This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗൂഡല്ലൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗൂഡല്ലൂര്‍

നീലഗിരി ജില്ലയിലെ ഒരു താലൂക്കും ആസ്ഥാനപട്ടണവും. തമിഴ്നാടിന്റെ വ.കി. അതിര്‍ത്തിയില്‍ കേരളം, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളോടു ചേര്‍ന്ന് പശ്ചിമഘട്ടനിരകളില്‍ സ്ഥിതിചെയ്യുന്ന ഗൂഡല്ലൂരിന്റെ തെക്കും കിഴക്കും ഏറനാട് താലൂക്കും (മലപ്പുറം ജില്ല) വ. സുല്‍ത്താന്‍ബത്തേരി താലൂക്കും (വയനാട് ജില്ല) ഗുണ്ടല്‍പേട്ട് താലൂക്കും (കര്‍ണാടകം), പ. കോടഗിരി (നീലഗിരി ജില്ല) താലൂക്കുകളും സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പില്‍നിന്ന് സു. 2000 മീറ്ററോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലയുടെ വിസ്തീര്‍ണം: 722 ച.കി.മീ. ആണ്. കേരളത്തിലെ വയനാടിനോട് സമാനമായ ഭൂപ്രകൃതിയാണ് ഇവിടത്തേത്. ജനസംഖ്യയില്‍ 80 ശതമാനവും മലയാളികളാണ്. കേരളത്തില്‍നിന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് കുടിയേറിപ്പാര്‍ത്തവരാണ് ഇവരിലധികവും. തോഡര്‍, കോടര്‍ തുടങ്ങിയ ഗിരിവര്‍ഗക്കാരും കന്നഡിഗരും തമിഴരും ചേര്‍ന്നതാണ് ഇതര ജനവിഭാഗം. ഗൂഡല്ലൂരും വയനാടും ചേര്‍ന്നതായിരുന്നു സംഘകാല കേരളത്തിലെ 'കര്‍ക്കനാട്'. കുലശേഖര സാമ്രാജ്യത്തിലെ 'പുറൈക്കിഴാനാട്' ഇതായിരുന്നു. 1800-നു ശേഷം മദ്രാസ് പ്രവിശ്യയിലായി. 1956-ലാണ് നീലഗിരി ജില്ലയിലെ ഒരു താലൂക്കായിത്തീര്‍ന്നത്. ഇവിടത്തെ മലയാളി കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. ധാരാളം കാപ്പി-തേയിലത്തോട്ടങ്ങളുള്ളതാണ് ഈ ജില്ല. കോയമ്പത്തൂരില്‍നിന്ന് 142 കി.മീ. ദൂരമുള്ള ഇതിനടുത്താണ് മുതുമലൈ വന്യമൃഗസംരക്ഷണകേന്ദ്രം. പ്രസിദ്ധ സുഖവാസകേന്ദ്രമായ ഉദകമണ്ഡല(ഊട്ടി)ത്തിലേക്ക് ഇവിടെനിന്ന് 50 കി.മീ. ദൂരമേയുള്ളു. നിലമ്പൂര്‍ നിന്നും സുല്‍ത്താന്‍ബത്തേരിയില്‍നിന്നും ഉള്ള പ്രധാന റോഡുകള്‍ ഗൂഡല്ലൂരില്‍ സന്ധിക്കുന്നു.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍