This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിപ്പൊളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിപ്പൊളി

Tripoli

ലെബനനിലെ രണ്ടാമത്തെ വലിയ നഗരം. അറബിയില്‍ 'തറാബുലുസ് അല്‍ഷാം' (Tarabulus-sham) എന്നറിയപ്പെടുന്നു. ലിബിയയിലെ ട്രിപ്പൊളിയില്‍ നിന്നും വേര്‍തിരിച്ചറിയുന്നതിനായി ലബനനിലെ ട്രിപ്പൊളിയെ പൗരസ്ത്യ ട്രിപ്പൊളി എന്നും വിളിക്കാറുണ്ട്. പ്രാചീനകാലത്ത് നഗരം ട്രിപ്പൊളിസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ തീരത്തില്‍, ലെബനനിന്റെ വ. പടിഞ്ഞാറന്‍ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ട്രിപ്പൊളി ലെബനനിലെ ഒരു പ്രധാന തുറമുഖവും വ്യാവസായിക കേന്ദ്രവും കൂടിയാണ്. വിപണനം, വ്യവസായം, എണ്ണ ശുദ്ധീകരണം, ഫര്‍ണിച്ചര്‍, സോപ്പ്, വസ്ത്രം, തുടങ്ങിയവയുടെ നിര്‍മാണം എന്നിവയാണ് മുഖ്യ വ്യവസായങ്ങള്‍. സ്പോഞ്ച് ഫിഷിംഗ് വ്യാപകമാണ്. നഗരത്തിലും സമീപത്തുമായി നാരക വര്‍ഗസസ്യങ്ങള്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്.സെന്റ് ഗില്ലെസ് കോട്ട (എ. ഡി. 1200), അറബ് വാസ്തു ശില്‍പ മാതൃകയില്‍ നിര്‍മിച്ച ടെയാലന്‍ പള്ളി എന്നിവയാണ് നഗരത്തിലെ മുഖ്യ ആകര്‍ഷകകേന്ദ്രങ്ങള്‍. ജനസംഖ്യ: 175.000.

പഴയ നഗരഭാഗം -ട്രിപ്പൊളി (ലിബിയ)

ചരിത്രം. ട്രിപ്പൊളി നഗരം രൂപം കൊണ്ടത് ബി.സി. എട്ടാമത്തേയോ ഏഴാമത്തേയോ നൂറ്റാണ്ടുകൂടിയാണെന്നാണ് അനുമാനം. ബി.സി. മുന്നൂറാമാണ്ടോടെ ഇവിടം ട്രിപ്പൊളിസിന്റെ (മൂന്നു നഗരങ്ങള്‍ ചേര്‍ന്ന രാജ്യം എന്നര്‍ഥം) തലസ്ഥാനമായിത്തീര്‍ന്നിരുന്നു. സിഡോണ്‍, ടിയ് ര്‍, അരാദാസ് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്ന ഒരു ഫിനീഷ്യന്‍ ഫെഡറേഷനായിരുന്നു ട്രിപ്പൊളിസ്. 198 ബി.സി. മുതല്‍ 64.ബി.സി. വരെ സെല്യൂസിദുകളും 64 ബി.സി മുതല്‍ 638 എ.ഡി. വരെ റോമാക്കാരും ബൈസാന്തിയക്കാരും ഇവിടെ ഭരണം നടത്തിയിരുന്നു. 638-ല്‍ അറബികളുടെ കൈവശമായി. ജനങ്ങള്‍ കാലക്രമേണ അറബി ഭാഷയും ഇസ്ലാം മതവും സ്വീകരിച്ചു. ഒന്നാം കുരിശുയുദ്ധക്കാര്‍ 1109- ല്‍ ട്രിപ്പൊളി തങ്ങളുടെ അധീനതയിലാക്കിയിരുന്നു. നഗരവും ഇവിടെയുണ്ടായിരുന്ന പ്രശസ്തമായ ഒരു ലൈബ്രറിയും കുരിശുയുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടു. കുരിശുയുദ്ധക്കാര്‍ പിന്നീട് നഗരം പുതുക്കിപ്പണിതതിനുശേഷം ഇത് അവരുടെ ഭരണകേന്ദ്രമാക്കി മാറ്റി. ഇതോടെ വിദ്യാഭ്യാസ കേന്ദ്രമായും വാണിജ്യ കേന്ദ്രമായും ഇവിടം വികസിച്ചു തുടങ്ങി. അക്കാലത്തേതെന്നു കരുതുന്ന ദുര്‍ഗഹര്‍മ്യങ്ങളുടെ (castle) അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണുന്നുണ്ട്. ഈജിപ്തിലെ മാമെലൂക്ക് രാജാക്കന്മാര്‍ 1289-ല്‍ ഈ പ്രദേശം ആക്രമിച്ചു കീഴടക്കിയിരുന്നു. ഇവരുടെ ഭരണം 1516-വരെ നിലനിന്നു. തുടര്‍ന്ന് തുര്‍ക്കികളുടെ ഭരണം നിലവില്‍ വന്നു. പിന്നീട് രു വിഭാഗം സിറിയന്‍ രാജാക്കന്മാര്‍ ട്രിപ്പൊളിക്കുവേണ്ടി പരസ്പരം മത്സരം തുടര്‍ന്നു. ഒടുവില്‍ ഈജിപ്തിലെ രാജാവായ ഇബ്രാഹിം പാഷയുടെ നേതൃത്വത്തില്‍ ഈജിപ്ഷ്യന്‍ഭരണം നടപ്പില്‍ വന്നു. ഒന്നാം ലോകയുദ്ധത്തില്‍ ബ്രിട്ടിഷുകാര്‍ ഇവിടം പിടിച്ചടക്കി. 1920-ല്‍ ഫ്രഞ്ച് മാന്‍ഡേറ്ററി ടെറിട്ടറിയായി ഭരണം തുടര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷുകാരും ഫ്രഞ്ചുകാരും ഈ പ്രദേശം കയ്യടക്കിയിരുന്നു.1943-ല്‍ സ്വതന്ത്ര ലെബനന്റെ ഭാഗമായിത്തീര്‍ന്നു. 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ തുറമുഖം വികസിക്കുകയും റെയില്‍ ഗതാഗതം കാര്യക്ഷമമാവുകയും ചെയ്തതോടെയാണ് ട്രിപ്പൊളിയുടെ ആധുനികകാല മുന്നേറ്റം ഉണ്ടായത്. ഒരു എണ്ണ ശുദ്ധീകരണ കേന്ദ്രമായും ഈ നഗരം വികസിച്ചിട്ടുണ്ട്.

2. ഉത്തര ആഫ്രിക്കയിലെ പ്രാചീന നഗരവും ലിബിയയുടെ തലസ്ഥാനവും. ലിബിയയിലെ ഏറ്റവും വലിയ നഗരം കൂടിയാണിത്. തറാബുലുസ് അല്‍ഗാര്‍ബ (Tarabulus al-gharb) എന്നാണ് അറബി നാമം. ലെബനനിലെ ട്രിപ്പൊളിയില്‍ നിന്നും വേര്‍തിരിച്ചറിയുന്നതിനായി പാശ്ചാത്യ ട്രിപ്പൊളി എന്നും അറിയപ്പെടുന്നു. മെഡിറ്ററേനിയന്‍ തീരത്ത് ലിബിയയുടെ വടക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്നു. ലിബിയയിലെ മുഖ്യ തുറമുഖവും വ്യാപാര-വാണിജ്യകേന്ദ്രവും കൂടിയാണിത്. എണ്ണശുദ്ധീകരണം, ആഹാരപദാര്‍ഥങ്ങളുടെ സംസക്കരണം, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങിയവയാണ് മുഖ്യ വ്യവസായങ്ങള്‍.

ട്രിപ്പോളി -ഒരു നഗരദൃശ്യം

ചരിത്രം. ബി.സി. ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാന കാലങ്ങളില്‍ ഫിനീഷ്യര്‍ ഇവിടെയെത്തി വാണിജ്യ ബന്ധമുണ്ടാക്കുകയും നഗരം സ്ഥാപിക്കുകയും ചെയ്തു. പുരാതനകാലത്ത് ഒയിയ (Oea) എന്നായിരുന്നു നഗരത്തിന്റെ പേര്. മറ്റു രണ്ടു സമീപസ്ഥ നഗരങ്ങളായ ലെപ്റ്റിസ് മഗ്ന (Leptis Magna) സബ്രത (Sabratha) എന്നിവയോടൊപ്പം പ്രാമുഖ്യം ലഭിച്ചതോടെ മൂന്നു നഗരങ്ങള്‍ എന്നര്‍ഥം വരുന്ന ട്രിപ്പൊളിസ് എന്ന പേരും ലഭിച്ചിരുന്നു. ബി.സി. 146 മുതല്‍ എ.ഡി. 450 വരെ റോമാക്കാര്‍ ഇവിടെ ഭരണം നടത്തിയിരുന്നു. 5-ാം ശ.-ത്തില്‍ വാന്‍ഡലുകളും 6-ാം ശ.-ത്തില്‍ബൈസാന്തിയക്കാരും ട്രിപ്പൊളിയില്‍ അധികാരം സ്ഥാപിച്ചു.7-ാം ശ.-ല്‍ ട്രിപ്പൊളി അറബികളുടെ ഭരണത്തിലായി. 1146 മുതല്‍ 58 വരെ നോര്‍മന്‍കാരുടെ ഭരണമായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്.വീണ്ടും ഇവിടം അറബികളുടെ അധീനതയിലെത്തി. 1510-ല്‍ സ്പെയിന്‍കാര്‍ ട്രിപ്പൊളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. 1551-ല്‍ തുര്‍ക്കികള്‍ ഈ പ്രദേശം കൈവശപ്പെടുത്തി തങ്ങളുടെ ഒരു പ്രവിശ്യാ തലസ്ഥാനമാക്കി മാറ്റി. കുറേക്കാലം കടല്‍ക്കൊള്ളക്കാരുടെ കേന്ദ്രമായിരുന്നതുമൂലമുണ്ടായ അസ്വസ്ഥതകള്‍ 1801 മുതല്‍ 1805 വരെ യു. എസ്. ഇവിടെ ആക്രമണം (ട്രിപ്പൊളിറ്റന്‍ യുദ്ധം) നടത്തുന്നതിനു വഴിതെളിച്ചു. 1911 മുതല്‍ 43 വരെ ട്രിപ്പൊളി ഇറ്റലിയൂടെ കൈവശമായിരുന്നു. 1943 മുതല്‍ 51-ല്‍ സ്വതന്ത്ര ലിബിയയുടെ ഭാഗമാകുന്നതുവരെ ട്രിപ്പൊളി ബ്രിട്ടിഷ് അധീനതയില്‍ നിലനിന്നു. ഇപ്പോള്‍ ഇത് ലിബിയയിലെ ഒരു പ്രധാന നഗരമാണ്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാര്‍കസ് ഒറീലിയസിന്റെ വിജയമാഘോഷിക്കുന്ന ആര്‍ച്ച് (എ.ഡി.163), 16-ാം ശ.-ത്തിലെ ദുര്‍ഗം, 1736-ലെയും 1883-ലെയും മോസ്ക്കുകള്‍ തുടങ്ങിയ പ്രാചീന സ്മാരകങ്ങള്‍ ഇന്നും ഈ നഗരത്തിന്റെ ശോഭ വര്‍ധിപ്പിച്ചു നിലകൊള്ളുന്നു. പുരാതന നഗര സ്ഥാനത്തിനു ചുറ്റും കരിങ്കല്‍ മതില്‍ നിര്‍മിച്ചിട്ടുള്ളതും വലിയൊരു സവിശേഷതയായി ഇപ്പോഴും കാണാനുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍