This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിമ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിമ്പുഴ

പാലക്കാട്‌ ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍പ്പെടുന്ന ഒരു പഞ്ചായത്ത്‌. ഏറാള്‍പ്പാടിന്റെ ആസ്ഥാനമായിരുന്ന കരിമ്പുഴ ഇന്നും വള്ളുവനാടന്‍ സംസ്‌കാരം കൈവിടാത്ത ഒരു ഗ്രാമമാണ്‌. ഈ ഗ്രാമം ഒറ്റപ്പാലം പട്ടണത്തിന്‌ 35 കി.മീ. വടക്കായി സ്ഥിതിചെയ്യുന്നു. പഞ്ചായത്തിന്റെ ഏറിയ പങ്കും വെട്ടുകല്ല്‌ നിറഞ്ഞ കുന്നുകളും കശുമാവിന്‍ തോട്ടങ്ങളുമാണ്‌.

കുന്തിപ്പുഴ, നെല്ലിപ്പുഴ, കാഞ്ഞിരപ്പുഴ, തുപ്പനാട്‌ പുഴ, സത്രംകാവുപ്പുഴ എന്നിവ ഒന്നിച്ചശേഷം മലപ്പുറം ജില്ലയില്‍ കടക്കുന്നതുവരേക്കുള്ള നദീമാര്‍ഗത്തിഌം പേര്‍ കരിമ്പുഴ എന്നാണ്‌. അതിഌ കുറുകെ നിര്‍മിച്ചിട്ടുള്ള പാലം (കരിമ്പുഴ പാലം) ശ്രീകൃഷ്‌ണപുരം പഞ്ചായത്തിനെ കരിമ്പുഴ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു.

എ.ഡി. 13-ാംശ.ത്തിന്റെ ഒടുവിലായി സാമൂതിരി വള്ളുവനാട്‌ കീഴ്‌പ്പെടുത്തിയതിനെത്തുടര്‍ന്ന്‌ കരിമ്പുഴ ഏറാള്‍പ്പാടിന്റെ ആസ്ഥാനമായിത്തീര്‍ന്നു. 1450നോടടുപ്പിച്ച്‌ ഏറാള്‍പ്പാട്‌ നിര്‍മിച്ച കോവിലകവും ശ്രീരാമസ്വാമിക്ഷേത്രവും രാജവാഴ്‌ചയുടെ പ്രതീകമായി അവശേഷിക്കുന്നു. (നോ: ഏറാള്‍പ്പാട്‌). ക്ഷേത്രത്തിലെ ശ്രീരാമ വിഗ്രഹം പശ്ചിമാസ്യമാണ്‌. നിത്യനിദാനകര്‍മങ്ങള്‍ക്കായി 10 പാദഭവനക്കാരെയും കോവിലകം കാര്യാദികള്‍ക്കായി പരിഷമേനോന്‍ സ്ഥാനം നല്‌കപ്പെട്ട 13 വീട്ടുകാരെയും ഏറാള്‍പ്പാട്‌ നിയമിച്ചിരുന്നു. ക്ഷേത്ര നടത്തിപ്പവകാശം കാരായ്‌മയായിരുന്നു. പില്‌ക്കാലത്ത്‌ ഇത്‌ ഊരായ്‌മയായി. തുടര്‍ന്ന്‌ ഏറാള്‍പ്പാട്‌ ട്രസ്‌റ്റിയും ആയിത്തീര്‍ന്നു. ആണ്ടുതോറും വൃശ്ചികം 20 മുതല്‌ക്കുള്ള 20 ദിവസത്തെ ജപവും കുംഭമാസത്തില്‍ പുണര്‍തം നാള്‍ മുതല്‌ക്കുള്ള 7 ദിവസത്തെ ഉത്‌സവവുമാണ്‌ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിശേഷങ്ങള്‍. 6,000 പറ നെല്ല്‌ പാട്ടവരവുണ്ടായിരുന്ന ഈ ക്ഷേത്രം നാശോന്മുഖമായപ്പോള്‍ നാട്ടുകാര്‍ അഷ്ടബന്ധകലശം നടത്തി പുനരുദ്ധരിച്ചു.

വള്ളുവനാട്ടിലെ ഗ്രാമവ്യവസായ കേന്ദ്രമായിരുന്നു കരിമ്പുഴ. ആറ്റാശ്ശേരി കരുവാന്മാരുടെ കാര്‍ഷികോപകരണങ്ങള്‍, കരിമ്പുഴ മൂശാരിമാരുടെ ചെല്ലപ്പെട്ടിയും പിച്ചളപ്പാത്രങ്ങളും, ശാലിയരുടെ മുണ്ടുകളും കൈക്കോണകങ്ങളും, ദേവാംഗച്ചെട്ടികളുടെ കസവുമുണ്ടുകള്‍ എന്നിവ പ്രസിദ്ധ നിര്‍മിതികളായിരുന്നു.

(കെ. ശ്രീകുമാരനുണ്ണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍