This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടെര്‍മിനല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടെര്‍മിനല്‍

Terminal

കംപ്യൂട്ടറിനും ഉപയോക്താവിനും പരസ്പരം വാര്‍ത്താവിനിമയം നടത്താന്‍ സഹായിക്കുന്ന ഉപകരണം. പൊതു ടെര്‍മിനലുകള്‍, സവിശേഷ ടെര്‍മിനലുകള്‍ എന്നിങ്ങനെ ഇവയെ രണ്ടായി വര്‍ഗീകരിക്കാം.

1. പൊതു ടെര്‍മിനലുകള്‍. ഈ വിഭാഗത്തില്‍ സന്ദേശ കൈമാറ്റ ടെര്‍മിനലുകള്‍, വിവര കൈമാറ്റ ടെര്‍മിനലുകള്‍, വിശിഷ്ട ഡേറ്റാബേസ് ടെര്‍മിനലുകള്‍ എന്നിങ്ങനെ മൂന്നിനങ്ങളുണ്ട്.

i.സന്ദേശ കൈമാറ്റ ടെര്‍മിനലുകള്‍. ഈ ഇനം ടെര്‍മിനലുകളില്‍ സന്ദേശങ്ങള്‍ ഇ-മെയില്‍ രീതിയിലാണ് വിനിമയം ചെയ്യപ്പെടുന്നത്. സന്ദേശം അയയ്ക്കുന്ന വ്യക്തി സന്ദേശവും അത് ലഭിക്കേണ്ട മേല്‍വിലാസവും 'കീഇന്‍' അഥവാ 'ഇന്‍പുട്ട്' ചെയ്യുന്നു. തുടര്‍ന്ന് ടെര്‍മിനലില്‍നിന്ന് സന്ദേശങ്ങള്‍ ഒരു കേന്ദ്ര കംപ്യൂട്ടറില്‍ എത്തിച്ചേരുന്നു. മേല്‍വിലാസക്കാരനുമായി ബന്ധം ലഭിക്കുന്ന മുറയ്ക്ക് ഈ കേന്ദ്ര കംപ്യൂട്ടറില്‍ നിന്ന് സന്ദേശങ്ങള്‍ യഥാക്രമം വിനിമയം ചെയ്യപ്പെടുന്നു. ഇത് 'സ്റ്റോര്‍ ആന്‍ഡ് ഫോര്‍വേഡ്' രീതി എന്നറിയപ്പെടുന്നു. സന്ദേശം അയക്കുന്ന വ്യക്തിക്ക് മേല്‍വിലാസക്കാരനുമായി വാര്‍ത്താവിനിമയ ബന്ധം ലഭിക്കുന്നതുവരെ കാത്തിരിക്കാതെ തന്നെ സന്ദേശം തയ്യാറാക്കി അയയ്ക്കാനാവുന്നു എന്നതാണ് ഈ രീതിയുടെ ഗുണമേന്മ. മാത്രമല്ല, സന്ദേശങ്ങള്‍ സംഘമായി (batch) തന്നെ കേന്ദ്ര കംപ്യൂട്ടറില്‍ നിന്നും അയയ്ക്കാന്‍ സാധിക്കുമെന്നതിനാല്‍ സമയ ലാഭവും ഉണ്ടാവുന്നു.

ii.വിവര കൈമാറ്റ ടെര്‍മിനലുകള്‍. കംപ്യൂസെര്‍വ്, പ്രൊഡിജി, അമേരിക്കന്‍ ഓണ്‍ലൈന്‍, സത്യം ഓണ്‍ലൈന്‍, ഡിഷ്നെറ്റ് തുടങ്ങിയ സ്വകാര്യ കമ്പനികള്‍ അവയുടെ അംഗങ്ങള്‍ക്കു സന്ദേശ കൈമാറ്റ സംവിധാനം സൌകര്യപ്പെടുത്താറുണ്ട്. ഇതു കൂടാതെ, കാലാവസ്ഥ, സ്റ്റോക്ക് വിവരം, വാര്‍ത്ത, വിജ്ഞാനകോശങ്ങള്‍, ഗവേഷണ റിപ്പോര്‍ട്ടുകള്‍, ഫയലുകള്‍, കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍, പരസ്യം തുടങ്ങിയ പൊതു വിവരങ്ങളും ഇത്തരം ഏജന്‍സികള്‍ അവയുടെ അംഗങ്ങള്‍ക്ക് നല്‍കാറുണ്ട്.

iii.വിശിഷ്ട ഡേറ്റാബേസ് ടെര്‍മിനലുകള്‍. ഈ ഇനം ടെര്‍മിനലുകളില്‍ പ്രത്യേകം തയ്യാറാക്കിയ പ്രോഗ്രാമുകളും ഡേറ്റാബേസുകളും ഉപയോഗപ്പെടുത്തുന്നു. ടെര്‍മിനലുകളായി മിക്കപ്പോഴും പേഴ്സണല്‍ കംപ്യൂട്ടര്‍ (PC) മോണിറ്ററും കീബോര്‍ഡും തന്നെയാവും സ്വീകാര്യം. ഓരോ സിസ്റ്റവും അതിന്റേതായ രീതിയില്‍ ടെര്‍മിനലില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

ഉദാഹരണത്തിന്, സ്റ്റോക്ക് വിവരം നല്‍കുന്ന ടെര്‍മിനലിന് ഹോസ്റ്റ് കംപ്യൂട്ടറുമായി തല്‍സമയ ബന്ധമുണ്ടാകുകയും, സ്റ്റോക്ക് വിവരങ്ങള്‍ ക്രമമായി മോണിറ്ററില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. 'സേര്‍ച്ച് ഫങ്ഷന്‍', 'റിപ്പോര്‍ട്ട് ജനറേഷന്‍', 'ഗവേഷണ ഫല പരതല്‍' എന്നിവയ്ക്കായി പ്രത്യേക സംവിധാനവും ഈ സിസ്റ്റത്തില്‍ ലഭ്യമാക്കുന്നു.

ഭൂവസ്തുക്കളെ സംബന്ധിച്ച് വിവരം നല്‍കുന്ന ഒരു സംവിധാനത്തില്‍ മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ കൂടാതെ വീട്/വസ്തു/നിലം എന്നിവയുടെ ചിത്രവും പല ദിശകളില്‍ നിന്ന് അവയുടെ വീക്ഷണ ദൃശ്യങ്ങളും കാണാനാകുന്നു. ചില സിസ്റ്റങ്ങളില്‍ ആധുനിക 'വെര്‍ച്വല്‍ റിയാലിറ്റി' സംവിധാനത്തിലൂടെ സ്ഥലത്തിന്റെയോ, വീടിന്റെയോ അകത്ത് 'പ്രവേശിച്ചും' പരിശോധനകള്‍ നടത്താനും സാധിക്കും. എന്നാല്‍ ഇഅഉ/ഇഅങ സൗകര്യമുള്ളവയുടെ പ്രവര്‍ത്തനത്തിന് വേഗതയേറിയതും 'ബാന്‍ഡ് വിഡ്ത്' കൂടിയതുമായ വാര്‍ത്താവിനിമയ കേബിളുകള്‍ ആവശ്യമാണ്.

വാര്‍ത്താ പ്രസിദ്ധീകരണത്തിനും ഇന്ന് ടെര്‍മിനലുകള്‍ ലഭ്യമാണ്. റിപ്പോര്‍ട്ടര്‍ ഒരിടത്ത് നിന്ന് വാര്‍ത്തകള്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നു. അതുപോലെ അവിടെ നിന്നോ, മറ്റ് റിപ്പോര്‍ട്ടര്‍മാരില്‍ നിന്നോ, പ്രസ്തുത റിപ്പോര്‍ട്ടര്‍ക്ക് സന്ദേശങ്ങളും വാര്‍ത്തകളും ലഭിക്കുവാന്‍ സൗകര്യമുണ്ടാകുന്നു. ഇത്തരം സിസ്റ്റങ്ങളില്‍ ഒരേ ടെര്‍മിനലില്‍ തന്നെ രണ്ടോ അതിലധികമോ കമ്യൂണിക്കേഷന്‍ പോര്‍ട്ടുകള്‍ കാണും.

2. സവിശേഷ ടെര്‍മിനലുകള്‍. ഇവയില്‍ PC തന്നെ ഉപയോഗിക്കേണ്ടതായിവരുന്നു. ഓരോന്നിലും അവയ്ക്കാവശ്യമായിട്ടുള്ള ഹാര്‍ഡ്വെയെറും സോഫ്റ്റ്വെയെറും പ്രത്യേകമായി ക്രമീകരിക്കുന്നു. നിരവധിയിനം സവിശേഷ ടെര്‍മിനലുകളുമുണ്ട്.

i.വിമാന റിസര്‍വേഷന്‍ ടെര്‍മിനലുകള്‍. വിമാന കമ്പനിയുടെ ടിക്കറ്റ് ലഭ്യമാക്കുന്ന ഏജന്റ്, ഹോസ്റ്റ് ഡേറ്റാബേസുമായി ബന്ധപ്പെട്ട്, യാത്രാവഴികള്‍, സീറ്റ് ലഭ്യത, കുറഞ്ഞ യാത്രാനിരക്ക്, എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. ആവശ്യാനുസരണം സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വു ചെയ്യാനും, കാന്‍സല്‍ ചെയ്യാനും ഇതില്‍ സൗകര്യമുണ്ടാവും. ഇതിലെ ഡേറ്റാബേസ് ഒരു കേന്ദ്ര സ്ഥാനത്താവും സ്ഥാപിച്ചിരിക്കുക. അവിടെ ഹോസ്റ്റ് കംപ്യൂട്ടര്‍ ടൈം ഷെയറിങ്ങിലൂടെ ശൃംഖലയിലെ ഇതര ടെര്‍മിനലുകളുമായി ബന്ധപ്പെടുന്നു. സമയ നഷ്ടം വരാതിരിക്കാനുള്ള സംവിധാനമാണിത്. വളരെ കുറഞ്ഞ പ്രതികരണ സമയം (response time), കൂടെക്കൂടെയുള്ള അന്യോന്യ ക്രിയകള്‍, ദൈര്‍ഘ്യം കുറഞ്ഞ സന്ദേശങ്ങള്‍, എന്നിവ ഇത്തരം സംവിധാനത്തിന്റെ പ്രത്യേകതകളാണ്. വിമാന റിസര്‍വേഷന്‍ പോലെ തന്നെ മറ്റ് യാത്രാ മാധ്യമങ്ങളിലും ഈ സംവിധാനം ക്രമീകരിക്കാവുന്നതാണ്.

ii.ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന്‍ (ATM). കാന്തിക 'സ്ട്രൈപ്പ് റീഡര്‍', അക്കങ്ങള്‍ കീഇന്‍ ചെയ്യാവുന്ന 'ന്യൂമെറിക് കീബോര്‍ഡ്', ഡിസ് പ്ലേ, പണം നല്‍കാനും സ്വീകരിക്കാനും സൗൗകര്യമുള്ള ഒരു വിദ്യുത് യാന്ത്രിക ഉപകരണം, രസീതുകള്‍ തയ്യാറാക്കാനുള്ള ഒരു പ്രിന്റര്‍, എന്നിവയാണ് ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനിന്റെ മുഖ്യ ഹാര്‍ഡുവെയെറുകള്‍.

എ ടി എം ടെര്മിനല്

ഇവയെല്ലാം പെട്ടെന്ന് കേടുവരാതിരിക്കുന്നവയും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നവയും ആണ്. ഇവയെ അനായാസം മോഷ്ടിച്ചു കൊണ്ടു പോകാനുമാവില്ല. ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനിലെ ടെര്‍മിനലിനെ ലോക്കല്‍ കണ്‍ട്രോളറുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ടെര്‍മിനലിനെ സദാനേരവും നിരീക്ഷിക്കുക, അതിലേയ്ക്ക് ആവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കുക, വിവിധ അക്കൗണ്ടിങ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നിവയാണ് 'കണ്‍ട്രോളറുടെ' ചുമതല. ഈ കണ്‍ട്രോളറിന് സമീപ പ്രദേശത്തുള്ള ഒരു ലോക്കല്‍ കംപ്യൂട്ടറുമായും ബന്ധമുണ്ടാവും. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ അക്കൗണ്ടിലെത്തിക്കുക, പണമിടപാടുകള്‍ക്കുള്ള നിര്‍ദേശം നല്‍കുക, ക്രെഡിറ്റ്/ഡെബിറ്റ് ക്രിയകള്‍ നടപ്പാക്കുക എന്നീ ചുമതലകള്‍ ഈ ലോക്കല്‍ കംപ്യൂട്ടറിനാണുള്ളത്. ഉപയോക്താവിന്റെ അക്കൌണ്ട് മറ്റൊരു ബാങ്ക് സ്ഥാപനത്തിലാണ് ഉള്ളതെങ്കില്‍ അവിടത്തെ കംപ്യൂട്ടറുമായി, കംപ്യൂട്ടര്‍ ശൃംഖലകള്‍ വഴിയാവും, ബന്ധം സ്ഥാപിക്കുക.

മിക്ക ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകളും സ്റ്റേറ്റ്-ഒഫ്-ദ-ആര്‍ട് സാങ്കേതിക രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അക്കൗണ്ട് ഉടമ സ്വന്തം 'മണി അക്സസ്' കാര്‍ഡ് മെഷീനിന്റെ അറയില്‍ വച്ചാലുടന്‍ പരിശോധനകളിലൂടെ മെഷീന്‍ അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തുന്നു.

c.ഇതര ഇനങ്ങള്‍. ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ സെല്‍ഫ് സര്‍വീസ്, ലൈബ്രറി കൗണ്‍ടറിലെ ചെക്ക്-ഇന്‍/ചെക്ക്-ഔട്ട്, എന്നീ സംവിധാനങ്ങളില്‍ ഉപയോഗിക്കുന്നവയും ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനിന്റെ സദൃശ ഇനങ്ങളാണ്. പക്ഷേ, മള്‍ട്ടിമീഡിയ, അനിമേഷന്‍ ഹൈഡെഫിനിഷന്‍ ടെലിവിഷന്‍ (HDTV) എന്നിവയിലേതിന് ഉയര്‍ന്ന ബാന്‍ഡ് വിഡ്ത് സൗകര്യം കൂടി ആവശ്യമാണ്. ബാന്‍ഡ് വിഡ്ത് ശേഷി വര്‍ധിക്കുന്നതോടെ വെര്‍ച്വല്‍ റിയാലിറ്റി നെറ്റ് വര്‍ക് ടെര്‍മിനലുകളും പ്രചാരത്തില്‍ വരുന്നതായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍