This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുരുദാസ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുരുദാസ്പൂര്‍

പഞ്ചാബിലെ ഒരു ജില്ലയും ജില്ലയുടെ ആസ്ഥാന നഗരവും. ഇന്ത്യയുടെ വ.പ. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകാണുന്ന ഗുരുദാസ്പൂര്‍ ജില്ലയുടെ അതിരുകള്‍ തെ.-ഉം കി.-ഉം കാശ്മീര്‍, ബിയാസ് നദി, പടിഞ്ഞാറ് അമൃത്സര്‍ എന്നിവയാണ്. ജില്ലയുടെ വിസ്തൃതി: 3560 ച.കി.മീ.; ജനസംഖ്യ: 2104011 (2010). ബിയാസ്, രവി എന്നീ നദികളുടെ സംഗമസ്ഥാനത്ത് ത്രികോണാകൃതിയില്‍ വ്യാപിച്ചുകാണുന്ന ഈ ജില്ലയുടെ ഭൂരിഭാഗവും സമതലപ്രദേശങ്ങളാണ്. അങ്ങിങ്ങ് ചെറുകുന്നുകളും ജില്ലയുടെ വടക്കുഭാഗത്തായി ഹിമാലയന്‍ പര്‍വതനിരയുടെ ഒരു ശാഖയും കാണപ്പെടുന്നുണ്ട്.

കൃഷിക്കനുയോജ്യമാണ് ഇവിടത്തെ സമതലങ്ങള്‍. ധാരാളം മഴ ലഭിക്കുന്ന ഇവിടത്തെ കാലാവസ്ഥയും കൃഷിക്ക് അത്യുത്തമമാണ്. ജലസേചന സൗകര്യത്തിന്റെ കാര്യത്തിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഈ ജില്ലയിലെ പ്രധാന കാര്‍ഷിക വിളകള്‍ ഗോതമ്പ്, ചോളം, നെല്ല്, ബാര്‍ലി, ബജ്റാ തുടങ്ങിയവയാണ്. കൃഷിയിടങ്ങള്‍ക്കു പുറമേ ജില്ലയില്‍ വനപ്രദേശങ്ങളും കാണാം. ഇവിടത്തെ വനങ്ങളില്‍ പുലി, ചെന്നായ്, കാട്ടുപൂച്ച, മാന്‍ തുടങ്ങിയ മൃഗങ്ങള്‍ ജീവിക്കുന്നു. വനവിഭവങ്ങളുടെ കാര്യത്തില്‍ ജില്ല സമ്പന്നമാണ്.

ജനങ്ങളുടെ മുഖ്യതൊഴില്‍ കൃഷിയും കൈത്തറിനെയ്ത്തുമാണ്. പഞ്ചാബിയും ഹിന്ദിയും സംസാരിക്കുന്ന ഇവിടത്തെ ജനങ്ങളില്‍ ഭൂരിഭാഗവും സിക്കുമതക്കാരും ഹിന്ദുക്കളുമാകുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ജില്ല വിദ്യാഭ്യാസപരമായും പുരോഗതി കൈവരിച്ചു കഴിഞ്ഞിരിക്കുന്നു.

ഗുരുദാസ്പൂര്‍ പട്ടണത്തിനു പുറമേ ജില്ലയിലെ പ്രമുഖ പട്ടണങ്ങള്‍ പാട്യാല, പത്താന്‍കോട്ട്, ശ്രീഗോവിന്ദപൂര്‍ തുടങ്ങിയവയാണ്. സിക്കുമതക്കാരുടെ പവിത്രസ്ഥാനങ്ങളിലൊന്നാണ് ശ്രീഗോവിന്ദപൂര്‍. ചരിത്രപരമായും സാമൂഹികമായും മുന്‍നിരയില്‍ നില്‍ക്കുന്നവയാണ് ഈ പട്ടണങ്ങള്‍.

മുഗള്‍ രാജാക്കന്മാരുടെ ഭരണകാലത്ത് പാട്യാലയും പത്താന്‍കോട്ടും പ്രസിദ്ധ നഗരങ്ങളായിരുന്നു. അവര്‍ നിര്‍മിച്ച പല രമ്യഹര്‍മ്യങ്ങളും ഇപ്പോഴും ഇവിടെ കാണാം. രജപുത്രരാജാക്കന്മാരുടെ കാലത്ത് പത്താന്‍കോട്ട് ആയിരുന്നു ആസ്ഥാന നഗരം. 'ജൈനപാല്‍' എന്ന ഒരു രജപുത്രരാജാവ് ഡല്‍ഹിയില്‍നിന്നു വന്നാണ് ഈ നഗരംസ്ഥാപിച്ചതെന്നു പറയപ്പെടുന്നു. ജൈനപാലിന്റെ പിന്‍ഗാമികള്‍ അവരുടെ ആസ്ഥാനം 'നൂര്‍പൂര്‍' നഗരത്തിലേക്കു മാറ്റി. സിക്കുമതത്തിന്റെ ആവിര്‍ഭാവത്തോടുകൂടി രാജഭരണത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന നിലയില്‍ അനുയായികള്‍ രണ്ടുവിഭാഗമായി. അവര്‍ തമ്മിലുള്ള ശത്രുത ക്രമേണ വര്‍ധിച്ചുവന്നു. ഒടുവില്‍ ഈ പ്രദേശങ്ങള്‍ സിക്കുമതക്കാരുടെ ഭരണത്തിന്‍ കീഴിലായി. 1846-ല്‍ സിക്കുമതക്കാരില്‍നിന്നും പത്താന്‍കോട്ടും അതിന്റെ സമീപ പ്രദേശങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്തു.

പഞ്ചാബിലെ ഏറ്റവും വലിയ നഗരമായ അമൃത്സറിന് വടക്കു കിഴക്കായാണ് ജില്ലാ ആസ്ഥാനമായ ഗുരുദാസ്പൂര്‍ പട്ടണം സ്ഥിതിചെയ്യുന്നത്. ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള ഒരു പ്രധാന വിപണനകേന്ദ്രമാണ് ഗുരുദാസ്പൂര്‍ പട്ടണം.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍