This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കലമാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കലമാന്‍

Gazelle

ആന്റലോപിനേ ഉപകുടുംബത്തിലുള്‍പ്പെട്ട ചെറിയ ഇനം മാന്‍. പുള്ളിമാനോളം വലുപ്പംവയ്‌ക്കുന്ന ഈ മൃഗങ്ങളുടെ ശരീരത്തിന്റെ നിറം, മുകള്‍ഭാഗത്ത്‌ മഞ്ഞ കലര്‍ന്ന ചുവപ്പും അടിഭാഗം മുഴുവന്‍ വെള്ളയുമായിരിക്കും. ചില സ്‌പീഷീസില്‍ അധികം തെളിയാത്ത പൊട്ടുകളും ഉണ്ടായിരിക്കും. മുഖത്തിന്റെ വശങ്ങളിലായി ചുവപ്പോവെള്ളയോ നിറത്തില്‍ ഓരോ വരകള്‍ ഉണ്ടായിരിക്കുക കലമാനിന്റെ പ്രത്യേകതയാണ്‌. മുട്ടുകളില്‍ രോമം കുറേയധികം ഒരുമിച്ചു കാണപ്പെടുന്നു. മുന്നിലേക്കു വളഞ്ഞതും, അടിഭാഗം മുതല്‍ അഗ്രം വരെ നിറയെ "വലയ'ങ്ങള്‍ ഉള്ളതുമാണ്‌ കലമാന്റെ കൊമ്പുകള്‍. വശങ്ങളില്‍ നിന്നു നോക്കുമ്പോള്‍ കൊമ്പുകള്‍ക്ക്‌ "ട' ആകൃതി ആണുള്ളത്‌. ആണിനും പെണ്ണിനും കൊമ്പുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ചിലയിനങ്ങളിലെ പെണ്‍കലമാനുകളില്‍ കൊമ്പുകളുടെ അഭാവം ശ്രദ്ധേയമായ ഒരു വ്യതിയാനമാണ്‌. പേര്‍ഷ്യന്‍ കലമാന്‍ (ഗസേലാ സബ്‌ ഗ്യൂട്ടറോസ) എന്നയിനം ഇതിന്‌ മാതൃകയായി കരുതപ്പെടുന്നു. മാനുകളുടെ പ്രത്യേകതയായ നീണ്ടു കൂര്‍ത്ത ചെവികളും തിളങ്ങുന്ന കണ്ണുകളും കലമാനിനും സ്വായത്തമാണ്‌. സൗമ്യതയും സൗകുമാര്യവും കണ്ണുകളിലെ കാതരഭാവവും ചേര്‍ന്ന കലമാന്‍ കാഴ്‌ചക്കാരുടെ ശ്രദ്ധയും സ്‌നേഹവും പിടിച്ചുപറ്റുന്നു. ഗസേല (Gazella) എന്ന ജീനസ്സില്‍ ഉള്‍പ്പെടുന്നവയെയാണ്‌ സാധാരണയായി കലമാനുകള്‍ എന്നു വിളിക്കുന്നത്‌. എന്നാല്‍, ഇപ്പോള്‍ മറ്റു മൂന്നു ജീനസ്സുകളില്‍ ഉള്‍പ്പെടുന്നവയെയും കലമാനുകളായി പരിഗണിച്ചുവരുന്നു. ഏഷ്യന്‍ ജീനസ്സായ പ്രാകാപ്ര (Porcapra), ആഫിക്കന്‍ ജീനസ്സുകളായ ആന്റിഡോര്‍കസ്‌ (Antidorcus), ലിറ്റോക്രനിയസ്‌ (Litocranius)എന്നിവയാണവ. മാനുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം സ്‌പീഷീസ്‌ ഉള്‍പ്പെടുന്ന ഒരു ജീനസാണ്‌ ഗസേല. തമ്മില്‍ വളരെയധികം അകലമുള്ള ഭൂഭാഗങ്ങളില്‍ കാണപ്പെടുന്നു എന്നത്‌ കലമാനിന്റെ ഒരു പ്രത്യേകതയാണ്‌. ആഫ്രിക്കയിലും ഏഷ്യയിലുമായി മുപ്പതിലേറെ സ്‌പീഷീസ്‌ ഉണ്ട്‌. ഇന്ത്യയിലും ഇവയുണ്ട്‌.

ഗ്രാന്റ്‌ഡ്‌ ഗസല്‍

50 മുതല്‍ 100 വരെ അംഗങ്ങളടങ്ങുന്ന കൂട്ടമായാണ്‌ കലമാന്‍ സഞ്ചരിക്കുന്നത്‌. തുറസ്സായ സമതലങ്ങളിലും മരുഭൂമികളിലും ഇവ മേഞ്ഞു നടക്കുന്നു. പുല്ല്‌, ഇല എന്നിവയാണ്‌ പ്രധാന ഭക്ഷണം. മറ്റുതരം മാനുകള്‍, ജിറാഫ്‌, വരയന്‍ കുതിര തുടങ്ങിയ മൃഗങ്ങളുമായി ഇടകലര്‍ന്നു മേയുന്നത്‌ കലമാന്‍പറ്റത്തിന്റെ ഒരു സാധാരണ പതിവാകുന്നു. അതിവേഗം ഓടാനുള്ള ഇവയുടെ കഴിവ്‌ പ്രസിദ്ധമാണ്‌. മറ്റു പല വലിയ മൃഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനുള്ള ഇതിന്റെ പ്രധാനോപായം ഈ ഓട്ടം തന്നെ. വേനല്‍ക്കാലങ്ങളില്‍, കലമാന്‍ പറ്റം ജലസ്രാതസ്സുകള്‍ തേടി മൈലുകളോളം ദേശാടനം നടത്താറുണ്ട്‌. 5 മാസം മുതല്‍ 7 മാസം വരെയാണ്‌ കലമാനുകളുടെ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ സാധാരണയായി ഒരു കുഞ്ഞ്‌ മാത്രമേ കാണാറുള്ളൂ. കുഞ്ഞിന്റെ വിസര്‍ജ്യങ്ങള്‍, തള്ളക്കലമാന്‍ ഭക്ഷിക്കാറുണ്ട്‌. ജനിച്ച്‌ ഒരു മാസം കഴിയുമ്പോള്‍ത്തന്നെ കുഞ്ഞ്‌, സ്വന്തമായി ആഹാരം തേടാന്‍ ആരംഭിക്കും. 1215 വര്‍ഷമാണ്‌ കലമാനുകളുടെ ആയുര്‍ദൈര്‍ഘ്യം. എന്നാല്‍ ഇന്ന്‌ മാംസത്തിനുവേണ്ടി ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നുണ്ട്‌.

ഡോർകസ്‌ ഗസല്‍

ഫ്രഞ്ച്‌ പ്രകൃതിശാസ്‌ത്രജ്ഞനായ ലൂയി ബഫണ്‍ ആദ്യമായി വിവരിച്ച ഗസേലാ ദാമ എന്ന സുഡാന്‍ കലമാനാണ്‌ യഥാര്‍ഥ കലമാനുകളുടെ കൂട്ടത്തില്‍ ഏറ്റവും അറിയപ്പെടുന്ന ഇനം. ഇതിന്റെ ഉപസ്‌പീഷീസായ ഗസേലാ ദാമ മോര്‍ ഏറ്റവും വലുപ്പമേറിയ കലമാനിനങ്ങളില്‍ ഒന്നാകുന്നു. ഇതിന്‌ ഒരു മീറ്റര്‍ ഉയരമുണ്ടായിരിക്കും. "ഗ്രാന്റ്‌സ്‌ ഗസല്‍' എന്ന ഗസേലാ ഗ്രാന്റിയാണ്‌ ഇക്കൂട്ടത്തില്‍ ഏറ്റവും സൗന്ദര്യമുള്ള മൃഗം. ഇളംതവിട്ടുനിറമുള്ള ഇതിന്റെ വയറും പൃഷ്‌ഠഭാഗവും നല്ല വെളുപ്പായിരിക്കും. മുഖത്ത്‌ കൊമ്പു മുതല്‍ മൂക്കുവരെ ചുവന്ന ഓരോ പട്ടയും, അതിനിരുവശവുമായി വെള്ളപ്പട്ടകളും കാണാം. മുന്നിലേക്കു വളഞ്ഞശേഷം പിന്നിലോട്ടു വളരുന്ന കൊമ്പുകള്‍ക്ക്‌ ആണില്‍ 45 സെ.മീ.ഉം പെണ്ണില്‍ 26 സെ.മീ.ഉം ആണ്‌ നീളം. ഡോര്‍കസ്‌ ഗസല്‍ ആണ്‌ ആഫ്രിക്കയില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണ ഇനം. "അറേബ്യന്‍ ഗസല്‍' (ഗ.ഗസേല), "തോംസണ്‍ ഗസല്‍' (ഗ. കുവേരി), "റെഡ്‌ ഗസല്‍' (ഗ. റുഫിന) എന്നിവ മറ്റുചില പ്രധാന സ്‌പീഷീസാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B2%E0%B4%AE%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍