This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരിങ്കിളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരിങ്കിളി

Black bird

കരിങ്കിളി

മൈനയോളം വലുപ്പം വരുന്ന കാട്ടുപക്ഷി. രണ്ടു വ്യത്യസ്‌ത സ്‌പീഷീസുകള്‍ "കരിങ്കിളി' എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്‌: തലയില്‍ കറുത്ത തൊപ്പിയുള്ളതായി തോന്നിക്കുന്ന "ബ്ലാക്‌കാപ്‌ഡ്‌' ബ്ലാക്‌ ബേഡും (Turdus merula nigropileus), തൊപ്പി അത്രതന്നെ വ്യക്തമല്ലാത്ത "ബോര്‍ഡിലന്‍സ്‌' ബ്ലാക്‌ബേഡും (Turdus merula bourdilloni). കരിങ്കിളിയുടെ കൊക്ക്‌ ചുവപ്പു കലര്‍ന്ന മഞ്ഞനിറമുള്ളതും കൊക്ക്‌, കണ്‍പോളകള്‍, കാലുകള്‍ എന്നിവയൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ മുഴുവനും കറുപ്പുനിറമുള്ളതുമാണ്‌. ചിലതിന്റെ തലയില്‍ കറുത്ത ഒരു തൊപ്പിയുണ്ടായിരിക്കും. "ബ്ലാക്‌കാപ്‌ഡ്‌' എന്ന പേരിനു കാരണവും ഇതുതന്നെ. പെണ്‍കിളിക്ക്‌ ആണിനെയപേക്ഷിച്ച്‌ നിറം കുറച്ചു കുറവാണ്‌. ഒറ്റയ്‌ക്കു നടക്കാനിഷ്ടപ്പെടുന്ന ഈ പക്ഷി വൃക്ഷങ്ങള്‍ ഇടതിങ്ങി വളരുന്നയിടങ്ങളിലാണ്‌ കഴിയുന്നത്‌. 1,050 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഇവയെ കാണാം. അത്തിയും അതുപോലെയുള്ള ഫലവൃക്ഷങ്ങളും സമൃദ്ധമായുള്ളിടത്താണ്‌ ഇവ കൂടുതലുണ്ടാവുക. കേരളത്തില്‍ ഈ ഇനം കരിങ്കിളി കൂടുകെട്ടുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ശീതകാലത്ത്‌ (ന. മുതല്‍ മാ. വരെ) പശ്ചിമഘട്ടങ്ങളുടെ വടക്കുഭാഗത്തു നിന്ന്‌ ഇവ ദേശാടകരായി വന്നെത്തുന്നു.

മുന്‍പറഞ്ഞ ഇനത്തെക്കാള്‍ കറുപ്പ്‌ കുറച്ചു കൂടുതലും തൊപ്പിയുടെ നിറം കുറച്ചു കുറവും ആയ ഇനമാണ്‌ ബോര്‍ഡിലന്‍സ്‌ ബ്ലാക്‌ബേഡ്‌. പിടയ്‌ക്ക്‌ ഇളം തവിട്ടു നിറമായിരിക്കും. മരങ്ങള്‍ തിങ്ങിവളരുന്ന നാട്ടിന്‍ പുറങ്ങളില്‍ ഇത്‌ ഒറ്റയായി സഞ്ചരിക്കുന്നു. 900 മുതല്‍ 2,300 വരെ മീ. ഉയരമുള്ള പ്രദേശങ്ങളിലെ (ഉദാ. ആനമുടി) നിത്യഹരിതച്ചോലകളില്‍ ഇവ സാധാരണമാണ്‌. ദേശവാസിയായ ഈ പക്ഷി പീരുമേട്‌മൂന്നാര്‍ പ്രദേശങ്ങളില്‍ സുലഭമായി കാണപ്പെടുന്നു. ദക്ഷിണമധ്യകേരളത്തിലെ കുന്നുകളില്‍ ഇവയെ എപ്പോഴും കണ്ടെത്താം. സാധാരണ ഒറ്റയായി നടക്കുന്ന ഈ പക്ഷി ഇണകളായും അപൂര്‍വമായി പറ്റങ്ങളായും ഇര തേടാറുണ്ട്‌; തറയിലും വൃക്ഷങ്ങളിലും നിന്ന്‌ ആഹാരം ശേഖരിക്കുന്നു. തറയില്‍ വീണുകിടക്കുന്ന ഉണക്കിലകളും മറ്റും ഇളക്കിപ്പെറുക്കിയും ഏതെങ്കിലും തരത്തില്‍ ഉപദ്രവമുണ്ടാകുമെന്നു തോന്നിയാല്‍ പറന്ന്‌ മരത്തില്‍ കയറിയുമാണ്‌ ഇവ പകല്‍സമയം കഴിച്ചുകൂട്ടുന്നത്‌. പൂച്ചെടിക്കായ്‌, അത്തിപ്പഴം തുടങ്ങിയ ഫലങ്ങളും പൂക്കളിലെ തേനും ആണ്‌ ഇവയ്‌ക്ക്‌ വളരെ പ്രിയപ്പെട്ട ഭക്ഷണസാധനങ്ങള്‍. കാപ്പിതേയിലത്തോട്ടങ്ങളിലെ തണല്‍ വൃക്ഷങ്ങള്‍ ഇവയുടെ സ്ഥിരമായ വിഹാരരംഗങ്ങളാകുന്നു. അതിരാവിലെയും സന്ധ്യാസമയത്തുമാണ്‌ ഇവയെ ഏറ്റവുമധികമായി കാണാന്‍ പറ്റുക. തീറ്റതേടി ചാടിച്ചാടി നടക്കുന്ന ഈ പക്ഷികള്‍ കാഴ്‌ചയ്‌ക്ക്‌ കൗതുകകരമാണ്‌.

ഫെ.മാ. കാലമാകുന്നതോടെ ആണ്‍പക്ഷി പാട്ടുപാടാനാരംഭിക്കും. ഏ. മാസത്തില്‍ വൃക്ഷങ്ങള്‍ നിറഞ്ഞ മലയിടുക്കുകളും, കാടിനരികു ചേര്‍ന്നുള്ള വെളിമ്പ്രദേശങ്ങളും ഇതിന്‍െറ ശ്രവണസുഖദമായ ഗാനത്താല്‍ മുഖരിതമാകുന്നു. മാ. മുതല്‍ മേയ്‌ജൂണ്‍ വരെയാണ്‌ കൂടുകെട്ടുന്ന കാലഘട്ടം. പായല്‍, ചെറുവേരുകള്‍, പുല്ല്‌ എന്നിവ നനഞ്ഞ കളിമണ്ണുചേര്‍ത്തു രൂപപ്പെടുത്തിയെടുത്ത ചെറിയ കപ്പുപോലെയുള്ള കൂടിന്റെ ഉള്‍വശം മൃദുവായ പായലുകളും നേര്‍ത്ത വേരുകളും കൊണ്ട്‌ മിനുക്കിയിരിക്കും. ഇടതിങ്ങിയ ചോലകളില്‍, തറയില്‍നിന്ന്‌ മൂന്നു മീറ്ററിലേറെ ഉയരത്തിലല്ലാതുള്ള വൃക്ഷക്കൊമ്പുകളിലോ കുറ്റിക്കാടുകളിലോ കൂടുകള്‍ കാണപ്പെടുന്നു. ഒരു തവണ കരിങ്കിളി രണ്ടു മൂന്നു മുട്ടിയിടുന്നു. പച്ചകലര്‍ന്ന കടും നീലനിറമോ ഇളം നിറമോ ഉള്ള മുട്ടയില്‍ കടും ചുവപ്പു നിറമുള്ള ധാരാളം പൊട്ടുകളും പാടുകളും കാണാം. മുട്ടകള്‍ കാഴ്‌ചയ്‌ക്ക്‌ മനോഹരങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍