This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്വാര്‍ഫിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡ്വാര്‍ഫിസം

Dwarfism

ശരാശരി സ്വാഭാവിക വളര്‍ച്ച ഇല്ലാത്തതും സ്വാഭാവികരീതിയില്‍ വളരാന്‍ കഴിവില്ലാത്തതുമായ അവസ്ഥ. മനുഷ്യരില്‍ എന്ന പോലെ ജന്തുക്കളിലും സസ്യങ്ങളിലും ഡ്വാര്‍ഫിസം (കുള്ളത്തം) പ്രകടമാണ്.

ജന്മസിദ്ധവും ആര്‍ജിതവുമായ അനേകം കാരണങ്ങളാല്‍ ഡ്വാര്‍ഫിസം സംഭവിക്കാറുണ്ട്. ജന്മസിദ്ധമായുള്ള ഒരുതരം കുള്ളത്തം മംഗോളിസത്തില്‍ കാണാം. പ്രത്യേക മുഖാകൃതി, മാനസിക വളര്‍ച്ചയില്ലായ്മ, കൈകാലുകളുടെ അസാധാരണത്വം എന്നിവ മംഗോളിസത്തിന്റെ ലക്ഷണങ്ങളാണ്. അക്കോണ്ട്രോപ്ളാസിയ (achondroplasia)യാണ് ഡ്വാര്‍ഫിസം മുഖമുദ്രയായിട്ടുള്ള മറ്റൊരു ജന്മസിദ്ധ രോഗം. ഇത്തരം കുള്ളന്മാരുടേത് ചെറിയ കൈകാലുകളായിരിക്കുമെങ്കിലും ഉദരഭാഗത്തിന് സാധാരണ വലുപ്പമുണ്ടായിരിക്കും. ഇവരുടെ മാനസിക വളര്‍ച്ചയും സാധാരണ രീതിയിലായിരിക്കും. ഗാര്‍ഗോയിലിസം (gargoylism) എന്നറിയപ്പെടുന്ന ജന്മസിദ്ധ ഡ്വാര്‍ഫിസത്തില്‍ മനോന്യൂനതയും അസ്ഥി, തലയോട്, ത്വക്ക് എന്നിവയിലെ വൈകല്യങ്ങളും ലക്ഷണങ്ങളാണ്.

ക്രെറ്റിനിസത്തില്‍ കുള്ളത്തവും മനോന്യൂനതയും ഒന്നിച്ചു സംഭവിക്കുന്നു. ടേര്‍ണേഴ്സ് സിന്‍ഡ്രോം മൂലമുണ്ടാകുന്ന ഡ്വാര്‍ഫിസത്തില്‍ ലൈംഗിക ഗ്രന്ഥികളുടെ അഭാവം മൂലം യൌവനാരംഭ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. മാത്രമല്ല, ധമനികള്‍ക്കും ത്വക്കിനും വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

സ്ഥായിയായ ചില ഗുരുതരരോഗങ്ങള്‍ മൂലവും വളര്‍ച്ച സ്തംഭിച്ചു പോകാറുണ്ട്. സിസ്റ്റിക് ഫൈബ്രോസിസ്, സിലിയാക് രോഗം തുടങ്ങി രക്തത്തിന്റെ ആഗിരണത്തിലെ തകരാറു കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍, നെഫ്രൈറ്റിസ് (വൃക്ക രോഗം), ഹൃദയ- ശ്വാസരോഗങ്ങള്‍ മൂലം രക്തത്തില്‍ പ്രാണവായുവിന്റെ അളവു കുറയുക, ശൈശവത്തില്‍ സംഭവിച്ച ഗുരുതരമായ പോഷണക്കുറവ് എന്നിവ ഇത്തരം രോഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. യുക്തവും സമര്‍ഥവുമായ ചികിത്സ യഥാസമയത്തു നല്കിയാല്‍ രോഗം ഭേദപ്പെടുത്താന്‍ കഴിയും.

പീയൂഷഗ്രന്ഥികള്‍ വേണ്ടത്ര വളര്‍ച്ചാ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാത്തതുമൂലമുണ്ടാകുന്ന പിറ്റ്യൂറ്ററി ഡ്വാര്‍ഫിസം ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന തരത്തിലുള്ളതാണ്. തലച്ചോറിന്റെ അടിഭാഗത്തു സ്ഥിതി ചെയ്യുന്ന ഹൈപോതലാമസിലോ പീയൂഷഗ്രന്ഥിയില്‍ ത്തന്നെയോ ഉണ്ടാകുന്ന ശോഥമാകാം പിറ്റ്യൂറ്ററി ഡ്വാര്‍ഫിസത്തിനു കാരണം. ഇതുമൂലം ശരീരഘടനയില്‍ വൈകല്യങ്ങള്‍ ഉണ്ടാകാറില്ല. ആഫ്രിക്കന്‍ പിഗ്മികളില്‍ പീയൂഷഗ്രന്ഥികളുടെ ഉത്പാദനം സാധാരണ നിലയിലാണെങ്കിലും ഡ്വാര്‍ഫിസം സംഭവിക്കുന്നു. സ്രവിക്കപ്പെടുന്ന ഹോര്‍മോണുകള്‍ക്ക് ഏതെങ്കിലും തരത്തില്‍ തകരാറുള്ളതുകൊണ്ടും ഹോര്‍മോണുകളാല്‍ ഉത്തേജിതമാകേണ്ട കോശങ്ങള്‍ (അസ്ഥികോശങ്ങള്‍) പ്രതികരിക്കാന്‍ പരാജയപ്പെടുന്നതുകൊണ്ടുമാണ് ഇതു സംഭവിക്കുന്നത്. ഒരു വയസ്സു തികയുന്നതിനുള്ളില്‍ത്തന്നെ പിറ്റ്യൂറ്ററി ഡ്വാര്‍ഫിസം തിരിച്ചറിയാന്‍ കഴിയും. കുഞ്ഞ് വളര്‍ന്നു തുടങ്ങുന്നതോടെ മുഖം പാവകളുടേതുപോലെ ആയിത്തീരും. ഉദരം തടിച്ചു കുറുകിയിരിക്കും. അസ്ഥികൂടഘടന സന്തുലിതമായിരിക്കും. ശരാശരി ബുദ്ധിശക്തി പ്രകടമാക്കും; ചിലര്‍ അല്പം ബുദ്ധിശക്തി കൂടുതലുള്ളവരുമാകാറുണ്ട്. മനുഷ്യ ശരീരം ശസ്ത്രക്രിയ ചെയ്തോ ശവശരീരം ഓട്ടോപ്സി ചെയ്തോ ലഭ്യമാക്കുന്ന പീയൂഷഗ്രന്ഥിയില്‍ നിന്ന് വളര്‍ച്ചാഹോര്‍മോണ്‍ ഊറ്റിയെടുത്ത് ശുദ്ധീകരിച്ചു നല്കുകയാണ് പ്രതിവിധി. വര്‍ഷത്തില്‍ സു. 6 സെ.മീ. എന്ന ക്രമത്തില്‍ വളര്‍ച്ചാനിരക്ക് വര്‍ധിക്കുന്നതായി കണ്ടിട്ടുണ്ട്. പിറ്റ്യൂറ്ററി ഡ്വാര്‍ഫിസം ഒഴികെ മറ്റൊരു ഡ്വാര്‍ഫിസവും വളര്‍ച്ചാഹോര്‍മോണ്‍ നല്കി പരിഹരിക്കാനാവുകയില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍