This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോനാനി, ഏണ്‍സ്റ്റ് വോണ്‍ (1877 - 1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോനാനി, ഏണ്‍സ്റ്റ് വോണ്‍ (1877 - 1960)

Dohnanyi,Ernst Von

ഹംഗേറിയന്‍ പിയാനിസ്റ്റും സംഗീത രചയിതാവും. 1877 ജൂലായ് 27-ന് ബ്രാറ്റിസ്ലാവയില്‍ ജനിച്ചു. ഗണിതശാസ്ത്രത്തില്‍ പ്രൊഫസറായ പിതാവും ബുഡാപെസ്റ്റ് അക്കാദമി ഒഫ് മ്യൂസിക്കിലെ കാള്‍ ഫോസ്റ്റ്നറും പിയാനോ വിദഗ്ധനായ സ്റ്റീഫന്‍ തോമാനും സംഗീത രചയിതാവായ ഹാന്‍സ് കെസ്ലറുമാണ് ഡോനാനിക്ക് പരിശീലനം നല്‍കിയത്. 1897-ല്‍ ബിരുദം നേടിയ ഡോനാനി, യൂജിന്‍ ഡി ആല്‍ബര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ പിയാനോ പരിശീലനം നടത്തി.

1897 ഒ. ഒന്നിനാണ് ബര്‍ലിനില്‍ ഡോനാനിയുടെ ആദ്യത്തെ പിയാനോ സംഗീതം അരങ്ങേറിയത്. തുടര്‍ന്ന് പിയാനോ സംഗീതം അവതരിപ്പിക്കാനായി ഡ്രെസ്ഡന്‍, ഫ്രാങ്ക്ഫര്‍ട്ട്, വിയന്ന തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി. 1898-ല്‍ ലണ്ടനിലും അമേരിക്കയിലും അനേകം പരിപാടികള്‍ അവതരിപ്പിച്ചു. ബര്‍ലിനിലെ ഹോഷ്യുള്‍ ഫോര്‍ മ്യൂസിക്കില്‍ 1908 മുതല്‍ 15 വരെ പിയാനോ പ്രൊഫസറായിരുന്നു. പിന്നീട് ബുഡാപെസ്റ്റില്‍ താമസമുറപ്പിക്കുകയും കോണ്‍സ് ഡയറക്റ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1945 വരെ ഹംഗേറിയന്‍ അക്കാദമിയുടേയും ഡയറക്ടറായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് രണ്ടു പുത്രന്മാരെയും നഷ്ടപ്പെട്ട ഡോനാനി ഇംഗ്ളണ്ടിലും അമേരിക്കയിലും പര്യടനങ്ങള്‍ നടത്തുകയും അധ്യാപകവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തു. 1949-ല്‍ ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ഒഫ് പിയാനോ ആന്‍ഡ് കോംപോസിഷന്‍ ആയി നിയമിക്കപ്പെട്ടു.

ഹംഗേറിയന്‍ കാല്പനികയുഗത്തിന്റെ അന്ത്യഘട്ടത്തിലാണ് ഡോനാനി സംഗീതരചന നടത്തിയിരുന്നത്. ലോകപ്രസിദ്ധ സംഗീതജ്ഞനായ ബ്രാംസില്‍ നിന്ന് ഇദ്ദേഹം പ്രചോദനം ഉള്‍ക്കൊള്ളുകയുണ്ടായി. ഡോനാനിയുടെ ആദ്യകാല കൃതികളെ ബ്രാംസ് പുകഴ്ത്തിയിട്ടുമുണ്ട്.

ഡോനാനിയുടെ സിംഫണി ഇന്‍ എഫ് 1896-ല്‍ ഹംഗേറിയന്‍ മില്ലെനിയം പ്രൈസ് നേടുകയുണ്ടായി. പിയാനോ ക്വിന്‍റ്ററ്റ് ഇന്‍സിമൈനര്‍, വേരിയേഷന്‍സ് ഫോര്‍ പിയാനോ, കണ്‍സെര്‍ട്ടോ ഫോര്‍ പിയാനോ, സൊണാറ്റാ ഫോര്‍ സെല്ലോ ആന്‍ഡ് പിയാനോ, സ്ട്രിങ് ക്വാര്‍ടെറ്റ്, ടാന്‍റ്റെ സിമോണാ, വേരിയേഷന്‍സ് ഓണ്‍ എ നഴ്സറി സോങ്, വേരിയേഷന്‍സ് ഓണ്‍ എ ഹംഗേറിയന്‍ ഫോക് സോങ്, ദ് ടവര്‍ ഒഫ് ദ് വൊയ്വോഡ്, ഡൂസന്‍ ഡോര്‍ഫ്, ഫെസ്റ്റിവല്‍ ഓവര്‍ച്വര്‍, സെഗഡിന്‍ മാസ്, അമേരിക്കന്‍ റാപ് സൊഡി മുതലായവയാണ് മുഖ്യരചനകള്‍.

1960 ഫെ. 9-ന് ന്യൂയോര്‍ക്കില്‍ ഡോനാനി അന്തരിച്ചു. അതേ വര്‍ഷം മെസേജ് ടു പോസ്റ്ററിറ്റി എന്ന പേരില്‍ ആത്മകഥാപരമായ ഒരു ലഘുലേഖ പ്രസിദ്ധീകരിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍