This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തണ്ടര്‍ ബേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തണ്ടര്‍ ബേ

Thunder Bay

കാനഡയിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവും. സുപ്പീരിയര്‍ തടാകത്തിന്റെ ശാഖയായ തണ്ടര്‍ ബേയുടെ തീരത്താണ് ഈ തുറമുഖ നഗരം. ജനസംഖ്യ 1,90,016(2001).

കാനഡയിലെ ഒരു പ്രധാന കാര്‍ഷിക-തടിയുത്പാദന-ഖനന-മത്സ്യബന്ധന പ്രദേശത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും തുറമുഖനഗരം എന്ന നിലയ്ക്കാണ് തണ്ടര്‍ ബേ പ്രാധാന്യം നേടിയിട്ടുള്ളത്. ധാന്യസംസ്കരണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഉള്ളതും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ധാന്യ എലിവേറ്ററുകളുള്ളതുമായ ഈ തുറമുഖം, കാനഡയിലെ പ്രധാന ഗോതമ്പു കയറ്റുമതികേന്ദ്രം ആണ്.

കാനഡയിലെ ഒരു പ്രധാന വ്യവസായകേന്ദ്രം കൂടിയാണ് തണ്ടര്‍ ബേ. കപ്പല്‍നിര്‍മാണമാണ് പ്രധാന വ്യവസായം. കടലാസ്, വുഡ് പള്‍പ്പ്, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, രാസവസ്തുക്കള്‍, ഗതാഗത-കാര്‍ഷികോപകരണങ്ങള്‍, ലോഹസാമഗ്രികള്‍, നിര്‍മാണോപകരണങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. സമ്പദ്ഘടനയില്‍ വിനോദസഞ്ചാരത്തിനു മുഖ്യ പങ്കുണ്ട്.

സുപ്പീരിയര്‍ തടാകത്തിന്റെ വ. പടിഞ്ഞാറന്‍ തീരത്തായി വ്യാപിച്ചിരിക്കുന്ന തണ്ടര്‍ ബേ നഗരം കനേഡിയന്‍ ദേശീയ പാതയെ സെയ്ന്റ് ലോറന്‍സ് ജലപാതയുമായി കൂട്ടിയിണക്കുന്ന കേന്ദ്രമായി വര്‍ത്തിക്കുന്നു. നഗരപ്രാന്തങ്ങളില്‍നിന്ന് ഇരുമ്പ്, പൈറൈറ്റ്, മോളിബ്ഡിനം, ഫെല്‍സ്പാര്‍, സിലിക്ക, വെള്ളി, ഈയം, ചെമ്പ്, സിങ്ക്, സ്വര്‍ണം, എന്നിവ ഖനനം ചെയ്യുന്നു. കാനഡയിലെ ഏറ്റവും വലിയ ഹെമറ്റൈറ്റ് ഇരുമ്പയിര്‍ ഖനിയും തണ്ടര്‍ ബേയ്ക്കു സമീപമാണ്. 1965-ല്‍ സ്ഥാപിച്ച ലേക് ഹെഡ് സര്‍വകലാശാലയും തൊട്ടുകിടക്കുന്ന പോര്‍ട്ട് ആര്‍തര്‍, ഫോര്‍ട്ട് വില്യം എന്നീ നഗരങ്ങളും ഇവിടത്തെ മുഖ്യ ആകര്‍ഷണ കേന്ദ്രങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍