This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡീലോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡീലോസ്

Delos

ദക്ഷിണ ഈജിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്നതും ഗ്രീസിന്റെ അധീനതയിലുള്ളതുമായ ദ്വീപ്. സൈക്ലേഡ്സ് (Cyclades) ദ്വീപസമൂഹത്തിലെ ഏറ്റവും ചെറിയ ദ്വീപാണിത്. സു. 5 ച. കി. മീ. മാത്രം വിസ്തീര്‍ണമുള്ള ഈ ദ്വീപ് പുരാതന കാലത്ത് ആസ്റ്റീരിയ (Asteria), സിന്തസ് (Cynthus), ഓര്‍ടീജിയ (Ortygia) എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഈ ദ്വീപില്‍ വച്ചാണ് ലിറ്റോ അഥവാ ലറ്റോണ (Leto (Latona)) അപ്പോളോയ്ക്കും ആര്‍ട്ടെമിസിനും ജന്മം നല്‍കിയതെന്നാണ് വിശ്വാസം. പ്രശസ്തമായ ഒരു അപ്പോളോ ദേവാലയവും ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു,

ഗ്രീക്ക് വിശ്വാസപ്രകാരം സമുദ്രാന്തര്‍ഭാഗത്തു നിന്നും പോസിഡാന്‍ ഉയര്‍ത്തിയ ഒരു പാറയാണ് ഡീലോസ്. ഡീലോസില്‍ നടന്ന പുരാവസ്തു ഗവേഷണങ്ങളുടെ ഫലമായി വെങ്കലയുഗത്തില്‍ ഇവിടെയുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സൈക്ലാഡിക് ജനങ്ങളുടേതാണെന്നു വിശ്വസിക്കുന്ന ഈ ഗ്രാമം ഉദ്ദേശം 2000 ബി. സി. യില്‍ സിന്തസ് പര്‍വതത്തിന് ചുറ്റുമായി (mt.cynthus) വികസിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ദ്വീപിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സിന്തസിന് 110 മീ. ഓളം ഉയരമുണ്ട്.

‍ഡീലോസ് ദ്വീപിലെ പുരാവസ്തു പ്രാധാന്യമുള്ള കേന്ദ്രങ്ങളിലൊന്ന്

1400 ബി. സി. യോടെ മൈസീനിയന്‍ ഗ്രീക്കുകാര്‍ ഡീലോസില്‍ വാസമുറപ്പിച്ചു. ദ്വീപിന്റെ സമതലപ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഈ ജനവിഭാഗങ്ങളുടെ നിവാസകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങള്‍ ദ്വീപിന്റെ പല ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്. ബി. സി. 900-700 കാലഘട്ടത്തിലെ നിരവധി പ്രാചീനരൂപങ്ങള്‍ ആര്‍ട്ടെമിസ് ദേവാലയത്തിനും, ഹൗസ് ഒഫ് ദ് നാക്സിയന്‍സിനും (House of the Naxians) കീഴില്‍നിന്നും കണ്ടെടുത്തിരുന്നു. 700 ബി. സി. യോടെ ഡീലോസ് ഒരു പ്രസിദ്ധ ആരാധനാകേന്ദ്രമായി വികസിച്ചു. ക്രമേണ ഈ ദ്വീപിന്റെ ഭരണാധികാരം ഏഥന്‍സില്‍ നിക്ഷിപ്തമായി. പേര്‍ഷ്യന്‍ ആക്രമണങ്ങളെ ചെറുത്തു നില്‍ക്കാന്‍ ആതന്‍സും മറ്റു ഗ്രീക്കു സംസ്ഥാനങ്ങളും ചേര്‍ന്നു രൂപംകൊടുത്ത ഡീലിയന്‍ ലീഗിന്റെ പൊതുഖജനാവ് 477-454 ബി. സി. വരെ ഡീലോസിലായിരുന്നു. 426 ബി.സി.-യില്‍ അഥീനിയക്കാര്‍ ഡീലോസിന്റെ ശുദ്ധീകരണപ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവിടത്തെ ശവക്കല്ലറകള്‍ നീക്കം ചെയ്യുകയും ജനന-മരണങ്ങള്‍ നിരോധിക്കുകയും ചെയ്തു. ശുദ്ധീകരണപ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുവേണ്ടി 422-ല്‍ ജനങ്ങളെ മുഴുവന്‍ ദ്വീപില്‍ നിന്നും മാറ്റിയെങ്കിലും താമസിയാതെ അവരെ തിരിച്ചു വരുന്നതിന് അനുവദിക്കുകയാണുണ്ടായത്.

1829-ല്‍ ഡീലോസില്‍ പുരാവസ്തുഗവേഷണം ആരംഭിച്ചു. ഇതിന്റെ ഫലമായി ഇവിടെ നിന്നും ക്ഷേത്രങ്ങള്‍, വാസ്തുശില്പങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, വീടുകള്‍, തിയെറ്റര്‍ തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുവാന്‍ സാധിച്ചു. 1877-നുശേഷമുണ്ടായ രു യുദ്ധങ്ങള്‍ സൃഷ്ടിച്ച തടസങ്ങളെ അതിജീവിച്ചു കൊണ്ടായിരുന്നു ഗവേഷണം പുരോഗമിച്ചത്. പൂര്‍വമെഡിറ്ററേനിയനിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഡീലോസ്. ഇപ്പോള്‍ ഗ്രീക്ക് പ്രവിശ്യയായ സൈക്ലേഡ്സിന്റെ ഭാഗമാണിത്. അലഞ്ഞു നടക്കുന്ന ആട്ടിടയന്മാരാണ് ഇവിടത്തെ ഏകജനസമൂഹം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%80%E0%B4%B2%E0%B5%8B%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍