This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൂര്‍ഖാലീഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൂര്‍ഖാലീഗ്

ഡാര്‍ജിലിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ കക്ഷി. ഗൂര്‍ഖകളുടെ ഉന്നമനമാണ് ഈ കക്ഷിയുടെ ലക്ഷ്യം. 1943-ല്‍ അഖിലേന്ത്യാ ഗൂര്‍ഖാലീഗ് രൂപവത്കരിച്ചു. ഖുര്‍ഷിയോങ് ഗൂര്‍ഖാ അസോസിയേഷന്റെ സഹകരണത്തോടുകൂടി ദംബാര്‍സിങ് ഗുരുങ് ആണ് ഈ പാര്‍ട്ടിക്ക് രൂപം നല്കിയത്. ലീഗിന്റെ ഭരണഘടന 1948-ല്‍ പരിഷ്കരിച്ചു. ലിംഗഭേദമന്യേ 18 വയസ് പൂര്‍ത്തിയായ എല്ലാ ഗൂര്‍ഖകള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്കി. ഇന്ത്യയിലാകമാനമുള്ള ഗൂര്‍ഖകളെ സംഘടിപ്പിക്കുക, ഗൂര്‍ഖാ പാട്ടാളക്കാരുടെ ചേതന ഉണര്‍ത്തുക, ഗൂര്‍ഖകളുടെ സ്വത്വവും സംസ്കാരവും സംരക്ഷിക്കുക, മറ്റു ജനവിഭാഗങ്ങളുമായി ഐക്യവും സ്നേഹവും വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ഗൂര്‍ഖാലീഗിന്റെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്.

ഗൂര്‍ഖാലീഗില്‍ തീവ്രവാദികളുടെയും മിതവാദികളുടെയും വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ദേവപ്രകാശ് റായി ആയിരുന്നു മിതവാദികളുടെ നേതാവ്. തീവ്രവാദി വിഭാഗം പില്ക്കാലത്ത് ലീഗില്‍നിന്നും വിട്ടുമാറി പ്രാന്തപരിഷത് രൂപവത്കരിച്ചു.

അന്‍പതുകളില്‍ നേപ്പാളി ഭാഷയുടെ അംഗീകാരത്തിനുവേണ്ടി ഗൂര്‍ഖാലീഗ് സമരം നടത്തി. എന്‍. ബി. ഗുരുങ് ലീഗിന്റെ പ്രസിഡന്റായിരുന്നപ്പോള്‍ 1952 ഏ. 29-നു പ്രധാനമന്ത്രിക്കു സമര്‍പ്പിച്ച നിവേദനത്തില്‍ രാഷ്ട്രീയമായി ബംഗാളില്‍ നിന്നും വേറിട്ടു നില്‍ക്കുകയാണ് തങ്ങളുടെ താത്പര്യമെന്ന നിലപാട് വ്യക്തമാക്കി. ഡാര്‍ജിലിങ് ജില്ല കേന്ദ്രഭരണത്തിലാക്കുകയോ, അയല്‍പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഒരു പ്രത്യേക പ്രവിശ്യ രൂപവത്കരിക്കുകയോ, സൂര്‍സ് മേഖലയും കൂട്ടിച്ചേര്‍ത്ത് അസമില്‍ ചേര്‍ക്കുകയോ വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

ഡാര്‍ജിലിങ്, നേപ്പാള്‍, സിക്കിമിന്റെ തെക്കന്‍ ഭാഗങ്ങള്‍ എന്നിവ ചേര്‍ത്തുകൊണ്ട് 'ഗൂര്‍ഖാസ്താന്‍' രൂപവത്കരിക്കണമെന്ന് നാല്പതുകളുടെ അവസാനം കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ച ആശയം ലീഗ് നിരസിക്കുകയുണ്ടായി. എന്നാല്‍ അന്‍പതുകളുടെ അവസാനത്തോടെ ലീഗ് പ്രാദേശിക സ്വയംഭരണവാദത്തിന് ഊന്നല്‍ നല്കി.

1967-ല്‍ ഗൂര്‍ഖാലീഗ് പശ്ചിമബംഗാളിലെ ഐക്യമുന്നണി ഗവണ്‍മെന്റില്‍ ചേര്‍ന്നതിനുശേഷം ലീഗിന്റെ അവകാശങ്ങള്‍ അനുവദിച്ചു തരുന്നതിനുള്ള മുന്നണി ഗവണ്‍മെന്റിന്റെ നിലപാടില്‍ ഗൂര്‍ഖാലീഗിന് ആകാംക്ഷയുണ്ടായിരുന്നു. ഗവണ്‍മെന്റിന്റെ പതനത്തിനുശേഷം, അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സെയില്‍ സിങ് ഡാര്‍ജിലിങ് സന്ദര്‍ശിച്ച വേളയില്‍ (1981 ഏ. 13) ഗൂര്‍ഖാലീഗിന്റെ പ്രസിഡന്റായിരുന്ന പി.ടി. ലാമ മന്ത്രിക്ക് ശ്രദ്ധേയമായ ഒരു നിവേദനം സമര്‍പ്പിച്ചു. ഇതില്‍ ഡാര്‍ജിലിങ് മേഖലയുടെ ഭരണപരമായ കാര്യക്ഷമതയ്ക്കും സാമ്പത്തിക വികസന സമന്വയത്തിനും ക്ഷേമ പരിപാടികള്‍ ഉറപ്പുവരുത്തുന്നതിനും സംസ്ഥാനപദവി അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഗൂര്‍ഖകളുടെ പുരോഗതിക്കുവേണ്ടി കേന്ദ്രഗവണ്‍മെന്റ് ഇടപെടേണ്ടതാണെന്നും നിര്‍ദേശിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ ലീഗിന് ശേഷിയും ജനപ്രീതിയും കുറഞ്ഞു. എണ്‍പതുകളുടെ മധ്യത്തില്‍ ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (ജി. എന്‍. എല്‍. എഫ്.) എന്ന പ്രസ്ഥാനം ആരംഭിച്ചതോടെ പ്രാന്തപരിഷത്തും ഗൂര്‍ഖാലീഗും ഏറെ ദുര്‍ബലമായി. എന്നാല്‍ ബംഗാളിലെ കുന്നിന്‍ പ്രദേശങ്ങളിലെ ഗൂര്‍ഖകളുടെയിടയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഗൂര്‍ഖാലീഗിന് ഇപ്പോഴും സ്വാധീനമുണ്ട്.

(താരാശങ്കര്‍ ബാനര്‍ജി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍