This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെനസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ടെനസി

Tennessee

യു.എസ്സിലെ ദക്ഷിണ-മധ്യ സ്റ്റേറ്റുകളില്‍ ഒന്ന്. അപ്പലേച്ചിയന്‍ നിരകള്‍ക്കും മിസ്സോറിക്കും ഇടയിലായി സ്ഥിതിചെയ്യുന്നു. മിസിസിപ്പി നദിയാണ് അര്‍ക്കന്‍സാസ്, മിസോറി സംസ്ഥാനങ്ങളെ ടെനസിയില്‍നിന്നും വേര്‍തിരിക്കുന്നത്. അതിരുകള്‍: വ. കെന്റക്കി, വിര്‍ജീനിയ, കി. നോര്‍ത് കാരലീന, ജോര്‍ജിയ, തെ. അലബാമ, മിസിസിപ്പി, പടി. മിസിസിപ്പി നദി, വിസ്തീര്‍ണം: 106, 759 ച.കി.മീ.; ജനസംഖ്യ: 4877185 (1990); തലസ്ഥാനം : നഷ്വീല്‍ (Nashville).

ടെനസി

ചരിത്രത്തില്‍ നിരവധി പേരുകളില്‍ ടെനസി സ്റ്റേറ്റ് അറിയപ്പെടുന്നു. ഇതിന്റെ ചരിത്രവും പ്രത്യേക ഭൂപ്രകൃതിയുമാണ് ഇതിനു കാരണം. 19-ാം ശ.-ല്‍ ഈ സംസ്ഥാനം 'വോളണ്ടിയര്‍ സംസ്ഥാനം' (volunteer state) എന്ന് അറിയപ്പെട്ടിരുന്നു. 1812-ലെ യുദ്ധത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ടെനസിക്കാര്‍ സ്വയം സന്നദ്ധരായതില്‍നിന്നാണ് പ്രസ്തുത പേര് ലഭിച്ചിട്ടുള്ളത്. മുമ്പ് 'മദര്‍ ഒഫ് സൌത്ത് വെസ്റ്റേണ്‍ സ്റ്റേറ്റ്സ്' (Mother of south western states) എന്ന പേരിലും ടെനസി അറിയപ്പെട്ടിരുന്നു. 1800-കളില്‍ അമേരിക്കന്‍ സമ്പദ്ഘടനയെ വന്‍തോതില്‍ സ്വാധീനിച്ച ടെനസി ഉത്പന്നങ്ങള്‍ (പ്രധാനമായും പന്നിയിറച്ചിയും ചോളവും) സംസ്ഥാനത്തിന് 'ഹോഗ് ആന്റ് ഹോമിനി (Hog and Hominy) സ്റ്റേറ്റ്' എന്ന നാമം പ്രദാനം ചെയ്തു. 'ബിഗ് ബെന്‍ഡ് സ്റ്റേറ്റ്' (Big Bend State) എന്നും ഇതറിയപ്പെടുന്നുണ്ട്. ടെനസി നദി ഇവിടെ തീര്‍ക്കുന്ന വക്രാകൃതിയിലുള്ള പഥമാണ് ഈ പേരിന് ആധാരം. 'ടനസി' എന്ന ഗ്രാമനാമത്തില്‍നിന്നാണ് സംസ്ഥാന നാമമായ ടെനസി നിഷ്പന്നമായിട്ടുള്ളത്.


ഭൂപ്രകൃതി

വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മൂന്നു പ്രധാന ഭൂവിഭാഗങ്ങളുടെ ചില ഭാഗങ്ങള്‍ ടെനസിയില്‍പ്പെടുന്നു. കി. പ. എന്ന ക്രമത്തില്‍ ഇവ അപ്പലേച്ചിയന്‍ ഉന്നതതടങ്ങള്‍, മധ്യ നിമ്നസമതലങ്ങള്‍, ഗള്‍ഫ് തീരസമതലങ്ങള്‍ എന്നിങ്ങനെ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഫലഭൂയിഷ്ഠമായ മണ്ണ്, സമൃദ്ധമായി ലഭിക്കുന്ന മഴ, സൗമ്യമായ കാലാവസ്ഥ എന്നിവ ഇവിടത്തെ അനുകൂല നൈസര്‍ഗിക ഘടകങ്ങളാകുന്നു.

ടെനസിയിലെ പ്രധാന നഗരം

സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലായി വ. കി., തെ. പടി. ദിശയില്‍ സ്ഥിതിചെയ്യുന്ന പര്‍വതശൃംഖലയാണ് അപ്പലേച്ചിയന്‍ ഉന്നതതടങ്ങള്‍. ഈ പര്‍വതനിരകളില്‍ ഉള്‍പ്പെടുന്നതും 1800 മീ. -ലേറെ ഉയരമുള്ളതുമായ പതിനഞ്ചിലധികം കൊടുമുടികള്‍ ടെനസിയിലാണ്. 'ക്ളിങ്മാന്‍സ് ഡോം (Clingman's Dome) ആണ് സംസ്ഥാനത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി (2013 മീ.). അപ്പലേച്ചിയന്‍ പര്‍വതത്തിന് തെ. പ. ആയി ഉന്നതതടങ്ങളും താഴ്വാരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശം 'ഗ്രേറ്റ്വാലി' എന്ന പേരില്‍ അറിയപ്പെടുന്നു. പര്‍വതനിരകളുടേയും താഴ്വരകളുടേയും സമാന്തര നിര ഇവിടത്തെ ഭൂപ്രകൃതിയുടെ പ്രത്യേകതയാണ്. 'ഗ്രേറ്റ്വാലി'യുടെ പ. സ്ഥിതിചെയ്യുന്ന കുംബര്‍ലന്‍ഡ് പീഠഭൂമിക്ക് 600 മീ. -ലേറെ ഉയരമുണ്ട്. ചെങ്കുത്തായ ചരിവോടുകൂടിയ ഒരു ഭൂപ്രദേശമാണിത്.

ടെനസിയിലെ മധ്യ-നിമ്നതടങ്ങള്‍ യു.എസ്സിലെ തന്നെ വിസ്തൃതമായ ഒരു ഉള്‍നാടന്‍ ഭൂവിഭാഗത്തിന്റെ ഭാഗമാണ്. 'ക്വസ്റ്റാസ്' (cuestas) എന്നു പേരുള്ളതും ഒരു വശം കുത്തനെ ചരിഞ്ഞതുമായ ഉന്നത നിരകള്‍, ഉയരം കുറഞ്ഞ പീഠഭൂമികള്‍, നാഷ്വീല്‍ തടം തുടങ്ങിയവ ഈ ഭൂവിഭാഗത്തിന്റെ പ്രത്യേകതകളാണ്. നാഷ്വീല്‍ തടത്തിനു ചുറ്റുമുള്ള ഭൂപ്രദേശത്തെ 'ഹൈലന്‍ഡ് റിം' (Highland rim) എന്നു വിളിക്കുന്നു.

വളരെ വിശാലമായ ഒരു ഭൂഭാഗമാണ് ടെനസിയുടെ ഗള്‍ഫ് തീരപ്രദേശം. ഇത് മെക്സിക്കന്‍ ഉള്‍ക്കടലില്‍ നിന്നുമാരംഭിച്ച് സംസ്ഥാനത്തിന്റെ പടി. ഭാഗത്തേക്കു വ്യാപിച്ചിരിക്കുന്നു. ടെനസിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 'ജാക്സണ്‍ സമതലം' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മിസിസിപ്പി-ടെനസി നദികള്‍ക്കിടയിലുള്ള ഫലഭൂയിഷ്ഠമായ ഒരു നിമ്നോന്നത സമതലപ്രദേശമായ ഗള്‍ഫ് തീരസമതലത്തിന്റെ തെ. പടിഞ്ഞാറേയറ്റത്താണ് ടെനസിയിലെ ഏറ്റവും താഴ്ന്ന പ്രദേശം സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ

യു.എസ്സിലെ അപ്പലേച്ചിയന്‍ പര്‍വത കാലാവസ്ഥാവിഭാഗത്തിലാണ് ടെനസിയുടെ സ്ഥാനം. ഈര്‍പ്പം നിറഞ്ഞ ഈ കാലാവസ്ഥയ്ക്ക് ഉത്തര യു.എസ്സിലെ കാഠിന്യമുള്ള വന്‍കര കാലാവസ്ഥയോടും, ദക്ഷിണ ഭാഗത്തെ ഉപോഷ്ണമേഖലാ കാലാവസ്ഥയോടും സാമ്യമുണ്ട്. താരതമ്യേന ചൂടു കൂടുതലുള്ള വേനല്‍ക്കാലം, മിതമായ തണുപ്പോടുകൂടിയ മഞ്ഞുകാലം, സുലഭമായ മഴ എന്നിവ ഈ കാലാവസ്ഥാവിഭാഗത്തിന്റെ പ്രത്യേകതകളാണ്.

ജലസമ്പത്ത്

സംസ്ഥാനത്തിലെ നദികളെയെല്ലാം മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എത്തിക്കുന്നത് ഒഹായോ-മിസിസിപ്പി നദീശൃംഖലകളാണ്. സംസ്ഥാനത്തിന്റെ പകുതിയിലധികം ഭാഗങ്ങളെയും പ്രധാന നദിയായ ടെനസിയും അതിന്റെ പോഷക നദികളും ചേര്‍ന്ന്് ജലസേചിതമാക്കുന്നു; ബാക്കി പ്രദേശങ്ങളെ കുംബര്‍ലന്‍ഡ് - മിസിസിപ്പി നദികള്‍ ചേര്‍ന്നും. 1811-12-ലെ നൂമാഡ്രിഡ് (New Madrid) ഭൂകമ്പത്തില്‍ രൂപമെടുത്ത റീല്‍ഫൂട്ട് (Reelfoot) തടാകമാണ് ടെനസിയിലെ ഏക നൈസര്‍ഗിക ജലാശയം. ഏറ്റവും വലിയ തടാകമായ കെന്റക്കിയെ കെന്റക്കി, ടെനസി സംസ്ഥാനങ്ങള്‍ പങ്കിടുന്നു. ഭാഗികമായോ പൂര്‍ണമായോ സംസ്ഥാനത്തിനുള്ളില്‍വരുന്ന മറ്റു ജലാശയങ്ങള്‍, ബര്‍ക്ക്ലി, സെന്റര്‍ ഹില്‍, ചെറോകി, ചികമങ്ഗ, ഡേല്‍ ഹോളോ, ഡഗ്ളസ് നോറിസ്, ഓള്‍ഡ് ഹിക്കറി, വാട്സ് ബാര്‍ ലേക്സ് എന്നിവയാണ്.

സസ്യജാലം

മുമ്പ് സസ്യസമൃദ്ധമായൊരു പ്രദേശമായിരുന്നു ടെനസി. എന്നാല്‍ ഇന്ന് അപ്പലേച്ചിയനിലെ ഉയരം കൂടിയതും ഒറ്റപ്പെട്ടു കിടക്കുന്നതുമായ ഭാഗങ്ങളൊഴികെയുള്ള പ്രദേശങ്ങളിലെ വനങ്ങളെല്ലാം അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തിന്റെ പകുതിയോളം ഭാഗങ്ങളില്‍ വ്യാപിച്ചിരിക്കുന്ന രണ്ടാംകിട വനങ്ങള്‍ വ്യാപാരാവശ്യങ്ങള്‍ക്കുള്ള തടിയുടെ പ്രധാന ഉറവിടമായി മാറിയിട്ടുണ്ട്. വനവിഭവങ്ങളെ ആശ്രയിക്കുന്ന പേപ്പര്‍ - അനുബന്ധ വ്യവസായങ്ങള്‍ സംസ്ഥാനത്തുടനീളം കാണുന്നു. വിലപിടിപ്പുള്ളതും കടുപ്പമുള്ളതുമായ നല്ലയിനം തടികള്‍ ഇവിടത്തെ വനങ്ങളില്‍നിന്നും ലഭിക്കുന്നു.

സമ്പദ്ഘടന

മുമ്പ് ഒരു കാര്‍ഷിക സമ്പദ്ഘടനയായിരുന്നു ഇവിടെ നിലനിന്നിരുന്നത്. രണ്ടാംലോകയുദ്ധത്തിനുശേഷമുണ്ടായ പുരോഗതി വ്യാവസായിക സമ്പദ്ഘടനയിലേക്ക് മാറാന്‍ സംസ്ഥാനത്തെ സഹായിച്ചു. 1930 -കള്‍ക്കുശേഷം കാര്‍ഷിക വ്യവസ്ഥിതിയില്‍നിന്നും വ്യാവസായികതയിലേക്ക് കാലൂന്നിയ ടെനസിയുടെ സമ്പദ്ഘടനയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകം ഇവിടത്തെ ഉത്പാദനമേഖലയാണ്. കൃഷിയുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ഇത് ഇവിടത്തെ ഒരു പ്രധാന ജീവിതോപാധിയാണ്. കന്നുകാലിവളര്‍ത്തലും ഒരു പ്രധാന ഉപജീവനമാര്‍ഗം തന്നെ. പരുത്തി, പുകയില, സോയാബീന്‍സ് തുടങ്ങിയവയാണ് പ്രധാന വിളകള്‍. മുമ്പ് മലഞ്ചരിവുകളിലെ കൃഷിയിടങ്ങള്‍ വന്‍തോതിലുള്ള മണ്ണൊലിപ്പുഭീഷണി നേരിട്ടിരുന്നു. ടെനസിവാലി അതോറിറ്റി (TVA) പോലുള്ള പദ്ധതികള്‍ നടപ്പാക്കിയതോടെ മണ്ണൊലിപ്പ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ സംസ്ഥാന ഭരണകൂടത്തിനു കഴിഞ്ഞിട്ടുണ്ട്.

ടെനസിയിലെ ഒരു പുകയിലപ്പാടം

പ്രധാന കാര്‍ഷികവിളകളായ പരുത്തിയും പുകയിലയും യഥാക്രമം ഫലഭൂയിഷ്ഠമായ പടിഞ്ഞാറന്‍ ടെനസി സമതലങ്ങളിലും, മധ്യ-കിഴക്കന്‍ ഭാഗങ്ങളിലും കൃഷി ചെയ്യപ്പെടുന്നു. വളരെ സുഖകരമായ യാത്രയ്ക്കു പേരുകേട്ട 'ടെനസി വാക്കിങ് ഹോഴ്സ്' എന്ന സങ്കരയിനം കുതിര ടെനസിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഇരുമ്പുരുക്കു വ്യവസായമുള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ ഇവിടെയുണ്ടെങ്കിലും വ്യാവസായികോത്പന്നങ്ങളില്‍ രാസവസ്തുക്കള്‍, കൃത്രിമനാരുകള്‍, വൈദ്യുത സാമഗ്രികള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയ്ക്കാണ് മുന്‍തൂക്കം. സംസ്ഥാനത്തിലെ വന്‍നഗരങ്ങളിലായി പ്രധാന വ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അപ്പലേച്ചിയന്‍ പര്‍വതനിരകളിലെ കരകൗശല ഉത്പന്നങ്ങള്‍ ടെനസി സോര്‍ - മാഷ് വിസ്കി (Tennessee sour -mash whisky) തുടങ്ങിയവ ഇവിടത്തെ മറ്റു പരമ്പരാഗത വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു.

ഖനനത്തിന്റെ തോത് കുറവാണെങ്കിലും വൈവിധ്യമാര്‍ന്ന ഉപയോഗവും ദേശീയ പ്രാധാന്യവും ഇതു നേടിയെടുത്തിരിക്കുന്നു. ബാള്‍ ക്ളേ (BAll clay), പൈറൈറ്റ്, സിങ്ക്, ഫോസ്ഫേറ്റ് പാറ, മാര്‍ബിള്‍, ഫുള്ളേഴ്സ് എര്‍ത്ത് തുടങ്ങിയവയുടെ ഒരു പ്രധാന ഉത്പാദനകേന്ദ്രമാണ് ടെനസി. മൊത്ത ഉത്പാദനമൂല്യത്തിന്റെ കാര്യത്തില്‍ കല്‍ക്കരി, സിങ്ക്, സിമന്റ്, മണല്‍, ചരല്‍, ഫോസ്ഫേറ്റ് പാറ എന്നിവ മുന്നില്‍ നില്‍ക്കുന്നു. സ്വര്‍ണം, വെള്ളി, പെട്രോളിയം, പ്രകൃതി വാതകം തുടങ്ങിയവയും ഇവിടെ ചെറിയതോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

ഗതാഗതവും വാര്‍ത്താവിനിമയവും

18-ാം ശ. മുതല്‍തന്നെ പല പ്രധാന ഗതാഗതമാര്‍ഗങ്ങളും ടെനസിയില്‍ നിലവിലുണ്ടായിരുന്നു. ഒരു മുഖ്യ ഉള്‍നാടന്‍ തുറമുഖം കൂടിയായ മെംഫിസ് (Memphis) ആണ് പ്രധാന ഗതാഗതകേന്ദ്രം. മിസിസിപ്പി, ടെനസി എന്നീ നദികളും ഒരു ചെറിയ അളവുവരെ കുംബര്‍ലന്‍ഡു നദിയും ജലഗതാഗതത്തിന് ഉപയോഗിക്കപ്പെടുന്നു. ഈ നദികളിലെ ഗതാഗതയോഗ്യമായ ചാനലുകള്‍ക്ക് ഏതാണ്ട് 1610 കി.മീ. ദൈര്‍ഘ്യമുണ്ട്. മെംഫിസ്, നോക്ക്സ്വീല്‍, ചാറ്റനൂഗ, നാഷ്വീല്‍ എന്നീ നഗരങ്ങളിലുള്ള മുഖ്യ വിമാനത്താവളങ്ങളെ കൂടാതെ ബ്രിസ്റ്റോള്‍, ജോണ്‍സണ്‍സിറ്റി, കിങ്സ്പോര്‍ട്ട് എന്നീ മൂന്നു നഗരങ്ങളെ ബന്ധിപ്പിക്കുന്ന അഞ്ചാമതൊരു വിമാനത്താവളംകൂടി ഇവിടെ പ്രവര്‍ത്തിക്കുന്നു.

13580 കി.മീ. ആണ് ടെനസിയിലെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം (1991); റെയില്‍പ്പാതയ്ക്ക് 3960 കി.മീ. (1988) ഉം. മെംഫിസ് നഗരത്തില്‍ ഒരു 'ട്രാംവേ' പ്രവര്‍ത്തിക്കുന്നു. 1989-ല്‍ ഇവിടെയുണ്ടായിരുന്ന 152 വിമാനത്താവളങ്ങളില്‍ 74 എണ്ണം പൊതു മേഖലയിലും 78 എണ്ണം സ്വകാര്യ മേഖലയിലുമായിരുന്നു.

ജനങ്ങളും ജീവിതരീതിയും

ജനങ്ങളില്‍ ഏറിയപങ്കും ക്രിസ്തുമത വിശ്വാസികളാണ്. ടെനസിയിലെ പ്രധാന നഗരങ്ങളിലെ ജനസംഖ്യ (1994): മെംഫിസ് 614, 289; നാഷ്വീല്‍ 504, 505; നോക്സിവീല്‍ 169, 311; ചാറ്റനൂഗ 152, 259; ക്ളാര്‍ക്സ്വീല്‍ 92, 116; ജാക്സണ്‍ 52, 243; ജോണ്‍സണ്‍സിറ്റി 51, 573; മര്‍ഫ്രീസ്ബറോ 56, 194; കിങ്ഗ്പോര്‍ട്ട് 38, 476; ഓക്റിഡ്ജ് 28, 209. 1994-ലെ ജനസംഖ്യയനുസരിച്ചുള്ള പ്രധാന മെട്രോപൊളിറ്റന്‍ പ്രദേശങ്ങളും അവയിലെ ജനസംഖ്യയും: മെംഫിസ് (1,056,096), നാഷ്വീല്‍ (1,069,648), നോക്സ്വീല്‍ (631,107), ചാറ്റനൂഗ (439,189), ജോണ്‍സണ്‍ സിറ്റി - ബ്രിസ്റ്റോള്‍ കിങ്സ്പോര്‍ട്ട് (450, 641), ക്ളാര്‍ക്സ്വീല്‍ (186, 017), ജാക്സണ്‍ (82,557).

ടെനസിയിലെ ഒരു പാടശേഖരം

7 മുതല്‍ 17 വരെ വയസ്സുള്ളവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നിര്‍ബന്ധിതമാണ്. സംസ്ഥാന ഗവര്‍ണര്‍ ഉള്‍പ്പെടുന്ന സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡില്‍ ഗവര്‍ണര്‍ നിയമിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ കമ്മീഷണറും മറ്റ് 9 അംഗങ്ങളുമുണ്ട്. 1800-കളില്‍ തന്നെ പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടെനസിയില്‍ ഉടലെടുത്തിരുന്നു. ബ്ളൗണ്ട് കോളജ് (Blount college) എന്ന പേരില്‍ 1794-ല്‍ ചാര്‍ട്ടര്‍ ചെയ്ത ടെനസി സര്‍വകലാശാല 1879-ലാണ് ഇപ്പോഴത്തെ പേരില്‍ പുനഃസംഘടിപ്പിക്കപ്പെട്ടത്. നോക്സ് വീലിലുള്ള പ്രധാന കാമ്പസിനെ കൂടാതെ ഈ സര്‍വകലാശാലയ്ക്ക് നാഷ്വീല്‍, ടൂലഹോമ, ഓക്റിഡ്ജ്, മാര്‍ട്ടിന്‍ എന്നിവിടങ്ങളിലും കാമ്പസുകള്‍ ഉണ്ട്. വാന്‍ഡര്‍ബില്‍റ്റ് (Vander bilt) സര്‍വകലാശാല (1873) ടെനസി സ്റ്റേറ്റ് യൂണിവേഴ്സിറ്റി (1912) യൂണിവേഴ്സിറ്റി ഒഫ് ടെനസി (1886), മെംഫിസ് സര്‍വകലാശാല (1912), ഫിസ്ക് സര്‍വകലാശാല (1866), തുടങ്ങിയവയാണ് ടെനസിയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

ചരിത്രം

ചരിത്രാതീതകാലത്തുണ്ടായിരുന്ന മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങള്‍ ടെനസിയില്‍ കണ്ടെത്തിയിട്ടുണ്ട്. 15,000 വര്‍ഷങ്ങള്‍ക്കുമുമ്പ് എത്തിയതെന്നു കരുതുന്ന പാലിയോ ഇന്ത്യന്‍ വംശജരെത്തുടര്‍ന്ന് ആര്‍ക്കായിക്, വുഡ്ലാന്‍ഡ്, മിസിസിപ്പിയന്‍ എന്നീ വംശജര്‍ ഇവിടെ എത്തിയതായി കരുതപ്പെടുന്നു. 16-ാം ശ. -ത്തില്‍ യൂറോപ്യന്‍മാര്‍ എത്തുമ്പോള്‍ പ്രധാനമായി ഇവിടെയുണ്ടായിരുന്നത് ചെരുക്കി (പൂര്‍വ ടെനസിയില്‍), ചിക്കാസ (പശ്ചിമ ടെനസിയില്‍), ഷാവ്നി (മധ്യ ടെനസിയില്‍) എന്നീ അമേരിന്ത്യന്‍ വംശ വിഭാഗങ്ങളിലുള്ളവരായിരുന്നു. കിഴക്കന്‍ ടെനസിയിലൂടെ പ്രവേശിച്ച (1540-41) സ്പെയിന്‍കാരാണ് ഇവിടെ ആദ്യമായി സ്ഥാനമുറപ്പിച്ച യൂറോപ്യന്മാര്‍ എന്നു കരുതപ്പെടുന്നുണ്ട്. ഇവിടെയെത്തിയ ആദ്യ സ്പാനിഷ് പര്യവേക്ഷകനാണ് ഹെര്‍നാന്‍ഡോ ദെ സോട്ടോ. 17-ാം ശ. -ത്തിന്റെ രണ്ടാം പകുതിയില്‍ ഫ്രഞ്ചുകാരും ഇംഗ്ളീഷുകാരും ഇവിടെയെത്തി പല സ്ഥലങ്ങളും കയ്യടക്കി. മേല്‍ക്കോയ്മക്കായി ഇവര്‍ തമ്മില്‍ മത്സരിച്ചിരുന്നു. 1763-ലെ പാരീസ് ഉടമ്പടിപ്രകാരം ഫ്രഞ്ചുകാരും ഇന്ത്യരും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചപ്പോള്‍ ഫ്രഞ്ചുകാര്‍ മിസിസിപ്പിക്കു കിഴക്കുള്ള പ്രദേശങ്ങളിലെ തങ്ങളുടെ അവകാശം ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തു. ഇതോടെ ഇവിടം നോര്‍ത്ത് കരോലിന കോളനിയുടെ ഭാഗമായി. തുടര്‍ന്ന് യൂറോപ്യന്മാരുടെ സ്ഥിരമായ അധിനിവേശം ആരംഭിച്ചു. കുടിയേറ്റക്കാര്‍ തങ്ങളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്കായി വാറ്റൗഗാ (Watauga) അസ്സോസിയേഷന്‍ എന്ന പേരില്‍ ഒരു പ്രാദേശിക ഭരണസമിതി 1772-ല്‍ രൂപീകരിച്ചു. ജോണ്‍ സെവിയറും ജെയിംസ് റോബര്‍ട്ട്സണും ഇതിന്റെ നേതാക്കളായിരുന്നു. വാറ്റൌഗാ അസ്സോസിയേഷന്‍ ഭരണപ്രദേശം പിന്നീട് വാഷിങ്ടണ്‍ ഡിസ്ട്രിക്റ്റ് ആയി. 1776-ല്‍ ഇത് നോര്‍ത്ത് കരോലിനയുടെ നിയന്ത്രണത്തിലാവുകയും 1777-ല്‍ വാഷിങ്ടണ്‍ കൗണ്ടി ആയി മാറുകയും ചെയ്തു.

നാഷ് വീലിലെ കാപ്പിറ്റോള്‍ മന്ദിരം

അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ എടുത്തുപറയത്തക്ക സേവനമനുഷ്ഠിച്ച ടെനസിക്കാരനാണ് ജോണ്‍ സെവിയര്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടെനസിസേന കിങ്സ്മൗണ്ടന്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ തോല്പിക്കാന്‍ സഹായിച്ചു (1780 ഒ.). നോര്‍ത്ത് കരോലിന 1784-ല്‍ ടെന്നസി പ്രദേശങ്ങള്‍ ഫെഡറല്‍ ഗവണ്‍മെന്റിന് വിട്ടുകൊടുത്തതിനോട് ഇവിടത്തെ അധിവാസികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. വിട്ടുകൊടുത്ത പ്രദേശം ഉള്‍പ്പെടുത്തി പൂര്‍വ ടെനസിയിലെ നിവാസികള്‍ സ്വാതന്ത്ര്യസമരാനന്തരം ഫ്രാങ്ക്ളിന്‍ സംസ്ഥാനം രൂപവത്ക്കരിച്ചു (1784). ഇവര്‍ ഒരു ഭരണഘടനയുണ്ടാക്കുകയും ജോണ്‍ സെവിയറെ മൂന്നു വര്‍ഷത്തേക്ക് ഗവര്‍ണറായി നിയമിച്ചുകൊണ്ട് ഫെഡറേഷനിലെ 14-ാമതു സംസ്ഥാനമായി നില്‍ക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഈ സംസ്ഥാനത്തെ അംഗീകരിക്കുവാന്‍ ഫെഡറല്‍ കോണ്‍ഗ്രസ്സോ നോര്‍ത്ത് കരോലിനയോ തയ്യാറായില്ല. 1788-ല്‍ നോര്‍ത്ത് കരോലിന ഇവിടം ആക്രമിച്ചു ചേര്‍ക്കുന്നതുവരെയുള്ള നാലു വര്‍ഷം മാത്രമേ ഫ്രാങ്ക്ളിന്‍ സംസ്ഥാനം നിലനിന്നുള്ളൂ. തുടര്‍ന്ന് നോര്‍ത്ത് കരോലിന ഇവിടം ഫെഡറല്‍ ഗവണ്‍മെന്റിനു വീണ്ടും വിട്ടുകൊടുത്തു (1789). ടെനസി പ്രദേശം മുഴുവനും സൗത്ത് വെസ്റ്റ് ടെറിറ്ററി (ഒഹായോ നദിക്കു തെക്കുള്ള പ്രദേശം) എന്ന പേരില്‍ യു.എസ്. 1790-ല്‍ പുനഃസംഘടിപ്പിച്ച് വില്യം ബ്രൌണ്ടിനെ ഗവര്‍ണറായി നിയമിച്ചു. തുടര്‍ന്ന് ടെനസി 1796 ജൂണ്‍ 1-ന് യു.എസ്സിലെ 16-ാമതു സംസ്ഥാനമായി മാറി. സെവിയര്‍ ആയിരുന്നു ആദ്യ ഗവര്‍ണര്‍, തലസ്ഥാനം നോക്സ്വീല്‍.

ഗ്രേറ്റ് ബ്രിട്ടനുമായി 1812-ല്‍ യു.എസ്. ആരംഭിച്ച യുദ്ധത്തിന്റെ തുടര്‍ച്ചയായ ന്യൂ ഓര്‍ലിയന്‍സ് യുദ്ധത്തില്‍ (1815) ടെനസിയാണ് മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും കൂടുതല്‍ സേനയെ നല്‍കിയത്. ടെനസിക്കാരനായ ആന്‍ഡ്രൂ ജാക്സന്റെ (ഏഴാമതു യു.എസ്. പ്രസിഡന്റ്) നേതൃത്വത്തില്‍ യുദ്ധവിജയമുണ്ടായി. യു.എസ്. പ്രസിഡന്റായ ആദ്യ ടെനസിക്കാരന്‍ ഇദ്ദേഹമാണ്. പ്രസിഡന്റായ രണ്ടാമത്തെ ടെനസിക്കാരന്‍ ജെയിംസ് പോക്ക് (1844) ആണ്. 19-ാം ശ. -ത്തിന്റെ ആദ്യപകുതിയില്‍ ടെനസി അതിവേഗം വികാസം പ്രാപിക്കുകയും യു.എസ്സിലെ മധ്യ-ദക്ഷിണ സ്റ്റേറ്റുകളില്‍ രാഷ്ട്രീയമായും സാമ്പത്തികമായും പ്രാധാന്യമുള്ളതായിത്തീരുകയും ചെയ്തു.

അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത് ടെനസി ഒരു പ്രധാന യുദ്ധമേഖലയായിരുന്നു. ഇക്കാലത്ത് പൂര്‍വ ടെനസി യൂണിയന്‍ പക്ഷത്തും, മധ്യ ടെനസിയും പശ്ചിമ ടെനസിയും കോണ്‍ഫെഡറേറ്റ് പക്ഷത്തും നിലകൊണ്ടു. ഒടുവില്‍ ടെനസി പൂര്‍ണമായും കോണ്‍ഫെഡറേറ്റ് ഭാഗത്തായി. ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍ യൂണിയനില്‍നിന്നും ഏറ്റവും ഒടുവില്‍ പിരിഞ്ഞുപോയ സംസ്ഥാനമായിരുന്നു ടെനസി (1861 ജൂണ്‍). ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോള്‍ കോണ്‍ഫെഡറേറ്റ് സ്റ്റേറ്റുകളില്‍നിന്നും യൂണിയനിലേക്ക് ആദ്യം തിരിച്ചെടുക്കപ്പെട്ട സംസ്ഥാനവും ടെനസിയാണ് (1866 ജൂല.).

യുദ്ധത്തകര്‍ച്ച ടെനസിക്ക് ഏറെ ക്ളേശകരമായിരുന്നു. വസ്തുവകകള്‍ക്ക് പരക്കെ നാശമുണ്ടായി. സംസ്ഥാനത്തിന്റെ കടബാധ്യത വര്‍ധിച്ചു, വ്യവസായം മുരടിച്ചു, കാര്‍ഷികമേഖല തകര്‍ന്നു. നീഗ്രോകളും വെള്ളക്കാരും തമ്മിലുള്ള ബന്ധവും വഷളായി. വെള്ളക്കാരുടെ മേധാവിത്വത്തിനുവേണ്ടിയുള്ള നീഗ്രോ വിരുദ്ധസംഘടനയായ കൂ ക്ലക്സ് ക്ലാന്‍ ടെനസിയിലെ പുലാസ്കയില്‍ രൂപം കൊള്ളുകയും ചെയ്തു (1865-66).

1870-ല്‍ ടെനസിക്ക് ഒരു പുതിയ ഭരണഘടനയുണ്ടായി. യുദ്ധാനന്തരം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ടെനസിയെ ക്രമേണ അഭിവൃദ്ധിയിലെത്തിച്ചു. പാഠ്യപദ്ധതി സംബന്ധിച്ച സ്കോപ്പസ് വിചാരണയിലൂടെ ടെനസി 1925-ല്‍ അന്താരാഷ്ട്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. 1930-കളിലെ സാമ്പത്തികമാന്ദ്യം ടെനസിയെയും പ്രതികൂലമായി ബാധിച്ചു. ടെനസിയുടെ വികസനം ലക്ഷ്യമിട്ട് യു.എസ്. ഗവണ്‍മെന്റ് 1933-ല്‍ ടെനസി വാലി അതോറിറ്റി എന്ന ഗവണ്‍മെന്റ് കോര്‍പ്പറേഷന്‍ രൂപവത്ക്കരിച്ചു. സംസ്ഥാനത്തിന്റെ ഇന്നത്തെ വ്യാവസായികാഭിവൃദ്ധിക്ക് അടിത്തറയിടുന്നതില്‍ ടെനസി വാലി അതോറിറ്റിക്ക് പ്രധാന പങ്കുണ്ട്. രണ്ടാം ലോകയുദ്ധാനന്തരം ടൂറിസം ഒരു പ്രധാന വരുമാനമാര്‍ഗമായി. 1960-കളുടെ ഒടുവില്‍ ടെനസിയില്‍ വര്‍ണവിവേചനം രൂക്ഷമായി. നീഗ്രോകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുംവേണ്ടി നടത്തപ്പെട്ട പൌരാവകാശസമരത്തിന്റെ പ്രമുഖ നേതാവും ബാപ്റ്റിസ്റ്റ് മതപുരോഹിതനുമായ, അമേരിക്കന്‍ ഗാന്ധി എന്നു ഖ്യാതി നേടിയ, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് 1968 ഏ. 4-ന് ടെനസിയിലെ മെംഫിസില്‍ കൊല്ലപ്പെട്ടു.

ടെനസിയില്‍ മൂന്നു തവണ (1796, 1834, 1870) ഭരണഘടനാനിര്‍മാണം നടന്നു. 1870-ല്‍ രൂപവത്ക്കരിച്ച് നിരവധി ഭേദഗതികള്‍ വരുത്തിയ ഭരണഘടനപ്രകാരമാണ് ഇപ്പോള്‍ ഭരണം നടക്കുന്നത്. ഗവര്‍ണറാണ് സംസ്ഥാന ഭരണത്തലവന്‍. ഗവര്‍ണറെ നാലു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കുന്നു. തുടര്‍ച്ചയായി രണ്ടുതവണത്തേക്കു മാത്രമേ ഒരു ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെടാവൂ എന്ന നിബന്ധനയുണ്ട്. നിയമനിര്‍മാണ സഭയ്ക്ക് രണ്ടു മണ്ഡലങ്ങളുണ്ട്. രണ്ടു വര്‍ഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന ഹൗസ് ഒഫ് റെപ്രസെന്റേറ്റീവ്സും നാലു വര്‍ഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന സെനറ്റും ചേര്‍ന്നതാണ് ഇത്. നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും മേയറും കൗണ്‍സിലും ചേര്‍ന്ന ഭരണസംവിധാനമാണുള്ളത്. രാഷ്ട്രീയമായി പൊതുവേ രണ്ടു ചേരികളിലായാണ് ടെനസിക്കാരുടെ നിലപാട്. പൂര്‍വ ടെനസി റിപ്പബ്ളിക്കന്‍ ഭൂരിപക്ഷപ്രദേശവും, പശ്ചിമ, മധ്യ ടെനസികള്‍ ഡെമോക്രാറ്റിക് ഭൂരിപക്ഷപ്രദേശവുമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%86%E0%B4%A8%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍