This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടസ്കന്‍ ക്രമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ടസ് കന്‍ ക്രമം

ടസ്കന്‍ ക്രമം

ക്ലാസിക്കല്‍ വാസ്തുവിദ്യയിലെ പഞ്ച ക്രമങ്ങളില്‍ (orders) ഏറ്റവും സരളമായ ക്രമം. ഡോറിക്, അയോണിക്, കൊര്‍നിന്‍തിയന്‍, കോം പൊസിറ്റ് എന്നിവയാണ് മറ്റു നാലു ക്രമങ്ങള്‍. ഘടനയില്‍ റോമന്‍ ഡോറിക് രീതിയുമായി സാമ്യമുണ്ടെങ്കിലും അതിനെ അപേക്ഷിച്ചു വക്ര ഭാഗങ്ങള്‍ ടസ്കന്‍ രീതിയില്‍ കുറവാണ്. കൂടുതല്‍ പരന്ന രൂപമായതിനാല്‍ ഇതില്‍ സ്തംഭങ്ങള്‍ സാധാരണയില്‍ കവിഞ്ഞ അകലത്തിലാണ് ഉറപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ മരമേല്‍ക്കൂരകളെ താങ്ങിനിറുത്താനായിട്ടാണ് ടസ്കന്‍ രീതിയിലുള്ള സ്തംഭങ്ങള്‍ ഉപയോഗിച്ചിരുന്നതെന്നാണ് റോമന്‍ വാസ്തുശില്പിയായ വിട്രുവ്യസ് (1 ബി. സി.) അഭിപ്രായപ്പെടുന്നത്. പിന്നീട്, ഗ്രീക്ക്/റോമന്‍ ക്ഷേത്രങ്ങളില്‍, കല്‍പ്പണിയുള്ളതും ഘനമേറിയതുമായ എന്‍ടാബ്ലേറ്റര്‍ (entablature), താങ്ങി നിറുത്താനും ഇവ പ്രയോജനപ്പെടുത്തിത്തുടങ്ങി.

സമചതുര അടിത്തറ, മുകളിലേക്കു കൂര്‍ത്തു വരുന്നതും നാളികകളില്ലാത്തതുമായ ഷാഫ്റ്റ്, സരളമായ സ്തംഭശീര്‍ഷം (capital), സ്തംഭത്തിന്റെ നാലിലൊന്നു പൊക്കമുള്ള എന്‍ടാബ്ലേറ്റര്‍ എന്നിവയാണ് ടസ്കന്‍ രീതിയുടെ പ്രധാന സവിശേഷതകള്‍. ഏറ്റവും കൂടുതല്‍ ഘനരൂപമുള്ള ക്രമവും ഇതുതന്നെ.

സ്തംഭവും എന്‍ടാബ്ലേച്ചറും ചേര്‍ന്നു രൂപപ്പെടുന്ന വടിവൊത്ത സംവിധാനമാണ് ക്രമം. മേല്‍വാതില്‍പ്പടി, ഫ്രീസ് (frieze), കോര്‍ണിസ് എന്നിവ ചേര്‍ന്നതാണ് എന്‍ടാബ്ലേറ്റര്‍. ക്രമത്തിന്റെ സ്വഭാവവിശേഷം വിളിച്ചോതുന്നത് അതിന്റെ സ്തംഭശീര്‍ഷമാണ്. വാസ്തുവിദ്യയിലെ പഞ്ച ക്രമങ്ങളുടെ പട്ടികയില്‍ ഏറ്റവും സരളമായ രീതി എന്ന നിലയില്‍ ഏറ്റവും താഴെയുള്ള തട്ടിലാണ് വിട്രുവ്യസ് ടസ്കന്‍ രീതിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍