This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്ലോലയുഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്ലോലയുഗം

ബംഗാളി സാഹിത്യത്തിലെ ഒരു പുരോഗമന സാഹിത്യ പ്രസ്ഥാനം. ഇംഗ്ലീഷ്‌ വിദ്യാഭ്യാസവും നിസ്സഹകരണ പ്രസ്ഥാനം പോലെയുള്ള ജനമുന്നേറ്റങ്ങളും ബംഗാളിലെ സാധാരണ ജനങ്ങളുടെ ഇടയില്‍ രാഷ്‌ട്രീയബോധം വളര്‍ത്താന്‍ വളരെയേറെ സഹായിച്ചു. ഇതിന്റെ പ്രതിഫലനം സമകാലീന സാഹിത്യത്തിലും ഉണ്ടായി. ഒരു സംഘം യുവസാഹിത്യകാരന്മാര്‍ നഗരത്തിനുള്ളിലെ ചേരികളിലെ ജീവിതം തങ്ങളുടെ കൃതികളില്‍ യഥാതഥമായി ചിത്രീകരിക്കാന്‍ തുടങ്ങി. ഈ പുരോഗമന പ്രസ്ഥാനത്തില്‍പ്പെട്ടവരുടെ പ്രധാന പ്രചാരണമാധ്യമം കല്ലോല്‍ ("തിരതല്ലുന്ന പ്രവാഹം') എന്ന മാസികയായിരുന്നു. അന്ന്‌ ഗവണ്‍മെന്റ്‌ ആര്‍ട്ട്‌സ്‌ സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന ഗോകുല്‍ ചന്ദ്രനാഗ്‌ ആയിരുന്നു ഇതിന്റെ പ്രമുഖ സംഘാടകന്‍. 1923 മേയില്‍ ദിനേശ്‌രഞ്‌ജന്‍ദാസുമായി ചേര്‍ന്ന്‌ ഇദ്ദേഹം കല്ലോല്‍ മാസിക ആരംഭിച്ചു. ഏഴുവര്‍ഷക്കാലമേ പ്രസ്‌തുത മാസിക നിലനിന്നുള്ളുവെങ്കിലും ആ കാലമത്രയും ബംഗാളിലെ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ ജിഹ്വയായിരുന്നു ഇത്‌. സാമൂഹികവും സാമ്പത്തികവുമായ ജീവിത പ്രശ്‌നങ്ങള്‍ തികഞ്ഞ ആത്‌മാര്‍ഥതയോടെ കൈകാര്യം ചെയ്‌ത ഈ ആധുനികര്‍ ബംഗാളി ചെറുകഥയ്‌ക്ക്‌ പുതിയ മുഖച്‌ഛായ പകര്‍ന്നു. കഷ്‌ടതകള്‍ മാത്രം കൈമുതലായുള്ള പട്ടിണിപ്പാവങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും യഥാതഥമായി ഇവര്‍ ചിത്രീകരിച്ചു. ആദ്യകാലങ്ങളില്‍ ഇവരില്‍ മിക്കവരും വേണ്ടത്ര അറിയപ്പെട്ടിരുന്നില്ലെങ്കിലും പില്‌ക്കാലത്ത്‌ ഇവരുടെ രചനകള്‍ ശ്രദ്ധേയങ്ങളായി.

ബുദ്ധദേവ്‌ ബോസ്‌, പ്രമേന്ദ്രമിത്ര, അചിന്ത്യ കുമാര്‍ സെന്‍ഗുപ്‌ത, ഷൈലജാനന്ദമുഖര്‍ജി, കാസിനസറുല്‍ ഇസ്‌ലാം, മൊഹിത്‌ലാല്‍ മജുംദാര്‍, പ്രബോധ്‌ കുമാര്‍ സന്ന്യാല്‍, ജീബനാനന്ദ ദാസ്‌, ജഗദീഷ്‌ ചന്ദ്രഗുപ്‌ത, മണീന്ദ്രലാല്‍ ബസു തുടങ്ങി കല്ലോല വിഭാഗത്തില്‍പ്പെട്ട നിരവധിപേര്‍ പില്‌ക്കാലത്ത്‌ ബംഗാളി സാഹിത്യരംഗത്ത്‌ പ്രശസ്‌തരായിത്തീരുകയും നിരവധി ബഹുമതികള്‍ നേടുകയും ഉണ്ടായി.

ബംഗാളി സാഹിത്യത്തിലെ ശ്രദ്ധേയമായ ഒരു കാലഘട്ടത്തെയാണ്‌ കല്ലോലയുഗം പ്രതിനിധാനം ചെയ്യുന്നത്‌. ടാഗൂര്‍ കൃതികളില്‍ നിന്നാണ്‌ തങ്ങളുടെ സൃഷ്‌ടികള്‍ക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിച്ചതെങ്കിലും ഇന്ത്യന്‍ പാരമ്പര്യത്തോടുള്ള നിഷേധം കാരണം, ഈ ആധുനിക സാഹിത്യകാരന്മാരില്‍ മിക്കവര്‍ക്കും ടാഗൂര്‍ കവിത ശരിക്കും മനസ്സിലാക്കാന്‍ കഴിയാതെ പോയി. ടാഗൂര്‍ സാഹിത്യത്തിന്റെ കാലം കഴിഞ്ഞുവെന്നുമാത്രമല്ല തങ്ങളുടെ പുരോഗമനപ്രസ്ഥാനത്തിന്‌ ടാഗൂര്‍ ഒരു പ്രതിബന്ധമാണെന്ന്‌ പ്രഖ്യാപിക്കാന്‍പോലും ഇവരില്‍ ചിലര്‍ തയ്യാറായി. ബംഗാളിസാഹിത്യത്തിന്റെ അവസാനവാക്കായി ടാഗൂറിനെ അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. തന്നെയുമല്ല ടാഗൂറിനു പറയാന്‍ കഴിയാതെപോയ നിരവധി കാര്യങ്ങള്‍ തങ്ങള്‍ക്കു പറയാനുണ്ടെന്നവര്‍ അവകാശപ്പെടുകയുമുണ്ടായി. ടാഗൂറിന്റെ ശീലില്‍ നിന്നു വ്യത്യസ്‌തമായി എഴുതുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യമെങ്കിലും, ഒരിക്കല്‍പ്പോലും ടാഗൂറിന്റെ സ്വാധീനതയില്‍നിന്നു രക്ഷപ്പെടുവാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. ഏറ്റവുമധികം വാദകോലാഹലങ്ങള്‍ മുഴക്കിയ ബുദ്ധദേവ്‌ബോസിന്‍െറ നോവലുകളിലും കഥകളിലും ടാഗൂറിന്റെ കവിതകളില്‍ നിന്നുള്ള വരികളും പ്രയോഗവിശേഷ ങ്ങളും ധാരാളമായി കാണാന്‍ കഴിയും. ഇക്കാര്യത്തില്‍ വ്യതിരിക്തനായി വര്‍ത്തിക്കുന്നത്‌ ജീബനാനന്ദദാസ്‌ മാത്രമാണ്‌. ടാഗൂര്‍ വിരോധികളായ പുരോഗമനവാദികളില്‍ മൗലികതയുടെ കാര്യത്തില്‍ മുന്നിട്ടുനില്‌ക്കുന്നതും ഇദ്ദേഹം തന്നെ.

പാരമ്പര്യങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ചോദ്യം ചെയ്യാന്‍ തയ്യാറായതുകൊണ്ടുതന്നെ ഇവര്‍ക്ക്‌ മാമൂല്‍ പ്രിയരായ മുതിര്‍ന്ന തലമുറയുടെ എതിര്‍പ്പും വിരോധവും നേരിടേണ്ടിവന്നു. തുടക്കത്തില്‍ കല്ലോല്‍ മാസികയ്‌ക്ക്‌ വായനക്കാരുടെ ഭാഗത്തുനിന്ന്‌ വേണ്ടത്ര പ്രാത്സാഹനം ലഭിക്കുകയുണ്ടായില്ല. മാത്രമല്ല, മറ്റു സാഹിത്യകാരന്മാര്‍ സംഘടിതരായി കല്ലോലവിഭാഗക്കാരെ എതിര്‍ക്കുകയും ചെയ്‌തു. ശനിവാരര്‍ ചിട്ടി ('Saturday Post')എന്ന പ്രസിദ്ധീകരണംവഴി കല്ലോല്‍ വിഭാഗക്കാരുടെ രചനകളെ പരിഹസിച്ചു പുറംതള്ളുന്നതിനും അതിലൂടെ പൊതുജനാഭിപ്രായം കല്ലോല്‍ വിഭാഗത്തിനെതിരെ തിരിച്ചുവിടുന്നതിനും ഇവര്‍ ശ്രമിച്ചു. പക്ഷേ ഫലം നേരെ വിപരീതമായിരുന്നു; പുരോഗമനവാദികള്‍ക്കു നല്ല പ്രചാരം കിട്ടാന്‍ ഇതു വഴിതെളിച്ചു. കല്ലോല്‍ മാസികയിലൂടെ വെളിച്ചം കാണുന്ന സൃഷ്‌ടികള്‍, അവ എന്തുതന്നെ ആയാലും, ശ്രദ്ധേയങ്ങളായിത്തീരുക പതിവായി. പ്രദേശികസ്വഭാവമുള്ള രചനകള്‍ വംഗസാഹിത്യത്തില്‍ ആരംഭിച്ചതും കല്ലോലവിഭാഗക്കാര്‍ തന്നെയാണ്‌. ഷൈലജാനന്ദ മുഖര്‍ജിയുടെ കഥകളില്‍ കല്‍ക്കരിഖനികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതമാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.

തലമുറകള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിനു ശ്രമിച്ചില്ലെന്നു മാത്രമല്ല, ആചാരങ്ങള്‍ക്കും വിശ്വാസ പ്രമാണങ്ങള്‍ക്കും നേരെ പ്രതിഷേധിക്കുക എന്നത്‌ പ്രഖ്യാപിതനയമായി സ്വീകരിക്കാന്‍ കൂടി കല്ലോല്‍ വാദികള്‍ തയ്യാറായി. രചനാസമ്പ്രദായങ്ങളിലും അവതരണ ശൈലിയിലും എല്ലാം പുതുമകള്‍ കാഴ്‌ചവയ്‌ക്കാന്‍ ഇവര്‍ക്കുകഴിഞ്ഞു. ബംഗാളി പദങ്ങളുടെ അക്ഷരവ്യവസ്ഥയില്‍പ്പോലും ചില മാറ്റങ്ങള്‍ വരുത്തി ഭാഷയെ ലളിതമാക്കിയ ഈ പുരോഗാമികള്‍ കവിതയെയും ചെറുകഥയെയും സംബന്ധിച്ച സങ്കല്‌പത്തിനുതന്നെ പുതുമ വരുത്തുകയുണ്ടായി. സാഹിത്യരംഗത്ത്‌ ഇത്തരത്തിലൊരു പരിവര്‍ത്തനത്തിനുവേണ്ടി യത്‌നിച്ച കല്ലോല്‍ വിഭാഗക്കാര്‍ക്ക്‌ വളരെയധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്‌. പുരോഗമനവാദികളായ ചില എഴുത്തുകാര്‍ക്ക്‌ അശ്ലീലസാഹിത്യം പ്രചരിപ്പിച്ചു എന്ന കുറ്റത്തിന്‌ ജയില്‍വാസംവരെ അനുഭവിക്കേണ്ടിവന്നു. ഭാരിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസികസംഘര്‍ഷങ്ങളും അനുഭവിക്കേണ്ടിവന്നപ്പോഴും വരുന്ന തലമുറ തങ്ങളെ അംഗീകരിക്കും എന്ന ആത്‌മവിശ്വാസമാണ്‌ ഇവരെ മുന്നോട്ടു നയിച്ചിരുന്നത്‌. യുവത്വത്തിന്റെ ഓജസ്സും പ്രസരിപ്പും പ്രദാനം ചെയ്‌ത, പുരോഗമനവാദികളായ കല്ലോല്‍ വിഭാഗക്കാര്‍ക്ക്‌ ആധുനിക ബംഗാളിസാഹിത്യത്തിന്‌ പുതിയ മാനങ്ങള്‍ പകരാന്‍ കഴിഞ്ഞു എന്നതില്‍ രണ്ടു പക്ഷമില്ല.

(പ്രാഫ. നിലീന എബ്രഹാം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍