This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൃഹാലങ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ഗൃഹാലങ്കാരം

ഗൃഹം മോടിയാക്കുന്ന പ്രക്രിയ. വീടിന്റെ അകവും പുറവും ഭംഗിയാക്കുന്നതിലും സൗകര്യപ്രദമാക്കുന്നതിലും ഗൃഹവാസി ചെലുത്തുന്ന ശ്രദ്ധയാണ് ഗൃഹാലങ്കാരത്തെ ഒരു കലയാക്കി മാറ്റുന്നത്. വീടു പണിയുന്നതിന് സ്ഥലം തിരഞ്ഞെടുക്കുന്നതുമുതല്‍ തന്നെ ഗൃഹാലങ്കരണത്തിലുള്ള ശ്രദ്ധ പ്രകടമായിത്തുടങ്ങുന്നു. പരിസ്ഥിതിക്കനുയോജ്യമായ തരത്തില്‍ വീട് സംവിധാനം ചെയ്യുന്നതിനും ആധുനികരീതിക്കൊത്ത് അലങ്കരിക്കുന്നതിനും മറ്റും ഇന്ന് വളരെയധികം പ്രാധാന്യം ഉണ്ട്. ഈ മേഖലയിലെ കലാപരവും സാങ്കേതികവുമായ വികസനംമൂലം ഗൃഹാലങ്കരണകല (Interior Designing) ഇന്ന് വൈദഗ്ധ്യം നിറഞ്ഞ ഒരു തൊഴിലായി മാറിയിട്ടുണ്ട്.

ചരിത്രപശ്ചാത്തലം

ബി.സി. 4500 മുതല്‍ ആധുനികകാലം വരെയുള്ള സുദീര്‍ഘമായ ചരിത്രപശ്ചാത്തലം ഗൃഹാലങ്കാരകലയ്ക്കുണ്ട്. പുരാതന ഈജിപ്തിലെ ഗൃഹാലങ്കാരങ്ങളില്‍ പ്രകൃതിദൃശ്യങ്ങളാണ് ഏറ്റവുമധികം പ്രകടമാകുന്നത്. മെസൊപ്പൊട്ടേമിയന്‍ വീടുകളുടെ കീഴ്ഭാഗത്ത് കടുത്ത നിറത്തിലുള്ള ചായം പൂശിയിരുന്നു. മുകള്‍ ഭാഗം നേര്‍ത്ത നിറവും. ദൃഷ്ടിദോഷമേല്ക്കാതിരിക്കാനെന്നവണ്ണം വാതിലുകള്‍ക്ക് ചുവന്ന പെയിന്റ് നല്കിയിരുന്നു. തറ പാകാന്‍ താമര, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവ കൊത്തിയ സ്ലാബുകള്‍ ഉപയോഗിച്ചിരുന്നു. ദാരിയൂസ്, ക്സെര്‍ക്സസ് തുടങ്ങിയ രാജാക്കന്മാരുടെ കൊട്ടാരങ്ങളില്‍ ചുവരലങ്കാരത്തിന് മൃഗരൂപങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇനാമലും മറ്റും ഉപയോഗിച്ച് മിനുസപ്പെടുത്തിയ ഓടുകള്‍ ചുവരുകളില്‍ ഒട്ടിച്ചിരുന്നു. മച്ചുകളും തുലാങ്ങളും ചായം കൊണ്ട് മനോഹരമാക്കിയിരുന്നു. ക്രീറ്റിലെ മിനോസ് രാജാവിന്റെ പ്രധാന മുറികളിലെ ചുവരില്‍ ഫ്രെസ്കോ പെയിന്റിങ്ങുകളുണ്ടായിരുന്നു. അവിടെ കളിമണ്‍ പാത്രങ്ങള്‍; ആനക്കൊമ്പ്, സ്വര്‍ണം, വെള്ളി, ചെമ്പ് എന്നിവയില്‍ തീര്‍ത്ത അപൂര്‍വ വസ്തുക്കള്‍ തുടങ്ങിയ അലങ്കാര സാമഗ്രികളുടെ ഒരു കലവറയായിരുന്നു ക്രീറ്റ് എന്നു വിളിച്ചോതുന്നു.

ആധുനികരീതിയിലുള്ള ഒരു സ്വീകരണമുറി

ഇറ്റലിയിലെ പോംപെയിലുള്ള ഗ്രീക്കോ-റോമന്‍ ചുവരലങ്കാരങ്ങളുടെ ശേഖരത്തില്‍ നിന്നും അവിടെ ബി. സി. 150 മുതല്‍ ചുവരുകള്‍ ചായം പൂശി അലങ്കരിച്ചിരുന്നു എന്നു മനസ്സിലാക്കാം. നേരിയ മാര്‍ബിള്‍ പാളികളുപയോഗിച്ചും മഞ്ഞ, കറുപ്പ്, ചുവപ്പ്, എന്നീ നിറങ്ങള്‍ കലര്‍ത്തിയും പാനലുകള്‍ മനോഹരമാക്കിയിരുന്നു. എ.ഡി. മൂന്നും നാലും ശ.-ങ്ങളില്‍ ഈജിപ്ത്, ഗ്രീസ് എന്നിവിടങ്ങളില്‍ പല പുതിയ ആവിഷ്കാരങ്ങളും സാധ്യമായി. മെഴുക് ഉരുക്കിച്ചേര്‍ത്ത് ഈടു നില്‍ക്കുന്ന നിറക്കൂട്ടുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. വെങ്കളിയിലുള്ള കൊത്തുവേലകളും കളിമണ്‍ ഫലകങ്ങളും ഫ്രീസുകളും (തൂണിന്റെ അലംകൃതമായ അടിവശം) എല്ലാം ഇക്കാലത്തുണ്ടാക്കിയിരുന്നു. മെത്ത, കുഷ്യന്‍, തലയിണ എന്നിവ പല നിറങ്ങളും രൂപസംവിധാനവുമുള്ള കമ്പിളി, ലിനന്‍ എന്നിവകൊണ്ട് ആവരണം ചെയ്തവയായിരുന്നു. ഹൊറസ്, സിസറോ തുടങ്ങിയവരുടെ കൃതികളില്‍ ഇതിനെക്കുറിച്ചുള്ള വിവരണം ലഭ്യമാണ്.

ആധുനികരീതിയിലുള്ല ഭക്ഷണമുറി
ആധുനിക രീതിയില്‍ നിര്‍മ്മിച്ച അടുക്കള
കിടപ്പുമുറി

മധ്യകാല യൂറോപ്യന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കപ്പെട്ടത് യുദ്ധംമാത്രം കണക്കിലെടുത്താണ്. അതുകൊണ്ടുതന്നെ അലങ്കാരകലയ്ക്കതില്‍ വലിയ സ്ഥാനമൊന്നുമില്ല. സ്റ്റൂള്‍, ബഞ്ച്, സാധനങ്ങള്‍ സൂക്ഷിക്കുവാനുള്ള വലിയൊരു പെട്ടി അല്ലെങ്കില്‍ അലമാര എന്നിങ്ങനെ ഒഴിച്ചുകൂടാനാവാത്ത ചിലതൊഴിച്ചാല്‍ കാര്യമായ ഫര്‍ണിച്ചര്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 12-ാം ശ.-ത്തിന്റെ അവസാനത്തോടെ കോട്ടകൊത്തളങ്ങള്‍ക്കു പരിഷ്കൃതമായ മാടമ്പിഭവനങ്ങളുടെ സ്വഭാവം ലഭ്യമായിത്തുടങ്ങി. കട്ടിയുള്ള ജനല്‍ മറകള്‍ക്കു പകരം മേല്‍ത്തരം നേര്‍ത്ത തുണികൊണ്ടുള്ള കര്‍ട്ടനുകളും ചിത്ര യവനികകളും മുറികള്‍ക്ക് ഊഷ്മളത പ്രദാനം ചെയ്തു. 15-ാം ശ.-ത്തില്‍ മുറികളില്‍ രാമച്ചം പോലുള്ള ഔഷധസസ്യനിര്‍മിതമായ ചവിട്ടു മെത്തകള്‍ അന്തരീക്ഷ ശുചീകരണത്തിനായി ഉപയോഗിക്കുവാന്‍ തുടങ്ങി. ലിനന്‍ മേശ വിരികളും ഉപയോഗിച്ചുവന്നു. കുളിമുറി വീടിനകത്തു തന്നെ പണിയുന്നത് ആഡംബരത്തിന്റെ ലക്ഷണമായി.

ഇംഗ്ലണ്ടിലെ ഹെന്റി III (1216-72) ഒരു ഗൃഹാലങ്കാരകുതുകിയായിരുന്നു. പെയിന്റു ചെയ്ത ഗ്ലാസുകൊണ്ടുണ്ടാക്കിയ വലിയ റോസ് ജനാലകള്‍ അദ്ദേഹത്തിന്റെ ദൌര്‍ബല്യമായിരുന്നു. ഇംഗ്ലണ്ടില്‍ ട്യൂഡര്‍ ഭരണകാലം മുതല്‍ ഗൃഹാലങ്കാരത്തിന്റെ നൂതന ശൈലികള്‍ ആവിഷ്കൃതമാകാന്‍ തുടങ്ങി.

7-8 ശ.-ങ്ങളിലെ അറബി ആക്രമണവും ഇന്ത്യ, സ്പെയിന്‍, എന്നിവിടങ്ങളിലെ അവരുടെ ആധിപത്യവും ലോകത്താകമാനം വലിയ മാറ്റങ്ങളുളവാക്കി. മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍ക്കു പകരം വിശുദ്ധഖുറാനിലെ വരികള്‍ ആലേഖനം ചെയ്തു തുടങ്ങി. ഇസ്ലാമിക രീതിയുടെ മകുടോദാഹരണം പേര്‍ഷ്യന്‍ കലയിലാണു പ്രത്യക്ഷമാകുന്നത്. പേര്‍ഷ്യന്‍ കലയിലെ സൗഭാഗ്യ നാളുകളായ ഷാ അബ്ബാസിന്റെ കാലത്തിനു (1587-1629) മുന്‍പുതന്നെ പേര്‍ഷ്യന്‍ പരവതാനികള്‍ ലോകപ്രശസ്തിയാര്‍ജിച്ചു കഴിഞ്ഞിരുന്നു. ഇന്നും ആ നിലയ്ക്കൊരു മാറ്റവുമില്ല.

ചൈനയുടെ ഗൃഹാലങ്കാര ചരിത്രം അത്രയ്ക്കൊന്നും ധന്യമല്ലെങ്കിലും ചെറിയ തോതിലുള്ള കൊത്തുവേലകളും പെയിന്റിങ്ങും അവിടെയും ഉണ്ടായിരുന്നു. ചൈനീസ് കളിമണ്‍ പാത്രങ്ങളിലും മറ്റും ഉള്ള ഡിസൈനുകള്‍ തന്നെയാണ് ഗൃഹാലങ്കാരത്തിലും കണ്ടു വരുന്നത്. കര്‍പ്പൂരത്തടി (camphor wood) കൊണ്ടുണ്ടാക്കിയ അലമാരകള്‍ അവരുടെ സുപ്രധാന ഗൃഹോപകരണമായിരുന്നു. ചുവരുകളിലെ ചിത്രപ്പണികള്‍ പുതുമയ്ക്കുവേണ്ടി കൂടെക്കൂടെ മാറ്റുന്ന പതിവുണ്ടായിരുന്നു. പീച്ചുമരത്തിന്റെ പൂത്ത മരക്കമ്പുകള്‍ പൂപ്പാത്രത്തിലാക്കി മുറിയലങ്കരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു.

ജപ്പാനിലും മധ്യകാല ഗൃഹാലങ്കാരരീതി തന്നെയാണ് വലിയ മാറ്റമൊന്നുമില്ലാതെ ഇന്നും തുടരുന്നത്. ഒറ്റപ്പാളി സ്ക്രീനുകള്‍ക്കും കര്‍ട്ടനുകള്‍ക്കും പകരമായി സൗകര്യാര്‍ഥം നീക്കാവുന്ന തട്ടികള്‍ (fusuma) ഉപയോഗിക്കുന്നതാണ് ആധുനികരീതി. തറമുഴുവന്‍ മരപ്പലക പാകുന്ന രീതിയും പ്രാബല്യത്തില്‍ വന്നു. സമ്പന്നരും അല്ലാത്തവരും ഒരേപോലെ അടുക്കും ചിട്ടയുമുള്ള മനോഹരമായ അകത്തളങ്ങള്‍ ഒരുക്കുന്നതില്‍ ഉത്സുകരാണ്. 1.8 x 0.9 മീ. അളവിലുള്ള പരവതാനി, 1.7 മീ. ഉയരവും 0.9 മീ. വീതിയുമുള്ള 'ഫ്യൂസുമ' എന്നിവ പൊതുവേ അംഗീകരിക്കപ്പെട്ട അളവുകളാണ്. മനോഹരമായ വാള്‍പേപ്പര്‍ പതിച്ചതോ ചിത്രപ്പണികള്‍ ചെയ്തതോ ആയ തട്ടികള്‍ സ്ഥാപിച്ചോ എടുത്തുമാറ്റിയോ ആവശ്യാനുസരണം വളരെ എളുപ്പത്തില്‍ മുറികളുടെ വലുപ്പം ക്രമീകരിക്കാം. ആവശ്യത്തിനനുസരിച്ച് എപ്പോഴും ഏതു വലുപ്പത്തിലും രീതിയിലുമുള്ള അകത്തളങ്ങള്‍ ഒരുക്കാമെന്നത് ജപ്പാനിലെ ഗൃഹാലങ്കാരത്തിന്റെ പ്രത്യേകതയാണ്.

മൗര്യ കാലഘട്ടം മുതല്‍ (ബി.സി. 325-185) ഇന്ത്യയില്‍, പ്രത്യേകിച്ച് ബുദ്ധ-ഹൈന്ദവ ക്ഷേത്രങ്ങളിലും മറ്റും, അകത്തളം പെയിന്റു ചെയ്ത് അലങ്കരിക്കുന്ന പതിവുണ്ടായിരുന്നു. ഇന്ത്യയിലെ കെട്ടിട നിര്‍മാണരംഗത്തു മധ്യകാലയുഗത്തോടെയാണ് വൈദേശിക സ്വാധീനം വിപുലമായ തോതില്‍ പ്രകടമാകുന്നത്. സാരസന്‍ വാസ്തുവിദ്യയുടെയും ശില്പകലയുടെയും അതിപ്രസരം ഇവിടത്തെ ഗൃഹനിര്‍മാണത്തിലും ഗൃഹാലങ്കാരത്തിലും കാവ്യാത്മകമായ പരിവര്‍ത്തനമുണ്ടാക്കി. കല്ലും മരവും മാത്രമല്ല, മാര്‍ബിളും രത്നങ്ങളും ലോഹങ്ങളും എല്ലാം ഗൃഹങ്ങളെ അലങ്കരിച്ചു തുടങ്ങി. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തോടെ ആധുനിക പാശ്ചാത്യ അലങ്കരണ സമ്പ്രദായങ്ങളോടുള്ള ആഭിമുഖ്യം വര്‍ധിച്ചു തുടങ്ങി. മട്ടാഞ്ചേരിയിലും മദിരാശിയിലുമുള്ള ചുവര്‍ച്ചിത്രങ്ങള്‍ 17-ാം ശ.-ത്തിലേതാണ്. കാലിക്കോ, ചിന്റ്സ് തുടങ്ങിയ ഇന്ത്യന്‍ തുണിത്തരങ്ങള്‍ പാശ്ചാത്യഗൃഹാലങ്കാര രംഗത്തുപോലും സ്ഥാനം പിടിച്ചവയാണ്. 17-ാം ശ.-ത്തില്‍ത്തന്നെ ഇവ യൂറോപ്പിലെത്തി. കാലിക്കോ കൊണ്ടുണ്ടാക്കിയ ചിത്രകംബളങ്ങളും കര്‍ട്ടനുകളും തൊങ്ങലുകളും ഇംഗ്ലീഷ് കുടുംബങ്ങളില്‍ ഫാഷനായി. യൂറോപ്യന്‍ വിപണിക്കുവേണ്ടി അവിടത്തെ പ്രകൃതിദൃശ്യങ്ങള്‍ ചിത്രീകരിക്കേണ്ടിവന്ന ഇന്ത്യന്‍ കലാകാരന് അതു വളരെ വിചിത്രമായ ഒന്നാക്കാനേ കഴിഞ്ഞുള്ളൂ. പക്ഷേ, ഈ വൈചിത്യ്രം തന്നെയാണ് അത്തരം ഇന്ത്യന്‍ കംബളങ്ങള്‍ക്ക് യൂറോപ്പില്‍ ആരാധകരെ നേടിക്കൊടുത്തതും. 19-ാം ശ.-ത്തില്‍ ബ്ലോക്ക് പ്രിന്റിങ് വ്യാപകമായതോടെ ഇന്ത്യന്‍ കംബളങ്ങളുടെ പ്രചാരത്തിനു മങ്ങലേറ്റു.

കേരളത്തിന്റെ കലയിലും സംസ്കാരത്തിലും ക്ഷേത്രങ്ങള്‍ക്കുണ്ടായിരുന്ന സ്വാധീനം നിര്‍ണായകമാണ്. വാസ്തുവിദ്യയും ശില്പകലയും തമ്മില്‍ ഇവിടെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രമേണ അത് ഗൃഹനിര്‍മാണത്തിലും ഗൃഹാലങ്കാരത്തിലും സ്വാധീനത ചെലുത്താന്‍ തുടങ്ങി; ജന്മിമാരുടെയും പ്രഭുക്കളുടെയും ഹര്‍മ്യങ്ങളിലായിരുന്നു ഇത് അധികം പ്രകടമായിരുന്നത് എന്നുമാത്രം. തച്ചു ശാസ്ത്ര വിധിപ്രകാരം നിര്‍മിച്ചിരുന്ന കേരളീയ ഭവനങ്ങള്‍ ആകാരഭംഗിയുള്ളവയും, അന്തേവാസികളുടെ അഭിരുചികള്‍ക്കും ആരോഗ്യത്തിനും ഇണങ്ങുന്നവയുമായിരുന്നു. ആവശ്യത്തിന് ശുദ്ധവായുവും വെളിച്ചവും കടക്കുന്നതും മുറിക്കുള്ളിലെ ചൂട് കുറയ്ക്കുന്നതിനു സഹായിക്കുന്നതുമായ വാതായനങ്ങളും മച്ചുകളും ഇത്തരം ഗൃഹങ്ങളുടെ പ്രത്യേകതയായിരുന്നു. ശില്പഭംഗിയുള്ള കതകുകളും അലങ്കാരപ്പണികളുള്ള മച്ചുകളും ഈ വീടുകളുടെ സവിശേഷതയായിരുന്നു. പ്രകൃതിയില്‍ നിന്ന് സുലഭമായി ലഭിച്ചിരുന്ന അസംസ്കൃത വസ്തുക്കളായ കരിങ്കല്ല്, തടി എന്നിവ ഗൃഹനിര്‍മാണത്തിന് ധാരാളമായി ഉപയോഗിച്ചു. കാലാവസ്ഥാവ്യതിയാനങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന നിര്‍മാണരീതിയും ഇത്തരം ഭവനങ്ങളുടെ പ്രത്യേകതയായിരുന്നു. തടികൊണ്ടു നിര്‍മിച്ച 'അറയും പുരയും' അന്നത്തെ ജന്മി ഭവനങ്ങളുടെ മുഖമുദ്രയായിരുന്നു.

നന്നായി മിനുസപ്പെടുത്തിയ കരിങ്കല്‍പ്പാളികള്‍ പാകിയ അകത്തളങ്ങള്‍ വീടുകളെ ആകര്‍ഷകമാക്കി. ഗൃഹോപകരണങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓരോ കലാരൂപങ്ങളായിരുന്നു. ആഭരണപ്പെട്ടികള്‍, വെറ്റിലച്ചെല്ലം, രാമച്ചം കൊണ്ടുള്ള മേല്‍ക്കട്ടികള്‍, ഓട്ടുപാത്രങ്ങള്‍, നിലക്കണ്ണാടികള്‍ മുതലായവ അതിമനോഹരങ്ങളായ കലാസൃഷ്ടികള്‍ കൂടിയായിരുന്നു. ചന്ദനം, അകില്‍, ദേവദാരു തുടങ്ങിയ ഔഷധമൂല്യമുള്ള തടിയില്‍ തീര്‍ത്ത കട്ടില്‍, കസേര, മേശ തുടങ്ങിയവ ധാരാളമായി ഉപയോഗിച്ചിരുന്നു.

തികച്ചും കേരളീയമായ അസംസ്കൃത സാധനങ്ങളായ കരി, അടയ്ക്കാച്ചാറ് എന്നിവ ഉപയോഗിച്ച് ചുവരില്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്ന രീതിയും അന്ന് നിലനിന്നിരുന്നു.

ഗോഥിക്, നവോത്ഥാനം, ബറോക്ക്, റോക്കോക്കോ, നിയോ-ക്ളാസ്സിക്, വിക്ടോറിയന്‍ എന്നിങ്ങനെ വിവിധ ശൈലികള്‍ ഗൃഹാലങ്കാരകലയില്‍ ഉണ്ടായിട്ടുണ്ട്. മിതത്വവും അനുപാതബോധവും നല്കുന്ന ചിത്രീകരണങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നു. സു. 1600-ല്‍ രൂപപ്പെടുത്തിയ ജപ്പാനിലെ ഒരകത്തളവും അക്കാലത്തെ തന്നെ അമേരിക്കയിലെ ഒരു അകത്തളവും തമ്മില്‍ താരതമ്യം ചെയ്തു നോക്കിയാല്‍ രണ്ടും സരളമനോജ്ഞമാണ് എന്നു മനസ്സിലാക്കാനാവും. നവോത്ഥാന കാലഘട്ടത്തിലെ ഗൃഹാലങ്കാരണത്തില്‍ മരം ഒരു സുപ്രധാന ഘടകമായിരുന്നു. ഇതിനെ ഓക്ക് യുഗമെന്നു വിളിക്കുന്നു. ഗ്രീസിലെയും റോമിലെയും ക്ളാസ്സിക് യുഗത്തെ പുനരുജ്ജീവിപ്പിച്ച 18-ാം ശ.-ത്തിലെ നിയോ-ക്ളാസ്സിക് അകത്തളങ്ങള്‍ അലങ്കാരത്തില്‍ മിതത്വവും കെട്ടിട നിര്‍മാണത്തിലും ഉപകരണസജ്ജീകരണത്തിലും കൃത്യമായ അളവുകളും അനുപാതവും നിഷ്കര്‍ഷിച്ചിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ അമേരിക്കന്‍ ഗൃഹാലങ്കാരം ഇംഗ്ലീഷ് ശൈലിയുടെ അനുകരണമാണ്.

അടിസ്ഥാന തത്ത്വങ്ങള്‍

ആസൂത്രണം

കുട്ടികളുടെ മുറി

ഗൃഹം പുതുതായി പണിയുമ്പോഴും പഴയ വീടുകള്‍ സൗകര്യപ്രദമായും കാലാനുസൃതമായും പുനരാസൂത്രണം ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വീടിന്റെ അകവും പുറവും ഭംഗിയായിരിക്കണം. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്കൊപ്പം അന്തേവാസികളുടെ അഭിരുചിയും സൗകര്യവും ശാരീരികവും മാനസികവുമായ ആരോഗ്യവുമെല്ലാമായിരിക്കണം ലക്ഷ്യമാക്കേണ്ടത്. ഗൃഹത്തിന്റെ ചുവരുകള്‍ക്കകത്തും പുറത്തും ലഭ്യമായ സ്ഥലപരിമിതിക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ ലഭിക്കാവുന്ന ഓരോ ഇഞ്ചു സ്ഥലവും പരമാവധി ഉപയോഗപ്രദമാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പരിഷ്കാരങ്ങളും മാറ്റങ്ങളും വര്‍ധിച്ച സാമ്പത്തിക ഭാരം അടിച്ചേല്പിക്കുന്നതാകരുത്. വീടിനുള്‍ഭാഗം അലങ്കരിക്കുന്നതിലാണ് ആസൂത്രകന്റെ വൈഭവം ഏറെയും പ്രകടമാവുന്നത്. മുറികള്‍ക്ക് വിസ്താരം തോന്നിപ്പിക്കുന്നതിന് ഉള്ളളവുകള്‍ മാത്രമല്ല, വെളിച്ചത്തിന്റെ സജ്ജീകരണങ്ങളും കൊടുത്തിരിക്കുന്ന നിറങ്ങളും ചുവരലങ്കാരങ്ങളും മറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. മിതത്വമാണ് ആകര്‍ഷണീയതയ്ക്കടിസ്ഥാനം. അലങ്കാര വസ്തുക്കളിലെ ഓരോ ഘടകവും പരസ്പരം യോജിക്കുന്നുണ്ട് എന്നുറപ്പുവരുത്തുന്നതുപോലെതന്നെ ഏകതാനതമൂലം വിരസമാകാതെയും നോക്കണം. മൊത്തത്തിലുള്ള യോജിപ്പിന് തടസം നില്‍ക്കുന്നില്ലെങ്കില്‍ വിവിധ കാലഘട്ടങ്ങളിലെ ഗൃഹാലങ്കാര ഉപകരണങ്ങള്‍ ഇടകലര്‍ത്തി ഉപയോഗിക്കാവുന്നതാണ്. സ്ഥലപരിമിതി പ്രശ്നമാകുന്ന ആധുനിക കെട്ടിടങ്ങളില്‍ സ്ഥിരമായുറപ്പിച്ച ചുവരുകള്‍ക്കു പകരം കര്‍ട്ടനുകള്‍, മടക്കുവാതിലുകള്‍, മാറ്റി വയ്ക്കാവുന്ന സ്ക്രീനുകള്‍ മുതലായവ ഉപയോഗിക്കാവുന്നതാണ്. എവിടെയും വഴക്കമാണ് പരമാവധി തൃപ്തി നല്കുന്ന തത്ത്വം. സ്വകാര്യതയ്ക്കു തടസമാവാതെ തന്നെ ഏറെ സ്ഥലസൗകര്യം തോന്നിപ്പിക്കുന്നതിന് സ്വീകരണ-ഊണുമുറികള്‍ക്കിടയ്ക്കു മറകളും അര്‍ധമറകളും (partial dividers) മച്ചിലും തറയിലും തൊടാത്ത രീതിയില്‍ സംവിധാനം ചെയ്യാവുന്നതാണ്. സ്റ്റോറും അടുക്കളയും തമ്മില്‍ വേര്‍തിരിക്കുന്ന ചുവര് മുകള്‍ത്തട്ടുവരെ കെട്ടിമുട്ടിക്കേണ്ടതില്ല. അടുപ്പുകളെയും അരഭിത്തികള്‍ കൊണ്ടു കെട്ടി മറയ്ക്കാവുന്നതാണ്. ഇതെല്ലാം ഒരളവില്‍ ഒരു ഗൃഹവാസിക്കുതന്നെ ചെയ്യാമെങ്കിലും കൂടുതല്‍ മുതല്‍മുടക്കുള്ള ഗൃഹനിര്‍മാണത്തില്‍ ഒരു ഗൃഹാലങ്കാര സംവിധായകന്റെ സഹായം തേടുന്നതാണ് അഭികാമ്യം. ഇപ്രകാരം ഗൃഹാലങ്കാരം നിര്‍വഹിക്കുമ്പോള്‍ എന്തൊക്കെയാണു ശ്രദ്ധിക്കപ്പെടുന്നതെന്നു നോക്കാം.

വീടിന്റെയും മുറികളുടെയും പ്ലാന്‍ ഉണ്ടാക്കുമ്പോള്‍ പരിസരത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. കെട്ടിടത്തിന്റെ ഓരോ ഇഞ്ച് സ്ഥലവും ഏതെല്ലാം രീതിയില്‍ ഉപയോഗിക്കണമെന്നതും ഗൃഹവാസികളുടെ അഭിരുചി, പ്രായം, തൊഴില്‍ തുടങ്ങിയ ഘടകങ്ങളും കണക്കിലെടുക്കണം. വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെ കാര്യത്തിലായാലും വാസഗൃഹങ്ങളുടെ കാര്യത്തിലായാലും മുറികള്‍ സജ്ജീകരിക്കുന്നതും അലങ്കരിക്കുന്നതും അതിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ്. കുടുംബത്തിന്റെ സാമ്പത്തിക പരിധിക്കുള്ളില്‍ കുടുംബാംഗങ്ങളുടെ അഭിരുചിക്കും ഉപയോഗത്തിനും യോജിച്ച ലളിതവും എന്നാല്‍ പരിഷ്കൃതവുമായ ഗൃഹാലങ്കാരം സാധിക്കുക എന്നതാണ് ഡിസൈനറുടെ കര്‍ത്തവ്യം. പ്ലാന്‍ തയ്യാറാക്കുമ്പോള്‍ത്തന്നെ ബജറ്റും കണക്കിലെടുക്കേണ്ടതുണ്ട്.

ബജറ്റ്

കെട്ടിടനിര്‍മാണത്തിലും തുടര്‍ന്നുള്ള അലങ്കാര പദ്ധതികളിലും ആസൂത്രിതമായ ഒരു ബജറ്റിന്റെ ആവശ്യകത മുന്നിട്ടു നില്‍ക്കുന്നു. പലപ്പോഴും കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാനെടുക്കുന്നതിലും കൂടുതല്‍ ചെലവ് അത് മോടിപിടിപ്പിക്കുന്നതിനു വേണ്ടിവരുന്നു. അതുകൊണ്ട് വിദഗ്ധരുമായി ആലോചിച്ചുവേണം ബജറ്റ് തയ്യാറാക്കേണ്ടത്. ആകെ ചെലവാക്കാനുദ്ദേശിക്കുന്ന തുകയുടെ എത്ര ശ.മാ. ഓരോ ഇനത്തിലും ഉപയോഗിക്കാം എന്നതിനെക്കുറിച്ചൊരു മുന്‍ധാരണ വേണം. ഒരിനത്തില്‍ വരുത്തുന്ന അധികച്ചെലവ് മറ്റിനങ്ങളെ പ്രതികൂലമായി ബാധിക്കാതെ നോക്കണം. കിടപ്പുമുറി മോടിപിടിപ്പിക്കുന്നതില്‍ അല്പമധികം ചെലവഴിക്കുമ്പോഴൊരുപക്ഷേ അടുക്കളയിലെ ചില അത്യാവശ്യ സൗകര്യങ്ങള്‍ക്ക് പണം തികയാതെ വന്നേക്കാം. എന്നാല്‍ പ്രായേണ ദീര്‍ഘകാലത്തേക്ക് മുതല്‍ക്കൂട്ടാകുന്ന ചെലവുകള്‍ ഒഴിവാക്കേണ്ടവയല്ല. വീടുപണിക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിലും ശേഖരിക്കുന്നതിലും സാമ്പത്തികഭദ്രത കണക്കിലെടുക്കുകതന്നെ വേണം. ഉദാഹരണമായി മുന്‍ വാതിലിന്റെ കാര്യം തന്നെ നോക്കാം. വാതില്‍ നേരിട്ടു പണിയുമ്പോള്‍ കാലതാമസവും അധികപണച്ചെലവും ഉണ്ടാകാം. അതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് മുന്‍കൂര്‍ തയ്യാറാക്കിവച്ചിരിക്കുന്ന നല്ല സാധനം കുറഞ്ഞ വിലയ്ക്കു കിട്ടുമെന്നുറപ്പുണ്ടെങ്കില്‍ അതു വാങ്ങുന്നതായിരിക്കും. എന്നാല്‍, അനുകരണങ്ങളുടെ വലയില്‍ വീണുപോകാതിരിക്കാന്‍ ഒരു വിദഗ്ധന്റെ ഉപദേശം ആരായേണ്ടതാണ്.

പൊതുഘടകങ്ങള്‍

നിറങ്ങള്‍

സ്കൂള്‍, ആഫീസ്, ഫാക്ടറി, വ്യപാരശാല, വീട് എന്നിങ്ങനെ ഏതു കെട്ടിടമായാലും നിറങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പ് പ്രാധാന്യമര്‍ഹിക്കുന്നു. പശ്ചാത്തലത്തിനു യോജിച്ച നിറങ്ങള്‍ തിരഞ്ഞെടുക്കണം. പരസ്പരം തീരെ യോജിക്കാത്ത ഇളം നിറവും കടുത്ത നിറവും ഒരേ സമയം ഉപയോഗിക്കുന്നതു ശരിയാവില്ല. അന്തേവാസിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ അവസ്ഥകളെ നിറങ്ങള്‍ ബാധിക്കും. ചുവപ്പും മഞ്ഞയും ഓറഞ്ചും ഊഷ്മള നിറങ്ങളാണ്; സന്തോഷവും ഉല്ലാസവും പ്രദാനം ചെയ്യുന്നവ. വിശ്രമം, ഉണര്‍വ്, ശാന്തത എന്നിവയേകാന്‍ നീലയും അനുബന്ധ നിറങ്ങളുമാവാം. അധികമായ സൂര്യപ്രകാശവും ചൂടും തടയാന്‍ ശീതള വര്‍ണങ്ങള്‍ ഉപയോഗിക്കാം. കണ്ണില്‍ത്തറയ്ക്കുന്ന ചുവപ്പും ഓറഞ്ചുമെല്ലാം വിസ്താരമേറിയ പശ്ചാത്തല പ്രതലങ്ങളില്‍ ഉപയോഗിക്കാതിരിക്കുക. നീല, പച്ച എന്നീ നിറങ്ങള്‍ ചെറിയ മുറികളില്‍ സ്ഥലവ്യാപ്തി തോന്നിപ്പിക്കാന്‍ ഉതകും. ഒരു മുറിയുടെ ഉള്‍ഭാഗം ഊഷ്മളവും ഹൃദ്യവും ആയോ അല്ലാതെയൊ തോന്നിപ്പിക്കാനും, വശ്യമോ ഔപചാരികമോ ആയോ അല്ലാതെയോ അനുഭവപ്പെടുത്താനും നിറങ്ങള്‍ക്കു കഴിയും.

നിറങ്ങളുടെ ഉപയോഗത്തില്‍ ചേര്‍ച്ച, വൈരുധ്യം എന്നിങ്ങനെ രണ്ടു തത്ത്വങ്ങളുണ്ട്. ചുവര്‍ ഇളം നീലയും കര്‍ട്ടന്‍, കസേര, മേശ മുതലായവയുടെ വിരികള്‍ നീലയുടെ നേര്‍ത്ത നിറങ്ങളുമായാല്‍ പരവതാനിക്ക് കടും നീല ഉപയോഗിക്കാം. ഇത്തരം സംവിധാനം നിറച്ചേര്‍ച്ചയെ (harmony) അടിസ്ഥാനമാക്കിയുള്ളതാണ്. വര്‍ണവൈരുധ്യം അടിസ്ഥാനമാക്കിയും ഇത്തരം അലങ്കാര പദ്ധതി നടപ്പിലാക്കാറുണ്ട്. പരവതാനി ഇരുണ്ട പച്ചയും ചുവര്‍ ഇളം പച്ചയും അലങ്കാരത്തുണികള്‍ ചുവപ്പ്-പിങ്ക് വിഭാഗത്തിലുള്ളതുമാകാം. എന്തായാലും വളരെ വൈരുധ്യമാര്‍ന്ന വളരെയധികം നിറങ്ങള്‍ ഒരുമിച്ച് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മൃദുലമായ വിരികള്‍, പരവതാനികള്‍ എന്നിവ പരുക്കനായവയെക്കാള്‍ പ്രസാദാത്മകത പ്രതിഫലിപ്പിക്കും. വിസ്താരമേറിയ മുറികളില്‍ കടുത്ത നിറങ്ങള്‍ ഉപയോഗിക്കരുത്. നീളമേറിയ ഇടനാഴികളുടെ രണ്ട് അറ്റത്തെ ഭിത്തികളും കടുത്ത നിറംകൊണ്ടും, പാര്‍ശ്വഭിത്തികള്‍ ഇളം നിറങ്ങള്‍ ഉപയോഗിച്ചും പെയിന്റു ചെയ്യാം. വളരെ ഉയരം കൂടിയ മച്ചാണെങ്കില്‍ അതിനു ചുവരിലുപയോഗിച്ച നിറത്തിന്റെതന്നെ ഇരുണ്ട നിറം നല്കാവുന്നതാണ്. എന്നാല്‍ മേല്ത്തട്ടില്‍ നിന്നു പ്രതിഫലിച്ചെത്തുന്ന പ്രകാശം മുറിയിലെ മറ്റു നിറങ്ങളെ ബാധിക്കാതെ ശ്രദ്ധിക്കണം.

നിറങ്ങളുടെ ബുദ്ധിപൂര്‍വമായ പ്രയോഗത്തിന് കെട്ടിട നിര്‍മാണത്തിലെ പല വൈകല്യങ്ങളെയും മറയ്ക്കാനാവും. അസ്ഥാനത്ത് പണിയേണ്ടി വന്ന തൂണുകളും തുലാങ്ങളും ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ അവയ്ക്ക് തട്ടിന്റെ നിറം തന്നെ നല്കാവുന്നതാണ്. നേരെ മറിച്ച് മച്ചിലെ മനോഹരമായ അലങ്കാരപ്പണികളും ബിംബങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടുന്ന തരത്തിലാവണം വര്‍ണങ്ങള്‍ നല്കേണ്ടത്.

പ്രകൃത്യായുള്ളതോ കൃത്രിമമോ ആയ വെളിച്ചം പലപ്പോഴും വീട്ടിനകത്തെ നിറങ്ങളെ ബാധിക്കും. സൂര്യപ്രകാശം അകത്തു കടക്കുന്നതിന് ജനലുകളുടെ സ്ഥാനവും വലുപ്പവും സഹായകമാണ്. കട്ടിയുള്ള കര്‍ട്ടനുപയോഗിച്ചാല്‍ സൂര്യപ്രകാശത്തെ തടയുവാനാവുമെങ്കിലും അത് വിരസമായി തോന്നാനിടയുണ്ട്. ധാരാളം സൂര്യപ്രകാശം നേരിട്ടു കടക്കാനിടയുള്ള മുറികളിലെ പ്രകാശദീപ്തി കുറയ്ക്കാനും കുളിര്‍മ നിലനിര്‍ത്താനും ശീതള വര്‍ണങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം. ഇരുണ്ട മുറികളില്‍ പ്രകാശം തോന്നിക്കാന്‍ മഞ്ഞ നിറം സഹായിക്കും. മഞ്ഞ നിറമുള്ള ചുവരില്‍ മഞ്ഞ പ്രകാശം പതിക്കാനിടയായാല്‍ മങ്ങലാണനുഭവപ്പെടുക. ഇളം നിറത്തിലുള്ള ചുവരുകള്‍ക്കകത്ത് പ്രകാശം കുറവുള്ള ബള്‍ബുകള്‍ മതിയാകും. നിറം കലര്‍ത്തിയ ബള്‍ബുകളും ലാംപ്ഷേഡുകളും മറ്റും പ്രകാശ സംവിധാനത്തിനായി ഉപയോഗിക്കാവുന്നതാണ്.

ഫര്‍ണിച്ചര്‍

മുറിക്കുള്ളിലെ മേശ, കസേര തുടങ്ങിയ ഉപകരണങ്ങളുടെ സംവിധാനത്തിലും പലതും ശ്രദ്ധിക്കേണ്ടതുണ്ട്. അതിഥി സത്കാരം, വിശ്രമം, പഠനം, ഉറക്കം എന്നിങ്ങനെ വ്യത്യസ്ത ഉപയോഗത്തിനുള്ള മുറികളില്‍ വ്യത്യസ്ത രീതിയിലായിരിക്കണം ഉപകരണസംവിധാനം നിര്‍വഹിക്കേണ്ടത്. ഉപകരണങ്ങളെല്ലാം മുറിയുടെ ഒരു ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് അഭംഗിയാവും. ഫര്‍ണിച്ചര്‍ ബാഹുല്യം കൊണ്ട് ചലനം തടസ്സപ്പെടാതിരിക്കണം. സൗകര്യമായിരിക്കണം അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കേണ്ടത്. സമതുലനാവസ്ഥ തോന്നിക്കാന്‍ ഒരേപോലെയുള്ള ഉപകരണങ്ങള്‍ മുറിയുടെ ഒരു വശത്ത് രണ്ടറ്റത്തുമായി സ്ഥാപിക്കാം. വാതിലുകള്‍, ജനലുകള്‍ എന്നിവയ്ക്കനുയോജ്യമായ ഫര്‍ണിച്ചര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചുവരുകളും തറയും മങ്ങിയ ഏകവര്‍ണമാണെങ്കില്‍ കടുത്ത നിറമുള്ള അലങ്കാര വസ്തുക്കള്‍ ഉപയോഗിച്ച് മുറികള്‍ അലങ്കരിക്കാം.

ഉപയോഗിക്കുന്ന ഫര്‍ണിച്ചറിന്റെ അളവുകള്‍ പോലും ശ്രദ്ധയര്‍ഹിക്കുന്നു. ഉദാഹരണത്തിന് മുതിര്‍ന്നവര്‍ക്കായുള്ള മേശകള്‍ക്ക് 0.75 മീറ്ററും കസേരകള്‍ക്ക് 0.45 മീറ്ററും ഉയരമായിരിക്കണം. കുട്ടികള്‍ക്ക് കുറേക്കൂടി ചെറിയ തോത് ഉപയോഗിക്കാം. എന്നാല്‍ മേല്പറഞ്ഞ സാമാന്യ അളവില്‍ നിന്നും വളരെയധികം കൂടുകയോ കുറയുകയോ ചെയ്താല്‍ തോത് ശരിയാകയില്ല. സൗകര്യത്തിനും മനോഹാരിതയ്ക്കും അതു ഹാനികരമാവുകയും ചെയ്യും. ചെറിയ മുറികളില്‍ ചെറിയ ഉപകരണങ്ങളും വലിയ മുറികളില്‍ വലിയവയുമാകാം. ഉയരം കുറഞ്ഞ മേല്‍ത്തട്ടുള്ള ഒരു കോണ്‍ഫറന്‍സ് ഹാളിനു പൊക്കം തോന്നിക്കാന്‍ മേശയുടെ ഉയരം ആനുപാതികമായി കുറച്ചാല്‍ മതിയാകും. എന്നാല്‍ വലിയ പൊക്കമുള്ള മുറികള്‍ക്ക് ഇത്തരം സംവിധാനം സാധ്യമല്ല. മനുഷ്യന്റെ ആകൃതിക്കാനുപാതികമായി വേണം മേശ, കസേര തുടങ്ങിയ ഉപകരണങ്ങള്‍ നിര്‍മിക്കേണ്ടത് എന്നതാണ് അടിസ്ഥാനതത്ത്വം. ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന തുണികളുടെ സംവിധാനത്തിലും ഇത്തരം ഒരു അനുപാത ബോധം പ്രകടമാകണം. ചെറിയ ചുവരില്‍ വലിയ ചിത്ര സംവിധാനമുള്ള വാള്‍പേപ്പര്‍ ശോഭിക്കയില്ല. വൈദ്യുത ദീപങ്ങളും മറ്റ് അലങ്കാര വസ്തുക്കളും ഉപയോഗിക്കുമ്പോഴും ഇതേ അനുപാതബോധം നിലനിര്‍ത്തേണ്ടതുണ്ട്. മൊത്തത്തില്‍ ഒരു ഐകരൂപ്യം പ്രകടമാക്കുന്ന രീതിയിലായിരിക്കണം അലങ്കാരവസ്തുക്കളും ഫര്‍ണിച്ചറും സംവിധാനം ചെയ്യേണ്ടത്. ചേര്‍ച്ചയുള്ള നിറങ്ങള്‍, അലങ്കാരത്തുണികള്‍, അനുരൂപമായ രീതിയിലുള്ള ഫര്‍ണിച്ചര്‍ എന്നിവ ഉപയോഗിക്കുന്നതോടൊപ്പം തന്നെ വൈവിധ്യമേകാനായി വരകളും രൂപഭംഗിയും വര്‍ണവ്യതിരേകവും പ്രയോജനപ്പെടുത്താവുന്നതാണ്. പഴയ കാലങ്ങളിലെ പല ഫര്‍ണിച്ചര്‍ മാതൃകകളും വളരെ ആകര്‍ഷകം തന്നെ. അവയിപ്പോള്‍ വേണ്ടത്ര ലഭ്യമല്ലാത്തതുകൊണ്ടും ചെലവേറിയ കൗതുകവസ്തുക്കളായി മാറിയതുകൊണ്ടും ഏറെപ്പേര്‍ക്ക് ഉപയോഗപ്പെടുത്താനാവുന്നില്ല.

മറ്റു പശ്ചാത്തല ഘടകങ്ങള്‍
പഠനത്തിനും വിശ്രമത്തിനുമായുള്ള മുറി

ഗൃഹാലങ്കാരത്തില്‍ ചുവര്‍, ജനലുകള്‍, വാതിലുകള്‍, മച്ചുകള്‍ തുടങ്ങിയ പശ്ചാത്തല ഘടകങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പഴയ രീതിയില്‍ അലങ്കൃതങ്ങളായ ചുവരുകളും തട്ടും തറയും ഇപ്പോള്‍ സാധാരണമല്ല. ഇഷ്ടിക, കല്ല്, മരം, ഓട്, ലോഹം, പ്ലാസ്റ്റര്‍ തുടങ്ങി ഗ്ലാസ്, കളിമണ്ണ്, പ്ലാസ്റ്റിക് വരെ ഉപയോഗപ്പെടുത്തുന്ന ഗൃഹനിര്‍മാണമാണിപ്പോഴുള്ളത്. ഉപയോഗിക്കുന്ന വസ്തുവിന്റെ ഗുണമേന്മയ്ക്കും നിറത്തിനുമാണ് പ്രാധാന്യം നല്കുന്നത്. മുറി ഏതുതരം ഉപയോഗത്തിനാണ് ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ചുവര്‍ അലങ്കരിക്കുന്നത്. മരപ്പാളികള്‍, വാള്‍പേപ്പര്‍, പ്രിന്റു ചെയ്ത സില്‍ക്ക് തുണിത്തരങ്ങള്‍, അത്യപൂര്‍വമായ ഗ്രാസ് ക്ളോത്ത്, വിനൈല്‍ (vinyl) എന്നിവ ഉപയോഗിച്ച് ചുവരുകള്‍ അലങ്കരിക്കാം. അഭിരുചിക്കനുസരിച്ച് ലളിതമോ അലങ്കൃതമോ ആയ വിവിധ ഇനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. നിറങ്ങള്‍ ഒറ്റയായോ കൂട്ടമായോ ഉപയോഗിക്കാവുന്ന ചെലവു കുറഞ്ഞ പ്ലാസ്റ്റിക് ചുവരുകളും സൗകര്യപ്രദം തന്നെ.

പശ്ചാത്തല ഘടകങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊരിനം ജനലുകളാണ്. നല്ല പുറംകാഴ്ചയും ധാരാളം വായുസഞ്ചാരവും വെളിച്ചവും പ്രദാനം ചെയ്യുന്ന ജനലുകള്‍ ചുവരുകളുടെ വിരസമായ ഏകതാനതയെ ഭഞ്ജിക്കുന്നു. ജനലുകളിലൂടെയുള്ള വെളിച്ചം ക്രമീകരിക്കാനും സ്വകാര്യത അനുഭവപ്പെടുന്നതിനും ഭംഗിക്കുമെല്ലാം കര്‍ട്ടന്‍ അത്യാവശ്യമാണ്; ഗ്ലാസ് ജനലുകളാണെങ്കില്‍ പ്രത്യേകിച്ചും. ഭാരിച്ച കര്‍ട്ടനുകള്‍ ഒഴിവാക്കുന്നതാണുത്തമം. ജനലിന്റെ, വലുപ്പം, ആകൃതി, കൊത്തുപണി, കൊടുത്തിട്ടുള്ള നിറം, തിരഞ്ഞെടുക്കുന്ന തുണിയുടെ തരം എന്നിവയ്ക്കനുസൃതമായി കര്‍ട്ടനുകള്‍ സംവിധാനം ചെയ്യണം. ഫര്‍ണിച്ചര്‍, ചുവരുകള്‍ എന്നിവയ്ക്കനുസൃതമല്ലാത്ത, ചതുരാകൃതിയിലുള്ള ജനലുകളുടെ വൈരസ്യം മറയ്ക്കാന്‍ കര്‍ട്ടനുകളുടെ ശരിയായ ക്രമീകരണം സഹായിക്കും. ചുരുളുകളായി താഴോട്ടിറങ്ങിക്കിടക്കുന്നതോ മനോഹരമായി വളഞ്ഞ ആകൃതിയില്‍ പുറകോട്ട് കെട്ടിവച്ചിരിക്കുന്നതോ ആയ കര്‍ട്ടനുകള്‍ മുറിയുടെ മൊത്തത്തിലുള്ള ഭംഗി വര്‍ധിപ്പിക്കും. ശരിയായ അനുപാതത്തിലല്ലാത്ത ജനലുകളുടെ അഭംഗി കുറയ്ക്കാനും മറയ്ക്കാനും കര്‍ട്ടനുകള്‍ക്കു കഴിയും. താഴെ അറ്റം വരെ ചെന്നെത്തുന്ന കര്‍ട്ടനുകള്‍ നീളം കുറഞ്ഞ ജനലുകള്‍ക്ക് നീളം തോന്നിപ്പിക്കും. ജനലുകളുടെ ഇരുവശത്തിലും മുകള്‍ ഭാഗത്ത് കനം കുറഞ്ഞ കട്ടിയുള്ള മനോഹരമായ തടികൊണ്ടുള്ള ബോര്‍ഡ് അടിച്ച് അതില്‍നിന്ന് കര്‍ട്ടന്‍ ഇട്ടാല്‍ കൂടുതല്‍ ഭംഗിയാകും. വീതികുറഞ്ഞ ജനലുകളുടെ ചട്ടക്കൂടിനപ്പുറത്തേക്കു കവിഞ്ഞു നില്‍ക്കത്തക്കവണ്ണം കര്‍ട്ടനുകള്‍ അലങ്കരിക്കാം. ഒരേ നിരപ്പിലും വലുപ്പത്തിലുമല്ലാത്ത പല ജനലുകള്‍ ഒരു ചുവരില്‍ത്തന്നെയുണ്ടെങ്കില്‍ എല്ലാറ്റിനെയും മൂടുന്ന ഒരു ചുവര്‍കര്‍ട്ടന്‍ കൊണ്ട് ചുവര്‍ മുഴുവനും മറയ്ക്കുന്നതാണുത്തമം. വീടിനു മുഴുവനും ഐകരൂപ്യം തോന്നിപ്പിക്കുന്ന വിധത്തില്‍ ഒരേ തരത്തിലുള്ള കര്‍ട്ടനുകളും വിന്റോഷെയിഡുകളും ഉപയോഗിക്കുന്നതു നന്നായിരിക്കും.

കെട്ടിടത്തിന്റെ തറയുടെ കാര്യത്തിലും ശ്രദ്ധ കുറയാന്‍ പാടില്ല. അവയുടെ നിറം, രൂപഭംഗി എന്നിയെക്കുറിച്ച് അമിതശ്രദ്ധ ആവശ്യമില്ല. നടക്കുമ്പോള്‍ ശബ്ദരഹിതവും എളുപ്പം വൃത്തിയാക്കാവുന്നതും പോറലുകള്‍ വീഴാത്തതുമായിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അടുക്കള, കുട്ടികളുടെ കളിസ്ഥലം എന്നിങ്ങനെ പരുക്കനായ ഉപയോഗങ്ങള്‍ക്കുള്ള തറ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കണം. അതിനനുസരിച്ചുള്ള നിര്‍മാണ വസ്തുക്കള്‍ വേണം തിരഞ്ഞെടുക്കേണ്ടത്. തറയുടെ രൂപസംവിധാനം കൊണ്ടു നിര്‍മാണവൈകല്യങ്ങള്‍ മറയ്ക്കാനാവും. ചെറിയ മുറിക്ക് വലുപ്പം തോന്നിക്കാനും വലുതിനെ ആനുപാതികമായി ചെറുതാക്കി കാണിക്കാനും ശ്രദ്ധാപൂര്‍വമായ സംവിധാനത്തിനു കഴിയും. വിവിധോദ്ദേശ്യപരമായി ചിട്ടപ്പെടുത്തിയ മുറികളില്‍ ഒരു പ്രത്യേക കാര്യത്തിനായി ഉപയോഗിക്കേണ്ട സ്ഥലം സവിശേഷമായ നിറം നല്കി വേര്‍തിരിച്ചു കാണിക്കാം.

തറ നിര്‍മിക്കാനുദ്ദേശിക്കുന്ന വസ്തുക്കളെ പരുക്കന്‍, മൃദുലം എന്നിങ്ങനെ രണ്ടായി തിരിക്കാം. മരം, കല്ല്, ഇഷ്ടിക, ഓട് എന്നീ അടിസ്ഥാന ഘടകങ്ങള്‍ പരുക്കന്‍ വിഭാഗത്തില്‍പ്പെടുന്നു.

ചതുരാകൃതിയിലുള്ള കനം കുറഞ്ഞ ചെറിയ മരക്കഷണങ്ങള്‍കൊണ്ട് പരമ്പരാഗത ശൈലിയെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള തറ ഇന്ന് നിര്‍മിക്കപ്പെടുന്നുണ്ട്. ഇത്തരം തറയില്‍ ഫര്‍ണിച്ചര്‍ ഇടുവാനുള്ള സ്ഥലത്ത് ഒത്ത ആകൃതിയിലുള്ള പരവതാനികള്‍ ആവശ്യമായി വരുന്നു.

ഔപചാരികതയ്ക്കും ആഡംബരത്തിനും മാര്‍ബിള്‍ തറകള്‍ മുന്നിട്ടുനില്‍ക്കുന്നു. കൃഷ്ണശില, നീലക്കല്ല്, സ്ളെയ്റ്റ്, സ്ലാബുകളായി ലഭിക്കുന്ന ഫ്ലാഗ്സ്റ്റോണ്‍ എന്നിങ്ങനെ വിവിധയിനം കല്ലുകള്‍ തറപാകാനുപയോഗിക്കുന്നു. ഊഷ്മളതയും അനൌപചാരികതയും സൃഷ്ടിക്കാന്‍ ഇഷ്ടികയ്ക്കാണു കഴിയുക. മെയിന്റനന്‍സ് ചെലവുകള്‍ ചുരുക്കണമെന്നുള്ളവര്‍ക്ക് ഏതു വിധത്തിലുള്ള പരുക്കന്‍ ഉപയോഗങ്ങള്‍ക്കും പറ്റിയ കളിമണ്‍ ടൈല്‍സ് ലഭ്യമാണ്. വിവിധ നിറത്തിലും രൂപത്തിലുമുള്ള കളിമണ്‍ ടൈല്‍സ് വീടുകളുടെ പുറത്തെ തറകള്‍ക്ക് ഏറെ യോജിക്കും. ആസ്ഫാള്‍ട്ട് ടൈല്‍സ്, ശുദ്ധമായ വിനൈല്‍ (vinyl) കൊണ്ടുണ്ടാക്കുന്ന ടൈല്‍സ്, ഷീറ്റുകള്‍ എന്നിവ റെസിലിയന്റ് (resilient) ഫ്ലോറിങ് എന്നറിയപ്പെടുന്ന തറയിടലിന് ഉപയോഗിക്കുന്നു. മനോഹമായലങ്കരിക്കേണ്ട ഏതു ഭാഗത്തിനും പറ്റിയ പാറ്റേണുകളുടെ വൈവിധ്യമാര്‍ന്ന ശേഖരം ഇവ നല്കുന്നു.

തറ ഭാഗികമായോ പൂര്‍ണമായോ അലങ്കരിക്കുന്നതിന് പരവതാനികള്‍ ഉപയോഗിക്കാം. തറ പൂര്‍ണമായി മറയ്ക്കുന്ന തറയില്‍ ഉറപ്പിച്ചിരിക്കുന്ന പരവതാനിയാണ് കാര്‍പ്പെറ്റ്. ഭാഗികമായി മറയ്ക്കുന്നതും ഉറച്ചിട്ടില്ലാത്തതുമാണ് റഗ്ഗ്സ്. പരമ്പരാഗതമായ കമ്പിളി പരവതാനികള്‍ക്കു പുറമേ കൃത്രിമ നൂലുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഈടുറ്റതും ഉപയോഗത്തിനെളുപ്പവുമായ പരവതാനികളും റഗ്ഗ്സും ഇപ്പോള്‍ ലഭ്യമാണ്. മൊത്തത്തിലുള്ള അലങ്കാര ഐക്യത്തിന് കോട്ടം തട്ടാത്ത രീതിയില്‍ നിറമുള്ള കാര്‍പ്പെറ്റ് മുറികളില്‍ ഉപയോഗിക്കുന്നത് മുറിക്ക് വലുപ്പം തോന്നിക്കും. മുറികളില്‍ ഫര്‍ണിച്ചര്‍, അവയുടെ ഉപയോഗമനുസരിച്ച് ഓരോ രീതിയിലാണ് സാധാരണയായി സംവിധാനം ചെയ്യുക. ഉദാഹരണത്തിന് ഊണുമേശയും കസേരകളും ഊണുമുറിയുടെ ഒത്ത മധ്യഭാഗത്ത്; സ്വീകരണമുറിയില്‍ സന്ദര്‍ശകര്‍ക്കിരിക്കാനുള്ള ഇരിപ്പിടങ്ങള്‍ എല്ലാം ഒരു വിഭാഗമായി; എന്നിങ്ങനെ. ഇത്തരം ഫര്‍ണിച്ചര്‍ ഗ്രൂപ്പിങ്ങിന് അനുസൃതമായി പറ്റിയ നിറത്തിലും ഡിസൈനിലുമുള്ള റഗ്ഗ്സ് ആധുനികരീതിയിലുള്ളതും പരമ്പരാഗത രീതിയിലുള്ളതുമായ ഏതുതരം വീടിനും അലങ്കാരം തന്നെ. നെയ്ത്തുകാരുടെ കരകൗശലം പ്രകടമാക്കുന്ന വിലകൂടിയ ഇനങ്ങള്‍ മുതല്‍ ചെലവു കുറഞ്ഞ, യന്ത്രനിര്‍മിതമായ വിവിധയിനം റഗ്ഗ്സ്വരെ ഇന്നു വിപണിയില്‍ സുലഭമാണ്. മുറിയിലെ മൊത്തത്തിലുള്ള അലങ്കാര പദ്ധതിക്കു ചേരുന്ന റഗ്ഗ്സ് തിരഞ്ഞെടുക്കാം.

പശ്ചാത്തലഘടകങ്ങളില്‍ മറ്റൊരിനം മേല്‍ത്തട്ടാണ്. ഇതിനെക്കുറിച്ചുള്ള പഴയ ധാരണകള്‍ അപ്പാടെ ഇന്ന് മാറിയിരിക്കുന്നു. പണ്ടൊക്കെ ഭാരിച്ച തുലാങ്ങളും അത്യലങ്കൃതമായ കൊത്തുപണികളുള്ള തട്ടുകളും ഇഷ്ടപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് വളരെ ലളിതവും മനോഹരവുമായവയാണ് പരക്കെ പ്രകീര്‍ത്തിക്കപ്പെടുന്നത്. മൃദുലമായി പ്ലാസ്റ്റര്‍ ചെയ്തിട്ടുള്ള, നേര്‍ത്ത നിറത്തിലുള്ള, സരളമായ മച്ചുകളാണ് ഇന്നത്തെ പ്രത്യേകത. മുറിയെ കൂടുതല്‍ പ്രകാശവത്താക്കിത്തീര്‍ക്കാനിതു സഹായിക്കുന്നു. മുറിയിലെ ശബ്ദതരംഗങ്ങളെ ആഗിരണം ചെയ്യാന്‍ ശേഷിയുള്ള ഓടുകള്‍ ഇത്തരം മച്ചുകളുടെ മേന്മ വര്‍ധിപ്പിക്കുന്നു. ഒരു മുറിയിലെ ശബ്ദം അടുത്ത മുറികളിലെത്താതിരിക്കാന്‍ ഇതു സഹായകമാണ്. കുട്ടികള്‍ക്ക് കളിക്കാനുള്ള മുറികളിലും മറ്റും ഇത് അത്യാവശ്യമാണ്. ഉയര്‍ന്ന തട്ടില്‍ നിന്നും തൂക്കിയിട്ടിട്ടുള്ള സുതാര്യമായ പ്ലാസ്റ്റിക് പാനലുകളുടെ മുകളിലായി ഫ്ളൂറസെന്റ് ലൈറ്റ് ട്യൂബുകള്‍ സ്ഥാപിച്ചാണ് മച്ചുകള്‍ പ്രകാശമാനമാക്കുന്നത്. നിഴലുകളില്ലാതെ എല്ലായിടത്തും ഒരുപോലെ വെളിച്ചമേകാന്‍ ഇത്തരം സംവിധാനം സഹായകമാകും. അടുക്കള, തയ്യല്‍മുറി എന്നിവയ്ക്കാണിതു യോജിക്കുക. എയര്‍ കണ്ടീഷണര്‍, റൂം ഹീറ്റര്‍ തുടങ്ങിയ യന്ത്രോപകരണങ്ങളുടെ സാന്നിധ്യം കണ്ണില്‍നിന്നു മറയ്ക്കാന്‍ ശബ്ദനിയന്ത്രണം സാധ്യമാക്കുന്നതും പ്രകാശമാനവുമായ മറകള്‍ ഉപയോഗിക്കാം.

അകത്തളത്തിന്റെ സ്വഭാവത്തിനും ഉപയോഗത്തിനുമനുസരിച്ചുള്ള പ്രകാശ സംവിധാനമാണ് സ്വീകരിക്കേണ്ടത്. കണ്ണുകള്‍ക്ക് കുളിര്‍മയേകുന്നതും മുറിയുടെ ഘടനയ്ക്കും നിറത്തിനും യോജിക്കുന്നതുമാം വിധം പ്രകാശം ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. മൃദുവായ പ്രകാശവിന്യാസം വിശ്രമവും ശാന്തിയുമേകും. പ്രകാശത്തിന്റെ പ്രഭവസ്ഥാനം മറച്ചുകൊണ്ട് ചുവരുകളിലും മച്ചിലും തട്ടി പ്രതിഫലിച്ച് മുറിയാകെ പ്രസിരിക്കുന്ന പ്രകാശമാണ് 'ഡിഫ്യൂസ്ഡ്' ലൈറ്റിങ് രീതി നല്കുന്നത്. ഷെയ്ഡുകളുള്ള വിളക്കുകള്‍ കൊണ്ടും നേരിട്ടല്ലാതെയുള്ള പ്രകാശം നല്കത്തക്കവണ്ണം ഉറപ്പിച്ചിട്ടുള്ള മറ്റു സംവിധാനം വഴിയും ഇതു സാധിക്കാം.

മൃദുവായ പശ്ചാത്തല പ്രകാശപദ്ധതികള്‍ക്കു പുറമേ, നേരിട്ടു കൂടുതല്‍ വെളിച്ചം പകരേണ്ടിടത്തേക്ക് മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. വായന, എഴുത്ത്, ചിത്രരചന, തയ്യല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്ക് സ്പോട്ട്ലൈറ്റ്, ഡൌണ്‍ലൈറ്റ്, ടേബിള്‍ ലാമ്പ്, മുകള്‍ത്തട്ടിലുറപ്പിച്ചിട്ടുള്ള ലൈറ്റുകള്‍ എന്നിവ പ്രയോജനപ്പെടും. നേരിട്ടുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമൊഴിവാക്കാനിവിടെയും ഷെയിഡുകള്‍ ഉപയോഗിക്കാം. ഗൃഹാലങ്കാരത്തില്‍ ഏതുദ്ദേശ്യത്തിനും ഉതകുന്ന വിധത്തില്‍ വൈവിധ്യമേറിയ ഉപകരണങ്ങള്‍ ഇന്നു ലഭ്യമാണ്. ആധുനിക ഗൃഹങ്ങളില്‍ ആവശ്യത്തിനുള്ള പ്രകാശ സജ്ജീകരണങ്ങളെക്കാള്‍ കൂടുതലായി അലങ്കാരവിളക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നതു കാണാം. മാനസികോല്ലാസവും വീടിന്റെ മനോഹാരിതയും വര്‍ധിപ്പിക്കുന്നതില്‍ അലങ്കാരത്തിനായുള്ള ഇത്തരം സംവിധാനങ്ങള്‍ക്കുള്ള പങ്ക് നിസ്സീമമാണ്. ഊണുമേശയുടെ മുകളിലായി മച്ചില്‍ നിന്നും തൂങ്ങിക്കിടക്കുന്ന ഒരു ദീപശാഖി (ഷാന്‍ഡെലിയര്‍) തന്നെ ഏറ്റവും നല്ല ഉദാഹരണം. വേണ്ട രീതിയില്‍ പ്രകാശ ക്രമീകരണം നടത്താവുന്ന 'ഡിമ്മര്‍' സ്ഥാപിക്കുന്നത് അത്രയേറെചെലവുള്ള കാര്യമല്ല. കൂടുതല്‍ പ്രകാശമിഷ്ടപ്പെടുന്നവരും മങ്ങിയ പ്രകാശം മതി എന്നുള്ളവരുമുണ്ട്. വ്യക്തിയുടെ അഭിരുചിയാണ് ഗൃഹാലങ്കാരത്തില്‍ പ്രധാനം.

ഗൃഹനാഥന്റെ വ്യക്തിത്വവും മുറിയുടെ സ്വഭാവവുമെല്ലാം വ്യക്തമാക്കുന്നതില്‍ വിളക്കുകള്‍ക്കെന്നപോലെ തന്നെ പുസ്തകങ്ങള്‍, പൂക്കള്‍, പെയിന്റിങ്ങുകള്‍, മറ്റു കലാരൂപങ്ങള്‍, ചെടികള്‍ എന്നിവയ്ക്കും കാര്യമായ പങ്കുണ്ട്. സ്ഥലം നിറയ്ക്കാനായി വാരിവലിച്ചിട്ടോ ക്രമാതീതമായി കുത്തിനിറച്ചോ അല്ല ഇവ വയ്ക്കേണ്ടത്. വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുന്ന കലാരൂപങ്ങളും പുസ്തകങ്ങളുമെല്ലാം അനുയോജ്യമായ സ്ഥലത്ത് ആകര്‍ഷണീയമാംവിധം സംവിധാനം ചെയ്യണം. വിവിധ നിറത്തിലും രൂപത്തിലുമുള്ള വസ്തുക്കള്‍ നിയതമായ വര്‍ണങ്ങളില്ലാത്ത ഉദാസീന പശ്ചാത്തലത്തിലാവണം സജ്ജീകരിക്കേണ്ടത്. വലുപ്പം കുറഞ്ഞവ പലയിടത്തായി വയ്ക്കാതെ ഒരിടത്തു കേന്ദ്രീകരിക്കുന്നതു കൊള്ളാം. എന്നാല്‍ വലുപ്പമേറിയവ ഒറ്റയ്ക്കൊറ്റയ്ക്കു സജ്ജീകരിക്കുന്നതാണ് അഭികാമ്യം. മുറിയുടെയും മറ്റ് അലങ്കാര സാമഗ്രികളുടെയും വലുപ്പത്തിന് ആനുപാതികമായിട്ടാവണം ഇവയുടെ വലുപ്പവും. നീളത്തിലുള്ള ബുക്ക്ഷെല്‍ഫുകളില്‍ ഭംഗിക്കായി അലങ്കാര രൂപങ്ങളും മറ്റും വയ്ക്കാവുന്നതാണ്. നിര്‍മാണമേന്മ അധികം അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ മുറിയില്‍ മോടിക്കായി ചുവരറകളില്‍ മനോഹരമായ കളിമണ്‍പാത്രങ്ങള്‍, മോഡലുകള്‍, ഫാന്‍, ട്രോഫികള്‍ എന്നിവ ഒരുക്കാം. ചെറിയ മുറികളില്‍ സ്ഥലക്കൂടുതല്‍ തോന്നാനായി കണ്ണാടി ഘടിപ്പിക്കാം. പക്ഷേ, അതിലെ പ്രതിഫലനംകൊണ്ട് വിപരീതഫലമുണ്ടാകാതെ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട വലിയ പെയിന്റിങ്ങോ ചിത്രമോ വയ്ക്കുന്നെങ്കില്‍ അതിന്റെ സുരക്ഷിതത്വം കണക്കിലെടുത്തു വേണം ഫര്‍ണിച്ചറും മറ്റ് അലങ്കാരങ്ങളും സംവിധാനം ചെയ്യേണ്ടത്. അലങ്കാരച്ചെടികള്‍ വീടിനുള്‍ഭാഗം മോടിപിടിപ്പിക്കാനായി ഉപയോഗിക്കുന്ന പ്രവണത ഏറിവരുന്ന കാലമാണിത്. അവയുടെ വലുപ്പം, ഉള്‍ഭാഗത്തെ ചുറ്റുപാടിനോടും അന്തരീക്ഷത്തോടുമുള്ള യോജിപ്പ് എന്നിങ്ങനെ തിരഞ്ഞെടുക്കലിലും സ്ഥാനനിര്‍ണയത്തിലും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

ഗൃഹാലങ്കാരത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ആഫീസുകള്‍, മറ്റു വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇതരകെട്ടിടങ്ങള്‍ക്കും ബാധകമാണ്. സംവിധാനത്തിലുള്ള വ്യത്യാസമാണിവയെ വേര്‍തിരിക്കുന്നത്.

നിര്‍വഹണം

വാസഗൃഹങ്ങള്‍

ഗൃഹവാസികളുടെ മൊത്തത്തിലുള്ള സാമ്പത്തിക-സാംസ്കാരിക നിലവാരം, അഭിരുചികള്‍ എന്നിവ വിളിച്ചോതുന്നവയാവും സ്വീകരണമുറികള്‍. ഇവിടെയും സ്ഥലപരിമിതിക്കനുസരിച്ചായിരിക്കും ഫര്‍ണിച്ചര്‍ സംവിധാനം. മറ്റു മുറികളെ അപേക്ഷിച്ച് കൂടുതല്‍ അലങ്കാരങ്ങള്‍ ഇവിടെ കാണും. പുറത്തുനിന്നും അകത്തേക്കു പ്രവേശിക്കുമ്പോഴുണ്ടാകുന്ന കണ്ണിന്റെ അസ്വസ്ഥതയ്ക്കു മൃദുവായ പരന്ന പ്രകാശം പരിഹാരമാകും.

ലിവിങ് റൂം

കുടുംബാംഗങ്ങളെല്ലാം ഒത്തുചേരുന്ന വലിയ മുറിയാണ് ലിവിങ് റൂം. സ്വീകരണമുറിയോടു ചേര്‍ന്ന ഈ വലിയ മുറിയില്‍ അധികസമയവും ആളൊഴിയില്ല. ടി. വി. കാണലും, കാരംസ് കളിയും വട്ടംകൂടലും എല്ലാം ഇവിടെ സാധിക്കാം. ഇവിടത്തെ ഇരിപ്പിടങ്ങളും കര്‍ട്ടനുകളും തുടങ്ങി ഷോകെയ്സ് വരെ ഗൃഹവാസികളുടെ സവിശേഷ അഭിരുചികള്‍ വിളിച്ചു പറയും. ടി.വി. കാണുന്നതിന് സൗകര്യപ്രദമായ രീതിയിലായിരിക്കും ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുക. കനം കുറഞ്ഞ കസേരകളും സ്റ്റൂളുകളും ഒരു കളിമേശയ്ക്കു ചുറ്റുമായി ഇടാവുന്നതാണ്.

ഡൈനിങ് റൂം

ഇത് പ്രത്യേകമോ സ്വീകരണ മുറിയുടെ തന്നെ ഒരു ഭാഗമോ ആകാം. സ്വീകരണമുറിയുടെ ഭാഗമാണെങ്കില്‍ ആ മുറിക്കുപയോഗിച്ച നിറത്തിന്റെ തന്നെ ഇളം നിറം ഉപയോഗിക്കാവുന്നതാണ്. രണ്ടിടത്തെയും അലങ്കാരങ്ങള്‍ തമ്മിലും ചേര്‍ച്ചവേണം. ചുവരിലെ നിറംകൊണ്ടോ ഫര്‍ണിച്ചര്‍ നിരത്തിയോ സ്ക്രീന്‍, കര്‍ട്ടന്‍ ഇവ ഉപയോഗിച്ചോ രണ്ടിടവും തമ്മില്‍ വേര്‍തിരിക്കാവുന്നതാണ്. ഡൈനിങ് റൂം പ്രത്യേകമായിരുന്നാലും അകം മറ്റു മുറികളില്‍ നിന്നും കാണാവുന്ന രീതിയിലാണെങ്കില്‍ അതിനകത്തുപയോഗിക്കുന്ന നിറം മറ്റു മുറികളിലെ നിറവുമായി ബന്ധപ്പെട്ടതായിരിക്കണം. ഊണുമേശ, കസേര, മറ്റലങ്കാരങ്ങള്‍ എന്നിവയെ നിഷ്പ്രഭമാക്കുംവിധം ചുവരിലെ ക്രമീകരണങ്ങള്‍ എഴുന്നു നില്‍ക്കാന്‍ പാടില്ല. കസേര പുറകോട്ടു നീക്കുമ്പോള്‍ തടികൊണ്ടുള്ള മനോഹരമായ തറയ്ക്കു കേടുവരാതിരിക്കത്തക്കവണ്ണം ഊണുമുറിയിലെ റഗ്ഗിനു വലുപ്പം കൂടുതലുണ്ടെന്ന് ഉറപ്പുവരുത്തണം. മറ്റൊരു മുറിയുടെ ഭാഗമല്ലെങ്കില്‍ ഡൈനിങ് ഹാളില്‍ മേശ ഒത്ത മധ്യത്തിലായി സ്ഥാപിക്കാം. മുകളില്‍ ലൈറ്റും ഘടിപ്പിക്കാം. കസേരകള്‍ക്കിടയ്ക്കും ചുറ്റുമായും ആവശ്യാനുസരണം സ്ഥലം വിട്ടിരിക്കണം. പാത്രങ്ങളോ ആഹാരസാധനങ്ങളോ സൂക്ഷിക്കുന്ന ചുവരറയോ അലമാരയോ ഉണ്ടെങ്കില്‍ അത് ഒരു ഭാഗത്ത് ഒതുക്കിയ രീതിയിലാവണം. മുറിയില്‍ ആളുകളുടെ ചലനം സൗകര്യപ്രദമാക്കാന്‍ ഇത്രയും ശ്രദ്ധിക്കേണ്ടതത്യാവശ്യമാണ്. അലമാരയും വലിപ്പുകളും തടസമില്ലാതെ തുറക്കാനുമടയ്ക്കാനും ഈ ഒതുക്കിയിടല്‍കൊണ്ട് സാധിക്കും.

അടുക്കള

ഒരു ആധുനിക അടുക്കളയെ പല ഭാഗങ്ങളായി തിരിക്കാം. ഓരോ ഭാഗത്തിനും പ്രത്യേക കര്‍മമനുഷ്ഠിക്കാനുണ്ട്. പാചകം ചെയ്യുന്ന സ്ഥലംതന്നെ പ്രധാനം. പച്ചക്കറികള്‍ അരിയാനും മാവുകുഴയ്ക്കാനും, പാകം ചെയ്യുന്നതുവരെ സൂക്ഷിച്ചുവയ്ക്കാനുമൊക്കെയുള്ള ഭാഗത്തുതന്നെ മിക്സി മുതലായ ആധുനിക ഇലക്ട്രിക് ഉപകരണങ്ങള്‍ സജ്ജീകരിക്കാനുള്ള ഇടം കണ്ടെത്തണം. പാചകം ചെയ്യുന്ന പ്രക്രിയയും തൊട്ടടുത്തുതന്നെയാണല്ലോ. ഇവിടെ ഓവന്‍ (oven), കുക്കിങ് റേഞ്ച് എന്നിവ പ്രത്യേകമായി സ്ഥാപിക്കാം. വിറകടുപ്പിന് പുറത്തെവിടെയെങ്കിലും സ്ഥാനം കാണുന്നതായിരിക്കും ഉത്തമം. എന്തായാലും അടുക്കളയിലെ എല്ലാഭാഗങ്ങളും അടുത്തടുത്തുതന്നെ സ്ഥാപിച്ചിരിക്കണം. ഊണുമുറിയിലേക്ക് എടുക്കുന്നതിനു മുമ്പായി വിളമ്പുന്നതിന് ഒരു പ്രത്യേക വിഭാഗം ഉണ്ടായിരിക്കുന്നത് നന്ന്. ഇതിനോടടുത്തായി പാത്രങ്ങള്‍, ട്രേകള്‍, ടൗവലുകള്‍ എന്നിവ സൂക്ഷിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കണം. അടുക്കളയിലെ മേല്പറഞ്ഞ എല്ലാ കാര്യത്തിനും ചുവരിനോട് ചേര്‍ന്ന് മുകളിലും താഴെയുമായി അറകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പാത്രം കഴുകി അടുക്കാന്‍ സിങ്കിനു ഇരുവശത്തുമായി ആവശ്യത്തിനു സ്ഥലം കരുതേണ്ടതാണ്. ഇനിയുമൊരു സുപ്രധാനഭാഗം റെഫ്രിജറേറ്റര്‍ വയ്ക്കുന്ന സ്ഥലമാണ്. ഫ്രീസര്‍ പ്രത്യേകമായി ഉള്ളവര്‍ അത് പ്രത്യേക മുറികളില്‍ വയ്ക്കുന്നതുകൊണ്ടും കുഴപ്പമില്ല.

കൗണ്ടറുകളും അറകളും അവയുടെ ഉപയോഗമനുസരിച്ച് പണിയാന്‍ ശ്രദ്ധിക്കണം. 0.8-0.9 മീ. പൊക്കമായിരിക്കണം കൗണ്ടറുകള്‍ക്ക് ഉണ്ടായിരിക്കേണ്ടത്. ഇതില്‍ നിന്നും ഏകദേശം അരമീറ്റര്‍ ഉയരെ ആയിരിക്കണം അറകള്‍ (ക്യാബിനറ്റുകള്‍). ക്യാബിനറ്റുകള്‍ മരത്തിലും സ്റ്റീലിലും നിര്‍മിക്കപ്പെടുന്നു. ഇവയുടെ തട്ടുകള്‍, ചുവരുകള്‍ എന്നിവ വിനൈല്‍കൊണ്ട് പൊതിയാം. വാതിലുകള്‍ പെയിന്റുചെയ്തോ പ്ലാസ്റ്റിക് ലാമിനേറ്റ്സ് ഉപയോഗിച്ചോ മനോഹരമാക്കാം. കൗണ്ടറുകള്‍ പ്ലാസ്റ്റിക് ലാമിനേറ്റുകളോ സ്റ്റെയിന്‍ലസ് സ്റ്റീലോ കൊണ്ട് മോടിയാക്കാം. സെറാമിക്, മാര്‍ബിള്‍ മൊസെയ്ക്/ടൈല്‍സ് എന്നിവയും കൗണ്ടറുകള്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചുവരുന്നു. സിങ്ക് സ്റ്റീല്‍ തന്നെയാകുന്നതാണുത്തമം. പച്ചക്കറി നുറുക്കാനുപയോഗിക്കുന്ന ഭാഗം തടികൊണ്ടാകാം.

അടുക്കളയിലെ പ്രകാശസംവിധാനം, വായുസഞ്ചാരം മുതലായവയും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. മുകള്‍ത്തട്ടിലുറപ്പിച്ചിട്ടുള്ള പൊതുവായ ലൈറ്റിനു പുറമേ പ്രത്യേകമായി കൂടുതല്‍ വെളിച്ചം വേണ്ടിടങ്ങളില്‍ സ്പോട്ടുലൈറ്റുകള്‍ സ്ഥാപിക്കുന്നു. ചുവരലമാരയുടെ അടിത്തട്ടുകളില്‍ ഇത്തരം ലൈറ്റുകള്‍ സ്ഥാപിക്കുന്നത് സൗകര്യപ്രദമാണ്. എക്സോസ്റ്റ് ഫാനുകള്‍ ഉപയോഗിച്ച് അടുക്കളയില്‍ ഉണ്ടാകുന്ന മലിനവായു പുറത്തുവിടാനും പാചകം ചെയ്യുന്നതിന്റെ പ്രത്യേകഗന്ധം അകറ്റാനും സാധിക്കും.

ഭക്ഷണം പാകം ചെയ്യുന്നതോടൊപ്പം തന്നെ കുടുംബാംഗങ്ങളോടെല്ലാം സംസാരിക്കാവുന്ന 'ലിവിങ്' കിച്ചനുകളുടെ കാലമാണിത്. പാചകം ചെയ്യുന്നതിനും ആഹാരം കഴിക്കുന്നതിനും ഇരുന്നു നര്‍മഭാഷണത്തിലേര്‍പ്പെടുന്നതിനുമൊക്കെ പ്രത്യേകം സജ്ജീകരണങ്ങളോടുകൂടിയ വലിയൊരു മുറിയായി അടുക്കള മാറിയിരിക്കുന്നു. ചിത്രങ്ങളും പൂപ്പാത്രങ്ങളും കളിമണ്‍ പാത്രങ്ങളും മറ്റ് മനോഹരങ്ങളായ പാചക പാത്രങ്ങളുമെല്ലാം ഇതിന് നിറവും വ്യക്തിത്വവും നല്കുന്നു. ടൈല്‍സ്, ഇഷ്ടിക, ഫ്ലാഗ്സ്റ്റോണ്‍, മരം എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന ലിവിങ് കിച്ചന്‍ ഗ്രാമ്യമായ വശ്യത പ്രദാനം ചെയ്യുന്നു.

കിടപ്പുമുറി

ആധുനിക വീടുകളില്‍ കിടപ്പുമുറി വെറുമൊരു കിടപ്പുമുറിയല്ല. പലപ്പോഴുമത് ഒരു ലിവിങ് റൂമിന്റെ സ്വഭാവം കൈക്കൊള്ളാറുണ്ട്. ടി.വി. കാണല്‍, വായന, തയ്യല്‍ എല്ലാം ഇതിനകത്തുതന്നെ നടത്തുന്നവര്‍ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ തീരെ ചെറിയ ഒരു മുറിയാകാറില്ല ഇത്. കട്ടിലുകള്‍ ഒരു ഭാഗത്ത് ഒതുക്കി മറ്റു കാര്യങ്ങള്‍ക്കായി സ്ഥലമിട്ടുകൊണ്ടാണ് ഇത് സജ്ജീകരിച്ചിക്കുന്നത്. പഴയകാലത്തു കട്ടിലിന്റെ നാലു ഭാഗത്തുനിന്നും ദണ്ഡുകള്‍ ഉയര്‍ത്തി അതില്‍ മേലാപ്പ് ഇട്ടിരുന്നു. ഇന്നത് ഫാഷനല്ലെങ്കിലും നഗരവാസികള്‍ക്ക് കൊതുകുവല ഉപയോഗിക്കാനുള്ള ഒരു ഉപാധിയായി സ്വീകാര്യമാണ്. ആധുനിക കാലത്തെ കട്ടിലുകള്‍ വലുപ്പവും ഭാരവും കുറഞ്ഞവയാണ്. കട്ടിലിന്റെ തല ഭാഗത്തായി ചുവരില്‍ ക്യാബിനറ്റുകള്‍ സ്ഥാപിക്കാവുന്നതാണ്. കിടക്കവിരിക്കു മാച്ചുചെയ്യുന്ന തുണികൊണ്ട് ഈ ക്യാബിനറ്റുകള്‍ മറയ്ക്കാം.

പ്രത്യേകമായി ഡ്രസ്സിങ് റൂമില്ലെങ്കില്‍ കിടപ്പുമുറിയുടെ ഒരു ഭാഗത്ത് അതിനുള്ള സൗകര്യം ഒരുക്കാവുന്നതാണ്. ഡ്രസ്സിങ് ടേബിള്‍ (കൗണ്ടര്‍) വേണ്ടത്ര വെളിച്ചം കിട്ടത്തക്കവിധം സംവിധാനം ചെയ്യണം. ചുവരില്‍ തീര്‍ത്തിട്ടുള്ള അലമാരകള്‍, അറകള്‍ എന്നിവ മുറിയിലെ സ്ഥലമപഹരിക്കാതെ തന്നെ വേണ്ടത്ര സൗന്ദര്യമേകും. ചുവരോടു ചേര്‍ന്ന ഒരു ബുക്ക്ഷെല്‍ഫും അതിനടിയിലായി എഴുതാനും വായിക്കാനുമുള്ള ഒരു തട്ടും കസേരയും കിടപ്പുമുറിയിലുണ്ടായിരിക്കുന്നത് നന്ന്. ചുവരില്‍ പെയിന്റിങ്ങുകള്‍ വയ്ക്കാം.

കുട്ടികള്‍ക്കായുള്ള പ്രത്യേകം മുറി

ഇത് സജ്ജീകരിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടിക്ക് തന്റെ മുറി ഡ്രോയിങ്റൂം, പഠനമുറി (സ്റ്റഡിറൂം), കളിക്കളം, ചിലപ്പോഴൊക്കെ ഡൈനിങ്റൂം എന്നിവയെല്ലാമായിരിക്കും. ചുവരുകള്‍ കളിപ്പാട്ടങ്ങള്‍കൊണ്ടും മറ്റും ഉരസി ചീത്തയാകാനിടയുള്ളതിനാല്‍ പാടു വീഴാത്തതും മനോഹരവുമായ നിരപ്പലകകൊണ്ട് പകുതിവരെ മറയ്ക്കുന്നത് നല്ലതാണ്. ചുവരില്‍ നിരക്കി നീക്കി തുറക്കാവുന്നതും അടയ്ക്കാവുന്നതുമായ ക്യാബിനറ്റുകള്‍, എഴുതാനും വരയ്ക്കാനും ബ്ലാക്ബോര്‍ഡ് അല്ലെങ്കില്‍ റ്റാക്ബോര്‍ഡ് എന്നിവ കരുതണം. ഫര്‍ണിച്ചര്‍ കഴിവതും കുറയ്ക്കാം. ഉള്ളവതന്നെ ഉയരം ക്രമീകരിക്കാവുന്നതും കുട്ടി വളരുന്തോറും മറ്റു പല ഉപയോഗങ്ങള്‍ക്കും ഉപകരിക്കാവുന്നതുമായ തരത്തിലായാല്‍ നല്ലതാണ്. മുറിയിലെ പ്രകാശസംവിധാനം കുട്ടിക്കെത്താത്തത്ര ഉയരത്തില്‍ ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. അലങ്കാരത്തിനുപയോഗിക്കുന്ന ചിത്രങ്ങളും പെയിന്റിങ്ങുകളും അവരുടെ ഭാവന വളരാന്‍ സഹായിക്കും.

മഹാനഗരങ്ങളിലെ ജീവിതം പലപ്പോഴും ഒറ്റ മുറിയിലായിരിക്കും. വളരെ ശ്രദ്ധാപൂര്‍വം സംവിധാനം ചെയ്താല്‍ ഈ ഒറ്റമുറി ഒരു വീടിന്റെ സൗകര്യങ്ങള്‍തന്നെ നല്കും. ഓരോ ഉപയോഗത്തിനും ഓരോ പ്രത്യേക ഭാഗം നീക്കിവച്ചാല്‍ മതി. സോഫ, ചെറിയ ഷെല്‍ഫുകള്‍, സ്ക്രീനുകള്‍ എന്നിവ ഉപയോഗിച്ച് ഇവയെ വേര്‍തിരിക്കുകയുമാവാം. വ്യത്യസ്തമായ ലൈറ്റുകള്‍ ഉപയോഗിച്ചും വേര്‍തിരിവ് സാധ്യമാക്കാം. വാതിലുകളായി കര്‍ട്ടനും അലങ്കാര സ്ക്രീനുകളും ഉപയോഗിക്കാം. തറയിലെ സ്ഥലം പരമാവധി ഉപയോഗിക്കാന്‍ കഴിയുമാറ് ചുവരലമാരകളും ക്യാബിനറ്റുകളും സ്ഥാപിക്കണം. ഇവയുടെ വാതില്‍ തുറന്നുവച്ചാല്‍ എഴുത്തുമേശ, ഡ്രസ്സിങ് ടേബിള്‍ എന്നിവയായി ഉപയോഗിക്കാവുന്ന സംവിധാനമേര്‍പ്പെടുത്താം. ഫര്‍ണിച്ചര്‍ വലുപ്പം കുറഞ്ഞവയായിരിക്കണം. കിടക്കാവുന്ന ബെഡ്ഡുകള്‍ മടക്കി വച്ച് സോഫയാക്കി മാറ്റാം. മുറിയിലെ വെളിച്ചവും നിറവും ഐകരൂപ്യം പുലര്‍ത്തുന്നതായിരിക്കാന്‍ ശ്രദ്ധിക്കണം.

ഇതര കെട്ടിടങ്ങള്‍

ഇന്റീരിയര്‍ ഡിസൈനിങ് എന്ന സംജ്ഞ വാസഗൃഹങ്ങളെ മാത്രം ഉദ്ദേശിച്ചതുകൊണ്ടുള്ളതല്ല. സ്കൂളുകള്‍, ആശുപത്രികള്‍, വ്യാപാരശാലകള്‍, ഹോട്ടലുകള്‍, ആഫീസുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

ആശുപത്രികളുടെ മുറികള്‍ ശബ്ദനിയന്ത്രണം സാധിച്ചിട്ടുള്ളവയാകണം. സാന്ദ്രതയും ഇലാസ്തികതയും ഉള്ള നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ച് ഭിത്തികള്‍ നിര്‍മിച്ചാല്‍ ശബ്ദം നിയന്ത്രിക്കാം. രോഗികള്‍ക്കും ശുശ്രൂഷകര്‍ക്കും ഒരു പോലെ സൗകര്യപ്രദമായ രീതിയിലായിരിക്കണം മുറികളുടെ സംവിധാനം. മുന്‍പൊക്കെ ആശുപത്രികള്‍ക്ക് വെള്ളനിറംതന്നെ നിഷ്കര്‍ഷിച്ചിരുന്നു. ഇപ്പോള്‍ ഇളം നിറങ്ങളും ഉപയോഗിക്കുന്നു. ഉല്ലാസവും ശാന്തിയുമേകുന്ന ഗൃഹാന്തരീക്ഷംപോലെ തന്നെയായിരിക്കണം ആശുപത്രികളുടേതും. ചുവരുകള്‍ വിനൈല്‍ പൂശാം. തറ ഓട് പാകുന്നതാണ് നല്ലത്. കര്‍ട്ടനുകളും കിടക്കവിരികളുമെല്ലാം ഉന്മേഷദായകമാവണം. ഈടു നില്‍ക്കുന്നതും ലളിതവുമായ ഉപകരണങ്ങള്‍ മുറിയിലുണ്ടാവണം.

സ്കൂള്‍ മുറികളുടെ തറയും മൃദുവായ ഓട് പാകുന്നതായിരിക്കും നല്ലത്. ഇടനാഴികളും വരാന്തകളും ഈടു നില്‍ക്കുന്ന, നിറമുള്ള ചുടുകട്ട ഉപയോഗിച്ചു നിര്‍മിക്കാം. ആധുനിക രീതിയിലുള്ള സ്കൂള്‍ കെട്ടിടനിര്‍മാണത്തില്‍ ശബ്ദനിയന്ത്രണസംവിധാനങ്ങള്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്തിയിരിക്കും. ചുവരുകളില്‍ ബ്ലാക് ബോര്‍ഡ്, റ്റാക്ബോര്‍ഡ് എന്നിവ ഉണ്ടായിരിക്കണം. പ്രകാശസംവിധാനം മൃദുവായിരിക്കണം. പഠനോപകരണങ്ങളും സാമഗ്രികളും കാര്യക്ഷമമായി രൂപകല്പന ചെയ്തവയായിരിക്കണം. പുസ്തകങ്ങള്‍, പഠന സഹായികള്‍, ഭൂപടങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ വേണ്ട സ്ഥലസൗകര്യം ഏര്‍പ്പെടുത്തണം.

ആഫീസുകളുടെ കാര്യത്തില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിനു വലിയ പ്രാധാന്യമുണ്ട്. സര്‍ക്കാരാഫീസുകള്‍, കണ്‍സള്‍ട്ടന്‍സി ആഫീസുകള്‍, ട്രാവല്‍ ഏജന്‍സികള്‍, കോണ്‍ഫറന്‍സ് റൂമുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നവരുടെയും കക്ഷികളുടെയും സൗകര്യം കണക്കിലെടുത്ത് ആസൂത്രണം ചെയ്യണം. ഓരോന്നിനും പ്രത്യേകം രൂപകല്പന ആവശ്യമാണ്. കാര്യകര്‍ത്താക്കളുടെയും കക്ഷികളുടെയും സമ്പര്‍ക്കം ഏറ്റവും സുസാധ്യമാക്കുന്നതരം നിര്‍മാണസംവിധാനമാണ് ആവശ്യം. ബാങ്കുകളുടെ കൗണ്ടറുകളും ആഫീസുമെല്ലാം ഇതുപോലെ ശ്രദ്ധാപൂര്‍വമായ സംവിധാനം ആവശ്യപ്പെടുന്നു. ആവശ്യമായ സ്വകാര്യത നല്കുന്നതോടൊപ്പംതന്നെ വേണ്ടത്ര വേര്‍തിരിവുകള്‍ പ്രകടമാക്കുന്ന രീതിയില്‍ മുറികള്‍ സംവിധാനം ചെയ്യേണ്ടതാണ്.

കച്ചവടസാധ്യത മുന്നില്‍ കണ്ടുകൊണ്ടുവേണം വ്യാപാരശാലകള്‍ സംവിധാനം ചെയ്യേണ്ടത്. സംഭരണ വിഭാഗത്തില്‍നിന്നും വില്പന വിഭാഗത്തിലേക്കുള്ള ചലനവും എളുപ്പവും സ്വതന്ത്രവും സമയം ലാഭിക്കുന്നതുമാകാന്‍ ശ്രദ്ധിക്കണം. ആകര്‍ഷകമായ പ്രദര്‍ശനസാധ്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. ക്രയേതാവിനെ ആകര്‍ഷിക്കുകയും വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആകര്‍ഷകവും സുഖപ്രദവും സൗകര്യപ്രദവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പ്രധാനം. ധാരാളം വായു സഞ്ചാരവും വേണ്ടത്ര വെളിച്ചവും നല്കാന്‍ മറന്നുകൂടാ. സരളനിറങ്ങളാണ് നല്ലത്.

ഹോട്ടലുകളും ഭോജനാലയങ്ങളുമെല്ലാം സംവിധാനം ചെയ്യുമ്പോഴും മേല്പറഞ്ഞ കാര്യങ്ങള്‍ തന്നെയാണു ശ്രദ്ധിക്കേണ്ടത്. ഒരു പൊതുസേവന രംഗത്തിന്റെ പ്രാധാന്യം ഇവയ്ക്കുമുണ്ട്. ഉപഭോക്താവിന്റെ താത്പര്യങ്ങളോടൊപ്പംതന്നെ സേവകരുടെയും അടുക്കള ജോലിക്കാരുടെയുമെല്ലാം സൗകര്യങ്ങള്‍ കണക്കിലെടുക്കണം. ധാരാളം കാറ്റും വെളിച്ചവും ലഭിക്കുന്ന പ്രധാന ഹാളും പാകത്തിനു സ്വകാര്യത നല്കുന്ന മുറികളും ഉണ്ടാകണം. ഇരിപ്പിടങ്ങള്‍ക്കിടയ്ക്ക് വേണ്ടത്ര സ്ഥലമിടാന്‍ വിട്ടുപോകരുത്. വിളമ്പുകാര്‍ക്ക് ചലന തടസമുണ്ടാകാതിരിക്കാനാണിത്. സാധാരണ നിലവാരത്തിലുള്ളതോ അതിവിശിഷ്ടമോ ആയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താം. പാശ്ചാത്യമോ പൗരസ്ത്യമോ നവീനമോ പരമ്പരാഗതമോ ആയ ഏതു ശൈലിയും സ്വീകരിക്കാം. പക്ഷേ, രണ്ടു രീതികള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണം. അതിവിശിഷ്ടമായ സംവിധാനമാണുദ്ദേശിക്കുന്നതെങ്കില്‍ നിറയെ അലങ്കാരപ്പണികളുള്ള പരവതാനികള്‍കൊണ്ട് തറയാകെ മൂടാവുന്നതാണ്. കസേരകള്‍ കടുത്ത നിറത്തിലുള്ള, വിലയും പകിട്ടുമേറിയ കവറിട്ടവയാകണം. പ്രകാശം മങ്ങിയതുമതിയാകും. സാധാരണ രീതിയിലുള്ള ലളിതമായ സംവിധാനമാണുദ്ദേശിക്കുന്നതെങ്കില്‍ തെളിഞ്ഞ പ്രകാശം വേണം. തറ ഓടു പാകിയതു മതിയാകും. ആസ്വാദ്യകരമായ നേര്‍ത്ത നിറമുള്ള പ്ലാസ്റ്റിക് കവറുകൊണ്ട് കസേരകള്‍ പൊതിയാം. ചുവരില്‍ കലാരൂപങ്ങളും ചിത്രങ്ങളും നല്ലതാണ്. മുറിയുടെ മൂലകളില്‍ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കില്‍ പൂക്കളും അലങ്കാരച്ചെടികളുംകൊണ്ട് മനോഹരമാക്കാം. സംഗീതത്തിന്റെ പശ്ചാത്തലം അരോചകമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധവേണം. സന്ദര്‍ശകരുടെ പൊതുവേയുള്ള സംസ്കാരം, ജീവിത നിലവാരം, പ്രായം എന്നിവ കണക്കിലെടുത്ത് ഈ ഘടകങ്ങള്‍ ക്രമീകരിക്കാവുന്നതാണ്.

(വി.കെ. സരസ്വതി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍