This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോഗു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോഗു

മാല്‍വേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഒരിനം ചണം. ശാ.നാ.: ഹിബിസ്കസ് കന്നാബിനസ് (Hibiscus cannabinus). ബ്രൗണ്‍ ഹെംപ്, ബോംബെ ഹെംപ് എന്നീ പേരുകളിലും അറിയപ്പെടുന്നു. വളരെ പുരാതന കാലം മുതല്‍ ഇന്ത്യയില്‍ ഈ ചെടി നട്ടുവളര്‍ത്താന്‍ തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഗോഗു ഇന്ത്യയില്‍  എത്തിയതെന്നു കരുതപ്പെടുന്നു. ആന്ധ്രയിലും തമിഴ്നാട്ടിലുമാണ് ഈ ചെടി വിപുലമായ തോതില്‍ നട്ടുവളര്‍ത്തിവന്നത്. ഗോഗു പ്രധാനമായും രണ്ടിനങ്ങളുണ്ട്. ഇലയും തണ്ടും പച്ചനിറമുള്ളവയും, ചുവന്ന നിറമുള്ളവയും. എന്‍.പി. 3, എന്‍.പി. 6, ആര്‍.റ്റി. 2, ആര്‍.റ്റി. 481 എന്നിവയാണ് ഇന്ത്യയില്‍ കൃഷി ചെയ്യപ്പെടുന്ന പ്രധാന ഇനങ്ങള്‍.

ഗോഗു (ഹിബിസ്കസ് കന്നാബിനസ്

പ്രധാന തണ്ടില്‍ ഇലയുടെ കക്ഷ്യഭാഗത്തായാണ് പുഷ്പങ്ങളുണ്ടാകുന്നത്. കൂര്‍ത്ത അഗ്രമുള്ള കായ്കള്‍ക്ക് ഗോളാകൃതിയാണ്.

50-75 സെ.മീ. വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ ഖരീഫ് വിളയായാണ് ഗോഗു കൃഷി ചെയ്യുന്നത്. സാധാരണ മണല്‍ നിറഞ്ഞ മണ്ണും ചെളി കുറഞ്ഞ കരിമണ്ണും ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. എന്നാല്‍ വെള്ളം കെട്ടിനില്‍ക്കുന്ന താഴ്ന്ന പ്രദേശങ്ങള്‍ കൃഷിക്ക് ഒട്ടും പറ്റിയതല്ല.

മേയ്-ജൂണ്‍ മാസങ്ങളില്‍ ഗോഗുവിത്ത് നേരിട്ട് നിലത്ത് വിതയ്ക്കുന്നു. വളപ്രയോഗത്തിനനുസരിച്ച് നല്ല വിള തരുന്ന ചണയിനമാണ് ഗോഗു. അതിനാല്‍ വിത്തു വിതയ്ക്കുന്നതിനു മുമ്പുതന്നെ നന്നായി ഉഴുതുമറിച്ച മണ്ണില്‍ കന്നുകാലിവളവും നൈട്രജന്‍ വളവും ചേര്‍ക്കുന്നു. വിത്തു വിതച്ച ശേഷം നിലം വീണ്ടും ഉഴുതു മറിക്കുന്നു. നാരിനു വേണ്ടിമാത്രം കൃഷിയിറക്കുമ്പോള്‍ ആവശ്യത്തിനുവേണ്ട വിത്തു ശേഖരിക്കുവാനായി ഒരു വശത്തു കുറെ ചെടികള്‍ പിഴുതെടുക്കാതെ ഒഴിച്ചു നിര്‍ത്തും. ഡി.-ജനു. മാസങ്ങളിലാണ് വിത്ത് ഖേരിക്കുന്നത്. വിത്തുകള്‍ മുളച്ചശേഷം ആവശ്യത്തിലധികമുള്ള തൈകള്‍ പറിച്ചു മാറ്റുന്നു. നാലു നാലരമാസത്തെ വളര്‍ച്ചകൊണ്ട് മൂന്നു മീറ്ററോളം ഉയരം വയ്ക്കും. ഇതിനിടയില്‍ ഒരു പ്രാവശ്യമെങ്കിലും ഇടയിളക്കവും കളപറിക്കലും നടത്തണം.

ഒ.-ന. മാസങ്ങളിലാണ് ഗോഗു പുഷ്പിക്കുന്നത്. നാരിനു വേണ്ടിയുള്ള വിളവെടുപ്പ് നടത്തുന്നത് ഈ ഘട്ടത്തിലാണ്. പാകമായ ചെടികള്‍ മണ്ണിനു മുകളില്‍ വച്ച് മുറിച്ചെടുക്കുകയോ വേരോടുകൂടി പിഴുതെടുക്കുകയോ ചെയ്യുന്നു. പിഴുതെടുക്കുന്ന ചെടികള്‍ ചെറിയ കെട്ടുകളാക്കി ചുവടുഭാഗം മുങ്ങിയിരിക്കത്തക്കവിധം വെള്ളത്തില്‍ മുക്കി വയ്ക്കുന്നു. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ചെടികളെ മൊത്തത്തില്‍ 10-15 ദിവസം വെള്ളത്തില്‍ മുക്കിയിടുന്നു. ചെടികള്‍ നന്നായി അഴുകിയശേഷം (ആര്‍ദ്ര അഴുക്കല്‍) ചെടിയുടെ നാരുകളുള്ള ഭാഗം പാളികളായി ഇളക്കിയെടുത്ത് മാലിന്യങ്ങളും തണ്ടിന്റെ ഭാഗങ്ങളും കഴുകി മാറ്റുന്നു. പലപ്രാവശ്യം വെള്ളത്തില്‍ കഴുകിയെടുത്ത നാരുകള്‍ ഉണക്കി കെട്ടുകളാക്കി സൂക്ഷിക്കുന്നു. വളരെനാള്‍ വെള്ളത്തില്‍ മുക്കിയിട്ടിരുന്നാല്‍ നാരുകള്‍ക്ക് ബലം കുറയും. ചെടികള്‍ പിഴുതെടുക്കുന്ന സമയത്ത് അഴുകാനിടാന്‍ സൗകര്യമില്ലെങ്കില്‍ ഉണക്കി സൂക്ഷിച്ചു വയ്ക്കുന്ന രീതിയും പ്രാബല്യത്തിലുണ്ട്. പിന്നീട് പറ്റിയ അവസരത്തില്‍ ചെടികള്‍ അഴുകാന്‍ (ശുഷ്ക അഴുകല്‍) ഇടുന്നു. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും 1350 കി.ഗ്രാം. വരെ നാര് ലഭിക്കും.

ഗോഗുവില്‍ നിന്നു ലഭിക്കുന്ന നാര് പലയിനം കയറുകള്‍, ചാക്കുകള്‍, കാന്‍വാസ്, സഞ്ചികള്‍, മീന്‍പിടിത്തവല എന്നിവയുണ്ടാക്കുന്നതിനുപയോഗിക്കുന്നു. ഈ ചെടിയുടെ തണ്ട് കാര്‍ഡ് ബോര്‍ഡും കടലാസും ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. ഹിബിസ്കസ് സബ്ഡാരിഫ എന്ന ഒരിനം ഗോഗുവില്‍ നിന്നെടുക്കുന്ന നാര് റോസെല്ലാ എന്നറിയപ്പെടുന്നു.

വെളുത്തതും മൃദുവായതും, തിളക്കമുള്ളതും ജലാംശവും മാലിന്യവും ഇല്ലാത്തതുമായ നാരുകള്‍ക്കാണ് വാണിജ്യ പ്രാധാന്യമുള്ളത്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഗോഗുവിന്റെ ഏറിയ പങ്കും ഇവിടെത്തന്നെ ഉപയോഗിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ ഇത് കാലിത്തീറ്റയ്ക്കായും വളര്‍ത്തി വരുന്നുണ്ട്. ചെടിയുടെ ഇലയും ഇളംതണ്ടും കായും പച്ചക്കറിയായിട്ടും ചട്നിയുണ്ടാക്കാനും ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%97%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍