This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോയിസി, എഡ്വേഡ് അഡല്‍ബെര്‍ട്ട് (1893 - 1986)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോയിസി, എഡ് വേഡ് അഡല്‍ബെര്‍ട്ട് (1893 - 1986)

Doisy,Edward Adelbert

നോബല്‍ സമ്മാനം നേടിയ അമേരിക്കന്‍ ജൈവരസതന്ത്രജ്ഞന്‍. ജീവകം കെ സംശ്ളേഷണം ചെയ്തതിനും അതിന്റെ രാസസ്വഭാവം നിര്‍ണയിച്ചതിനും ശരീരശാസ്ത്ര-വൈദ്യശാസ്ത്ര രംഗത്തെ 1943-ലെ നോബല്‍ സമ്മാനം ഡോയിസിക്കും ഡാം എച്ചിനും ആയി ലഭിച്ചു.


എഡ് വേഡ് അഡല്‍ബെര്‍ട്ട് ഡോയിസി
1893 ന. 13-ന് അമേരിക്കയിലെ ഹ്യൂമില്‍ ഡോയിസി ജനിച്ചു. 1914-ല്‍ ഇലിനോയി സര്‍വകലാശാലയില്‍ നിന്ന് ബി.എ. ബിരുദം നേടി. ഒന്നാം ലോകയുദ്ധകാലത്ത് രണ്ട് വര്‍ഷം സൈനിക സേവനം അനുഷ്ഠിച്ചശേഷം ഹാര്‍വാഡ് സര്‍വകലാശാലയില്‍ പഠനം തുടര്‍ന്നു. 1920-ല്‍ പിഎച്ച്.ഡി. നേടി. തുടര്‍ന്ന് വാഷിങ്ടണിലെ സെയ് ന്റ് ലൂയി യൂണിവേഴ് സിറ്റി സ്കൂള്‍ ഒഫ് മെഡിസിനില്‍ വൈദ്യശാസ്ത്രം പഠിപ്പിക്കുകയും 1923-ല്‍ അവിടെ ഫാക്കല്‍റ്റി അംഗമാവുകയും ചെയ്തു. 1920 മുതല്‍ സ് ത്രൈണ ഹോര്‍മോണുകളെക്കുറിച്ചുള്ള ഗവേഷണമാരംഭിച്ചു. ശരീരത്തില്‍ സവിശേഷ പ്രഭാവം ചെലുത്താനാകുന്ന പദാര്‍ഥങ്ങളാണ് അണ്ഡാശയത്തിലുണ്ടാകുന്നതെന്ന് കണ്ടെത്തിയിരുന്നെങ്കിലും അവയുടെ യഥാര്‍ഥ രാസ സ്വഭാവം വ്യക്തമായിരുന്നില്ല. സെയ് ന്റ്ലൂയി യൂണിവേഴ്സിറ്റി സ്കൂള്‍ ഒഫ് മെഡിസിനിലെ എഡ്ഗര്‍ അലന്‍ എന്ന ശാസ്ത്രജ്ഞന്‍ ഹോര്‍മോണുകളുടെ വിശ്ളേഷണത്തിന് കാര്യക്ഷമമായ ഒരു മാര്‍ഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡോയിസിയും എഡ്ഗറും ചേര്‍ന്ന് അണ്ഡാശയ ഹോര്‍മോണുകള്‍ വേര്‍തിരിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഈസ്ട്രോണ്‍ (estrone, 1929), ഈസ്ട്രയോള്‍ (estriol,1929), ഈസ്ട്രാഡയോള്‍ (estradiol, 1935) എന്നീ ഹോര്‍മോണുകള്‍ വേര്‍തിരിക്കുന്നതില്‍ ഇവര്‍ വിജയിച്ചു. 1936 ആയപ്പോഴേക്കും ഡോയിസിയുടെ ശ്രദ്ധ മറ്റൊരു ഗവേഷണ രംഗത്തേക്കു തിരിഞ്ഞു. രക്തത്തിന്റെ കൊയാഗുലനത്തിനു ഒരു ഭക്ഷണ ഘടകം അത്യാവശ്യമാണെന്ന് ഡാം എച്ച്. 1935-ല്‍ കണ്ടെത്തിയിരുന്നു. ഈ ഭക്ഷ്യഘടകം അടങ്ങുന്ന ഒരു സമര്‍ഥ മിശ്രിതം തയ്യാറാക്കുവാന്‍ ഡാം എച്ചിനു സാധിച്ചുവെങ്കിലും യഥാര്‍ഥ രാസവസ്തു വേര്‍തിരിക്കുവാന്‍ കഴിഞ്ഞില്ല. മൂന്നു വര്‍ഷത്തെ (1936-39) നിരന്തര ശ്രമത്തിന്റെ ഫലമായി സമാനസ്വഭാവമുള്ള രണ്ട് രാസപദാര്‍ഥങ്ങള്‍ (ജീവകം കെ1, കെ2) വേര്‍തിരിച്ചെടുക്കുവാന്‍ ഡോയിസിക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചു. ജീവകം കെ1 സസ്യങ്ങളില്‍ നിന്നും ജീവകം കെ2 സൂക്ഷ്മാണുക്കളുടെ രോഹ-ദ്രവത്തില്‍ നിന്നുമാണ് വേര്‍തിരിച്ചത്. ജീവകം കെ1-ന്റേയും കെ2-ന്റേയും രാസഘടന നിര്‍ണയിക്കുന്നതിനും ഡോയിസിക്കു കഴിഞ്ഞു. ഈ നേട്ടങ്ങള്‍ക്കാണ് ഇദ്ദേഹം നോബല്‍ സമ്മാനത്തിനര്‍ഹനായത്. രണ്ടാം ലോകയുദ്ധകാലത്ത് ഡോയ്സി ആന്റിബയോട്ടിക്കുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചു. ആന്റിബയോട്ടിക് സ്വഭാവമുള്ള ഖരപദാര്‍ഥങ്ങള്‍ വേര്‍തിരിക്കുന്നതില്‍ വിജയിച്ച ആദ്യ ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഡോയിസി. പെന്‍സിലിന്റെ കണ്ടുപിടിത്തം ഡോയിസിയുടെ ആന്റിബയോട്ടിക്കിനെ നിഷ് പ്രഭമാക്കിയെങ്കിലും ഈ രംഗത്തെ ഡോയിസിയുടെ പഠനങ്ങള്‍ ഗണ്യമായിത്തന്നെ ഇന്നും കണക്കാക്കപ്പെടുന്നു. ഇന്‍സുലിന്‍, രക്തത്തിലെ ബഫറുകള്‍, പിത്ത അമ്ളങ്ങള്‍ എന്നിവയിലും ഡോയിസി പഠനം നടത്തിയിരുന്നു. ഫീമെയില്‍ സെക്സ് ഹോര്‍മോണ്‍സ് എന്ന പേരില്‍ 1941-ല്‍ ഡോയിസി പ്രസിദ്ധീകരിച്ച പുസ്തകം ശ്രദ്ധേയമാണ്. 1986 ഒ. 23-ന് സെയ് ന്റ് ലൂയിയില്‍ ഇദ്ദേഹം അന്തരിച്ചു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍