This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രാമ്പൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗ്രാമ്പൂ

Clove

ഒരു സുഗന്ധമസാലവിള. കരയാമ്പൂ എന്നും അറിയപ്പെടുന്നു. മിര്‍ട്ടേസി സസ്യകുടുംബത്തിലെ സൈസീജിയം ആരോമാറ്റിക്കം, (syzygium aromaticum), യൂജിനിയ കാരിയോഫില്ലേറ്റ (Eugenia caryophyllata), എന്നീ രണ്ട് ശാസ്ത്രനാമങ്ങളില്‍ അറിയപ്പെടുന്ന നിത്യഹരിത വൃക്ഷമായ ഗ്രാമ്പൂചെടിയുടെ ഉണങ്ങിയ പൂമൊട്ടാണ് ഗ്രാമ്പൂ. ആണി എന്നര്‍ഥം വരുന്ന 'ക്ലൗ' (clou) എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് 'ക്ലോവ്' എന്ന ആംഗലനാമം നിഷ്പന്നമായിരിക്കുന്നത്. നീളം കൂടിയ ഉരുണ്ട ഞെടുപ്പും, ഉരുണ്ടിരിക്കുന്ന ദളങ്ങളും ബാഹ്യദളങ്ങളും പൂമൊട്ടിന് ഒരു ആണിയുടെ ആകൃതി നല്കുന്നു.

ഗ്രാമ്പു ചെടി (ഉള്‍ചിത്രം ഗ്രാമ്പു)

ബി.സി. 3-ാം ശ.-ത്തില്‍ ചൈനയിലാണ് ഗ്രാമ്പൂ ഒരു സുഗന്ധദ്രവ്യമായി ഉപയോഗിച്ചു തുടങ്ങിയത്. മൊളുക്കസ് ആണ് ഗ്രാമ്പുവിന്റെ ജന്മദേശം. ഇന്ത്യയില്‍ 1800-ാം ആണ്ടോടെ ഈസ്റ്റിന്ത്യാ കമ്പനിക്കാരാണ് ഗ്രാമ്പൂ ചെടി കൊണ്ടുവന്നത്. സാന്‍സിബാര്‍, മഡഗാസ്കര്‍, ഇന്ത്യോനേഷ്യ, ടാന്‍സാനിയ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രാമ്പൂ ധാരാളമായി കൃഷിചെയ്യുന്നു. ഇന്ത്യയില്‍ തെക്കന്‍ സംസ്ഥാനങ്ങളിലാണ് ഗ്രാമ്പൂ കൂടുതലായി കൃഷി ചെയ്യുന്നത്. തമിഴ് നാട്ടിലെ നീലഗിരി, തെങ്കാശി കുന്നുകള്‍, കന്യാകുമാരി ജില്ലയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കേരളത്തില്‍ കൊല്ലം, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളിലും ആണ് ഗ്രാമ്പൂകൃഷി ധാരാളമായുള്ളത്.

ഏതാണ്ട് സ്തൂപികാഗ്രിത രീതിയില്‍ വളരുന്ന ഗ്രാമ്പൂ ചെടിക്ക് ചാരനിറത്തിലുള്ള മിനുസമായപട്ടയും ശാഖോപശാഖകളോടുകൂടിയ തായ്ത്തടിയുമാണുള്ളത്. വൈവിധ്യമാര്‍ന്ന വിവിധയിനം വേരുകളുടെ ഒരു പടലമാണ് ഗ്രാമ്പൂവിനുള്ളത്. അഞ്ചോളം ഇനം വേരുകള്‍ ഈ പടലത്തിലുണ്ട്. 9-12 മീ. ഉയരത്തില്‍ വരെ ഗ്രാമ്പൂ വളരും. തടിക്ക് നല്ല കടുപ്പവും മഞ്ഞനിറവും ഗ്രാമ്പൂ എണ്ണയുടെ നേരിയ സുഗന്ധവുമുണ്ടായിരിക്കും. മിനുസവും തിളക്കവുമുള്ള ധാരാളം ഇലകളുണ്ട്. 12 സെ.മീ. നീളവും രണ്ടര സെ.മീ. വീതിയും നല്ല കട്ടിയുമുള്ള ഇലകളുടെ ഉപരിഭാഗത്തിന് കടും പച്ചനിറവും അടിഭാഗത്തിന് മങ്ങിയ പച്ചനിറവുമാണ്. തളിരിലകള്‍ക്ക് ചെമ്പിന്റെ നിറമായിരിക്കും. ഇലകള്‍ ലഘുവും അവയുടെ രണ്ടറ്റവും കൂര്‍ത്തതുമാണ്. ഇലകളുടെ അടിവശത്ത് ചെറിയ പൊട്ടുകള്‍പോലെ നിരവധി എണ്ണഗ്രന്ഥികള്‍ കാണാം. ഇലകള്‍ കൈയില്‍ വച്ച് ഞെരിച്ചാല്‍ത്തന്നെ ഗ്രാമ്പൂ എണ്ണയുടെ മണം വരും. ശാഖാഗ്രങ്ങളില്‍ അഗ്രീയ സൈമുകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പൂങ്കുലവൃന്തം ചെറുതും കോണീയവും ആണ്. ബാഹ്യദളപുടം അധഃസ്ഥിത അണ്ഡാശയത്തെ പൂര്‍ണമായി മുട്ടുന്ന രീതിയില്‍ മാംസളമായ ഒരു കുഴലിന്റെ രൂപത്തിലാണ് കാണുന്നത്. ഇതിന്റെ അഗ്രഭാഗം നാലു ത്രികോണപാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അണ്ഡാശയത്തിനു ചുറ്റുമുള്ള ഡിസ്കുപോലുള്ള ഒരു വലയത്തില്‍ നിന്നാണ് ദളങ്ങളും കേസരങ്ങളും പുറപ്പെടുന്നത്. മൊട്ടായിരിക്കുമ്പോള്‍ത്തന്നെ നാലു ദളങ്ങള്‍ കേസരങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്നു. പുഷ്പങ്ങള്‍ വിരിയുമ്പോള്‍ ദളങ്ങള്‍ കൊഴിഞ്ഞുപോകും. നേര്‍ത്ത തന്തുക്കളുള്ള അനേകം കേസരങ്ങളുണ്ട്. അധഃസ്ഥിത അണ്ഡാശയത്തിനു മുകള്‍ഭാഗത്തായി ഒരു വര്‍ത്തികയും വര്‍ത്തികാഗ്രവും കാണും. ബീജസംയോഗശേഷം വര്‍ത്തികയും കേസരങ്ങളും കൊഴിഞ്ഞുപോകുന്നു. അതിനുശേഷം അണ്ഡാശയം സിലിണ്ടറാകാരത്തിലുള്ള ഡ്രൂപ്പായിത്തീരുന്നു. ഫലത്തിന്റെ അറ്റത്ത് ബാഹ്യദളപുടപാളികള്‍ കൊഴിയാതെ നില്ക്കും. ഒറ്റ വിത്ത് മാത്രമേയുള്ളു. 20 മി.മീ. മാത്രം നീളമുള്ള മൃദുവായ വിത്തിന്റെ ഒരു വശത്ത് നീളത്തില്‍ ഒരു പൊഴി കാണാം. ഇതാണ് ഗ്രാമ്പൂവിന്റെ കായ് (Mother of cloves).

കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും പ്രായമായ മരങ്ങളില്‍ നിന്നുവേണം വിത്തിനുവേണ്ടി ഗ്രാമ്പൂവിന്‍ പഴം ശേഖരിക്കാന്‍. പഴുത്തു വീണാലുടനെ അവ കിളിര്‍പ്പിക്കാന്‍ പാകണം. നനവുള്ള ഇലകളില്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ 7-10 ദിവസം വരെ വിത്തിന്റെ അങ്കുരണശേഷി നശിക്കാതിരിക്കും. തോടുമാറ്റി പാകുന്ന വിത്തുകള്‍ 16 ദിവസത്തിനകം മുളയ്ക്കും. തോടുമാറ്റാത്ത വിത്തുകള്‍ 27 ദിവസത്തിനുശേഷമേ മുളയ്ക്കുകയുള്ളു. 9-18 മാസം മൂപ്പെത്തിയ തൈകള്‍ ആണ് നടാന്‍ ഉപയോഗിക്കേണ്ടത്. നല്ല വളര്‍ച്ചയും കൂടുതല്‍ ശാഖകളുമുള്ള തൈകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തെങ്ങിന്റെയും മറ്റു വൃക്ഷങ്ങളുടെയും തണലില്‍ വേണം ഗ്രാമ്പൂ നട്ടുവളര്‍ത്താന്‍.

മഴക്കാലത്തിന് ഒരുമാസം മുന്‍പേ 60 സെ.മീ. നീളവും വീതിയും താഴ്ചയും ഉള്ള കുഴി എടുത്തിടണം. മഴക്കാലാരംഭത്തോടെ മേല്‍മണ്ണും മണലും കലര്‍ത്തി കുഴിമൂടിയശേഷം തൈകള്‍ നടണം. മഴയില്ലാത്തപ്പോള്‍ നനയ്ക്കുകയും വേണം. ചാണകപ്പൊടിയും പിണ്ണാക്കുംകൂടി പൊടിച്ചത് മാസത്തില്‍ 250 ഗ്രാം വീതം വളമായി നല്കണം. ഗ്രാമ്പൂവിന് യാതൊരു കാരണവശാലും ചാരവും കുമ്മായവും ഇടരുത്. സ്റ്റെറാമീലും തേങ്ങാപ്പിണ്ണാക്കും ഗ്രാമ്പിന് നല്ല വളമാണ്. മരം 2-3 മീ. ഉയരത്തിലെത്തുമ്പോള്‍ പൂവിടും. ഉച്ചയ്ക്കുശേഷമുള്ള വെയില്‍ തട്ടുന്ന ഭാഗത്താണ് ആദ്യം മൊട്ടിടുന്നത്.

ഗ്രാമ്പൂവിന്‍ മൊട്ട് പ്രത്യക്ഷപ്പെട്ടിട്ട് ആറുമാസം പ്രായമെത്തുമ്പോഴാണ് ഉണക്കാനായി ശേഖരിക്കുന്നത്. മൂന്നു വീതമുള്ള കൂട്ടങ്ങളായാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഇളം മൊട്ടിന് പച്ചനിറമാണ്. ചുവടു ഭാഗം ഇളം ചുവപ്പുനിറവും മുകള്‍ ഭാഗം ഇളം മഞ്ഞകലര്‍ന്ന പച്ചനിറവുമാകുമ്പോള്‍ മൊട്ട് ശേഖരിക്കും. ഈ സമയത്താണ് മൊട്ടിന് ഏറ്റവും കൂടുതല്‍ ഭാരം ഉണ്ടാവുക. മൊട്ടുകളെ അവയുടെ കുലകളോടുകൂടിയാണ് ശേഖരിക്കുന്നത്. കൈകള്‍കൊണ്ട് ഒടിച്ചാണ് കുലകള്‍ സംഭരിക്കുക. ഒരു കുലയില്‍ത്തന്നെ മൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത് പല സമയത്തായതിനാല്‍ ഒരു മരത്തില്‍ നിന്നുതന്നെ അഞ്ചോ ആറോ തവണ മൂപ്പെത്തിയ പൂമൊട്ടുകള്‍ പറിച്ചെടുക്കേണ്ടതായിവരും. ചെടികളെ അധികം ഉലയ്ക്കാതെ വേണം മൊട്ടുകള്‍ പറിച്ചെടുക്കാന്‍ മൊട്ടിനോട് ഞെടുപ്പിന്റെ അഗ്രം പറ്റിയിരിക്കാത്ത വിധമാണ് അതിനെ വേര്‍പെടുത്തേണ്ടത്.

ശേഖരിച്ച മൊട്ടുകള്‍ കൂട്ടിയിടാതെ തറയില്‍ പായ് വിരിച്ച് നിരത്തിയിടണം. നല്ല സൂര്യപ്രകാശമുണ്ടെങ്കില്‍ മൂന്നു ദിവസത്തെ ഉണക്ക് മതിയാവും. മൂന്നാം ദിവസം മൊട്ടുകള്‍ക്ക് നല്ല തവിട്ടു നിറമാവും. ഏതാണ്ട് എണ്ണായിരം മുതല്‍ പതിനായിരംവരെ മൊട്ടുകള്‍ക്ക് ഒരു കി.ഗ്രാം തൂക്കം വരും. ഗ്രാമ്പൂ ഉണങ്ങുമ്പോള്‍ പുളിച്ചു പോയവയെ ഖോക്കര്‍ ഗ്രാമ്പൂ (khoker cloves) എന്നും പൂവിതളുകള്‍ പൊട്ടിപ്പോയ പൂമൊട്ടുകളെ ഹെഡ്ലെസ് ഗ്രാമ്പൂ (headless cloves) എന്നും പറയുന്നു.

നല്ലയിനം ഗ്രാമ്പുവില്‍ 21 ശ.മാ. വരെ തൈലം ഉണ്ടായിരിക്കും; ഞെട്ടില്‍ 9 ശ.മാ. വരെയും. കാലാവസ്ഥ, കൃഷിരീതി, പൂമൊട്ടിന്റെ പ്രായം, ഉണക്കുന്ന രീതി, സൂക്ഷിക്കുന്ന സമയം ഇവയെല്ലാം ഗ്രാമ്പുവിലെ തൈലാംശത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പൂമൊട്ടുകള്‍, തടി, ഇല ഇവ വാറ്റി എണ്ണ എടുക്കുന്നു. മൊട്ടുകളില്‍ സാധാരണയായി 5.4 ശ.മാ. ജലാംശം, 6.3 ശ.മാ. മാംസ്യം, 13.2 ശ.മാ. ബാഷ്പശീലതൈലം, 15.5 ശ.മാ. കൊഴുപ്പ്, 57.7 ശ.മാ. കാര്‍ബോ ഹൈഡ്രേറ്റ്, നാരുകള്‍, ധാതുവസ്തുക്കള്‍, കാല്‍സിയം, പൊട്ടാസിയം, സോഡിയം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, സി ഇവയും അടങ്ങിയിരിക്കുന്നു. ഉണങ്ങിയ മൊട്ടില്‍ നിന്നുള്ള എണ്ണയില്‍ 70-90 ശ.മാ. യൂജിനോള്‍, യൂജിനോള്‍ അസിറ്റേറ്റ്, കാരിയോഫില്ലിന്‍ ഇവ അടങ്ങിയിരിക്കുന്നു. എണ്ണയുടെ ഗുണവും മണവും നിലനിര്‍ത്താന്‍ സഹായിക്കുന്നത് മീതൈല്‍ അമൈല്‍ കീറ്റോണ്‍ എന്ന രാസവസ്തുവാണ്. തടിയില്‍ നിന്നും ഇലയില്‍ നിന്നും ലഭിക്കുന്ന എണ്ണയിലുള്ളതിനെക്കാള്‍ യൂജിനോള്‍ അസിറ്റേറ്റ് കൂടുതലുള്ളത് പൂമൊട്ടില്‍ നിന്നുള്ള എണ്ണയിലാണ്. പൂമൊട്ടിന്റെ എണ്ണയാണ് ഭക്ഷ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും ഉപയോഗിക്കുന്നത്. തടിയില്‍ നിന്നുള്ള എണ്ണയില്‍ യൂജിനോള്‍ കൂടുതലായുണ്ടെങ്കിലും ഇപ്പോള്‍ ഇത് കൃത്രിമമായി ഉത്പാദിക്കപ്പെടുന്നതിനാല്‍ വലിയ പ്രാധാന്യം ഇല്ല.

അസാധാരണമായ ഇലകൊഴിച്ചില്‍രോഗം ഉണ്ടായി ചെടികള്‍ ഉണങ്ങിപ്പോവാറുണ്ട്. തടി തുരക്കുന്ന ചെറുവണ്ടുകള്‍ കാരണം ഗ്രാമ്പൂവിന് മണ്ടകരിച്ചില്‍ ഉണ്ടാവുന്നു. 0.2 ശ.മാ. വീര്യമുള്ള സെവിന്‍ തളിച്ച് ഇതിനെ തടയാം. ഇലകളില്‍ ചുവന്നപുള്ളികള്‍പോലെ കാണുന്ന ഇലക്കുത്തുരോഗവും ഗ്രാമ്പൂവിന് ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഇലകള്‍ മുഴുവന്‍ മഞ്ഞനിറമായി കൊഴിഞ്ഞുപോവുന്നു. ബോര്‍ഡോ മിശ്രിതം തളിച്ച് ഇതിനെ തടയാം. ഇളം ഗ്രാമ്പൂ ചെടിയുടെ മറ്റൊരു ശത്രു ചിതലാണ്. ബി.എച്ച്.സി. പൊടി വിതറി ഇത് ഒഴിവാക്കാം. തണ്ടുതുരപ്പന്‍ പുഴു, കൊമ്പുകളും തായ്ത്തടിയും തുരന്ന് നശിപ്പിക്കാതിരിക്കാന്‍ ബി.എച്ച്.സി. കുഴമ്പാക്കി കൊമ്പുകളിലും തായ്ത്തടിയിലും പുരട്ടുന്നു.

കാര്‍മിനേറ്റീവ് തുടങ്ങിയ മരുന്നുകള്‍ക്കും ആരോമാറ്റിക് ഉത്തേജകങ്ങള്‍ക്കും ഗ്രാമ്പൂ ഉപയോഗിക്കുന്നു. പല്ലുവേദന, മോണരോഗങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്നതിനും ഗ്രാമ്പൂ പണ്ടുമുതല്ക്കേ ഉപയോഗപ്പെടുത്തിയിരുന്നു. ഛര്‍ദി, ദഹനക്കുറവ് ഇവയ്ക്ക് ഔഷധമായും മുറിവുകള്‍ ഉണക്കാനും ഗ്രാമ്പൂ ഉപയോഗിക്കുന്നു. കൃത്രിമ വാനില എസ്സന്‍സ് ഉണ്ടാക്കാനും മദ്യത്തിലും ടൂത്ത് പേസ്റ്റിലും ചേര്‍ക്കാനും ഇത് ഉപയോഗിക്കുന്നു. കുരുമുളക് കഴിഞ്ഞാല്‍ അന്തര്‍ദേശീയ സുഗന്ധദ്രവ്യ വിപണിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം ഗ്രാമ്പൂവിനാണ്. ഇന്ത്യയില്‍ ഇതിന്റെ കൃഷി തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ആവശ്യത്തിനുള്ള ഗ്രാമ്പൂ ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍