This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലേവല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലേവല

Kalevala

ഫിന്നിഷ്‌ ദേശീയ മഹാകാവ്യം. ലോകസാഹിത്യത്തിലെ തന്നെ ഉത്‌കൃഷ്‌ട കൃതികളിലൊന്നായി ഇത്‌ വാഴ്‌ത്തപ്പെടുന്നു. 1835ല്‍ പ്രസിദ്ധീകരിച്ച ആദ്യപതിപ്പില്‍ 12,078 വരികളുള്ള 32 കവിതകളും 1849ലെ പരിഷ്‌കൃത പതിപ്പില്‍ 22,795 വരികളുള്ള 50 കവിതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഏലിയാസ്‌ ലോണ്‍റോട്ട്‌ എന്ന ഭിഷഗ്വരനാണ്‌ ഫിന്‍ലന്‍ഡ്‌, കരേലിയ, ഇന്‍ഗ്രിയ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രചരിച്ചിരുന്ന നാടോടിപ്പാട്ടുകള്‍, കവിതകള്‍, മാന്ത്രിക കവിതകള്‍ തുടങ്ങിയവ സമാഹരിച്ച്‌ കലേവല ആയി പ്രസിദ്ധീകരിച്ചത്‌. ഇതിലെ കവിതകളും പാട്ടുകളും വ്യത്യസ്‌ത കാലഘട്ടങ്ങളില്‍ രൂപം കൊണ്ടവയാണ്‌. പ്രപഞ്ചത്തിന്റെ ഉത്‌പത്തിയെക്കുറിച്ചും പ്രാകൃതിക പ്രതിഭാസങ്ങളെക്കുറിച്ചുമുള്ള കവിതകളാണ്‌ ഇവയില്‍ ഏറ്റവും പഴക്കമുള്ളവയായി കണക്കാക്കപ്പെടുന്നത്‌. പ്രകൃത്യാരാധനാ സങ്കല്‌പങ്ങള്‍, മന്ത്രവാദം, കടല്‍ക്കൊള്ളക്കാരുടെയും മറ്റും സാഹസികകഥകള്‍, ക്രിസ്‌തുമതത്തിന്റെ ആവിര്‍ഭാവം, ചരിത്രസംഭവങ്ങളെക്കുറിച്ചുള്ള നാടോടി ആഖ്യാനങ്ങള്‍ തുടങ്ങി ഓരോ കാലഘട്ടത്തിന്റെയും പ്രത്യേകതകള്‍ സൂചിപ്പിക്കുന്ന നിരവധി കവിതകള്‍ കലേവലയിലുണ്ട്‌. ലോണ്‍റോട്ട്‌ ഇവയെ ആഖ്യാനരൂപത്തില്‍ സംവിധാനം ചെയ്‌തതോടൊപ്പം ഉദ്ദേശം 600 ഓളം വരികള്‍ സ്വന്തമായി എഴുതിച്ചേര്‍ത്തിട്ടുമുണ്ട്‌. പല കഥാപാത്രങ്ങളുടെയും സവിശേഷതകള്‍ സമന്വയിപ്പിച്ച്‌ ഒരു നായകനിലേക്ക്‌ സന്നിവേശിപ്പിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു. നായകനായ വൈയ്‌നാമൊയ്‌നന്റെ ജനനം, പ്രപഞ്ചസൃഷ്ടി തുടങ്ങിയവയെക്കുറിച്ചുള്ള വിവരണത്തോടുകൂടിയാണ്‌ കലേവല ആരംഭിക്കുന്നത്‌. കലേവല (കവിഭാവനയിലെ ഫിന്‍ലന്‍ഡ്‌)യിലെയും പൊഹ്‌ജൊല ("വടക്കുള്ള ദേശം')യിലെയും ജനസമൂഹങ്ങള്‍ തമ്മിലുള്ള ബന്ധമാണ്‌ പിന്നീട്‌ കേന്ദ്രവിഷയമാകുന്നത്‌. പൊഹ്‌ജൊലയിലെ ഭരണകര്‍ത്താവ്‌ രൂപം മാറാന്‍ കഴിവുള്ള ലോഹി എന്ന സ്‌ത്രീയാണ്‌. അപൂര്‍വ സിദ്ധികളുള്ള ഗായകനും കാന്റീന്‍ (ഫിന്നിഷ്‌ സംഗീതോപകരണം) വാദകനുമായ വൈയ്‌നാമൊയ്‌നന്‍ ആണ്‌ കലേവലയിലെ രാജാവ്‌. വിദഗ്‌ധ ലോഹപ്പണിക്കാരനായ ഇല്‍മറിനെന്‍, സാഹസികയോദ്ധാവായ ലെമ്മിന്‍കെയ്‌നിന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ പ്രധാന കഥാപാത്രങ്ങള്‍. വൈയ്‌നാമൊയ്‌നന്‍, ഇല്‍മറിനെന്‍, ലെമ്മിന്‍കെയ്‌നിന്‍ എന്നിവര്‍ വധുവിനായി നടത്തുന്ന അന്വേഷണങ്ങള്‍ അവരെ പൊഹ്‌ജൊലന്‍ ജനതയുമായി നിരന്തര പോരാട്ടത്തിലേക്കു നയിക്കുന്നു. കൃതിയുടെ അന്ത്യത്തില്‍ വൈയ്‌നാമൊയ്‌നന്‍ തന്റെ അധികാരങ്ങള്‍ ഒരു കന്യകാപുത്രന്‌ കൈമാറിയ ശേഷം ഫിന്‍ലന്‍ഡ്‌ വിടുന്നു. ക്രിസ്‌തുമതത്തിന്റെ ആവിര്‍ഭാവത്തെയായിരിക്കാം ഇത്‌ സൂചിപ്പിക്കുന്നത്‌. തന്റെ സംഗീതം ഫിന്നിഷ്‌ ജനതയ്‌ക്ക്‌ സംഭാവന ചെയ്‌തുകൊണ്ടാണ്‌ വൈയ്‌നാമൊയ്‌നന്‍ വിരമിക്കുന്നത്‌.

ഫിന്‍ലന്‍ഡിന്റെ എല്ലാ കലകളിലും കലേവലയുടെ സ്വാധീനം ദൃശ്യമാണ്‌. സാഹിത്യത്തിലും നിരവധി കൃതികള്‍ക്ക്‌ ഈ ഇതിഹാസകാവ്യം പ്രചോദനമായിട്ടുണ്ട്‌. കലേവലയിലെ വൃത്തവും ഛന്ദസ്സും വികസിച്ച്‌ ആധുനിക കവിതയുടെ വൈവിധ്യമാര്‍ന്ന ഭാഷയ്‌ക്ക്‌ അടിത്തറ പാകി. മുപ്പതിലേറെ ഭാഷകളിലേക്ക്‌ കലേവല തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B5%87%E0%B4%B5%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍