This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡെങ് സിയോപിങ് (1904 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡെങ് സിയോപിങ് (1904 - 97)

Deng Xiao(Hsiao)ping

ചൈനയിലെ മുന്‍ രാജ്യതന്ത്രജ്ഞന്‍. കമ്യൂണിസ്റ്റ് ചൈനയില്‍ 1970-കളുടെ ഒടുവില്‍ തുടക്കമിട്ട ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിക്ക് കരുത്തു പകര്‍ന്ന പരിഷ്ക്കാരങ്ങളുടെ സൂത്രധാരന്‍ ഇദ്ദേഹമായിരുന്നു. ഔപചാരികസ്ഥാനങ്ങളില്ലാതിരുന്നപ്പോഴും ഡെങ് ചൈനയുടെ പരമോന്നത നേതാവെന്ന നിലയില്‍ അറിയപ്പെട്ടിരുന്നു.

തെ. പ. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുള്ള ഒരു പുരാതന കര്‍ഷക കുടുംബത്തില്‍ ഡെങ് വെന്‍മിങ്ങിന്റെ മകനായി 1904 ആഗ. 22-ന് ഇദ്ദേഹം ജനിച്ചു. ഡെങ് സിയാന്‍ ഷെങ് എന്ന പേര് ആയിരുന്നു പിതാവ് ഇദ്ദേഹത്തിനു നല്‍കിയത്. യുവത്വത്തിലേക്കു പ്രവേശിക്കവേ വിപ്ലവാദര്‍ശങ്ങളില്‍ ആകൃഷ്ടനായതോടെ ഡെങ് സിയോപിങ് എന്ന പേര് സ്വീകരിച്ചു. നാട്ടിലെ വിദ്യാഭ്യാസാനന്തരം ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുക എന്ന പരിപാടിയനുസരിച്ച് 1920-ല്‍ ഫ്രാന്‍സിലേക്കയക്കപ്പെട്ട വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ഡെങ്ങും ഉള്‍പ്പെട്ടിരുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ വിജയത്തെത്തുടര്‍ന്ന് ഇടതുപക്ഷ രാഷ്ട്രീയം ശ്രദ്ധയാകര്‍ഷിക്കപ്പെട്ട കാലമായിരുന്നു അത്. ഫ്രാന്‍സിലെത്തിയ ഡെങ് പല തൊഴില്‍ ശാലകളില്‍ പണിയെടുക്കുകയും മാര്‍ക്സിസം പഠിക്കുകയും കമ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടനാവുകയും ചെയ്തു. ഫ്രാന്‍സില്‍ വച്ച് ചൗ എന്‍ലായ് (ജോഎന്‍ലീ)യുമായി അടുപ്പം സ്ഥാപിക്കാന്‍ കഴിഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റുകളുടെ യുവജനസംഘടനയുടെ യൂറോപ്യന്‍ ശാഖയില്‍ ഡെങ് 1922-ല്‍ അംഗമായി ചേര്‍ന്നു. ബുദ്ധിസാമര്‍ഥ്യവും ഉത്സാഹശീലവും നേതൃത്വത്തിലേക്കുയരാന്‍ ഡെങ്ങിനു സഹായകമായി. യുവജനസംഘടനയുടെ ദ്വൈവാരികാ പ്രസിദ്ധീകരണമായിരുന്ന റെഡ് ലൈറ്റിന്റെ ഒരു പത്രാധിപരായി സേവനമനുഷ്ഠിക്കുവാനും ഡെങിനു കഴിഞ്ഞു. 1924-ല്‍ ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അംഗമായി. അപ്പോഴേക്കും പൂര്‍ണരാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയിരുന്നു. 1926-ല്‍ റഷ്യയിലേക്കു പോയത് കമ്യൂണിസത്തെപ്പറ്റി കൂടുതല്‍ പഠിക്കുവാന്‍ സഹായകമായി. ചൈനയില്‍ മടങ്ങിയെത്തിയ ഡെങ് 1927 മുതല്‍ പാര്‍ട്ടി ശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടു. 1929-ഓടെ ഗറില്ലാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലയും ഏറ്റെടുത്തിരുന്നു.

ഡെങ് സിയോപിങ്

1934-35-ലെ ലോങ് മാ.-ല്‍ ഡെങ് പങ്കെടുത്തു. അതു കഴിഞ്ഞതോടെ ഇദ്ദേഹം ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറി. ചുവപ്പു സേനയിലെ പൊളിറ്റിക്കല്‍ കമ്മിസാര്‍ എന്ന പദവിയിലുള്ള ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനവും ശ്രദ്ധേയമായിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്‍ സേനയ്ക്കെതിരായി പോരാടാനും ചൈനയിലെ നാഷണലിസ്റ്റു സേനയുമായി നിര്‍ണായക യുദ്ധം നയിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു.

ചൈന, പീപ്പിള്‍സ് റിപ്പബ്ലിക് ആയി രൂപീകൃതമായശേഷം (1949) പല പ്രമുഖ പദവികളിലും ഇദ്ദേഹം നിയുക്തനായി. ആദ്യ വര്‍ഷങ്ങളില്‍ ജന്മദേശമുള്‍ക്കൊള്ളുന്ന തെക്കു പടിഞ്ഞാറന്‍ ചൈനയിലാണ് പ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടത്. 1952-ല്‍ പ്രവര്‍ത്തനം ബെയ്ജിങ്ങിലേക്കു മാറ്റി. കമ്യൂണിസ്റ്റുപാര്‍ട്ടിയിലും ദേശീയ ഗവണ്‍മെന്റിലും പല പ്രമുഖ സ്ഥാനങ്ങളും വഹിച്ചു. ഉപപ്രധാനമന്ത്രിയായിരുന്ന ഇദ്ദേഹം (vice-premier) പ്രമുഖ സാമ്പത്തികാസൂത്രണ വിദഗ്ധന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 1950-കളുടെ മധ്യത്തോടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലെത്തുകയും പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. മാവോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡെങ് പിന്നീട് മാവോയുടെ നയങ്ങളെ എതിര്‍ത്തുതുടങ്ങി. ഇതോടെ പിന്തിരിപ്പനെന്നും മുതലാളിത്തവാദിയെന്നും ഡെങ് മുദ്രകുത്തപ്പെട്ടു. 1966-ല്‍ മാവോയുടെ നേതൃത്വത്തില്‍ സാംസ്കാരികവിപ്ലവത്തിന് തുടക്കമിട്ടശേഷം ഇദ്ദേഹം എല്ലാ നേതൃസ്ഥാനങ്ങളില്‍നിന്നും പുറത്താക്കപ്പെട്ടു. തലസ്ഥാനത്തുനിന്ന് നിഷ്ക്കാസിതനാവുകയും വീട്ടുതടങ്കിലാവുകയും ചെയ്തു. പിന്നീട് 1973-ഓടുകൂടി മാത്രമാണ് ഇദ്ദേഹം നേതൃത്വത്തിലേക്ക് തിരിച്ചു വിളിക്കപ്പെട്ടത്. തുടര്‍ന്ന്, മാവോയുടെ പത്നിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട് 'നാല്‍വര്‍ സംഘ'ത്തിന്റെ പ്രവര്‍ത്തനംമൂലം വീണ്ടും ഇദ്ദേഹം നേതൃത്വത്തില്‍നിന്നു പുറത്താക്കപ്പെട്ടു. 1976-ല്‍ മാവോ മരണമടയുകയും തുടര്‍ന്ന് നാല്‍വര്‍ സംഘം അറസ്റ്റിലാവുകയും ചെയ്തപ്പോള്‍ മാത്രമാണ് അതുവരെ ഒളിവില്‍ക്കഴിഞ്ഞ ഇദ്ദേഹത്തിനു നേതൃത്വത്തിലേക്ക് മടങ്ങി വരാന്‍ സാധിച്ചത്. 1977-നുശേഷം ചൈനയില്‍ പാര്‍ട്ടിയുടേയും ഗവണ്‍മെന്റിന്റേയും നേതൃസ്ഥാനങ്ങളില്‍ ഡെങ് വീണ്ടും അവരോധിതനായി. 1980-ഓടെ ചൈനയുടെ പരമോന്നത നേതാവായി അംഗീകരിക്കപ്പെട്ടു. ദ്രുതഗതിയിലുള്ള സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ഇദ്ദേഹം ചൈനയെ ആധുനികവത്ക്കരണത്തിലേക്കു നയിച്ചു. ഇതോടൊപ്പം വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇദ്ദേഹം തുടക്കമിട്ട പരിഷ്ക്കാരങ്ങള്‍ ചൈനയില്‍ എല്ലാ മേഖലകളിലും മുന്നേറ്റത്തിനു വഴിയൊരുക്കി. 20-ാം നൂറ്റാണ്ടിന്റെ അവസാന കാലത്തോടെ ചൈന ലോകത്തിലെ കരുത്തുള്ള സാമ്പത്തിക ശക്തികളില്‍ ഒന്നായിത്തീര്‍ന്നതിനു വഴിതെളിച്ചത് ഡെങിന്റെ പരിഷ്ക്കാരങ്ങളായിരുന്നു. എന്നാല്‍ അസംതൃപ്തരായ യുവാക്കളുടെ ഹത്യയിലേക്കു നയിച്ച ടിയാനെന്‍മെന്‍ സ്ക്വയര്‍ സംഭവം (1989 ജൂണ്‍) ഇദ്ദേഹത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിച്ചു. 1987-ല്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തില്‍നിന്നും ഇദ്ദേഹം ഒഴിവായി. 1989-ല്‍ മിലിറ്ററി കമ്മിഷന്റെ അധ്യക്ഷസ്ഥാനവും ഒഴിഞ്ഞു. ഇതോടെ പാര്‍ട്ടിയിലെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഇദ്ദേഹം വിരമിച്ചു. എങ്കിലും തുടര്‍ന്നും ചൈനയെ നിയന്ത്രിക്കുന്നതില്‍ ഡെങ് പ്രധാന പങ്കുവഹിച്ചിരുന്നു. രോഗബാധിതനായിത്തീര്‍ന്ന ഇദ്ദേഹം 1997 ഫെ. 19-ന് ബെയ്ജിങ്ങില്‍ നിര്യാതനായി.

(വി. ജയഗോപന്‍ നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍