This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലി

1. പാപകര്‍മങ്ങളുടെ അധിഷ്‌ഠാനം എന്ന്‌ സങ്കല്‌പിക്കപ്പെട്ടിട്ടുള്ള മൂര്‍ത്തി. കലി ദേവഗന്ധര്‍വ വര്‍ഗത്തില്‍പ്പെടുമെന്നും ദക്ഷപുത്രിയായ മുനിയില്‍ കശ്യപപ്രജാപതിക്കു ജനിച്ച പതിനഞ്ചാമത്തെ പുത്രനാണെന്നും മഹാഭാരതം ആദിപര്‍വത്തില്‍ പറയുന്നു. ഒരു മൂര്‍ത്തി എന്ന നിലയില്‍ കലി അപൂര്‍വം ചില പുരാണകഥകളില്‍ മാത്രമേ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുള്ളു. ആദ്യത്തെ സാന്നിധ്യം നളദമയന്തീകഥയിലാണ്‌. (നോ: നളന്‍) അതില്‍ കലി ചൂതായി പ്രത്യക്ഷപ്പെടുകയും ഒടുവില്‍ നളന്‍ ആട്ടിപ്പായിച്ച്‌ താന്നിമരത്തില്‍ കയറ്റുകയും ചെയ്‌തതുകൊണ്ട്‌ കലി ശബ്‌ദത്തിനു ചൂതിന്റെ കരു എന്നും താന്നിമരം എന്നും അര്‍ഥം സിദ്ധിച്ചിട്ടുണ്ട്‌. കൃഷ്‌ണന്റെയും പാണ്ഡവരുടെയും കാലശേഷം ധര്‍മഹിംസ ചെയ്‌തുനടന്ന കലിയെ പരീക്ഷിത്ത്‌ വധിക്കാനൊരുങ്ങുകയും അഭയം യാചിച്ച കലിയെ രാജാവ്‌ ചൂതുകളി, മദ്യപാനം, സ്‌ത്രീസേവ, ഹിംസ, സ്വര്‍ണം എന്നിവയില്‍ വസിച്ചു കൊള്ളാന്‍ വിടുകയും ചെയ്‌തതായി ഭാഗവതം പ്രഥമ സ്‌കന്ധത്തില്‍ വിവരിക്കുന്നു.

ശ്രീകൃഷ്‌ണന്റെ സ്വര്‍ഗാരോഹണത്തോടു കൂടി പ്രപഞ്ച ചരിത്രത്തിലെ ഒരു സുവര്‍ണയുഗം അവസാനിക്കുകയും പാപങ്ങള്‍ക്കു മുന്‍തൂക്കം കിട്ടുന്ന ഒരു അധര്‍മ കാലഘട്ടം ആവിര്‍ഭവിക്കുകയും ചെയ്‌ത സന്ദര്‍ഭത്തിലാണ്‌ കല-ിയുടെ ജനനമെന്ന്‌ ഭാഗവതമാഹാത്‌മ്യം (അധ്യായം 1, പദ്യം 66) സൂചിപ്പിക്കുന്നുണ്ട്‌.

"യദാ മുകുന്ദോ ഭഗവാന്‍
ക്ഷമാംത്യക്ത്വാ സ്വപദം ഗതഃ
തദ്ദിനാല്‍ കലിരായാതഃ
സര്‍വസാധനബാധകഃ'
 <nowiki>
കലിയുഗത്തില്‍ വരുന്ന ധര്‍മഭ്രംശത്തെപ്പറ്റി മാര്‍ക്കണ്ഡേയ മുനി മഹാഭാരതത്തില്‍ (വനപര്‍വം, അധ്യായം 188) സവിസ്‌തരം ഉപന്യസിക്കുന്നു. 
സകലവിധ ദുഷ്‌കൃതികളുടെയും മൂര്‍ത്തിമദ്‌ഭാവമായാണ്‌ കലി എവിടെയും വര്‍ണിക്കപ്പെട്ടിരിക്കുന്നത്‌. അഹങ്കാരം, കോപം, വഞ്ചന, കാപട്യം, ഹിംസ തുടങ്ങിയവയെല്ലാം കലിയുടെ ഘടകങ്ങളായി വിവരിക്കപ്പെട്ടിരിക്കുന്നതിനോടു കൂടി, ക്രാധത്തിന്‌ ഹിംസയില്‍ ജനിച്ച പുത്രനാണ്‌ കലിയെന്നും സഹോദരിയായ ദുരുക്തിയെ വിവാഹം കഴിച്ച്‌ കലി അവളില്‍ ഭയമെന്നും മൃത്യുവെന്നും രണ്ടു സന്തതികളെ ജനിപ്പിച്ചുവെന്നും ഭാഗവതം ചതുര്‍ഥ സ്‌കന്ധത്തില്‍ പ്രതിപാദിക്കുന്നത്‌ ഈ മൂര്‍ത്തിയെക്കുറിച്ചുള്ള സങ്കല്‌പത്തിനു മൂര്‍ച്ച കൂട്ടുന്നു.
ദുര്യോധനന്‍ കലിയുടെ അവതാരമാണെന്ന്‌ മഹാഭാരതം പറയുന്നു.
 <nowiki>
"കലിതന്നംശമായ്‌ തീര്‍ന്നൂ,
ഭുവി ദുര്യോധനന്‍ നൃപന്‍' 	             (ആദിപര്‍വം)
 

സംസ്‌കൃതനിഘണ്ടുകാരന്മാര്‍ കലിശബ്‌ദത്തിന്‌ കോപം, ദ്വേഷം, മത്സരം, കലഹം, ഭയവേപഥു, ദാരിദ്യ്രം എന്നെല്ലാം അര്‍ഥം പറയുന്നുണ്ട്‌. കലി ഇളകുക, കലി കയറുക, കലി മുറ്റുക, കലി തുള്ളുക, കലി അടങ്ങുക, കലി ഇറങ്ങുക, കലി ബാധിക്കുക തുടങ്ങി പ്രചാരത്തിലുള്ള മലയാളശൈലികള്‍ എല്ലാം കലിയുടെ സവിശേഷ ഭാവങ്ങളെയാണ്‌ പ്രകാശിപ്പിക്കുന്നത്‌. 2. തമിഴിലെ കലിപ്പാ വിഭാഗത്തില്‍പ്പെട്ട ഒരു വൃത്തവിശേഷം. ദ്രുതതാളത്തില്‍ ഈരടികളായാണ്‌ ഇതിന്റെ നിബന്ധനം. ഉദാ. "അരിതായ അറനെയ്‌തി' ഈ വൃത്തം ഇന്ന്‌ അധികം പ്രയോഗത്തിലില്ല. ഒത്താഴിശൈക്കലി, കൊച്ചകക്കലി, വെണ്‍കലിപ്പാ, കലിവെണ്‍പാ എന്ന്‌ നാലായി ഇതിനെ തിരിച്ചിരിക്കുന്നു. പ്രസിദ്ധ സംഘംകൃതിയായ കലിത്തൊകൈയില്‍ ഇവ നാലും പ്രയോഗിച്ചിട്ടുണ്ട്‌. എന്നാല്‍ പില്‌ക്കാല കൃതികളായ സന്ദേശകാവ്യങ്ങളിലും മറ്റും കലിവെണ്‍പാ മാത്രമേ പ്രയോഗിച്ചു കാണുന്നുള്ളു.

കലിത്താഴിശൈ, കലിത്തുറൈ, കലിവിരുത്തം എന്നീ വൃത്തങ്ങളും കലിയുടെ വകഭേദങ്ങള്‍ തന്നെയാണ്‌. ഇവയില്‍ കലിത്താഴിശൈ തിരുവാചകത്തിലും കലിത്തുറൈ ജീവകചിന്താമണിയിലും കലിവിരുത്തം കമ്പരാമായണത്തിലും ഉപയോഗിച്ചിരിക്കുന്നു. തമിഴിലെ പ്രസിദ്ധമായ കോവൈ സാഹിത്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന വൃത്തം കലിത്തുറൈയുടെ ഒരു വകഭേദം തന്നെയാണ്‌.

(പ്രാഫ. സി. യേശുദാസന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍