This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തിക്കന (1220 - 1300)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തിക്കന (1220 - 1300)

ആദ്യകാല തെലുഗു കവി. നെല്ലൂര്‍ രാജാവായ മനുമസിദ്ധിയുടെ സദസ്യകവിയും സുഹൃത്തും മന്ത്രിയുമായിരുന്നു ഈ നിയോഗി ബ്രാഹ്മണന്‍. കവിയും മന്ത്രിയുമായ ഭാസ്കര പിതാമഹനും ഗുണ്ടൂരിലെ സൈന്യാധിപനായിരുന്ന കൊമ്മന പിതാവുമാണ്. കുടുംബപാരമ്പര്യത്താല്‍ ആദ്യം മന്ത്രിയായി. പിന്നീട് കവിയായി പ്രശോഭിച്ചു. യാഗം നടത്തി സോമയാജിയായി. 12-ാം ശ.-ത്തില്‍ ശൈവ വൈഷ്ണവന്മാര്‍ തമ്മില്‍ കലഹിച്ചപ്പോള്‍ അവരെ യോജിപ്പിക്കുന്നതിനായി രാജാവ് നിയോഗിച്ചത് ഇദ്ദേഹത്തെയാണ്. അതിനായി ഭാരതം രചിച്ച് ശിവന്റേയും വിഷ്ണുവിന്റേയും സംയുക്തരൂപമായ നെല്ലൂരിലെ ഹരിഹരനാഥനു സമര്‍പ്പിച്ചു.

ഉത്തര രാമായണം അഥവാ നിര്‍വചനോത്തര രാമായണം, മഹാഭാരത വിവര്‍ത്തനം എന്നിവയാണ് തിക്കനയുടെ കൃതികള്‍. വാല്മീകി രാമായണത്തിലെ ഉത്തര രാമായണത്തിന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് നിര്‍വചനോത്തര രാമായണം. നിര്‍വചനം എന്ന വിശേഷണം ഉണ്ടെങ്കിലും ഒരു വചനമോ ഗദ്യമോ ഇല്ലെന്നതാണ് സവിശേഷത. രാവണന്റേയും മറ്റും ഉത്പത്തികഥ, സീതാനിര്‍വാസം, കുശലവന്മാരുടെ ജനനം, വിഷ്ണുവിന്റെ രാക്ഷസ നിഗ്രഹം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാമന്‍ സീതയെ ഉപേക്ഷിക്കുന്ന ഭാഗം ഹൃദയദ്രവീകരണക്ഷമമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രാമന്റെ മരണം വര്‍ണിക്കുന്ന ഭാഗം വിട്ടുകളയുകയും ചെയ്തിരിക്കുന്നു. ഇതു പിന്നീട് ജയന്തരാമഭട്ടയാണ് ഒരു സര്‍ഗമായി എഴുതിച്ചേര്‍ത്തത്. നിര്‍വചനോത്തര രാമായണം മനുമസിദ്ധിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.

മഹാഭാരത വിവര്‍ത്തനമാണ് പ്രധാന സാഹിത്യ സംഭാവന. തെലുഗുവില്‍ ഭാരതം വിവര്‍ത്തനം ചെയ്ത ആദ്യത്തെ മൂന്ന് കവികളില്‍ രണ്ടാമനാണിദ്ദേഹം.(നന്നയ്യ, തിക്കന, എര്‍നെ). വിരാടപര്‍വം മുതലുള്ള 15 പര്‍വങ്ങളുടെ വിവര്‍ത്തനമാണ് തിക്കന നിര്‍വഹിച്ചത്. അപ്രധാന ഭാഗങ്ങള്‍ ഉപേക്ഷിച്ച് അല്പം മാത്രം പ്രാധാന്യമുള്ള ഭാഗങ്ങള്‍ സംഗ്രഹിച്ച് സ്വതന്ത്രമായ വിവര്‍ത്തനമാണ് നടത്തിയിരിക്കുന്നത്. വിവര്‍ത്തനത്തില്‍ നന്നയ്യയുടെ രീതി പിന്‍തുടരുകയും ചെയ്തിരിക്കുന്നു. ഔചിത്യത്തിനുവേണ്ടി മൂലത്തില്‍ നിന്ന് ധാരാളം വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉദാഹരണമായി ഭീമനും കീചകനും യുദ്ധം ചെയ്യുന്ന രംഗം ഒരു പദ്യത്തില്‍ ഒതുക്കിയിരിക്കുന്നു.

മന്ത്രികൂടിയായ തിക്കനയുടെ രാഷ്ട്രമീമാംസാ വിജ്ഞാനം, യുദ്ധപരിചയം എന്നിവ കൃതികളില്‍ പ്രകടമായി കാണാം. വര്‍ണനകള്‍ സ്വാഭാവികവും കവിയുടെ ലോകപരിജ്ഞാനം വ്യക്തമാക്കുന്നവയുമാണ്. സംസ്കൃത സമസ്ത പദങ്ങള്‍ കഴിയുന്നിടത്തോളം ഒഴിവാക്കിയിട്ടുമുണ്ട്. തത്ത്വചിന്താപരമായ ഭാഗങ്ങള്‍ സരളമായ തെലുഗു പദങ്ങള്‍കൊണ്ട് വിവരിച്ചിരിക്കുന്നു. ലളിതവും നാടകീയവുമാണ് രചനാശൈലി. വസ്തുതകള്‍ സംഗ്രഹിച്ചു പറയാനും ശബ്ദചിത്രങ്ങള്‍ രചിക്കാനും വിദഗ്ധനാണിദ്ദേഹം. വിവിധ രസങ്ങള്‍ ചിത്രീകരിക്കുന്നതിലും പാത്രസൃഷ്ടിയിലും ഔചിത്യദീക്ഷയിലും സമര്‍ഥനായ തിക്കനയെ തെലുഗു സാഹിത്യത്തിലെ അദ്വിതീയനായി കരുതുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8_(1220_-_1300)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍