This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിമാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിമാന്‍

Black buck

കരിമാന്‍

അതിവേഗം ഓടുന്നതിനും വളരെ ഉയരത്തില്‍ ചാടുന്നതിനും കഴിവുള്ള ഒരിനം മാന്‍. "ഇന്ത്യന്‍ കൃഷ്‌ണമൃഗം' എന്നറിയപ്പെടുന്ന ഈ മൃഗം ആന്റലോപിനേ ഉപകുടുംബത്തിലെ അംഗമാണ്‌. ശാ.നാ: ആന്റലോപ്‌ സെര്‍വികാപ്ര. അതിസമര്‍ഥനായ "ഗ്ര ഹൗണ്ട്‌' ഇനത്തില്‍പ്പെട്ട നായയെപ്പോലും ഓട്ടത്തില്‍ തോല്‌പിക്കാന്‍ കരിമാനു‌ കഴിവുണ്ട്‌. അതുപോലെതന്നെ, വളരെ ഉയരമുള്ള വേലികള്‍ പോലും ചാടിക്കടക്കുന്നതിന്‌ ഇതിനു‌ള്ള കഴിവ്‌ അന്യാദൃശമാണ്‌. "കലമാനു"കളില്‍ കരിമാന്‌ ഏറ്റവും അടുത്ത ബന്ധമുള്ളത്‌ "ഗസല്‍' എന്ന ഇനത്തോടാണ്‌.

മധ്യകാലഘട്ടം മുതല്‍ തന്നെ യൂറോപ്പില്‍ കരിമാന്‍ അറിയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്‌ ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന ഒരിനമാണ്‌. ഹിമാലയത്തിലെ അടിവാരങ്ങളിലുള്ള കുന്നുകള്‍ തുടങ്ങി കന്യാകുമാരി വരെയുള്ള തുറസ്സായ പുല്‍മേടുകളാണ്‌ ഇതിനു‌ പ്രിയങ്കരമായ വാസസ്ഥാനം; പടിഞ്ഞാറന്‍ പാകിസ്‌താന്‍ തുടങ്ങി അസം വരെയും ഇതിനെ കാണാവുന്നതാണ്‌. പൊക്കം കൂടിയ പുല്‍പ്രദേശങ്ങളാണ്‌ ഇതിനേറ്റവും ഇഷ്ടം. മേയുന്ന സ്വഭാവമുള്ളതിനാല്‍ കരിമാന്‍ കാടുകളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നില്ല.

ആണ്‍മാനിന്റെ പുറം മിക്കവാറും കറുപ്പായിരിക്കും; വയറിന്റെ ഭാഗങ്ങള്‍ വെളുത്തിരിക്കും. കണ്ണിനടുത്തായി വ്യക്തവും വെളുത്തതും ആയ ഒരടയാളവും കാണപ്പെടുന്നു. വര്‍ത്തുളമായ (spiral)കൊമ്പുകള്‍ക്ക്‌ 76 സെ.മീ. വരെ നീളമുണ്ടാകും. കൊമ്പ്‌ ആണിന്റെ മാത്രം പ്രത്യേകതയാണ്‌. പെണ്‍മാനിനു‌ പൊതുവേ മഞ്ഞ കലര്‍ന്ന തവിട്ടുനിറം ആയിരിക്കും; കൊമ്പുകള്‍ കാണുകയില്ല. ഈ പ്രത്യേകതകളാല്‍ ലിംഗവ്യത്യാസം കരിമാനില്‍ വളരെ പ്രകടമായിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍