This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രിപ്പനോസോമിയാസിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രിപ്പനോസോമിയാസിസ്

Trypanosomiasis

ട്രിപ്പനോസോമ ജനുസ്സില്‍പ്പെടുന്ന പ്രോട്ടോസോവനുകള്‍ മൂലമുണ്ടാവുന്ന രോഗങ്ങള്‍. ട്രിപ്പനോസോമയുടെ മൂന്നു സ്പീഷിസ് മനുഷ്യരില്‍ രോഗകാരകങ്ങളാകാറുണ്ട്. കി. ആഫ്രിക്കയില്‍ കണ്ടുവരുന്ന ട്രിപ്പനോസോമ റോഡേഷ്യന്‍സ് (T.rhodesiense) ആണ് മാരകമായ കിഴക്കനാഫ്രിക്കന്‍ നിദ്രാ രോഗ (sleeping sickness)ത്തിനു കാരണം. മധ്യ ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്തു കുവരുന്ന മറ്റൊരിനം നിദ്രാ രോഗത്തിനു കാരണം ട്രിപ്പനോസോമ ഗാമ്പിയന്‍സ് (T.gambiense) ആണ്. ഈ രണ്ട് ട്രിപ്പനോസോമ രോഗങ്ങളും സെസി ഈച്ചകളാണ് സംക്രമിപ്പിക്കുന്നത്. തെ. അമേരിക്കയില്‍ വ്യാപകമായി കണ്ടുവരുന്ന ചാഗാസ് രോഗം ട്രിപ്പനോസോമ ക്രൂസി (T.cruzii) മൂലമാണുണ്ടാകുന്നത്. ചെള്ളുകളാണ് ഈ രോഗം പടര്‍ത്തുന്നത്.

രണ്ട് ആഫ്രിക്കന്‍ നിദ്രാ രോഗങ്ങളും മാരകങ്ങളാണ്. രോഗം ബാധിച്ച് 2-3 വര്‍ഷത്തിനുശേഷമായിരിക്കും മരണം സംഭവിക്കുക. സെസി ഈച്ചയുടെ കടിയേറ്റ് രണ്ട് ആഴ്ച്ചയ്ക്കു ശേഷം പ്രാരംഭ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പനി, ലസികാഗ്രന്ഥികളുടെ, പ്രത്യേകിച്ച് കഴുത്തിനു പിറകിലുള്ള ഗ്രന്ഥികളുടെ വീക്കം (Winter bottom's sign), തലവേദന, ഉറക്കമില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, മുഖത്തുനീര്, നെഞ്ചത്തും ഉദരഭാഗത്തും തടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. തുടര്‍ന്നു മാസങ്ങള്‍ക്കു ശേഷമോ ചിലപ്പോള്‍ ഒരു വര്‍ഷത്തിനുശേഷമോ ആണ് തലച്ചോറിനെ രോഗം ബാധിക്കുക. ഈ സന്ദര്‍ഭത്തില്‍ കൂടെക്കൂടെ പനിയുണ്ടാവുകയും തലവേദന അസഹ്യമാവുകയും ചെയ്യുന്നു. രോഗിയുടെ മാനസിക നിലയില്‍ തന്നെ വ്യതിയാനങ്ങള്‍ കണ്ടു തുടങ്ങുന്നു. ചില നേരങ്ങളില്‍ അക്രമാസക്തമാവുന്ന രോഗി മറ്റു ചിലപ്പോള്‍ മന്ദത ബാധിച്ച് ഉറക്കം തൂങ്ങിയിരിക്കും. ക്രമേണ രോഗിക്ക് നിവര്‍ന്നു നില്‍ക്കാനോ നേരെ ഇരിക്കാനോ സ്വയം ഭക്ഷണം കഴിക്കാനോ സാധിക്കാതെ വരുന്നു. മിക്കപ്പോഴും മരണം സംഭവിക്കാറുണ്ട്. ട്രിപാര്‍സമൈഡ് (Tryparsamide) എന്ന ആര്‍സനിക് സംയുക്തമാണ് സാധാരണ നിര്‍ദേശിക്കാറുള്ള ഔഷധം. രോഗം വരാതിരിക്കാനായി ട്രിപാര്‍സമൈഡ് മുന്‍കൂട്ടി തന്നെ നല്‍കാറുണ്ട്. സെസി ഈച്ചകളെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്താല്‍ രോഗം സംക്രമിക്കുന്നത് തടയാനാകും. ചിലയിനം ട്രിപ്പനോസോമകള്‍ കന്നുകാലികളെയും ബാധിക്കാറുണ്ട്.

കന്നുകാലികളില്‍. കന്നുകാലികളിലെ ട്രിപ്പനോസോമിയാസിസിന് ട്രിപ്പനോസോമ കോന്‍ഗോലെന്‍സി, ട്രിപ്പനോസോമ വൈവാക്സ്, ട്രിപ്പനോസോമ ബ്രൂസൈ, ട്രിപ്പനോസോമ ഇവാന്‍സി, ട്രിപ്പനോസോമ തൈലേറി, ട്രിപ്പനോസോമ സിമിയേ എന്നീ രോഗാണുക്കളാണ് പ്രധാനമായും കാരണമാകുന്നത്. ഓരോ ഇനവും ഉണ്ടാക്കുന്ന രോഗത്തിന് പ്രത്യേക പേരുണ്ട്. ഉദാ: ട്രിപ്പനോസോമ ബ്രൂസൈ, ട്രിപ്പനോസോമ കോന്‍ഗോലെന്‍സി എന്നിവ 'നഗാന' എന്ന രോഗവും ട്രിപ്പനോസോമ ഇവാന്‍സി 'സറ' എന്ന രോഗവും ട്രിപ്നോസോമ വൈവാക്സ് 'സൗമ' എന്ന രോഗവും ഉണ്ടാക്കുന്നു. തൊഴുത്തിനടുത്ത് ചാണകവും മൂത്രവും കെട്ടിനിന്ന് ഈച്ചകള്‍ യഥേഷ്ടം പെരുകുകയും, അവ പശുക്കളെ കടിക്കുന്നതുവഴി രോഗം പടരുകയും ചെയ്യുന്നു. സെസി (Tsetse), ടബാനസ് (Tabanus), സ്റ്റെമോക്സിസ് (Stemoxys), ഹെമാറ്റോപോട്ട (Haematopota) എന്നീ ഈച്ചകളാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്.

രോഗം ബാധിച്ചാല്‍ പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 1-4 ആഴ്ച എടുക്കും. വിട്ടുവിട്ടുള്ള പനി, വിളര്‍ച്ച, ക്ഷീണം, നെഞ്ചില്‍ നീര്, കണ്ണില്‍ നിന്നും മുക്കില്‍ നിന്നും വെള്ളമൊലിക്കല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 'സറ' (surra) എന്ന രോഗത്തിന്റെ പ്രത്യേക ലക്ഷണം തൊലി ചൊറിഞ്ഞ് തടിക്കലാണ്. രോമം കൊഴിച്ചിലും കണ്ടുവരാറുണ്ട്. ട്രിപ്പനോസോമ തൈലേറി പശുക്കളില്‍ അപൂര്‍വമായി ഗര്‍ഭം അലസലിന് കാരണമാകാറുണ്ട്.

രോഗലക്ഷണങ്ങള്‍ നിരീക്ഷിച്ചും രക്തം പരിശോധിച്ചും രോഗം നിര്‍ണയിക്കാവുന്നതാണ്. ചികിത്സയ്ക്കായി ബെറെനില്‍ (Berenil) പ്രൊസോമിന്‍ (Prosomin) സറാമിന്‍ (Suramin) മുതലായ ഔഷധങ്ങളാണ് ട്രിപ്പനോസോമക്കെതിരെ ഉപയോഗിക്കുന്നത്. ശരീരതൂക്കമനുസരിച്ചാണ് ഔഷധത്തിന്റെ മാത്ര കണക്കാക്കുന്നത്.

കാട്ടുമൃഗങ്ങള്‍ക്കും, കുതിര, പട്ടി, പൂച്ച, പന്നി മുതലായ മൃഗങ്ങള്‍ക്കും ട്രിപ്പനോസോമിയാസിസ് ഉണ്ടാകാറുണ്ട്. പലപ്പോഴും രോഗം ബാധിച്ച മൃഗം മരണമടയുന്നു. നോ: ചാഗാസ് രോഗം, ട്രിപ്പനോസോമ.

(ഡോ.കെ.രാധാകൃഷ്ണന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍