This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോണ്‍ ശാന്തമായൊഴുകുന്നു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോണ്‍ ശാന്തമായൊഴുകുന്നു

സുപ്രസിദ്ധമായ റഷ്യന്‍ നോവലിന്റെ മലയാള വിവര്‍ത്തനം. റഷ്യന്‍ ഭാഷയില്‍ മിഖായേല്‍ ഷോളോഖോവ് രചിച്ച പ്രഥമ നോവലായ തിഖിഡോണ്‍ ആണ് മൂലകൃതി. റഷ്യനില്‍ തിഖിഡോണ്‍ (Tikhy Don) എന്നും ഇംഗ്ളീഷില്‍ ദ് ക്വയറ്റ് ഡോണ്‍ (The Quiet Don) എന്നും അറിയപ്പെടുന്നു. ഷോളോഖോവ്

1928-ല്‍ ഈ നോവലിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചു. പന്ത്രണ്ട് വര്‍ഷം കൊണ്ടാണ് (1928-40) നാലു വാല്യങ്ങളിലുള്ള ഈ നോവലിന്റെ പ്രസിദ്ധീകരണം പൂര്‍ത്തിയായത്. അതിന്റെ ഒരു ഭാഗം ഇംഗ്ളീഷില്‍ ആന്‍ഡ് ക്വയറ്റ് ഫ്ളോസ് ദ് ഡോണ്‍ (1934) എന്ന പേരിലാണ് പ്രസിദ്ധീകൃതമായത്. ഈ കൃതി ഇംഗ്ളീഷില്‍ വിവര്‍ത്തനം ചെയ്തത് സ്റ്റീഫന്‍ ക്യാരിയാണ്. റോബര്‍ട്ട് ഡാഗ്ളിഷും ഈ നോവലിന്റെ പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്യു ലൂക്ക് ഇതിന്റെ മലയാള പരിഭാഷ രണ്ടു വാല്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഡോണ്‍ ശാന്തമായൊഴുകുന്നു, ഡോണ്‍ സമുദ്രത്തിലേക്കു തന്നെ ഒഴുകുന്നു എന്നീ പേരുകളിലാണ് ആ വാല്യങ്ങള്‍ പുറത്തുവന്നത്. 1965-ല്‍ ഇവ പ്രസിദ്ധീകൃതമായി.

മിഖായേല്‍ ഷോളോഖോവ്

1917 ഒ.-ലെ ബോള്‍ഷെവിക്ക് വിപ്ളവത്തെത്തുടര്‍ന്ന് രൂപംകൊണ്ട സോവിയറ്റ് യൂണിയനിലാണ് കഥ നടക്കുന്നത്. ബോള്‍ഷെവിക്കുകളില്‍ നിന്ന് സ്വതന്ത്രമാകാന്‍ വേണ്ടി ഡോണ്‍ കൊസ്സാക്കുകള്‍ നടത്തിയ ത്യാഗപൂര്‍ണവും രൂക്ഷവുമായ ആഭ്യന്തര സമരമാണ് ഈ കൃതിയിലെ പ്രതിപാദ്യം. വിവാദപരമായ ചിത്രീകരണം പ്രത്യേകം ശ്രദ്ധേയമാണ്. റഷ്യയിലുടനീളം പ്രചാരം സിദ്ധിച്ച ഈ സാഹിത്യസൃഷ്ടിയിലെ മുഖ്യകഥാധാര ഗ്രിഗോറിമെലഖോവും ഭര്‍ത്തൃമതിയായ അക്സീനയായും തമ്മിലുള്ള പ്രേമമാണ്. ഗ്രിഗോറിയുടെ ജീവിതത്തിലൂടെ കൊസ്സാക്ക് ജനതയുടെ സാമൂഹിക, മാനസിക പ്രശ്നങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു. ഈ കഥാപാത്രത്തിന്റെ സ്വഭാവ ചിത്രീകരണത്തിലും വിധിനിര്‍ണയത്തിലും ഷോളോഖോവ് പ്രകടിപ്പിച്ച കരുത്തും മികവും അന്നത്തെ സാമൂഹിക വ്യവസ്ഥിതിയുടെ പുരോഗതിക്കു വളരെയധികം സഹായകമായി. യഥാര്‍ഥമായ സ്ഥിതിസമത്വം വിഭാവനം ചെയ്യുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണിത്. ഇതിന്റെ രചനയിലൂടെ ഷോളോഖോവ് വിശ്വസാഹിത്യകാരന്മാരുടെ പദവിയിലേക്കുയര്‍ന്നു.

ഡോണ്‍ തീരത്തെ മെലെഖോവ് കുടുംബത്തിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. കുടുംബത്തിലെ മൂത്തമകന്‍, ഗ്രിഗോര്‍ അയല്‍വാസിയായ സ്റ്റെപന്‍ അസ്തഖോവയുടെ ഭാര്യയായ അക്സീനയുമായി പ്രണയത്തിലാകുന്നു. എന്നാല്‍ ഗ്രിഗോറിന്റെ പിതാവ് നതാലിയ കൊര്‍ഷനോവുമായി മകന്റെ വിവാഹം നടത്തി. സ്വന്തം ഭാര്യയെ അംഗീകരിക്കാതെ അക്സീനയുമായുള്ള ബന്ധം ഗ്രിഗോര്‍ തുടരുകയും ഇത് നാട്ടില്‍ പാട്ടായിത്തീരുകയും ചെയ്തു. ഈ സംഭവത്തില്‍ കുപിതനായ പിതാവ് മകനെ വീട്ടില്‍നിന്നു പുറത്താക്കുന്നതോടെ അക്സീനയുമായുള്ള ഗ്രിഗോറിന്റെ ബന്ധം ശക്തമാകുകയും ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ ഒരു മകള്‍ ജനിക്കുകയും ചെയ്തു. ദാമ്പത്യ ജീവിതത്തില്‍ നിരാശയായ നതാലിയ ആത്മഹത്യക്കു ശ്രമിച്ചെങ്കിലും അവര്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്. മെലെഖോവ് ഇവരുടെ സംരക്ഷണം ഏറ്റെടുത്തു. സൈനിക സേവനത്തിനു ശേഷം തിരിച്ചുവന്ന ഗ്രിഗോര്‍ തന്റെ മേലുദ്യോഗസ്ഥന്റെ മകന്‍ യുജീനുമായുള്ള അക്സീനയുടെ അവിഹിത ബന്ധം മനസ്സിലാക്കുകയും അവരെ ഉപേക്ഷിക്കുകയും ചെയ്തു. സ്വഗൃഹത്തില്‍ തിരിച്ചുവന്ന ഗ്രിഗോര്‍ ഭാര്യയുമായി രമ്യതയിലെത്തി. യുദ്ധക്കളത്തില്‍ കാമുകിയുടെ ഭര്‍ത്താവും തന്റെ മുഖ്യ ശത്രുവുമായ സ്റ്റെപന്‍ അസ്തഖോവയെ ഗ്രിഗോര്‍ കാണാനിടയായി. ഒരാക്രമണത്തിനിടയില്‍ അസ്തഖോവയുടെ ജീവന്‍തന്നെ ഗ്രിഗോര്‍ രക്ഷിക്കുകയുണ്ടായി.

വിപ്ലവാരംഭത്തില്‍ നിലവില്‍ വന്ന കെറെന്‍സ്കി ഭരണത്തിനു പകരം ഒരു സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് രൂപം കൊണ്ടു. ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയും തങ്ങളുടെ സ്വതന്ത്രമായ പാരമ്പര്യത്തില്‍ അഭിമാനം കൊണ്ടിരുന്ന കൊസ്സാക്കുകള്‍ ഡോണ്‍ പ്രദേശത്തിനു മാത്രമായി ഒരു ഭരണകൂടം വേണമെന്ന് വാദിക്കുകയുമുണ്ടായി. എന്നാല്‍ ഒരു വിഭാഗം കോര്‍നിലോവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തു നിലകൊണ്ടു. റെഡ് ആര്‍മിയുടെ നേതൃനിരയിലെ ഒരു ഉദ്യോഗസ്ഥനായി ഗ്രിഗോര്‍ അവരോധിക്കപ്പെട്ടു. ഈ ആഭ്യന്തര യുദ്ധത്തില്‍ കോര്‍നിലോവിന്റെ നേതൃത്വത്തിലുണ്ടായ പ്രതിപക്ഷ വിഭാഗം വിജയം കൈവരിച്ചു.

വിപ്ലവകാലത്ത് പെട്രോഗ്രാഡിനെതിരായി നടന്ന ആക്രമണത്തില്‍ കൊസ്സാക്കുകള്‍ വഹിച്ച പങ്കാണ് ഷോളോഖോവ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. വിപ്ളവത്തെ അടിച്ചമര്‍ത്തുവാനുള്ള യത്നത്തില്‍ കൊസ്സാക്കുകള്‍ എന്തുകൊണ്ട് സഹകരിച്ചു എന്നതിന്റെ ഉത്തരം വ്യക്തമാക്കാന്‍ ഇവര്‍ ആരാണെന്നും ഇവര്‍ വസിക്കുന്ന ഡോണ്‍ ഭൂമി ഏതു തരത്തിലുള്ളതാണെന്നും വായനക്കാരെ ധരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് നോവലിസ്റ്റിനു തോന്നി. അങ്ങനെയാണ് കൊസ്സാക്കുകളുടെ ജീവിതരീതി ഈ കൃതിയില്‍ വിശദമാക്കാന്‍ അദ്ദേഹം മുതിര്‍ന്നത്. ഒക്ടോബര്‍ വിപ്ളവത്തിന്റേയും അതിനെത്തുടര്‍ന്നുണ്ടായ ഭീകരമായ ആഭ്യന്തര സമരത്തിന്റേയും ചിത്രീകരണം ഈ കൃതിക്ക് ചരിത്ര പ്രാധാന്യം നല്കുന്നു. ഇതിവൃത്ത ഘടനയിലും കലാപരമായ ശില്പ ഭദ്രതയിലും ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന വിശ്വോത്തര നോവലിനെ നമ്മുടെ ഓര്‍മയിലെത്തിക്കും ഈ പ്രകൃഷ്ടകൃതി. ടോള്‍സ്റ്റോയിയെ അനുകരിച്ച് ഷോളോഖോവും ജീവചരിത്രവും യുദ്ധരംഗങ്ങളും ഗ്രാമീണ ജീവിതവും സാമൂഹികകലഹങ്ങളും രാഷ്ട്രീയ പരിവര്‍ത്തനങ്ങളും ആകര്‍ഷകമായി സമന്വയിപ്പിച്ചു ചിത്രീകരിച്ചിരിക്കുന്നു. തെക്കുകിഴക്കന്‍ റഷ്യയില്‍, ഡോണ്‍ തടങ്ങളില്‍ നിവസിക്കുന്ന കൊസ്സാക്കുകളുടെ ജീവിത സമ്പ്രദായങ്ങളെ പശ്ചാത്തലമാക്കി രചിച്ചിട്ടുള്ള ഈ നോവലില്‍ 1914-17-ലെ റസ്സോ-ജര്‍മന്‍ യുദ്ധവും തുടര്‍ന്നുണ്ടായ ഒക്ടോബര്‍ വിപ്ളവവും 1918-21-ലെ ആഭ്യന്തര സമരവും വസ്തുനിഷ്ഠവും ഹൃദയസ്പര്‍ശിയുമായി ചിത്രീകരിച്ചിരിക്കുന്നു.

1940-നും 50-നുമിടയ്ക്ക് മൂലകൃതിയുടെ പല പതിപ്പുകളിലായി അച്ചടിച്ച അന്‍പതു ലക്ഷത്തിലധികം കോപ്പികള്‍ റഷ്യയില്‍ വിറ്റഴിഞ്ഞു. സോവിയറ്റ് സാഹിത്യത്തില്‍ വളരെ പ്രചാരം സിദ്ധിച്ചതും പ്രിയങ്കരവുമായ ഒരു ഗ്രന്ഥമാണിത്. അനവധി വിദേശ ഭാഷകളിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടു. ഐവാന്‍ ഡെഡ്രോ വ്സ്കിയുടെ സമര്‍ഥമായ സംവിധായകത്വത്തില്‍ സംഗീത നാടകമായും അനന്തരം ചലച്ചിത്രമായും ആവിഷ്കരിക്കപ്പെട്ട് കലാകുതുകികളെ ഈ കൃതി ആനന്ദിപ്പിക്കുകയുണ്ടായി. 1941-ലെ സ്റ്റേറ്റ് പ്രൈസിന് ഷോളോഖോവിന്റെ ഡോണ്‍ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍