This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കല്യാണഗുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കല്യാണഗുളം

ഒരു ആയുര്‍വേദ ഔഷധം. അഷ്ടാംഗഹൃദയം കല്‌പസ്ഥാനത്തില്‍ ഈ ഔഷധയോഗത്തിന്റെ നിര്‍മാണക്രമവും ഫലശ്രുതിയും ചേര്‍ത്തിട്ടുണ്ട്‌.

	"വിളംഗപിപ്പലീമൂലത്രിഫലാധാന്യചിത്രകാന്‍
	മരിചേന്ദ്രയവാജാജീപിപ്പലീഹസ്‌തപിപ്പലീഃ
	ദീപ്യകം പഞ്ചലവണം ചൂര്‍ണിതം കാര്‍ഷികം പൃഥക്‌
	തിലതൈലത്രിവൃച്ചൂര്‍ണഭാഗൗചാഷ്ടപലോന്മിതൗ
	ധാത്രീഫലരസ പ്രസ്ഥാം സ്‌ത്രീന്‍ഗുളാര്‍ധ തുലാന്വിതാന്‍
	പക്‌ത്വാ മൃദ്വഗ്‌നിനാഖാദേത്തതോമാത്രാമയന്ത്രണഃ
	കുഷ്‌ഠാര്‍ശക്കാമിലാഗുന്മമേഹോദരഭഗന്ദരന്‍
	ഗ്രഹണീ പാണ്ഡുരോഗാംശ്ച ഹന്തി പുംസവനശ്ചസഃ
	ഗുളഃകല്യാണകോനാമ സര്‍വ്വേഷ്‌വൃതുഷു യൗഗികഃ'
 

വിഴാലരി, കാട്ടുതിപ്പലി വേര്‌, ത്രിഫല വെവ്വേറെ, കൊത്തമ്പാലയരി, കൊടുവേലി (ശുദ്ധിചെയ്‌തത്‌), കുരുമുളക്‌, കുടകപ്പാലയരി, അയമോദകം, തിപ്പലി, അത്തിത്തിപ്പലി, ജീരകം, ഇന്തുപ്പ്‌, വിളയുപ്പ്‌, കാരുപ്പ്‌, വെടിയുപ്പ്‌, മരക്കലയുപ്പ്‌, ത്രികോല്‌പക്കൊന്ന, പച്ച നെല്ലിക്കാ നീര്‌, ശര്‍ക്കര, എള്ളെണ്ണ ഇവ തമ്മില്‍ ചേര്‍ത്തു മന്ദാഗ്‌നിയില്‍ പാകം ചെയ്‌ത്‌ ലേഹപ്രായമാക്കിയെടുക്കുക. (ത്രികോല്‌പക്കൊന്ന ഒഴികെയുള്ള മരുന്നുകള്‍ 250 ഗ്രാം വീതം എടുക്കുകയാണെങ്കില്‍, ത്രികോല്‌പക്കൊന്ന 8 കി.ഗ്രാം എടുക്കണം. പച്ചനെല്ലിക്കാനീര്‌ 96 ലിറ്ററും ശര്‍ക്കര 50 കി.ഗ്രാമും എള്ളെണ്ണ 8ലിറ്ററും ചേര്‍ക്കാം).

കുഷ്‌ഠം, മുഖക്കുരു, കാമില, ഗുന്മന്‍, മേഹം, മഹോദരം, ഭഗന്ദരം, രക്തക്ഷയം തുടങ്ങിയ രോഗമുള്ളവര്‍ കല്യാണഗുളം കഴിക്കുന്നത്‌ നല്ലതാണ്‌. സ്‌ത്രീപുരുഷന്മാര്‍ക്ക്‌ ബീജദോഷം ഇല്ലാതാക്കാന്‍ നന്ന്‌; പുംസവനവുമാണ്‌. ഏതുകാലത്തും (ഋതുഭേദം നോക്കാതെ) ഒട്ടും അപായം കൂടാതെ ഉപയോഗിക്കാവുന്ന ഒരു നല്ല വിരേചകൗഷധം കൂടിയാണ്‌ കല്യാണഗുളം.

(ഡോ. പി.ആര്‍. വാരിയര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍