This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കറാച്ചി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കറാച്ചി

Karachi

പാകിസ്‌താനിലെ ഏറ്റവും വലിയ തുറമുഖവും നഗരവും. സിന്ധ്‌ പ്രവിശ്യയുടെ ആസ്ഥാനമായ ഈ പട്ടണം കറാച്ചി ജില്ലയുടെയും ഭരണകേന്ദ്രമാണ്‌. 18-ാം ശ.ത്തിന്റെ ആദ്യപാദങ്ങളില്‍ സ്ഥാപിതമായ കറാച്ചിപ്പട്ടണം 1947 മുതല്‍ 1959 വരെ പാകിസ്‌താന്റെ തലസ്ഥാനമായിരുന്നു. ഈ ഭാഗത്തുണ്ടായിരുന്ന പ്രാചീന അധിവാസ കേന്ദ്രത്തിന്റെ സിന്ധിനാമം "കലാചിജോഗോത്‌' (Kalachi-Jo-goth എന്നായിരുന്നു; പേരിനര്‍ഥം വര്‍ഗത്തലവന്റെ (കലാചി) ഗ്രാമം എന്നാണ്‌. ഇതില്‍നിന്നാണ്‌ "കരഞ്‌ജീ', "ക്രാച്ചി', "ക്രാട്‌ചി', "കുറാച്ചി', "കറച്ചി' തുടങ്ങിയ പേരുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഈ സ്ഥലത്തിന്‌ കറാച്ചി എന്നു പേര്‍ സിദ്ധിച്ചത്‌. അറേബ്യന്‍ കടലോരത്ത്‌ ഇന്ത്യാപാകിസ്‌താന്‍ അതിര്‍ത്തിയില്‍ നിന്ന്‌ 160 കി.മീ. വ.പടിഞ്ഞാറായി, സിന്ധുനദിയുടെ പശ്ചിമതടത്തില്‍ ഈ തുറമുഖനഗരം സ്ഥിതിചെയ്യുന്നു. യൂറോപ്പിഌം ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ക്കുമിടയ്‌ക്കുള്ള വ്യോമമാര്‍ഗത്തിലെ ഒരു സുപ്രധാന കേന്ദ്രമാണ്‌ കറാച്ചിയിലെ ആധുനികസജ്ജീകരണങ്ങളുള്ള വിമാനത്താവളം. രാജ്യത്തെ ഏറ്റവും വലിയ വ്യവസായവാണിജ്യഗാതഗത കേന്ദ്രമായ കറാച്ചിപ്പട്ടണം പാകിസ്‌താനിലെ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഒരു കേന്ദ്രംകൂടിയാണ്‌. നഗരത്തിന്റെ വിസ്‌തൃതി 591 ച.കി.മീ. ആണ്‌. 1947 മുതല്‌ക്കുള്ള ഒരു പതിറ്റാണ്ടുകാലം കറാച്ചിയിലേക്ക്‌ വലിയ തോതിലുള്ള കുടിയേറ്റം മൂലം ജനസാന്ദ്രത ഗണ്യമായി വര്‍ധിച്ച്‌ ഇത്‌ ഒരു പ്രയുതനഗരമായിത്തീര്‍ന്നു. നഗരത്തിലെ കാലാവസ്ഥ തികച്ചും സുഖകരമാണ്‌. ജനസംഖ്യ: 92,69,265 (1998).

മുഹമ്മദ്‌ ആലി ജിന്നയുടെ ശവകുടീരം - കറാച്ചി

ഒരു മുക്കുവ ഗ്രാമമായിരുന്ന ഈ പ്രദേശം 18-ാം ശ.ത്തില്‍ അഭൂതപൂര്‍വമായി വികസിക്കുകയും പിന്‍നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഒരു നാവികസേനാകേന്ദ്രവും തുറമുഖവുമായി പരിണമിക്കുകയും ചെയ്‌തു. ബ്രിട്ടീഷ്‌ അധീനതയിലാണ്‌ കറാച്ചി ഒരു തുറമുഖനഗരത്തിന്‍െറ പരിവേഷമണിഞ്ഞത്‌. ഒന്നാം ലോകയുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിലെ തുറമുഖങ്ങളില്‍ ഏറ്റവും കൂടുതല്‍ ധാന്യം കയറ്റി അയച്ചിരുന്നത്‌ കറാച്ചിയില്‍ നിന്നായിരുന്നു. 1924ല്‍ ഇവിടെ വിമാനത്താവളം നിര്‍മിക്കപ്പെട്ടു. 1936ല്‍ കറാച്ചി സിന്ധ്‌ പ്രവിശ്യയുടെ തലസ്ഥാനമായി; 1947 മുതല്‍ 59 വരെ രാജ്യതലസ്ഥാനവുമായിരുന്നു.

പാകിസ്‌താനിലെ വ്യാവസായികോത്‌പാദനത്തിന്റെ പകുതിയോളം കറാച്ചിയിലും സമീപപ്രദേശങ്ങളിലുമായാണ്‌ നടക്കുന്നത്‌. തുണിത്തരങ്ങള്‍, പഞ്ചസാര, കടലാസ്‌, പുകയില, തുകല്‍, കണ്ണാടി, സിമന്റ്‌, രാസപദാര്‍ഥങ്ങള്‍, മരുന്നുകള്‍, ഇരുമ്പുരുക്ക്‌, യന്ത്രസാമഗ്രികള്‍, വൈദ്യുതോപകരണങ്ങള്‍, പെട്രാളിയം ഉത്‌പന്നങ്ങള്‍ എന്നിവയ്‌ക്കുപുറമേ ഫിലിം, പ്ലാസ്റ്റിക്‌, സിഗററ്റ്‌, തീപ്പെട്ടി, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയും ഇവിടെ വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. കപ്പല്‍ നിര്‍മാണമാണ്‌ മറ്റൊരു പ്രധാന വ്യവസായം. കുടില്‍ വ്യവസായങ്ങളുടെയും കേന്ദ്രസ്ഥാനമാണ്‌ കറാച്ചി. തീരപ്രദേശങ്ങളിലെ ഉപ്പളങ്ങളില്‍ ധാരാളമായി കറിയുപ്പ്‌ ഉത്‌പാദിപ്പിക്കുന്നുണ്ട്‌. സമുദ്രസാമീപ്യം കാരണം അന്തരീക്ഷത്തില്‍ ആര്‍ദ്രത കൂടുതലാണ്‌. രാജ്യത്തെ വിദേശ വാണിജ്യത്തിന്റെ ഏറിയപങ്കും നടത്തപ്പെടുന്നത്‌ കറാച്ചി തുറമുഖത്തിലൂടെയാണ്‌.

പാകിസ്‌താനിലെ ബാങ്കിങ്‌ കേന്ദ്രമാണ്‌ കറാച്ചി. രാജ്യത്തെ സാംസ്‌കാരികകേന്ദ്രം കൂടിയായ ഈ നഗരം കറാച്ചി സര്‍വകലാശാലയുടെയും, ദേശീയ കാഴ്‌ചബംഗ്ലാവിന്റെയും സസ്യോദ്യാനത്തിന്റെയും ആസ്ഥാനമാണ്‌. മുഹമ്മദ്‌ ആലി ജിന്നയുടെ ശവകുടീരം നഗരത്തിലെ ഒരു ആകര്‍ഷണകേന്ദ്രമാണ്‌. കറാച്ചിയിലെ കമ്പോളം ബന്തര്‍ (Bundar) റോഡ്‌, മക്‌ലിയോഡ്‌ (Mc Leod) റോഡ്‌ എന്നീ തെരുവുകളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. നഗരത്തില്‍ 1920 നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട ധാരാളം വാസ്‌തുവിദ്യാമാതൃകകളുണ്ട്‌. സുപ്രീം കോടതി, ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍, സിന്ധ്‌ നിയമസഭ, ലിയാഖത്‌ ദേശീയ ഗ്രന്ഥശാല തുടങ്ങിയവയുടെ മന്ദിരങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്‌.

റെയില്‍ മാര്‍ഗമായും റോഡുമാര്‍ഗമായും തുറമുഖം രാജ്യത്തെ ഉള്‍നാടന്‍ പ്രദേശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്തര്‍ദേശീയ ചരക്കു ഗതാഗതരംഗത്തും കറാച്ചി തുറമുഖത്തിന്‌ സുപ്രധാന സ്ഥാനമുണ്ട്‌. നഗരത്തിന്റെ വ. പടിഞ്ഞാറായുള്ള മൗരിപൂര്‍ വിമാനത്താവളം അന്താരാഷ്‌ട്ര വ്യോമമാര്‍ഗത്തിലെ ഒരു ഗതാഗത കേന്ദ്രവുമാണ്‌. പാകിസ്‌താന്‍ നിലവില്‍ വന്ന കാലത്ത്‌ നഗരപ്രാന്തങ്ങളിലേതുള്‍പ്പെടെ കറാച്ചിയിലെ മൊത്തം ജനസംഖ്യ: 3,50,000 (1947) ആയിരുന്നു. തുടര്‍ന്ന്‌ ഇന്ത്യയില്‍നിന്ന്‌ കുടിയേറിയ മുസ്‌ലിങ്ങള്‍ 1955ലെ നഗരജനസംഖ്യ 15,00,000 ആയി വര്‍ധിപ്പിച്ചു. രാഷ്‌ട്രതലസ്ഥാനമെന്ന പദവി നഷ്ടമായെങ്കിലും രാജ്യത്തെ പ്രമുഖ തുറമുഖ നഗരമായ കറാച്ചി എല്ലാ നിലകളിലും ഉത്തരോത്തരം വികാസം പ്രാപിച്ചു വരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B1%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍