടുന്നു. ദര്‍ശനം, ലക്ഷ്യം, സന്ന്യാസജീവിതം എന്നിവയില്‍ ബുദ്ധമതവും ബോണ്‍മതവും തമ്മില്‍ ഗണ്യമായ വ്യത്യാസങ്ങള്‍ പ്രകടമാകുന്നില്ല. ആചാരാനുഷ്ഠാനങ്ങളിലുള്ള ചെറിയ വ്യത്യാസങ്ങളാണ് (ഉദാ. ബുദ്ധമത വിശ്വാസികള്‍ പ്രാര്‍ഥനാചക്രം തിരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് ബോണ്‍ വിശ്വാസികള്‍ പ്രാര്‍ഥനാചക്രം തിരിക്കുന്നത്.) ഈ മതങ്ങളെ വേര്‍തിരിക്കുന്നത്.

1960-കളിലും 70-കളിലും ചൈനീസ് ഭരണകൂടം തിബത്തില്‍ എല്ലാ തരത്തിലുള്ള മതപ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തുകയും സന്ന്യാസാശ്രമങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കുകയും ചെയ്തു. 1980-കളില്‍ ഈ നയത്തില്‍ മാറ്റം വരികയും സാമ്പത്തിക നയങ്ങള്‍ക്ക് തടസ്സമാകാത്ത രീതിയിലുള്ള മതപ്രവര്‍ത്തനങ്ങള്‍ അനുവദിക്കപ്പെടുകയും ചെയ്തു. എന്നാല്‍ തിബത്തിന്റെ ആത്മീയ ഗുരുവായ ദലായ്ലാമ ഇന്നും പ്രവാസിയായാണു കഴിയുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍