This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോട്ടിങ്ഗണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോട്ടിങ്ഗണ്‍

Gottingen

പടിഞ്ഞാറന്‍ ജര്‍മനിയിലെ ലോവര്‍സാക്സണിയിലുള്ള (നൈഡര്‍ സാക്സണ്‍) ഒരു നഗരം. കിഴക്കന്‍ ജര്‍മനതിര്‍ത്തിക്കടുത്തായിരുന്ന ലീന്‍ നദിക്കരയിലാണിത്. ഹാനവറിന് 96 കി.മീ. തെക്കായി സ്ഥിതിചെയ്യുന്ന ഈ നഗരം തെക്കും വടക്കും ജര്‍മനികളെ തമ്മില്‍ ചേര്‍ക്കുന്ന കണ്ണിയാണ്. 1210-ല്‍ ഈ നഗരം രൂപമെടുത്തു. ഇവിടത്തെ വീടുകളിലധികവും തടിയില്‍ തീര്‍ത്തവയാണ്. ഇഷ്ടികയില്‍ തീര്‍ത്ത, ഗോഥിക് ശൈലിയിലുള്ള പള്ളിമേടകളുടെ ഒരു കൂട്ടംതന്നെ നഗരത്തിന്റെ കേന്ദ്രഭാഗത്തുണ്ട്. ഇതിനു താഴെയായി മനോഹരമായ വീടുകള്‍ കാണപ്പെടുന്നു. 1368 മുതല്‍ 1444 വരെയുള്ള കാലം കൊണ്ടു പണിതീര്‍ത്ത ടൗണ്‍ഹാളിനു മുന്നിലായാണ് പ്രസിദ്ധമായ 'ഗൂസ് ഗേള്‍' (പെണ്‍ താറാവ്) പ്രതിമ. ഗോട്ടിങ്ഗണ്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് ലഭിക്കുന്നവര്‍ ഈ പ്രതിമയെ ആലിംഗനം ചെയ്യുക എന്നൊരു ചടങ്ങുണ്ട്.

മധ്യകാലഘട്ടത്തില്‍ ഏറെ അറിയപ്പെട്ടിരുന്ന ഒരു വാണിജ്യ കേന്ദ്രമായിരുന്നുവെങ്കിലും അതിനുശേഷം ഗോട്ടിങ്ഗണിന്റെ പ്രാധാന്യം ക്ഷയോന്മുഖമായിത്തീര്‍ന്നു. 1737-ല്‍ ബ്രിട്ടനിലെ രാജാവായിരുന്ന ജോര്‍ജ് II (ഹാനവറിലെ എലക്റ്റര്‍) ഗോട്ടിങ്ഗണ്‍ സര്‍വകലാശാല സ്ഥാപിക്കുന്നതുവരെ നഗരത്തിന്റെ ഈ അവസ്ഥ തുടര്‍ന്നു. 1800 ആയപ്പോഴേക്കും ഗോട്ടിങ്ഗണ്‍ സര്‍വകലാശാല ഗണിതം, ഊര്‍ജതന്ത്രം എന്നീ വിഷയങ്ങളിലെ പഠനങ്ങള്‍ക്ക് ലോകപ്രസിദ്ധമായി. കാള്‍ ഫ്രീദ്റിഷ് ഗൗസിനെപ്പോലുള്ള ഗണിതശാസ്ത്രജ്ഞരും പ്രസിദ്ധരായ പല ന്യൂക്ലിയര്‍ ഫിസിസിസ്റ്റുകളും ഈ സര്‍വകലാശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരാണ്. അങ്ങനെ നഗരം വീണ്ടും പ്രശസ്തിയിലേക്ക് മടങ്ങി വന്നു. 1948 മുതല്‍ മാക്സ് പ്ലാങ്ക്-ഗെസല്‍ഷ്ക്രാഫ്റ്റ് എന്ന പ്രധാന ജര്‍മന്‍ ശാസ്ത്ര ഗവേഷണ സംഘടനയുടെ ഭരണകേന്ദ്രമായിത്തീര്‍ന്നു ഗോട്ടിങ്ഗണ്‍. ഇതിന്റെ കീഴില്‍ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഗോട്ടിങ്ഗണില്‍ ഏറ്റവും അഭിവൃദ്ധി പ്രാപിച്ച വ്യവസായങ്ങള്‍ കൂടുതലും ശാസ്ത്രാടിസ്ഥാനത്തിലുള്ളവയാണ്. ഒപ്റ്റിക്കല്‍ ഉപകരണങ്ങള്‍, ആന്റിബയോട്ടിക്കുകള്‍, അലുമിനിയവും മറ്റു ലോഹങ്ങളും കൊണ്ടുള്ള നിര്‍മാണസാമഗ്രികള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങളും ഇവിടെ നിന്നു പുറത്തിറങ്ങുന്നുണ്ട്. ജനസംഖ്യ: 121,060 (2010)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍