This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൈമിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ജൈമിനി

1. പൂര്‍വമീമാംസയുടെ കര്‍ത്താവ്. ബി.സി. 4-ാം ശതകമാണ് ജൈമിനിയുടെ കാലം. ഷട്ദര്‍ശനങ്ങളില്‍ ഒന്നാണ് മീമാംസ. മീമാംസയ്ക്ക് പൂര്‍വ മീമാംസയെന്നും ഉത്തരമീമാംസയെന്നും രണ്ടു വിഭാഗങ്ങളുണ്ട്. ഇവയെ ജെമിനീയ ദര്‍ശനമെന്നും വേദാന്തദര്‍ശനമെന്നുമാണ് വ്യവഹരിക്കാറുള്ളത്. വേദാന്തദര്‍ശനമായ ഉത്തര മീംമാംസ ബാദരായണനാണ് രചിച്ചത്. ജൈമിനി തന്റെ ദര്‍ശനത്തിന് 'പൂര്‍വമീംമാംസ' എന്നു പേരിട്ടത് യുക്തിക്ക് നിരക്കുന്ന അന്വേഷണം എന്ന അര്‍ഥത്തിലാണ്. 'മീമാംസ' എന്ന സംസ്കൃത പദത്തിന് 'മന്തും ഇച്ഛാ' എന്ന വിഗ്രഹം, മനനം ചെയ്യുന്നതിനുള്ള ആഗ്രഹം 'മീമാംസ' എന്നര്‍ഥം. മീമാംസയുടെ ഉദയത്തിന് വേദകാലത്തോളം പഴക്കമുണ്ടെന്ന് പറയാം.

ജൈമിനിയുടെ മീമാംസസൂത്രങ്ങള്‍ അക്കാലത്തുണ്ടായിരുന്ന ലോക നിയമങ്ങളെ ക്രോഡീകരിച്ചുകൊണ്ട് നിര്‍മിച്ചവയാണ്. ഇതില്‍ 12 അധ്യയങ്ങളിലായി 25,000 സൂത്രങ്ങളാണുള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആദ്യസൂത്രം ധര്‍മത്തെപ്പറ്റിയുള്ള അന്വേഷണത്തോടെ തുടങ്ങുന്നു. 'ചോദനാ ലക്ഷണാര്‍ഥോ ധര്‍മഃ' എന്നതാണ് പ്രാരംഭസൂത്രം (കര്‍മം ചെയ്യുന്ന മനുഷ്യര്‍ക്ക് പ്രേരകമായി ഭവിക്കുന്ന വിധിയാണ് ധര്‍മം എന്നാണ് ജൈമിനി പറയുന്നത്). ദാര്‍ശനിക പ്രാധാന്യമുള്ള ഈ അധ്യായത്തില്‍ ജ്ഞാനത്തിന്റെ നാനാരീതിയിലുള്ള ബഹിര്‍സ്ഫുരണങ്ങളെയും വേദപ്രാമാണ്യത്തെയും കുറിച്ച് ചര്‍ച്ച ചെയ്തിരിക്കുന്നു. തുടര്‍ന്ന് 'കര്‍മം' എത്രവിധം തുടങ്ങിയ മറ്റു വിഷയങ്ങളും പരാമര്‍ശിക്കുന്നു (നോ. പൂര്‍വമീമാംസ). ജൈമിനിക്ക് പ്രത്യക്ഷാനുമാനശാബ്ദിക പ്രമാണങ്ങളാണുള്ളത്. ജൈമിനി ഈശ്വരനെപ്പറ്റി എങ്ങും പരാമര്‍ശിച്ചു കാണുന്നില്ല. യജ്ഞലക്ഷ്യമായി പറയുന്നതുപോലും സ്വര്‍ഗപ്രാപ്തിയെയാണ്. മതപരവും ആത്മീയവുമായ മീമാംസയും വേദാന്തവും പരസ്പരപൂരകമാണെന്നാണ് പണ്ഡിതമതം.

ജൈമിനിയുടെ പൂര്‍വമീമാംസയ്ക്ക് ഒട്ടേറെ ഭാഷ്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സര്‍വാദരണീയമായത് ശാബരഭാഷ്യമാണ്. ക്രി.മു. 1-ാം ശതകത്തിനടുത്ത് ജീവിച്ചിരുന്ന ശബരന്‍ മാത്രമാണ് പൂര്‍ണമായും സൂത്രങ്ങള്‍ക്ക് ഭാഷ്യം തയ്യാറാക്കിയിട്ടുള്ളത്. ഭര്‍തൃമിത്രന്‍, ഭവദാസന്‍, ഹരി, ഉപവര്‍ഷന്‍ എന്നിവരും ജൈമീനീയസൂത്രങ്ങള്‍ക്ക് ഭാഷ്യം രചിച്ചിട്ടുണ്ട്.

ജൈമിനിയുടേതായി ഒരു 'മഹാഭാരതകഥ' ഉണ്ടെന്ന് ഒരു ഐതിഹ്യമുണ്ട്. ഇതില്‍ 'ജൈമിനിയാശ്വമേധം' എന്ന ഭാഗം മാത്രമേ ലബ്ധമായിട്ടുള്ളു. ലഭിച്ച ഭാഗത്തിന് കാത്തുള്ളില്‍ അച്യുതമേനോന്റെ മലയാളവിവര്‍ത്തനവും ഉണ്ട്.

2. മഹാഭാരതത്തില്‍ പരാമൃഷ്ടനായ വ്യാസശിഷ്യനായ ഒരു മുനിയും ഈ പേരില്‍ പ്രസിദ്ധനാണ്. ബ്രഹ്മാണ്ഡപുരാണം ഈ ജൈമിനി ഹിരണ്യനാദനോട് നൈമിശാരണ്യത്തില്‍ വച്ചു ചൊല്ലിയ കഥയാണെന്നാണ് ഐതിഹ്യം. യുധിഷ്ഠിരസഭയില്‍ ഇദ്ദേഹം അംഗമായിരുന്നതായും ശരശയ്യയില്‍ കിടന്ന ഭീഷ്മ മഹാശയനെ സന്ദര്‍ശിച്ചതായും പുരാണപരാമര്‍ശം കാണപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%88%E0%B4%AE%E0%B4%BF%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍