This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടാറന്റെല്ല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടാറന്റെല്ല

Tarentella

ഇറ്റാലിയന്‍ നാടോടിനൃത്തം. നേരിയ ചുവടുവയ്പുകളോടെ 38 അല്ലെങ്കില്‍ 6/8 താളത്തില്‍ കളിക്കുന്ന ഈ സംഘനൃത്തത്തിന് കര്‍ക്കശമായി പാലിക്കേണ്ടതായ വ്യവസ്ഥകളില്ലെന്നുതന്നെ പറയാം. നര്‍ത്തകരുടെ എണ്ണം, ലിംഗം, ഉപയോഗിക്കുന്ന സംഗീതോപകരണങ്ങള്‍ എന്നിവയ്ക്കുപോലും വന്‍തോതിലുള്ള പ്രാദേശികവ്യത്യാസങ്ങളുണ്ട്.

ഇറ്റലിയുടെ ദക്ഷിണതീരത്തുള്ള ഗ്രീക്ക് അധിനിവേശ മേഖലയായിരുന്ന ടാറന്റെം എന്ന സ്ഥലവുമായി ബന്ധപ്പെട്ടു കിടക്കുന്ന അതിദീര്‍ഘമായൊരു ചരിത്രപാരമ്പര്യം ഈ നൃത്തകലയ്ക്കുണ്ട്. യവനപ്പൂപ്പാത്ര ചിത്രകലയിലും, പോംപെയി ചുമര്‍ചിത്രത്തിലും, ചരിത്രകാരന്മാര്‍ ഇതിന്റെ മുദ്രകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എല്‍ബ ഫാറാബെഗോലി എന്ന ആധുനിക നൃത്തവിദഗ്ധ (1981) ഇതിനു കേവലം അഞ്ചു നൂറ്റാണ്ടിന്റെ പഴക്കമേ ഉള്ളൂ എന്നാണ് അഭിപ്രായപ്പെടുന്നത്. ലൂസിയ, വില്ലാനെല്ല എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഒരു നൃത്തരൂപത്തിന്റെ പരിഷ്കൃതമാതൃകയാണ് ഇതെന്നാണ് അവരുടെ മതം. എങ്കിലും ജനഹൃദയങ്ങളില്‍ പണ്ടുമുതല്‍ ഗാഢമായി വേരോട്ടം നേടിയിട്ടുള്ള ഒരു ഐതിഹ്യം ഇന്നും ഈ നൃത്തകലയെ ചുറ്റിപ്പറ്റി സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. ടറന്റുല(നോ: ടറന്റുല) എന്ന തീവ്രവിഷമുള്ള ചിലന്തിയുടെ കടിയേല്‍ക്കുമ്പോള്‍ വിഷംനീങ്ങുന്നതിനായി ചെയ്യുന്ന നൃത്തചികിത്സ ആയതിനാലാണ് ഇതിന് ടാറാന്റെല്ല എന്നു പേരുവന്നത് എന്നതാണ് ആ ഐതിഹ്യം. ആധുനിക പഠനങ്ങള്‍, പക്ഷേ ഈ ചിലന്തിക്ക് 'വിഷ'മില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തന്മൂലം ടാറന്റിസം എന്നത് ഒരുതരം അന്ധവിശ്വാസത്തില്‍ നിന്നുളവാകുന്ന ചിത്തവിഭ്രാന്തിയായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.

'ടാറന്‍റെല്ല'അവതരിപ്പിക്കുന്ന ദമ്പതികള്‍

മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇറ്റലിയില്‍ ടാറന്റിസം പടര്‍ന്നുപിടിച്ചുവെന്നും, അന്നു നര്‍ത്തകര്‍ കൂട്ടത്തോടെ വൈദ്യന്മാരായിത്തീര്‍ന്നുവെന്നും പലയിടങ്ങളിലും പരാമര്‍ശമുണ്ട്. 19-ാം ശ.-ത്തില്‍ കച്ചവടാടിസ്ഥാനത്തില്‍ത്തന്നെ നിരവധി ടാറന്റെല്ലാ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതിനും തെളിവുകളുണ്ട്. അക്കാലത്ത് ഓബര്‍, വെബര്‍, ലിസ്റ്റ്, ചോപിന്‍, ഹെല്ലര്‍, താല്‍ബര്‍ഗ്, കുയി, ഡര്‍ഗോഷിഷ്കി തുടങ്ങിയ ഒരു ഡസനിലേറെ ടാറന്റെല്ലാ അവതാരകര്‍ പ്രശസ്തരായിരുന്നു.


ഇന്നും പാഠഭേദങ്ങളോടെയാണെങ്കിലും ഇറ്റലിയില്‍ ഈ ചടുലനൃത്തം സജീവമായി നിലനില്പുണ്ട്. തെക്കുകിഴക്കന്‍ തീരപ്രദേശമായ അവുലിയയില്‍ ഒരാണും ഒരു പെണ്ണും മാത്രം ചേര്‍ന്നാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. മറ്റുള്ളവര്‍ ഇവര്‍ക്കു ചുറ്റുമായി നിന്ന് വെറുതേ ചുവടിളക്കിക്കൊണ്ടിരിക്കും. നര്‍ത്തകരില്‍ ഒരാള്‍ തളരുമ്പോള്‍ കൂടെയുള്ളവരില്‍ നിന്നൊരാള്‍ നര്‍ത്തകന്‍/നര്‍ത്തകിയായി പ്രവേശിക്കും. കൈകള്‍ വളച്ചുവച്ച്, കണ്ണുകള്‍ നിലത്തുപതിച്ച് വ്രീളാഭാവത്തോടെയാണ് നര്‍ത്തകി ചുവടുവയ്ക്കുക. അക്കോഡിയന്‍, ടാംബൊറിന്‍ തുടങ്ങിയവയായിരിക്കും പക്കമേളങ്ങള്‍ - സിസിലിയില്‍ വിവാഹവേളകളിലും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. അപ്പോള്‍ പക്കമേളങ്ങള്‍ ഉണ്ടാവില്ല എന്നൊരു സവിശേഷതയുണ്ട്. പകരം കയ്യടിച്ച് താളമിടുകയാണു പതിവ്. അവുലിയയില്‍ സ്ത്രീകള്‍ ലജ്ജാവതിമാരായി നൃത്തം ചെയ്യുമ്പോള്‍ കാംപാനിയയിലെ ടാറന്റെല്ലാ നര്‍ത്തകിമാര്‍, ശിരസ്സുയര്‍ത്തിപ്പിടിച്ച് ആത്മാഭിമാനത്തോടെയാണ് ഇതില്‍ പങ്കെടുക്കുക. ചിലയിടങ്ങളില്‍ റിബണോ മറ്റോ ഉപയോഗിച്ച് താളത്തില്‍ ചുഴറ്റി നൃത്തം വര്‍ണാഭമാക്കാറുമുണ്ട്.

ശൈലീവത്ക്കരിച്ച ടാറന്റെല്ലാ, പലപ്പോഴും ബാലെകളില്‍ ഉപയോഗിച്ചിട്ടുള്ളതായി കാണാം. ബാലെകള്‍ക്ക് പ്രാദേശികവര്‍ണം നല്‍കുന്നതിനായാണിത്. 1836-ല്‍ 'ലാ ടാറന്‍ട്യൂല' എന്ന ബാലെയില്‍ ടാറന്റെല്ല ഉപയോഗിച്ചിട്ടുണ്ട്. ജീന്‍ കൊറാല്ലിയായിരുന്നു സംവിധായകന്‍. ഇതിന്റെ സ്വാധീനഫലമായി 1842-ല്‍ ആഗസ്റ്റ് ബോര്‍ണോവില്ലിസിന്റെ 'നപോലി' എന്ന ബാലെയിലും ടാറന്റെല്ല ഉപയോഗിക്കപ്പെട്ടിരുന്നതായി അറിയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍