This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിങ്കുറിഞ്ഞി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിങ്കുറിഞ്ഞി

അക്കാന്തേസീ സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഔഷധസസ്യം. ശാ.നാ.: സ്‌ട്രാബിലാന്തസ്‌ സിലിയേറ്റസ്‌ (Strobilanthus ciliatus) "കൊരണ്ട' എന്നും പേരുണ്ട്‌. കേരളത്തില്‍ മിക്കവാറും എല്ലാ സ്ഥലങ്ങളിലും കണ്ടുവരുന്നു. വര്‍ഷത്തിലുടനീളം പൂവണിഞ്ഞു നില്‌ക്കും. ലഘുപര്‍ണങ്ങള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. ഇലയിലെ കോശങ്ങളില്‍ സിസ്‌റ്റോലിത്ത്‌ പരലുകള്‍ ഉണ്ട്‌. ഏകവ്യാസസമമിത (zygomorphic)മായ ദ്വിലിംഗ (bisexual) പുഷ്‌പങ്ങള്‍ പുഷ്‌പമഞ്‌ജരിയില്‍ ക്രമീകരിച്ചിരിക്കുന്നു. സഹപത്രങ്ങളും സഹപത്രകങ്ങളുമുണ്ട്‌. അഞ്ച്‌ ബാഹ്യദളങ്ങളും സംയുക്താവസ്ഥയിലുള്ള അഞ്ച്‌ ദളങ്ങളും പുഷ്‌പത്തില്‍ കാണാം. പുഷ്‌പത്തിന്‌ നീല ഛവികലര്‍ന്ന വെള്ളനിറമാണ്‌. ദളപുടം ദ്വിലേബിയം (bilabiate) ആണ്‌. മേലധരം ദ്വിശാഖിതമായി മേല്‌പോട്ടുയര്‍ന്നു നില്‌ക്കുന്നു. നാല്‌ കേസരങ്ങളുണ്ട്‌; അണ്ഡാശയം ഉപരിസ്ഥിതവും വര്‍ത്തികാഗ്രം ദ്വിശാഖിതവുമാണ്‌. വേര്‌, ഇല എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. വേരും ഇലയും കല്ലടപ്പിനും മൂത്രതടസ്സത്തിനും ഉത്തമമാകുന്നു. വേര്‌ മഞ്ഞപ്പിത്തത്തിനും വാതത്തിനും അതിവിശിഷ്ടമായ ഔഷധമാണ്‌. ചെടിസമൂലം രക്തവാതം (gout), അത്യാര്‍ത്തവം (menorrhagia)എന്നിവയ്‌ക്ക്‌ ഫലപ്രദമായ മരുന്നാകുന്നു. പ്രസവരക്ഷയ്‌ക്കുപയോഗിക്കുന്ന കുറിഞ്ഞിക്കുഴമ്പ്‌ പ്രസിദ്ധമാണ്‌. "സിതാമധുഭ്യാം തിലജേനപാക്യം കുടിക്ക കൂര്‍മുള്ളു കരിംകുറിഞ്ഞ്യോ' (രാജയക്ഷ്‌മചികിത്സ) എന്ന്‌ യോഗാമൃതം എന്ന ഗ്രന്ഥത്തില്‍ കരിങ്കുറിഞ്ഞിയെപ്പറ്റി പറഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍