This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗുണ്ടൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗുണ്ടൂര്‍

ആന്ധ്രപ്രദേശിലെ ഒരു ജില്ലയും, ജില്ലയുടെ ആസ്ഥാന പട്ടണവും. ആസ്ഥാനപട്ടണമായ ഗുണ്ടൂരില്‍ നിന്നാണ് ജില്ലാനാമം നിഷ്പന്നമായിട്ടുന്നത് 11,391 ച.കി.മീ. വിസ്തൃതിയുള്ള ഗുണ്ടര്‍ ജില്ലയുടെ കിഴ.-ഉം വട.-ഉം അതിര്‍ത്തിയിലൂടെ കൃഷ്ണാനദി ഒഴുകുന്നു.

18-ാം ശ.-ത്തിന്റെ മധ്യകാലത്ത് ഫ്രഞ്ചുകാര്‍ നിര്‍മിച്ചതാണ് ഈ പട്ടണം. 1788-ല്‍ ഇത് ബ്രിട്ടീഷുകാരുടെ അധീനതയിലായി. 1866-ല്‍ ഗുണ്ടൂര്‍ മുന്‍സിപ്പാലിറ്റി നിലവില്‍വന്നു.

ആന്ധ്രപ്രദേശിലെ ജനസാന്ദ്രതകൂടിയ ജില്ലകളിലൊന്നാണിത്. ജനസംഖ്യ 40,85,904 (1991). ജനങ്ങളില്‍ ഭൂരിഭാഗവും കര്‍ഷകരും വിദ്യാസമ്പന്നരുമാണ്. തെലുഗുവാണ് മുഖ്യവ്യവഹാര ഭാഷ.

കാര്‍ഷികസമ്പത്താണ് ജില്ലയുടെ സാമ്പത്തികാഭിവൃദ്ധിക്കുനിദാനം. തീരദേശജില്ലയായ ഇവിടെ മഴ താരതമ്യേന കുറവാണ്. തന്മൂലം ആന്ധ്രപ്രദേശിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ നെല്‍ക്കൃഷി കുറവായിരിക്കുന്നു. കൃഷ്ണാനദിയില്‍നിന്നു നിര്‍ഗമിക്കുന്ന ചെറുകനാലുകളില്‍ നിന്നാണ് ഇവിടത്തെ മുളക്, നിലക്കടല തുടങ്ങിയ കൃഷികള്‍ക്കു വേണ്ട ജലം ലഭിക്കുന്നത്. ചണം, പുകയില, കശുമാവ്, ആവണക്ക് തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്. ഒരു കാര്‍ഷിക ഗവേഷണനിലയം ഗുണ്ടൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

ഗതാഗത സൗകര്യങ്ങള്‍ ലഭ്യമായതിനാല്‍ ഇവിടം ഒരു വ്യാപാരകേന്ദ്രമാണ്. അറിയപ്പെടുന്ന ഒരു പരുത്തിവ്യാപാരകേന്ദ്രമായ ഗൂണ്ടൂരില്‍ തുണിമില്ലുകള്‍, സിമന്റ് നിര്‍മാണശാല, ചുരുട്ടു നിര്‍മാണശാലകള്‍, നെല്ലുകുത്തുമില്ലുകള്‍, എണ്ണമില്ലുകള്‍ തുടങ്ങിയവയും ഉണ്ട്.

ഇവിടെത്തെ സ്കൂളുകളും കോളജുകളും വിദ്യാഭ്യാസരംഗത്തുള്ള ജില്ലയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ആന്ധ്രാ ക്രിസ്റ്റ്യന്‍ കോളജ്, ഹിന്ദു കോളജ്, ഗവണ്മെന്റ് കോളജ് എന്നിവയ്ക്കു പുറമേ ഒരു മെഡിക്കല്‍ കോളജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ധാതുസമ്പുഷ്ടമായ ഒരു ജില്ലയാണിത്. ഇവിടുത്തെ സിമന്റ് ഫാക്റ്ററികള്‍ക്കാവശ്യമായ ചുണ്ണാമ്പുകല്ല് ഇവിടെനിന്നുതന്നെയാണ് ഖനനം ചെയ്തെടുക്കുന്നത്. ഇരുമ്പയിര്, ലെഡ്-അയിര്, വൈരക്കല്ലുകള്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍